ഇമ്രാന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നു
പാക് രാഷ്‌ട്രീയം എന്നും അനിശ്ചിതത്വങ്ങളും സങ്കീർണതകളും നിറഞ്ഞതാണ്. സൈന്യത്തിന് നിർണായക സ്വാധീനമുള്ള പാക് രാഷ്‌ട്രീയത്തിൽ എത്രയോ തവണ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നിലവിലെ പാക് രാഷ്‌ട്രീയം വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഷെഹ്ബാസ് ഷെരീഫ് സർക്കാരിൽ പാക് ജനതയ്ക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. പട്ടാള മേധാവി അസിം മുനീറാകട്ടെ സൈന്യത്തിന് കൂടുതൽ അധികാരം നൽകുന്ന പ്രസിഡൻഷ്യൽ ഭരണ രീതി രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. പാക്കിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രിയും ഇപ്പോൾ ജയിലിൽ കഴിയുകയും ചെയ്യുന്ന ഇമ്രാൻ ഖാൻ പൊതുരംഗത്തേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും കാണുന്നുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് അനുകൂലമായി വന്ന സുപ്രീം കോടതി ഉത്തരവ് ഇമ്രാനും അദ്ദേഹത്തിന്‍റെ അനുയായികൾക്കും വലിയ ഊർജമാണ് പകർന്നിരിക്കുന്നത്.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി സ്ഥാപകനുമായ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പിന്നില്‍ രഹസ്യധാരണയുണ്ടാകാമെന്ന് പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകന്‍ ഹാമിദ് മിര്‍ പറഞ്ഞു. ഈ മാസം 18നാണു പാക് സുപ്രീം കോടതി അഡിയാല ജയിലില്‍ കഴിയുന്ന 73-കാരനായ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരേ പാക് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. നിലവില്‍ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തന്നെ കഴിയുകയാണ്.
2022-ല്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാന്‍ വിവിധ അഴിമതിക്കേസുകളില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്.
ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ഇമ്രാനെ ഇപ്പോള്‍ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇമ്രാന്‍റെ പാര്‍ട്ടിയായ പിടിഐയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും കീഴ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അവരുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തുകയോ നിരസിക്കുകയോ ചെയ്തിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഇക്കാലയളവ് വരെയായി ഇതേ വിഷയത്തിലുള്ള ഹര്‍ജികള്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി കുറഞ്ഞത് രണ്ട് തവണയെങ്കിലും തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്രാവിശ്യം സുപ്രീം കോടതി ഇമ്രാന്‍റെ കാര്യത്തില്‍ അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇമ്രാന്‍റെ ആരോഗ്യം ഗണ്യമായി മോശമായാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് ബോധ്യം വന്നിരിക്കുന്നു എന്നു വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍. ജയിലില്‍ വച്ച് ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത്തരമൊരു സാഹചര്യം വ്യാപകമായ ജനരോഷത്തിനും പിടിഐ അനുയായികളുടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചേക്കാം. അത് രാഷ്‌ട്രീയ സ്ഥിരതയെ സങ്കീര്‍ണമാക്കാനും സാധ്യതയുണ്ട്.
2018-ല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത്, നിരവധി അഴിമതിക്കേസുകളില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നവാസ് ഷെരീഫ് അറസ്റ്റിലായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം, ആരോഗ്യപരമായ കാരണങ്ങളാല്‍ മൂന്നുതവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് ഇടക്കാല ജാമ്യം ലഭിച്ചു. തുടര്‍ന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ ലാഹോര്‍ ഹൈക്കോടതി അദ്ദേഹത്തിന് അനുമതി നല്‍കി. ലണ്ടനിലേക്ക് പോയ അദ്ദേഹം 2023 വരെ അവിടെ തുടര്‍ന്നു. 2022ല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും 2023 ഓഗസ്റ്റില്‍ ജയിലിലാവുകയും ചെയ്തതോടെയാണു നവാസ് ഷെരീഫിന്‍റെ പ്രവാസജീവിതം അവസാനിച്ചത്.
'പാക്കിസ്ഥാന്‍റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഇതൊന്നും പുതിയ കാര്യമല്ല. ചരിത്രം ആവര്‍ത്തിക്കുകയാണ് 'എന്ന് ഇമ്രാന്‍ ഖാന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ആശ്വാസ നടപടികള്‍ ചൂണ്ടിക്കാട്ടി മിര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ ഇത്തരം കോടതി ഉത്തരവുകളെ പലപ്പോഴും രഹസ്യധാരണയുടെയോ തിരശീലയ്ക്കു പിന്നിലുള്ള ഒത്തുതീര്‍പ്പിന്‍റെയോ സൂചനകളായാണ് കാണാറുള്ളത്. അതുകൊണ്ടാണ് ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇമ്രാനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചിരിക്കുന്നതെന്നു മിര്‍ പറയുന്നു.
അതിശക്തരായ പാക്കിസ്ഥാന്‍ സൈന്യത്തിന് രാജ്യത്തെ രാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇമ്രാനു ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച ഈ ആശ്വാസ നടപടിക്ക് സൈന്യത്തിന്‍റെ അനുഗ്രഹമുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പാക്കിസ്ഥാനിലും ഇന്ത്യയിലെ പോലെ ഒരു 'പാറ്റാ മുന്നേറ്റം' ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു പറയപ്പെടുന്നത്. കാരണം, പാക്കിസ്ഥാനിലെ യുവാക്കള്‍ നിലവിലെ വ്യവസ്ഥിതിയില്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്. പാക് പാര്‍ലമെന്‍റിലോ നീതിന്യായ വ്യവസ്ഥയിലോ യുവാക്കള്‍ക്ക് വിശ്വാസമില്ല. കൂടാതെ, സെപ്റ്റംബര്‍ 27ന് ഇസ്‌ലാമാബാദിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി പ്രഖ്യാപിച്ചത് പിടിഐ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്നതിനും ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്.
ക്രിക്കറ്റില്‍ നിരവധി തിരിച്ചുവരവുകള്‍ നടത്തിയിട്ടുള്ള കളിക്കാരനായിരുന്നു ഇമ്രാന്‍. രാഷ്‌ട്രീയത്തിലും അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് രാഷ്‌ട്രീയ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം അതിന് അനുകൂലമാണെന്നും പൊതുവേ കരുതുന്നുണ്ട്.