ബ്രിക്സ് ഉച്ചകോടി

 
Special Story

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമൊരുക്കുമ്പോൾ...

"പ്രതിരോധശേഷി, നവീകരണം, സഹകരണം സുസ്ഥിരത' എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ ഔദ്യോഗിക പ്രമേയം

Reena Varghese

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി രൂപീകൃതമായതാണ് ബ്രിക്. 2009ലാണ് ഈ കൂട്ടായ്മ നിലവില്‍വന്നത്. ദ്രുതഗതിയിൽ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ ഒരു കൂട്ടത്തെയാണ് ബ്രിക് എന്ന പദം കൊണ്ട് സൂചിപ്പിച്ചത്. 2010ൽ ദക്ഷിണാഫ്രിക്ക കൂടി ഇതിലേക്കു വന്നതോടെ ബ്രിക്, ബ്രിക്സായി മാറി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വികസ്വര രാജ്യങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനും വടക്കേ അമെരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമ്പന്ന രാഷ്ട്രങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക ശക്തിയെ വെല്ലുവിളിക്കുന്നതിനുമാണ് ഈ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിജയ് ചൗക്ക്|സുധീര്‍ നാഥ്

ഇന്നും നാളെയുമായി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ 18ാം ബ്രിക്സ് ഉച്ചകോടി നടക്കുകയാണ്. അതാണ് ഇപ്പോൾ രാജ്യമാകമാനം ചര്‍ച്ചാ വിഷയം. നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 2025ല്‍ 17-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ബ്രസീലിന് പകരമായി, 2026 ജനുവരി ഒന്നിന് ഇന്ത്യ ബ്രിക്സ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ചെയര്‍മാനെന്ന നിലയില്‍, 18ാം ബ്രിക്സ് ഉച്ചകോടിയും അനുബന്ധ മന്ത്രിതല, വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യയ്ക്കാണ്. ഇതിനു മുൻപ് 2012, 2016, 2021 വര്‍ഷങ്ങളിലും ഇന്ത്യ ഉച്ചകോടിക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. "പ്രതിരോധശേഷി, നവീകരണം, സഹകരണം സുസ്ഥിരത' എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ ഔദ്യോഗിക പ്രമേയം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്ന വിപുലമായ 11 അംഗ കൂട്ടായ്മയാണ് ഇന്ന് ബ്രിക്സ്.

1998ല്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി യെവ്ജെനി പ്രിമാകോവാണ് ഇങ്ങനെ ഒരു കൂട്ടായ്മയുടെ ആശയപരമായ ഉത്ഭവം വ്യക്തമാക്കിയത്. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജിം ഒ'നീല്‍ ആണ് ബ്രിക് എന്ന ആശയം ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2001ല്‍ അദ്ദേഹത്തിന്‍റെ തൊഴിലുടമ ഗോള്‍ഡ്മാന്‍ സാച്ച്സ് വളര്‍ന്നുവരുന്ന വിപണികളുടെ ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കാന്‍ ബ്രിക് എന്ന പദം ഉപയോഗിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി രൂപീകൃതമായതാണ് ബ്രിക്. 2009ലാണ് ഈ കൂട്ടായ്മ നിലവില്‍വന്നത്. ദ്രുതഗതിയിൽ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ ഒരു കൂട്ടത്തെയാണ് ബ്രിക് എന്ന പദം കൊണ്ട് സൂചിപ്പിച്ചത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വികസ്വര രാജ്യങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനും വടക്കേ അമെരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമ്പന്ന രാഷ്ട്രങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക ശക്തിയെ വെല്ലുവിളിക്കുന്നതിനുമാണ് ഈ ഗ്രൂപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2006 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭ സമ്മേളനത്തിനിടെ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയോടെയാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്.

പരസ്പര താത്പര്യമുള്ള സാമ്പത്തിക വിഷയങ്ങളിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, അന്താരാഷ്ട്ര ഭീകരത, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ-ഊർജ സുരക്ഷ, ആഗോള ഭരണ സ്ഥാപനങ്ങളുടെ പരിഷ്കരണം, വ്യാപാരവും നികുതിയും, ആരോഗ്യം, പരമ്പരാഗത മരുന്നുകള്‍, തൊഴില്‍, ദുരന്തനിവാരണം, അഴിമതി വിരുദ്ധത, വിവര, ആശയവിനിമയ സാങ്കേതികവിദ്യ, കസ്റ്റംസ് സഹകരണം, വ്യവസായങ്ങള്‍ തുടങ്ങിയ കാലികമായ ആഗോള വിഷയങ്ങളിലും കൂടിയാലോചനയിലൂടെയും സഹകരണത്തിലൂടെയും ബ്രിക്സ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും അതിന്‍റെ കൂട്ടായ ശക്തിയില്‍ നിന്ന് പ്രയോജനം നേടുന്നു. കൂടാതെ, സംസ്കാരം, കായികം, യുവത്വം, സിനിമ, അക്കാഡമിക്സ്, ടൂറിസം, നൈപുണ്യ വികസനം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയവയിലും ഈ കൂട്ടായ്മ പരസ്പരം പങ്കിടൽ നടത്തുന്നു. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലില്‍ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ആഗോള സാമ്പത്തിക ക്രമത്തില്‍ വലിയ ഇടപെടല്‍ നടത്താന്‍ കഴിയുംവിധം ഇങ്ങനെയൊരു വേദി രൂപീകരിച്ചത്.

ബ്രിക്സിലും മറ്റ് വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലും വികസ്വര രാജ്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുസ്ഥിര വികസന പദ്ധതികള്‍ക്കും വിഭവങ്ങള്‍ സമാഹരിക്കുക, ആഗോള വളര്‍ച്ചയ്ക്കും വികസനത്തിനുമായി ബഹുരാഷ്ട്ര, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുടെ നിലവിലെ ശ്രമങ്ങള്‍ക്ക് സഹായകമാകുക എന്നീ ദര്‍ശനത്തോടെയാണ് ന്യൂ ഡെവലപ്മെന്‍റ് ബാങ്ക് (എന്‍ഡിബി) രൂപീകൃതമായത്. ഇന്ത്യയെയും മറ്റ് അംഗരാജ്യങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുസ്ഥിര വികസന പദ്ധതികള്‍ക്കും വിഭവങ്ങള്‍ സ്വരൂപിക്കാനും ലഭ്യമാക്കാനും എന്‍ഡിബി സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷാ ഉപകരണമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ബ്രിക്സ് സംരംഭമാണ് കണ്ടിജന്‍റ് റിസര്‍വ് അറേഞ്ച്മെന്‍റ്.2009ല്‍ ബ്രിക് കൂട്ടായ്മയുടെ ഉദ്ഘാടന ഉച്ചകോടി റഷ്യയില്‍ ജൂണ്‍ 16ന് നടന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ സ്ഥാപക രാജ്യങ്ങള്‍ ഒന്നാം ബ്രിക് ഉച്ചകോടിയില്‍ പങ്കെടുത്തു. ഉച്ചകോടികളില്‍ ബഹുമുഖ നയങ്ങള്‍ ഏകോപിപ്പിക്കാനും അതാത് രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്ക് കഴിയും. ദക്ഷിണാഫ്രിക്ക 2010 സെപ്റ്റംബറില്‍ ഈ കൂട്ടായ്മയില്‍ ചേര്‍ന്നു. അതോടെ ബ്രിക് എന്നതിനെ ബ്രിക്സ് എന്ന് പുനര്‍നാമകരണം ചെയ്തു. 2011ല്‍ മൂന്നാം ഉച്ചകോടി ചൈനയിലെ കടല്‍ത്തീര നഗരമായ സന്യയിലാണ് നടന്നത്. അവിടെ പൂർണ അംഗമായി ദക്ഷിണാഫ്രിക്ക പങ്കെടുത്തു.

അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനു ലെയ്സണ്‍ ഗ്രൂപ്പ് രൂപവത്കരിക്കാന്‍ ബ്രിക്സ് ഉച്ചകോടി മന്ത്രിതലയോഗം തീരുമാനിച്ചു. മൂന്നാം ഉച്ചകോടി ബഹു ധ്രുവത പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും, ലോക സമാധാനം, സുരക്ഷ, വികസനം ഉറപ്പാക്കൽ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു. പരസ്പര സഹകരണത്തിലൂന്നി മുന്നേറാന്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. ഭീകരതയെ വിമര്‍ശിച്ചു. അതോടൊപ്പം ഭീകരതയെ നേരിടുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.ബ്രിക്സില്‍ ചേരുന്നതിന് ഔദ്യോഗിക അപേക്ഷാ പ്രക്രിയയില്ല, എന്നാല്‍ പുതിയ അംഗങ്ങളെ നിലവിലുള്ള അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കണം. ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ 2024ല്‍ റഷ്യയില്‍ അംഗരാജ്യങ്ങളായി അവരുടെ ആദ്യ ഉച്ചകോടിയില്‍ പങ്കെടുത്തു. ആദ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ അംഗമായി 2025ന്‍റെ തുടക്കത്തില്‍ ഇന്തോനേഷ്യ ഔദ്യോഗികമായി ചേര്‍ന്നു. 2023 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗിൽ നടന്ന 15ാം ഉച്ചകോടിയില്‍, അര്‍ജന്‍റീന, ഈജിപ്റ്റ്, ഇറാന്‍, എത്യോപ്യ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളെ പുതിയ അംഗങ്ങളാക്കി. 2024 മുതല്‍ പുതിയ അംഗത്വത്തെ സൂചിപ്പിക്കാന്‍ ബ്രിക്സ്+ എന്ന പദം അനൗപചാരികമായി ഉപയോഗിച്ചുവരുന്നു.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ, ഇന്തൊനീഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യ- യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, യുഎസ് ഉയര്‍ത്തുന്ന തീരുവ വെല്ലുവിളി എന്നിവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.ഈ വര്‍ഷം ഇന്ത്യയുടെ അധ്യക്ഷതയില്‍ ഇന്ത്യയിലെ 25 നഗരങ്ങളിലായി 350 ലധികം യോഗങ്ങളും ഉന്നതതല ഇടപെടലുകളും നടന്നു. രാഷ്ട്രീയവും സുരക്ഷയും, സാമ്പത്തികവും ധനകാര്യവും, സാംസ്കരികവും ജനങ്ങള്‍ തമ്മിലുള്ള വിനിമയവും എന്നീ മൂന്ന് അടിസ്ഥാന മേഖലകളില്‍ ബ്രിക്സിന്‍റെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഈ യോഗങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ ഇടപാടുകളുടെയും ബിസിനസ് ടു ബിസിനസ്, ജനങ്ങള്‍ തമ്മിലെ സംരംഭങ്ങള്‍ എന്നിവയിലൂടെയും പ്രായോഗികവും വികസനാധിഷ്ഠിതവുമായ ഫലങ്ങളിലൂടെയും ബ്രിക്സ് സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യയുടെ അധ്യക്ഷത സംഭാവന നല്‍കി.

ഉച്ചകോടിയിലെ പ്രധാന അജൻഡകള്‍ എന്തൊണെന്നതിനെ കുറിച്ച് ഗൗരവകരമായി ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ തന്നെ നടക്കുന്നുണ്ട്. ആഗോള സാഹചര്യം അതില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടങ്ങിയ ആഗോള ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. സാമ്പത്തികവും വ്യാപാരപരവുമായ സഹകരണം, അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ഊര്‍ജ സഹകരണം, പ്രതിരോധം എന്നിവ ശക്തിപ്പെടുത്തുന്നതില്‍ ഓരോ രാജ്യങ്ങള്‍ക്കും ഉള്ള പങ്ക് ചര്‍ച്ചയാകും. കൃത്രിമ ബുദ്ധി (എഐ), ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (ഡിപിഐ), ഫിന്‍ടെക് തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗം ചര്‍ച്ചാ വിഷയമാണ്. ലോകത്തിന്‍റെ 36% വിസ്തൃതിയും 40% ആഭ്യന്തര ഉത്പാദനവും 49.5% ജനസംഖ്യയും 26% വാണിജ്യവും ബ്രിക്സ് രാജ്യങ്ങളിലാണ്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു