നെല്ലിനെ കൈവിടരുത്
credit: metro vaartha
ജ്യോത്സ്യൻ|ഗ്രഹനില
ഭാരതത്തിന്‍റെ സാമ്പത്തിക ഭദ്രത കാർഷിക മേഖലയാണെന്ന സത്യം ഒരിക്കലും നിഷേധിക്കാനാവില്ല. ലാൽ ബഹാദുർ ശാസ്ത്രിയുടെ “ജയ് ജവാൻ, ജയ് കിസാൻ” എന്ന മുദ്രാവാക്യം തന്നെ കർഷകന്‍റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഓർമിപ്പിക്കുന്നതാണ്.
78 വർഷം മുമ്പ് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ, അന്നത്തെ 40 കോടി ജനങ്ങളുടെ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മരുന്നുകളും വരെ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലായിരുന്നു. ബംഗാൾ ക്ഷാമം പോലെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ വിശപ്പിന്‍റെ ഭീകരത നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
അവിടെ നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളർന്നുവന്നെങ്കിൽ, അതിനു പിന്നിലെ പ്രധാന കാരണം ഹരിത വിപ്ലവവും ധവള വിപ്ലവവും തന്നെയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതികൾ കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകി.
എം.എസ്. സ്വാമിനാഥനെ പോലുള്ള ശാസ്ത്രജ്ഞരും ഐസിഎആർ പോലുള്ള സ്ഥാപനങ്ങളും ഈ വളർച്ചയ്ക്ക് താങ്ങും തണലുമായി മാറി. ആധുനിക ജലസേചന പദ്ധതികൾ, ഗുണമേന്മയുള്ള വിത്തുകൾ, വളങ്ങൾ, ശാസ്ത്രീയ കൃഷിരീതികൾ—ഇവയൊക്കെയാണ് ഇന്ത്യയെ ഭക്ഷ്യസുരക്ഷയിൽ സ്വയംപര്യാപ്തമാക്കിയത്.
ലോകോത്തര സംഭരണശാലകളും ഭക്ഷ്യസുരക്ഷാ നിയമവും വഴി ഭക്ഷണം ജനങ്ങളുടെ അവകാശമായി മാറി.ഇതെല്ലാം സാധ്യമായത് സർക്കാർ കാലാകാലങ്ങളായി കാർഷിക മേഖലയിൽ നടത്തിയ വലിയ നിക്ഷേപങ്ങളിലൂടെയാണ്. ധാന്യങ്ങൾക്ക് മിനിമം താങ്ങുവില നിശ്ചയിച്ചതും എഫ്‌സിഐ വഴിയുള്ള സംഭരണ-വിതരണ സംവിധാനവും കർഷകർക്ക് എക്കാലവും താങ്ങും തണലുമായിരുന്നു.
കേരളത്തിലേക്ക് വരുമ്പോൾ, നമ്മുടെ പ്രധാന ഭക്ഷണമായ അരിയുടെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കുട്ടനാടും പാലക്കാടുമാണ് പ്രധാന നെല്ലറകൾ. ഈ പരിമിത സാഹചര്യത്തിലും നെൽകൃഷി നിലനിൽക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ കൊണ്ടാണ്.
നെല്ല് സംഭരണത്തിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കും സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരു കിലോ നെല്ലിന് സപ്ലൈകോ നൽകുന്ന 30 രൂപയിൽ 23.69 രൂപ കേന്ദ്ര താങ്ങുവിലയും 6.31 രൂപ കേരളത്തിന്‍റെ പ്രോത്സാഹന വിഹിതവുമാണ്.
എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന പുതിയ സമീപനം കർഷകർക്കു ആശങ്കയുണർത്തുന്നതാണ്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം നിർത്തലാക്കി ആ തുക എണ്ണവിത്തുകൾ, പയർവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദന വർധനയിലേക്ക് മാറ്റണമെന്ന നിർദേശം കേരളത്തിന്‍റെ കാർഷിക യാഥാർഥ്യങ്ങളെ അവഗണിക്കുന്നതാണ്.
ഈ നിർദേശം അംഗീകരിച്ചില്ലെങ്കിൽ കേരളത്തിന് അർഹമായ മറ്റ് കേന്ദ്രവിഹിതങ്ങൾ പോലും തടഞ്ഞുവയ്ക്കുമെന്ന സൂചനകൾ ഗുരുതരമാണ്. ഇതിനകം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിന് എത്രനാൾ ഈ സമ്മർദം ചെറുക്കാൻ കഴിയുമെന്നതും ചിന്തിക്കേണ്ടതാണ്.
ഉത്പാദന ചെലവ് കൂടുതലുള്ള കേരളത്തിൽ നിലവിലുള്ള താങ്ങുവില തന്നെ പര്യാപ്തമാണെന്ന് കർഷകർ പറയുമ്പോൾ, അതുപോലും പിൻവലിച്ചാൽ നെൽകൃഷി പൂർണമായും തകർന്നുപോകും. “നെൽകൃഷി ലാഭകരമല്ലെങ്കിൽ മീൻ വളർത്തലിലേക്കോ നാളികേര കൃഷിയിലേക്കോ മാറിക്കോളൂ” എന്ന കേന്ദ്ര നിർദേശം ദീർഘകാല ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുന്നതാണ്.
പരമ്പരാഗത കാർഷിക മേഖലകൾ, പ്രത്യേകിച്ച് നെൽകൃഷി, സംരക്ഷിക്കപ്പെടണം. അത് സംസ്ഥാനത്തിന്‍റെ പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള ദീർഘകാല നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
നാണ്യവിളകളിലൂടെയും വിദേശ മലയാളികൾ അയയ്ക്കുന്ന പണത്തിലൂടെയും രാജ്യത്തിന് ലഭിക്കുന്ന വിദേശനാണ്യം കേന്ദ്ര സർക്കാർ മറക്കരുത്. നെൽകൃഷി ഉൾപ്പെടെ പരമ്പരാഗത കാർഷിക മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവാദിത്വത്തോടെ മുന്നോട്ട് വരണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.