ശിവഗിരി ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനവേള 

 

file photo

Special Story

സമദർശനത്തിന്‍റെ ദീപശിഖ ഉയർത്തിപ്പിടിക്കുന്ന വേദി

ശിവഗിരി തീർഥാടനം ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ 30ന് ഉദ്ഘാടനം ചെയ്യും.തീർഥാടന സമ്മേളനം 31ന്, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകൻ

Reena Varghese

ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. സി.വി. ആനന്ദബോസ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, തമിഴ്നാട് മന്ത്രി മനോ തങ്കരാജ്, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ഡോ. ശശി തരൂർ എംപി അടക്കമുള്ളവരും വിവിധ ദിവസങ്ങളിൽ എത്തും.

ഡോ. എം. ജയരാജു

ശിവഗിരി തീർഥാടനം ഭാരതത്തിൽ, വിശിഷ്യാ കേരളത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്കതീതമാണ്. ലോകത്തൊരിടത്തും ഈ തീർഥാടനത്തോട് ഉപമിക്കാൻ മറ്റൊന്നില്ല എന്നതാണു യാഥാർഥ്യം. ശ്രീനാരായണ ഗുരുദേവൻ ഉപദേശിച്ച 8 വിഷയങ്ങളിലും പ്രഗത്ഭ്യം നേടിയവരെ കൊണ്ടുവന്ന് പ്രഭാഷണങ്ങൾ നടത്തി പുതിയ അറിവു നൽകുക, അതിലൂടെ മനുഷ്യനെ നേർവഴിയിലേക്കെത്തിക്കുക എന്നതാണ് തീർഥാടനത്തിലൂടെ അദ്ദേഹം വിഭാവന ചെയ്തത്.

92 വർഷങ്ങളായി ശിവഗിരിയിൽ നടക്കുന്ന സമ്മേളനങ്ങൾ ഉൾക്കൊണ്ട് ജീവിതയാത്രയിൽ ഏറെ മുന്നേറാൻ നമുക്കു സാധിച്ചു. ഭാരതത്തിനകത്തും പുറത്തും മഹാ ഗുരുവിന്‍റെ മഹാ പരിനിര്‍വാണ ശതാബ്ദി എന്ന പുണ്യ മഹാമഹം കൊണ്ടാടുന്ന വേളയിലാണ് ഇക്കൊല്ലത്തെ ശിവഗിരി മഹാ തീർഥാടനം നടക്കുന്നത്.

"മനുഷ്യൻ ഒരു ജാതി' എന്ന സനാതന തത്വം കൊണ്ട് സ്വജീവിതത്തിനു ഭാഷ്യം ചമച്ച ലോകാരാധ്യനാണ് ഗുരുദേവൻ. പ്രപഞ്ചത്തെ നിത്യവും ഉണർത്തുന്ന സൂര്യനെ പോലെ അജ്ഞാനാന്ധതയിൽപ്പെട്ട് മോഹാകുലരായി കഴിയുന്ന മാനവ സമൂഹത്തെ ജ്ഞാനദീപം തെളിയിച്ച് ഉണർത്തുന്ന തേജോമയൻ. ആ പാവന ജീവിതത്തിന്‍റെയും മഹദ് ദർശനത്തിന്‍റെയും മഹാസ്മൃതി കൊണ്ട് അനുഗൃഹീതമായ പുണ്യഭൂമിയാണ് ശിവഗിരി.

ഉറങ്ങിയുണർന്നു പലതും ചിന്ത ചെയ്തും ലോക വ്യവഹാരങ്ങളിൽ ഏർപ്പെട്ടും കഴിയുന്ന മനുഷ്യർ ഈ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന വിലമതിക്കാനാകാത്ത ഈ വിളക്കിനെ നൂറു വർഷങ്ങൾ കഴിഞ്ഞിട്ടും വേണ്ടവണ്ണം കാണുകയോ അറിയുകയോ ചെയ്യുന്നില്ല എന്നതാണ് ദുഃഖസത്യം. പല വികൽപങ്ങളുടെ നടുവിൽപ്പെട്ടുഴലുന്ന മാനവരെ സമുദ്ധരിക്കാനാണ് മഹാ ഗുരുക്കന്മാർ കാലാകാലങ്ങളിൽ പിറവി കൊള്ളുന്നത്. അവരുടെ പരമ്പരയിൽ വന്നുദിച്ച സർവലോകാനുരൂപനായ ഗുരുദേവൻ "തൻ പ്രിയം തന്നെ അപരന്‍റെയും പ്രിയ'മെന്നറിഞ്ഞു ജീവിക്കാനാണ് പഠിപ്പിച്ചത്.

സർവരും ഏകോദര സഹോദരരായി കഴിയുന്ന സമത്വ സുന്ദര ലോകം അഥവാ "ഏക ലോകം'. അതാണ് ഗുരു സ്വപ്നം കണ്ടത്. ആ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ ഭാഗമായാണ് ശിവഗിരി തീർഥാടനം എന്ന ആശയത്തിന് അനുഗ്രഹവും അനുമതിയും നൽകിയത്. ഈ തീർഥയാത്ര മനുഷ്യമനസുകളുടെ സമഗ്ര പരിവർത്തനത്തിന് വിധേയമാകുന്ന പ്രക്രിയ കൂടിയാണ്.

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ', "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നീ ഗുരുദേവ സിദ്ധാന്തങ്ങൾ ഏതൊരു മലയാളിക്കും സുപരിചിതമായിരിക്കുന്നതു പോലെ ശിവഗിരി തീർഥാടന ലക്ഷ്യങ്ങൾ എന്നു കേൾക്കുമ്പോൾ മനസിലെത്തേണ്ടത് മാനവ സമൂഹത്തിന്‍റെയും ഓരോ രാഷ്‌ട്രത്തിന്‍റെയും സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ഗുരു കൽപ്പിച്ച 8 വിഷയങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനങ്ങൾ എന്നിവയായിരിക്കണം. ഈ ലക്ഷ്യങ്ങൾ പ്രചരിപ്പിക്കാൻ കൂടിയാണ് ശിവഗിരി തീർഥാടനം നടത്തപ്പെടുന്നത്.

x

സർവരും ഏകോദര സഹോദരരായി കഴിയുന്ന സമത്വ സുന്ദര ലോകം അഥവാ "ഏക ലോകം'. അതാണ് ഗുരു സ്വപ്നം കണ്ടത്. ആ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ ഭാഗമായാണ് ശിവഗിരി തീർഥാടനം എന്ന ആശയത്തിന് അനുഗ്രഹവും അനുമതിയും നൽകിയത്. ഈ തീർഥയാത്ര മനുഷ്യമനസുകളുടെ സമഗ്ര പരിവർത്തനത്തിന് വിധേയമാകുന്ന പ്രക്രിയ കൂടിയാണ്.

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ', "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നീ ഗുരുദേവ സിദ്ധാന്തങ്ങൾ ഏതൊരു മലയാളിക്കും സുപരിചിതമായിരിക്കുന്നതു പോലെ ശിവഗിരി തീർഥാടന ലക്ഷ്യങ്ങൾ എന്നു കേൾക്കുമ്പോൾ മനസിലെത്തേണ്ടത് മാനവ സമൂഹത്തിന്‍റെയും ഓരോ രാഷ്‌ട്രത്തിന്‍റെയും സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ഗുരു കൽപ്പിച്ച 8 വിഷയങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനങ്ങൾ എന്നിവയായിരിക്കണം. ഈ ലക്ഷ്യങ്ങൾ പ്രചരിപ്പിക്കാൻ കൂടിയാണ് ശിവഗിരി തീർഥാടനം നടത്തപ്പെടുന്നത്.

ഇസ്‌ലാം മത വിശ്വാസികൾ മക്കയിലേക്ക് ഹജ്ജിനു പോകുന്നു. ക്രിസ്ത്യാനികൾ യരുശലേമും റോമും സന്ദർശിക്കുന്നു. ബുദ്ധമതക്കാർ ബോധഗയയിലും സാരാനാഥിലും മറ്റും വന്ന് ജീവിതസാഫല്യം തേടുന്നു. ഹിന്ദുക്കൾക്ക് എണ്ണമറ്റ പുണ്യ തീർഥാടന കേന്ദ്രങ്ങളുണ്ട്. എന്നാൽ, തീർഥാടനം എന്നു കേൾക്കുമ്പോൾ ഏതോ പഴഞ്ചൻ സമ്പ്രദായത്തിന്‍റെ അവശിഷ്ടമാണെന്ന് കരുതുന്നവരുമുണ്ട്. തീർഥാടനം എന്ന പ്രക്രിയയിലൂടെ പണ്ടുള്ളവർ ഉദ്ദേശിച്ചിരുന്നത് "പാപം പോക്കുക, പുണ്യം നേടുക' എന്നീ രണ്ടു കാര്യങ്ങളാണ്.

തീർഥാടനം സാധാരണക്കാർക്കുള്ളതാണ്. ലൗകിക വ്യവഹാരത്തിന് അതീതരായ യോഗികൾക്ക് തീർഥാടനം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും തന്നെയില്ല. ഗുരുദേവന്‍റെ ഭാഷയിൽ പറഞ്ഞാൽ,

"മനമലർ കൊയ്തു

മഹേശപൂജ ചെയ്യും

മനുജന് മറ്റൊരു

വേല ചെയ്തിടേണ്ട'.

പണ്ട് ദൂരദേശത്തേക്ക് തീർഥയാത്ര പുറപ്പെടുന്നത് മരണ സമാനമായിരുന്നു. തിരിച്ചെത്തിയാൽ ഭാഗ്യം എന്ന മട്ടിലായിരുന്നു യാത്ര. സുഹൃത്തുക്കളും ബന്ധുക്കളും അങ്ങനെയൊരാളെ യാത്രയാക്കുമ്പോൾ വൈരം തന്നെ മറന്നിരുന്നു. അതിന്‍റെ ഫലമായി പല കുടുംബങ്ങളിലും കലഹങ്ങൾ പോലും തീരാറുണ്ടായിരുന്നു. മനുഷ്യന്‍റെ മൂല്യബോധത്തിലും ചിന്താഗതിയിലും പരിഷ്കൃതിയിലും വന്ന മാറ്റങ്ങൾ ഇപ്പോൾ തീർഥാടനത്തിൽ പ്രതിഫലിക്കുന്നു. വിശ്വാസത്തിന്‍റെ പേരിൽ അതിനിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. വിനോദ സഞ്ചാരം എന്ന നിലയിലാണ് അധികം പേരും തീർഥാടനത്തെ കാണുന്നത്.

ഈ പശ്ചാത്തലത്തിൽ വേണം ഗുരുദേവൻ അനുവാദം നൽകിയ തീർഥാടനത്തിന്‍റെ സവിശേഷതകൾ മനസിലാക്കേണ്ടത്. ആധുനിക മനസിന് ഇണങ്ങുന്നതും മനുഷ്യനെ നന്നാക്കാൻ പര്യാപ്തവുമായിരിക്കണം ശിവഗിരി തീർഥാടനം എന്ന് ഗുരു നിഷ്കർഷിച്ചു. ആണ്ടിലൊരിക്കൽ തീർഥാടനം നടത്താൻ ഗുരുവിനോട് അനുവാദം ചോദിച്ചവർക്ക് കാലാകാലമായി നടമാടിയിരുന്ന മാതൃക മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ പ്രവേശനമില്ലാത്തവർക്ക് സ്വന്തമായി ഒരു പുണ്യസ്ഥലം- അതായിരുന്നു അവരുടെ ഉദ്ദേശം. ഗുരു അതും അതിനപ്പുറവും ലക്ഷ്യമിട്ടിരുന്നു.

ശിവഗിരി തീർഥാടനത്തിന് അനുവാദവും അതിനു പറ്റിയ മാസവും തീയതിയും വിശദമാക്കിയ ശേഷം സൗകര്യപ്രദമായ വ്രതമാണ് ഗുരു നിർദേശിച്ചത്. ദീർഘവും കഠിനവുമായ വ്രതം അനുഷ്ഠിക്കാൻ ഇക്കാലത്ത് സൗകര്യപ്പെടില്ലെന്ന് അറിയാമായിരുന്ന ഗുരുദേവൻ ശ്രീബുദ്ധന്‍റെ പഞ്ചശുദ്ധിയോടെ (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനഃശുദ്ധി വാക് ശുദ്ധി, കർമ ശുദ്ധി) 10 ദിവസത്തെ വ്രതം അനുഷ്ഠിച്ചാൽ മതിയെന്ന് അറിയിച്ചു. സാധാരണ ഉപയോഗിക്കുന്ന വസ്ത്രം മഞ്ഞൾ പിഴിഞ്ഞൊടുത്താൽ മതി, മഞ്ഞപ്പട്ടോ കോടി വസ്ത്രമോ പോലും വാങ്ങാൻ പണം ചെലവാക്കരുത് എന്നും ഉപദേശിച്ചു.

ശിവഗിരി തീർഥാടനം എന്ന ആശയം ആദ്യം മനസിലുദിച്ചത് രണ്ട് ഗുരുദേവ ഭക്തരുടെ ഹൃദയത്തിൽ ആയിരുന്നെങ്കിലും അതിന് ലക്ഷ്യബോധമുള്ള പരിവേഷം നൽകിയത് ഗുരു ആയിരുന്നു. പഞ്ചശുദ്ധി വ്രതം അനുഷ്ഠിച്ചു വേണം പങ്കെടുക്കേണ്ടതെന്ന ഗുരുകൽപ്പന തീർഥാടനത്തിന്‍റെ വിശുദ്ധി, മനുഷ്യ മനസുകളെ നവീകരിക്കുക എന്നിവ ലക്ഷ്യമിടുന്നു. അറിവിന്‍റെയും വിശ്വാസത്തിന്‍റെ പിൻബലം കോർത്തിണക്കി മനുഷ്യന്‍റെ ജീവിതക്രമം ചിട്ടപ്പെടുത്തി ജീവിതവിജയം നേടാനാണ് ഗുരു അതിലൂടെ ഉദ്ബോധിപ്പിച്ചത്. അതുവഴി കുടുംബം, സമൂഹം, രാഷ്‌ട്രം എന്നിവയുടെ അഭിവൃദ്ധിക്ക് ആവശ്യമായ 8 വിഷയങ്ങളാണ് അരുളിച്ചെയ്തത്.

"നെടിയ കിനാവായി' ഭൗതിക ജീവിതത്തെ നോക്കിക്കണ്ട സത്യദർശിയായിരുന്നു ഗുരുദേവൻ. എങ്കിലും മനുഷ്യന്‍റെ ഭൗതിക പ്രശ്നങ്ങളിൽ അനുകമ്പിച്ചു ത്രസിച്ചു നിൽക്കുന്ന ഉൾക്കാഴ്ചയോടെ മാർഗനിർദേശം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉൾക്കാഴ്ചയുടെ ഉജ്വല സ്ഫുരണങ്ങൾ കൊണ്ട് നിസ്തുല കാന്തി നേടിയെടുത്തതാണ് ശിവഗിരി തീർഥാടനം.

രാഷ്‌ട്രമീമാംസ പഠിച്ച ഏതൊരു സോഷ്യലിസ്റ്റിനെയും അതിശയിപ്പിക്കുന്നതാണ് ഗുരു വിഭാവനം ചെയ്ത "ഏക ലോകം'. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം മതവികാരങ്ങളുടെയും സങ്കുചിത ദേശീയതയുടെയും പേരിൽ മനുഷ്യർക്കിടയിൽ മതിലുകൾ ഉയരുന്ന ഈ കാലഘട്ടത്തിൽ, സമദർശനത്തിന്‍റെ ദീപശിഖ ഉയർത്തിപ്പിടിക്കുന്ന ഗുരുദേവ ദർശനത്തിന്‍റെ പ്രായോഗിക വേദിയാണ് ശിവഗിരി തീർഥാടനം. അതുകൊണ്ട് മാനവ സമൂഹത്തിന്‍റെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്ന മറ്റൊരു തീർഥാടനവും ലോകത്തു വേറെയില്ലെന്ന് നിസംശയം പറയാം.

അരുവിപ്പുറത്ത് നിര്‍ജനമായൊരു നദീതീരത്തു സമാരംഭം കുറിച്ച ഗുരുദേവ പ്രസ്ഥാനം ഇന്ന് അതിര്‍ത്തികള്‍ ഭേദിച്ച് ലോകത്തിന്‍റെ നെറുകയിലേക്ക് കടന്നു ചെന്നിരിക്കുന്നു. കേരളക്കരയില്‍ ഗുരുദേവ പ്രസ്ഥാനങ്ങളില്ലാത്ത ഒരു ഗ്രാമം പോലുമുണ്ടാവില്ല. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ആത്മീയ സ്ഥാനപങ്ങളും സ്കൂളുകളും കോളെജുകളുമായി നൂറുകണക്കിന് പ്രസ്ഥാനങ്ങള്‍ സ്ഥാപിതമായി.

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്. അമെരിക്കയിലെ 12 സംസ്ഥാനങ്ങളില്‍ ഗുരുദേവ പ്രസ്ഥാനങ്ങളും ചിലയിടങ്ങളില്‍ ഗുരുമന്ദിരങ്ങളും ആസ്ഥാന മന്ദിരങ്ങളും സ്ഥാപിതമായി. ശിവഗിരി മഠത്തിന്‍റെ ശാഖാ സ്ഥാപനങ്ങള്‍ ലണ്ടനിലും വാഷിങ്ടണിലും അടുത്തകാലത്തു രൂപം കൊണ്ടു. ആലുവ സര്‍വമത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ വത്തിക്കാനില്‍ നടന്നത് ലോകപ്രശസ്തമായി.

തുടര്‍ന്ന് ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലെ വിക്റ്റോറിയന്‍ പാര്‍ലമെന്‍റിലും ശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 100 വര്‍ഷം ആകുമ്പോഴേക്കും ഗുരുദേവ ദര്‍ശനം ലോകം അറിഞ്ഞുകൊള്ളുമെന്ന മഹാത്മാക്കളുടെ വെളിപ്പെടുത്തലുകളെ അന്വർഥമാക്കിയാണ് ഇപ്പോള്‍ ഗുരുസന്ദേശ പ്രചരണം മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. അസമത്വവും അരാജകത്വവും വർണ വിവേചനവും തുടങ്ങി എല്ലാത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കും പരിഹാരം കാണാൻ ശ്രീനാരായണ ദർശനങ്ങൾക്കു മാത്രമേ കഴിയൂ. അതുകൊണ്ട് ഗുരുദേവ മന്ത്രം ലോകമെമ്പാടും പ്രകാശം ചൊരിയാനുള്ള അവസ്ഥ സംജാതമാകണം. അതിന് പ്രസംഗങ്ങളും പ്രഭാഷണങ്ങളും പഠന സാധ്യതകളും മാത്രം പോരാ.

ശ്രീനാരായണ ദർശനം പ്രചരിപ്പിക്കാൻ ലോക നെറുകയിൽ ഒരു കേന്ദ്രീകൃത ആസ്ഥാനം തന്നെ ഉണ്ടാകേണ്ടതാണ്. അവിടെ നിന്നു പദ്ധതികൾ ആസൂത്രണം ചെയ്താൽ മഹിതമായ ഗുരുദർശനം ഒരു വിഘ്നവും കൂടാതെ ലോകമാസകലം പ്രചരിപ്പിക്കാം. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിട്ടുണ്ട്. ഗുരുവിന്‍റെ "ഏകലോക ദർശനം' പ്രചരിപ്പിക്കാനുതകന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് 93ാമത് ശിവഗിരി തീർഥാടനം പ്രചോദനമാകട്ടെ.

(ശിവഗിരി മഠത്തിന്‍റെ മീഡിയ വിഭാഗം ചെയർമാനാണ് ലേഖകൻ: 9846369478)

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം