ജന്തർ മന്തറിൽ ഒറ്റയ്ക്ക് പൊലീസ് വാൻ തടയുന്ന റിയ ആഹിർ.

 
Special Story

കരുത്തറിയിച്ച് ജെൻ സി

മോദി സർക്കാരിനെ സമാനതകളില്ലാത്ത പിന്മാറ്റത്തിലേക്കാണ് ജെൻ സി തള്ളിവിട്ടത്. തകരാറുകൾ നിറഞ്ഞ വ്യവസ്ഥിതിയുടെ ദൗർബല്യം തുറന്നു കാട്ടി. മുന്നറിയിപ്പ് അവഗണിച്ചാൽ, അടുത്ത പ്രക്ഷോഭം കൂടുതൽ ശക്തിയിലാകാം

MV Desk

അജയൻ

ഔദ്യോഗികമായി നിഷേധിക്കപ്പെടുന്നത് വരെ രാഷ്ട്രീയത്തിൽ ഒന്നും വിശ്വസിക്കരുത്.

- ഓട്ടോ വോൺ ബിസ്മാർക്ക്

പരിഹരിക്കാനാവാത്തത്. മാറ്റാനാവാത്തത്. പ്രത്യയശാസ്ത്രങ്ങളുടെയോ രാഷ്ട്രീയ ഭാരങ്ങളുടെയോ കേന്ദ്ര ഏജൻസികളോടുള്ള ഭയത്തിന്‍റെയോ ഭാരമില്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാർ കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ചതോടെ, ഒരിക്കൽ തോൽപ്പിക്കാനാവാത്തവനെന്ന് കരുതിയ നരേന്ദ്ര മോദി ഇപ്പോൾ അത്തരക്കാരനായി മാറിയിരിക്കുന്നു. ആഴ്ചകളോളം നീണ്ട നിഷേധങ്ങൾക്കും, തന്‍റെ മന്ത്രിയായ ധർമേന്ദ്ര പ്രധാനെ മോദി ഉറച്ചുനിന്ന് പ്രതിരോധിച്ചതിനും ശേഷമാണ് ഈ പിന്മാറ്റം. രാഷ്ട്രീയ ധാർമികതയെക്കാൾ രാഷ്ട്രീയ സൗകര്യങ്ങളാണ് മോദി തെരഞ്ഞെടുത്തത്; ഒടുവിൽ പിന്മാറ്റം ഒഴിച്ചുകൂടാനാവാത്തതായി മാറുന്നതുവരെ.

അർധരാത്രിയിലെ ഇൻസ്റ്റഗ്രാം റീലിനോ, പരീക്ഷാ സംവിധാനം പുനഃക്രമീകരിക്കാൻ കമ്മിറ്റിയുണ്ടാക്കുമെന്ന തിടുക്കത്തിലുള്ള വാഗ്ദാനത്തിനോ നാശനഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമായിരുന്ന നിർണായകമായ ഒരേയൊരു നടപടി സർക്കാർ പാഴാക്കിക്കളഞ്ഞു: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക എന്നതായിരുന്നു അത്. എന്നാൽ, അതിനുപകരം നിഷേധിക്കാനും സമയം നീട്ടിക്കൊണ്ടുപോകാനും വഴിതിരിച്ചുവിടാനുമാണ് സർക്കാർ ശ്രമിച്ചത്. ഒടുവിൽ സർക്കാർ വഴങ്ങിയപ്പോഴേക്കും രാഷ്ട്രീയമായി അതിനു നൽകേണ്ടി വന്ന വില വല്ലാതെ വർധിച്ചിരുന്നു. ഇതിലെ വിരോധാഭാസം കാണാതിരിക്കാനാവില്ല. ഒഡീഷയിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്‍റെ മകനായ പ്രധാൻ, പരീക്ഷാ ക്രമക്കേടുകൾക്കെതിരേ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

ജന്തർ മന്തർ വെറുമൊരു പ്രതിഷേധവേദിയായി മാത്രം ഒതുങ്ങിയില്ല; പരമ്പരാഗത പ്രതിപക്ഷ കക്ഷികൾ കണ്ണടച്ചപ്പോൾ, സ്വയം രൂപംകൊണ്ട ഒരു യുവജന പ്രക്ഷോഭത്തിന്‍റെ അടയാളമായി അത് മാറി. എടുത്തുപറയേണ്ട കാര്യം, അവിടെ വലിയ തോതിലുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ്. ആവശ്യങ്ങൾ കൃത്യവും വ്യക്തവും യാതൊരു വിട്ടവീഴ്ചയുമില്ലാത്തതുമായിരുന്നു. തങ്ങൾക്ക് എന്താണു വേണ്ടതെന്ന് ജെൻ സി കൃത്യമായി മനസിലാക്കിയിരുന്നു എന്നതിന്‍റെ തെളിവായിരുന്നു ഇത്. സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരവുമായി പങ്കുചേർന്നതോടെ ഈ മുന്നേറ്റത്തിന് ധാർമികമായ ശക്തി വീണ്ടും വർധിച്ചു. അതൊരു വിദ്യാർഥി പ്രതിഷേധം എന്നതിൽ നിന്ന് ഉത്തരവദിത്വം ആവശ്യപ്പെടുന്ന വലിയൊരു ദേശീയ മുന്നേറ്റമായി മാറി.

പ്രതിഷേധം കൈകാര്യം ചെയ്ത രീതി യഥാർഥത്തിൽ കെടുകാര്യസ്ഥതയായിരുന്നു. ചെറുപ്പക്കാരുടെ ഒരേയൊരു ആയുധം ന്യായമായ പരാതി മാത്രമായിരുന്നു. അവർക്കു നേരേ പെല്ലറ്റുകളും കണ്ണീർവാതക ഷെല്ലുകളും ബുള്ളറ്റുകളും ക്രൂരമായ കൈക്കരുത്തുമാണ് അഴിച്ചുവിട്ടത്. അവരുടെ ശബ്ദം ശക്തവും അടിയന്തര പ്രാധാന്യമുള്ളതും അവഗണിക്കാനാവാത്തതുമായിരുന്നു; എന്നാൽ അധികാരത്തിലിരിക്കുന്നവർ അതു കേൾക്കാൻ തയാറായില്ല. ആർഎസ്എസും അമിത് ഷായും സംഘവും ഈ പ്രതിസന്ധി എങ്ങനെ ഇത്രത്തോളം വളരാൻ അനുവദിച്ചു എന്നു പരിശോധിക്കണോ വേണ്ടയോ എന്നത് ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. രാഷ്ട്രീയ ധാർമികത ബലികഴിക്കാനും, യുവജനങ്ങളുടെ ന്യായമായ ആശങ്കകൾ തള്ളിക്കളയാനും, തങ്ങളുടെ കോട്ട തകർക്കാനാവാത്തതാണെന്ന മിഥ്യാധാരണയിൽ കഴിയാനും സർക്കാരിന് കഴിഞ്ഞതിന്‍റെ ഓർമപ്പെടുത്തലായി ഈ സംഭവം രാജ്യത്തിനു മുന്നിൽ നിൽക്കുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ജന്മദിനാഘോഷമായി നിശ്ചയിച്ചിരുന്ന പരിപാടിയെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ചാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വൈദഗ്ധ്യം ഉണ്ടായിരുന്നില്ലെങ്കിൽ, കോൺഗ്രസ് ഈ പ്രക്ഷോഭത്തിൽ നിന്ന് പൂർണമായും പുറത്തുനിൽക്കുമായിരുന്നു. ഈ നീക്കം പ്രതിപക്ഷ സഖ്യത്തിനുള്ളിൽ ഭിന്നത ഉണ്ടാക്കിയതായും, കോൺഗ്രസ് രാഷ്ട്രീയ ശ്രദ്ധ നേടിയതിൽ ചില സഖ്യകക്ഷികൾക്ക് അസംതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, മിക്ക കക്ഷികളും നിലയുറപ്പിക്കാൻ പാടുപെട്ട ഒരു സമയത്ത്, രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും സഹോദരി പ്രിയങ്കയുടെ ശക്തമായ പ്രസംഗവും കോൺഗ്രസിനെ പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ പക്ഷത്ത് നിർത്താൻ സഹായിച്ചു. വൈകിയാണെങ്കിലും രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ അതു പാർട്ടിയെ സഹായിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമർശത്തിൽ നിന്ന് ഉണ്ടായ 'കോക്ക്രോച്ച് ജനതാ പാർട്ടി' എന്ന വിളിപ്പേര് നൽകി അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങളും പതിവുപോലെ നടന്നു. ഇതിലെ അംഗങ്ങളെ 'രാഷ്ട്രവിരുദ്ധർ', 'വിദേശ ഫണ്ട് വാങ്ങുന്നവർ', എന്തിന് 'ഭീകരർ' എന്നു വരെ മുദ്രകുത്തി. എന്നാൽ, ഈ പ്രചാരണങ്ങൾക്ക് സത്യത്തെ മൂടിവയ്ക്കാൻ കഴിഞ്ഞില്ല. സർക്കാരിന്‍റെ പ്രഭാഷണങ്ങൾക്കും പൊള്ളയായ ഉപദേശങ്ങൾക്കും മുന്നിൽ യുവജനങ്ങളുടെ യഥാർഥ ആശങ്കയുണ്ടായിരുന്നു: അടിത്തട്ട് മുതൽ തകർന്നുകിടക്കുന്ന ഒരു സംവിധാനം, പരീക്ഷാ പ്രക്രിയയിൽ നിന്നുതന്നെ അത് വ്യക്തമാണ്.

