ഉത്തരാഖണ്ഡിൽ വർക്ക് അറ്റ് ഹോം, ഒരു ഉദ്യോഗസ്ഥന് ഒരു വാഹനം
പ്രത്യേക ലേഖകൻ
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ധന ലഭ്യതയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ഉത്തരാഖണ്ഡിൽ സുപ്രധാനമായ നയപരിപാടികൾ ആസൂത്രണം ചെയ്തു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഊർജ, ഇന്ധന സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളെടുത്തു.
കൊവിഡ്-19 മഹാമാരിക്കു ശേഷം, റഷ്യ- യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ നിലവിലുള്ള പ്രതിസന്ധിയും ആഗോള വിതരണ ശൃംഖലകളിൽ പ്രത്യേകിച്ച് ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, വളങ്ങൾ എന്നിവയിൽ ഗണ്യമായ സമ്മർദം ചെലുത്തിയിട്ടുണ്ടെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈ ആഗോള പ്രതിസന്ധി കാരണം ഇന്ത്യയും വർധിച്ചുവരുന്ന ഇന്ധനച്ചെലവ്, ഇറക്കുമതി ആശ്രയത്വം, സാമ്പത്തിക സമ്മർദം എന്നിവ നേരിടുന്നു.
നിലവിലെ സാഹചര്യത്തിൽ ചെറുതും എന്നാൽ പ്രായോഗികവുമായ വ്യക്തിഗത പെരുമാറ്റ മാറ്റങ്ങളിലൂടെ ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇത് പൊതുജനങ്ങളിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്, ഉത്തരാഖണ്ഡിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിരവധി ഹ്രസ്വകാല, ദീർഘകാല പരിഷ്കാരങ്ങൾ നടപ്പിലാക്കിവരികയാണ്.
* വീട്ടിലിരുന്ന് ജോലി ചെയ്യുക
സർക്കാർ വകുപ്പുകളിൽ വീഡിയൊ കോൺഫറൻസിങ് അധിഷ്ഠിത മീറ്റിങ്ങുകൾ പ്രോത്സാഹിപ്പിക്കും. സ്വകാര്യ മേഖലയും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കും. പൊതുഗതാഗതം പരമാവധി ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കും.
* വാഹന നിരോധന ദിനം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കും. ആഴ്ചയിൽ ഒരു ദിവസം "വാഹന നിരോധന ദിനം' ആയിരിക്കും, ഈ സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. ആഴ്ചയിൽ ഒരു "വാഹന നിരോധന ദിനം' ആചരിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കും. സർക്കാർ, സ്വകാര്യ കെട്ടിടങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തും.
* ഒരു ഉദ്യോഗസ്ഥൻ, ഒരു വാഹനം
പൊതു ബസുകളുടെ സർവീസും ശേഷിയും വർധിപ്പിക്കാൻ ഗതാഗത വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കും. ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഒരു ദിവസം ഒരു വാഹനം മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
* ഇവി നയം
ഫലപ്രദമായ ഒരു ഇലക്‌ട്രിക് വാഹന (ഇവി) നയം ഉടൻ അവതരിപ്പിക്കും. എല്ലാ പുതിയ സർക്കാർ വാഹന വാങ്ങലുകളുടെയും അമ്പത് ശതമാനം നിർബന്ധമായും ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും. ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകളുടെയും ചാർജിങ് നെറ്റ്‌വർക്കുകളുടെയും വിപുലീകരണത്തിന് മുൻഗണന നൽകും.
* വിദേശ സന്ദർശനങ്ങൾ പരിമിതപ്പെടുത്തും
സർക്കാരിന്‍റെ ഔദ്യോഗിക വിദേശ സന്ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. "വിസിറ്റ് മൈ സ്റ്റേറ്റ്' ക്യാംപെയ്‌നിന് കീഴിൽ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ പൈതൃകം, മതം, ക്ഷേമം, ഗ്രാമീണ, പരിസ്ഥിതി ടൂറിസം സർക്യൂട്ടുകൾക്ക് വിപുലമായ പ്രോത്സാഹനം ലഭിക്കും.
സംസ്ഥാനത്ത് ഡെസ്റ്റിനേഷൻ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടും, സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തും. ഉത്തരാഖണ്ഡ് ഇതിനകം തന്നെ ഈ ദിശയിൽ നേതൃത്വം നേടിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരെയും ഉത്തരാഖണ്ഡിൽ അവധിക്കാലം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കും.
* "എന്‍റെ ഇന്ത്യ, എന്‍റെ സംഭാവന'
"മേരാ ഭാരത്, മേരാ യോഗദാൻ' (എന്‍റെ ഇന്ത്യ, എന്‍റെ സംഭാവന) പോലുള്ള പൊതുജന അവബോധ ക്യാംപെയ്‌നുകൾ ആരംഭിക്കും. "മെയ്ഡ് ഇൻ സ്റ്റേറ്റ്' ക്യാംപെയ്‌നിന് കീഴിൽ, പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കും. സർക്കാർ വാങ്ങലുകളിൽ മെയ്ക്ക് ഇൻ ഇന്ത്യ സംഭരണ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഒരു വർഷത്തേക്ക് സ്വർണം വാങ്ങലുകൾ പരിമിതപ്പെടുത്താൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കും.
* ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കൽ
എണ്ണ കുറഞ്ഞ ഭക്ഷണക്രമത്തിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ബോധവൽക്കരണ ക്യാംപെയ്‌നുകൾ നടത്തും. സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ കാന്‍റീനുകൾ എന്നിവ എണ്ണ ഉപയോഗം അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യും. ഹോട്ടലുകൾ, ധാബകൾ, തെരുവ് ഭക്ഷണ വിൽപ്പനക്കാർ എന്നിവരെ "എണ്ണ കുറഞ്ഞ മെനുകൾ' സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കും.
* പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക
കർഷകർക്ക് പ്രകൃതിദത്ത കൃഷി, സീറോ ബജറ്റ് കൃഷി, ജൈവ ഇൻപുട്ടുകളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകും. സന്തുലിത വള ഉപയോഗത്തിലും മണ്ണിന്‍റെ ആരോഗ്യത്തിലും ബോധവൽക്കരണ ക്യാംപെയ്‌നുകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
* ശുദ്ധ ഊർജം പ്രോത്സാഹിപ്പിക്കുക
പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) കണക്‌ഷനുകൾ ദൗത്യ രീതിയിൽ വികസിപ്പിക്കും. ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, സർക്കാർ വസതികൾ എന്നിവ പിഎൻജി ഉപയോഗത്തിന് മുൻഗണന നൽകും.
പ്രധാനമന്ത്രി സൂര്യഘർ യോജന പ്രകാരം മേൽക്കൂരയിലെ സോളാർ ഇൻസ്റ്റലേഷനുകൾ പ്രോത്സാഹിപ്പിക്കും. ബയോഗ്യാസ് പ്രോത്സാഹിപ്പിക്കാൻ പഞ്ചായത്തീരാജ് വകുപ്പിനും ഗ്രാമവികസന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
ഖനനം, സൗരോർജം, വൈദ്യുതി പദ്ധതികൾക്കുള്ള അംഗീകാരങ്ങൾ വേഗത്തിലാക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു ഉന്നതാധികാര സമിതി 60 ദിവസത്തിനുള്ളിൽ ഈ നിർദേശങ്ങൾ അംഗീകരിക്കും.