ഈ 'പാറ്റകൾക്ക്' ആരാണ് പണം നൽകിയത് എന്നത് വലിയ പ്രധാന്യമുള്ള കാര്യമല്ല. തങ്ങളെ പിന്തുണയ്ക്കുന്നവരെ വെളിപ്പെടുത്തുക എന്നതായിരുന്നില്ല അവരുടെ ഏറ്റവും വലിയ നേട്ടം, മറിച്ച് സിസ്റ്റം തന്നെ മാറ്റിയെഴുതാമെന്ന് മോദി സർക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ചു എന്നതാണ്. ഇതിൽ നിന്നുള്ള വലിയ പാഠം വ്യക്തമാണ്: പാർട്ടികളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ നിയന്ത്രണത്തിലല്ലാതെ, മുന്നറിയിപ്പുകളില്ലാതെ പൊട്ടിത്തെറിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ തലമുറയാണിത്. രാഷ്ട്രീയ അപ്രമാദിത്വത്തിന് പരിധികളുണ്ടെന്ന് നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണിത്. ഒപ്പം, നേതൃത്വം നൽകുന്നതിനു പകരം വെറുതെ ഒപ്പം നടക്കാൻ മാത്രം ആഗ്രഹിക്കുന്നവർക്കായി ചരിത്രം കാത്തിരിക്കില്ലെന്ന് പ്രതിപക്ഷത്തിനുള്ള ശക്തമായ ഓർമപ്പെടുത്തലും കൂടിയാണിത്.

വാൽക്കഷ്ണം: 'പാറ്റകൾ' കാരണം നരേന്ദ്ര മോദിക്ക് തലകുനിക്കേണ്ടി വന്നപ്പോൾ, ഏറ്റവും വലിയ കോമാളിത്തരം വിളമ്പിയത് സിപിഎം ആണ്. പാർട്ടിക്കുള്ളിലെ ചിലർ സ്വകാര്യമായി പറയുന്നതുപോലെ, ബഷീറിന്‍റെ അനശ്വര കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ ഓർമിപ്പിക്കുന്നതായിരുന്നു ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന- ഈ പ്രക്ഷോഭത്തിനു പിന്നിൽ സിജെപിയും എസ്എഫ്ഐയുമാണത്രെ! ഇത്രയധികം കോമാളിത്തം നിറഞ്ഞ ആത്മപ്രശംസ മറ്റാർക്കും അവകാശപ്പെടാനാവില്ല. തന്‍റെ പാർട്ടി രാഷ്ട്രീയമായി അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോൾ, ഏറ്റവും അസംബന്ധമായ രാഷ്ട്രീയ അവകാശവാദത്തിനുള്ള മത്സരത്തിലെങ്കിലും വിജയിക്കാൻ ബേബി തീരുമാനിച്ചതുപോലെ തോന്നുന്നു.

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി