ഇന്ത‍്യ അത്ഭുതകരമായ വിനോദ സഞ്ചാര കേന്ദ്രമാകുന്നു

 
Special Story

ഇന്ത‍്യ അത്ഭുതകരമായ വിനോദ സഞ്ചാര കേന്ദ്രമാകുന്നു

സമ്പന്നമായ സംസ്കാരവും ആത്മീയ പൈതൃകവും പ്രകൃതിസൗന്ദര്യവും ചരിത്രപരമായ പ്രാധാന്യവും ഇന്ത്യയെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാക്കി മാറ്റുന്നു

റിതേഷ് അഗർവാൾ

സമ്പന്നമായ സംസ്കാരവും ആത്മീയ പൈതൃകവും പ്രകൃതിസൗന്ദര്യവും ചരിത്രപരമായ പ്രാധാന്യവും ഇന്ത്യയെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നകേന്ദ്രമാക്കി മാറ്റുന്നു. എന്നിരുന്നാലും, ഈ മേഖലയ്ക്ക് അർഹമായ മുൻഗണന ലഭിച്ചത് നരേന്ദ്ര മോദി ഗവണ്മെന്‍റിനു കീഴിലാണ്. സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകശക്തി എന്ന നിലയിലും സോഫ്റ്റ് പവറിന്‍റെ സങ്കേതമെന്ന നിലയിലും ഇതു പ്രാധാന്യമർഹിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും മോദി ഈ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. വിനോദസഞ്ചാരം എന്നത് ഇനി വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ല; അത് തൊഴിലവസരങ്ങൾ, അഭിമാനം, ലോക ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ളതു കൂടിയാണ്.

ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വൻതോതിലുള്ള വികാസത്തിനു കഴിഞ്ഞ ദശകത്തിൽ ഇന്ത്യ സാക്ഷ്യം വഹിച്ചു. ഹൈവേകൾ, റെയ്‌ൽ പാതകൾ, വ്യോമയാന ശൃംഖലകൾ എന്നിവ മുമ്പ് എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽപ്പോലും എത്തിച്ചേർന്നു. സ്വദേശ് ദർശൻ (പ്രമേയാധിഷ്ഠിത വിനോദ സഞ്ചാരം), പ്രസാദ് (തീർഥാടന പുനരുജ്ജീവന- ആത്മീയ ചൈതന്യ യജ്ഞം) പോലുള്ള പദ്ധതികൾ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുരാതന പാതകൾക്കു പുനരുജ്ജീവനമേകി. കഴിഞ്ഞ ദശകത്തിൽ നിർമിച്ച ഓരോ ഹൈവേയും വിമാനത്താവളവും തീർഥാടന ഇടനാഴിയും അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല; പൈതൃകത്തിലേക്കുള്ള പാലം കൂടിയാണ്.

ആത്മീയത, ക്ഷേമം, സാഹസികത, വ്യാവസായിക വിനോദ സഞ്ചാരം എന്നിവയിൽ ഊന്നൽ നൽകുന്ന മോദിയുടെ കാഴ്ചപ്പാട് "ഇൻക്രെഡിബിൾ ഇന്ത്യ 2.0'നു പുതുജീവൻ നൽകി. ബുദ്ധ സർക്യൂട്ട്, രാമായണ സർക്യൂട്ട്, വാരാണസിയിലെ കാശി വിശ്വനാഥ ഇടനാഴി, ഗുജറാത്തിലെ ഏകതാ പ്രതിമ തുടങ്ങിയ പ്രത്യേക സർക്യൂട്ടുകൾ ദശലക്ഷക്കണക്കിനു ജനങ്ങളെ ആകർഷിക്കുന്ന നാഴികക്കല്ലുകളായി. ഒരു കാലത്തു ദുരന്തത്താൽ തകർന്ന കേദാർനാഥ് 2024ൽ 16 ലക്ഷത്തിലധികം തീർഥാടകരെ സ്വാഗതം ചെയ്തു. ഒരു ദശാബ്ദം മുമ്പ് ആ എണ്ണം വെറും 40,000 ആയിരുന്നു. മഹാകാൽ നഗരമായി പുനരുജ്ജീവിപ്പിക്കപ്പെട്ട ഉജ്ജെയ്ൻ 2024ൽ 7.32 കോടി സന്ദർശകരെ ആകർഷിച്ചു. കാശി 11 കോടി തീർഥാടകരെ സ്വീകരിച്ചപ്പോൾ, 2023ൽ ബോധ് ഗയയും സാരനാഥും 30 ലക്ഷത്തിലധികം പേരെയാണ് ആകർഷിച്ചത്. അയോധ്യയിലെ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം വെറും 6 മാസത്തിനുള്ളിൽ, 11 കോടിയിലധികം ഭക്തർ അവിടം സന്ദർശിച്ചു. ലോകത്തെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ 2025ലെ മഹാ കുംഭമേളയിൽ 65 കോടിയിലധികം തീർഥാടകർ പങ്കെടുത്തു. കേദാർനാഥിന്‍റെ പുനരുജ്ജീവനവും കാശിയുടെ പരിവർത്തനവും അയോധ്യയുടെ പുനർജന്മവും വിശ്വാസവും അടിസ്ഥാനസൗകര്യങ്ങളും ചേർന്ന്, വിനോദ സഞ്ചാരത്തെ എങ്ങനെ പുനർനിർവചിക്കാമെന്നു തെളിയിക്കുകയാണ്.

ഡിജിറ്റൽ ഇന്ത്യയിലും സ്മാർട്ട് സിറ്റികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളും പ്രവേശനക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തി. ആധുനിക വിമാനത്താവളങ്ങൾ, നവീകരിച്ച ഹൈവേകൾ, മെച്ചപ്പെടുത്തിയ റെയ്‌ൽ ഗതാഗതം, തടസമില്ലാത്ത ഡിജിറ്റൽ ബുക്കിങ് സംവിധാനങ്ങൾ എന്നിവ യാത്രയെ കൂടുതൽ സൗകര്യപ്രദമാക്കി. മൊബൈൽ ആപ്ലിക്കേഷനുകൾ, ബഹുഭാഷാ ഹെൽപ്പ് ലൈനുകൾ, ഏതു കോണിലേക്കുമുള്ള സഞ്ചാര സൗകര്യം എന്നിവ ചെറിയ മാറ്റങ്ങളായി തോന്നാമെങ്കിലും, ഇവയെല്ലാം ചേർന്ന് ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച യാത്രാസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി.

അതോടൊപ്പം, വിസ നിയമങ്ങളിൽ വരുത്തിയ ഇളവുകളും ഇ- വിസ നയത്തിന്‍റെ വിപുലീകരണവും വിദേശ വിനോദ സഞ്ചാരികളുടെ വരവു ഗണ്യമായി വർധിപ്പിച്ചു. പരിസ്ഥിതി വിനോദ സഞ്ചാരം, സൗഖ്യ വിനോദ സഞ്ചാരം, സാഹസിക കായിക വിനോദങ്ങൾ എന്നിവയ്ക്കും ഗവണ്മെന്‍റ് പ്രോത്സാഹനമേകുന്നു. ഇത് അടിസ്ഥാന സൗകര്യങ്ങൾക്കും പൈതൃകത്തിനുമൊപ്പം, ആധുനികതയ്ക്കും പാരമ്പര്യത്തിനുമൊപ്പം ഇന്ത്യൻ വിനോദസഞ്ചാരത്തിന്‍റെ ഭാവി സന്തുലിതാവസ്ഥയിലാണെന്ന് ഉറപ്പാക്കുന്നു.

ജി20 ഉച്ചകോടി പോലുള്ള ആഗോള പരിപാടികൾക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് ആതിഥ്യ മര്യാദ മാത്രമല്ല, സാംസ്കാരികപരമായ ആഴവും പ്രദർശിപ്പിച്ചു. അത്തരം അവസരങ്ങൾ ഇന്ത്യയെ ആധുനിക സമ്പദ്‌വ്യവസ്ഥയായും കാലാതീതമായ നാഗരികതയായും ഉയർത്തിക്കാട്ടി. ഇത് അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിച്ചു, വിദേശത്തു നിന്നുള്ള കൂടുതൽ സഞ്ചാരികൾക്കു പ്രോത്സാഹനമേകി.

നയപരമായ കാര്യങ്ങൾക്കപ്പുറം, മോദി ഇന്ത്യൻ സംസ്കാരത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും എങ്ങനെയാണു പിന്തുണയ്ക്കുന്നത് എന്നതിൽ വ്യക്തിപരമായ മാനവുമുണ്ട്. ലോകമെമ്പാടും യോഗയെ ജനപ്രിയമാക്കുന്നതു മുതൽ കേദാർനാഥിൽ നഗ്നപാദനായി നടക്കുന്നതു വരെയും ആൻഡമാൻ- നിക്കോബാർ ദ്വീപുകളിലെ കടലിൽ ഊളിയിടുന്നതു വരെയും, പ്രസംഗങ്ങളിലൂടെ മാത്രമല്ല ജീവിതാനുഭവങ്ങളിലൂടെയും അദ്ദേഹം ഇന്ത്യയെ ലോകത്തിനു വീണ്ടും പരിചയപ്പെടുത്തി. അങ്ങനെ ചെയ്യുന്നതിലൂടെ, അദ്ദേഹം സ്വയം സാംസ്കാരിക അംബാസഡറായി. "ബ്രാൻഡ് ഇന്ത്യ' ചർച്ചാ മുറികളിലോ നയ രേഖകളിലോ മാത്രമല്ല, വാരാണസിയിലെ പടവുകളിലും ഹിമാലയ കൊടുമുടികളിലും കേരള തീരങ്ങളിലും കൂടിയാണു കെട്ടിപ്പടുക്കുന്നതെന്ന ആശയത്തിന് ഇതു കരുത്തേകുന്നു.

മോദി വിനോദ സഞ്ചാരത്തെ പിന്തുണയ്ക്കുക മാത്രമല്ല, അതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പതിവായി പ്രദർശിപ്പിക്കുന്നതും, പ്രസംഗങ്ങളിൽ പ്രാദേശിക ഉത്സവങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചു നടത്തുന്ന പരാമർശങ്ങളും ഇതിനു തെളിവാണ്. "ആദ്യം ഇന്ത്യയെ അറിയൂ' എന്ന് ഇന്ത്യക്കാരോടു നടത്തിയ അദ്ദേഹത്തിന്‍റെ ആഹ്വാനം ആഭ്യന്തര വിനോദ സഞ്ചാരത്തിൽ അഭിമാനം വളർത്തി. നാഗാലാൻഡിലെ ഷാളോ ഹിമാചലിലെ തൊപ്പിയോ തമിഴ്‌നാട്ടിലെ വേഷ്ടിയോ ഏതുമാകട്ടെ, ഔദ്യോഗിക സന്ദർശനങ്ങളിലെ വസ്ത്രധാരണം പോലും പ്രാദേശിക സ്വത്വങ്ങൾക്കും പാരമ്പര്യങ്ങൾക്കുമുള്ള ആദരമാണ്; നാനാത്വത്തിൽ ഏകത്വത്തിന്‍റെ പ്രതീകമാണ്.

ദേശീയ നേതാവെന്ന നിലയിലും ആഗോള രാഷ്‌ട്രതന്ത്രജ്ഞനെന്ന നിലയിലും മോദി ഇന്ത്യയുടെ സോഫ്റ്റ് പവർ, സംസ്കാരം, ആത്മീയത എന്നിവയുടെ മൂല്യം തിരിച്ചറിയുന്നു. ഐക്യരാഷ്‌ട്ര സഭ, ലോക സാമ്പത്തിക ഫോറം, ജി20 ഉച്ചകോടി എന്നിവയിലെ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ ഇന്ത്യയുടെ പൈതൃകത്തെ അഭിമാനത്തോടെ എടുത്തുകാട്ടുന്നതാണ്. യോഗയ്ക്കും ആയുർവേദത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ആഗോള പ്രചാരണം ഇന്ത്യയെ സമഗ്രമായ ക്ഷേമത്തിനുള്ള കേന്ദ്രമായി ഉയർത്തിക്കാട്ടി. ഇന്ന്, രാജ്യത്തുടനീളമുള്ള ഇത്തരം കേന്ദ്രങ്ങളിലേക്ക് 120ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്വേഷകരെത്തുന്നു. പുരാതന രീതികൾ ലോകമെമ്പാടുമുള്ള ആധുനിക ജീവിതശൈലിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്‍റെ തെളിവാണിത്.

അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തൊഴിൽ, വളർച്ച, സാംസ്കാരിക വിനിമയം എന്നിവയുടെ കരുത്തുറ്റ ചാലകമായി വിനോദസഞ്ചാരം ഉയർന്നുവന്നു. 2024ൽ ഇന്ത്യ 294.76 കോടി ആഭ്യന്തര വിനോദസഞ്ചാര സന്ദർശനങ്ങൾ രേഖപ്പെടുത്തി- മുൻ വർഷത്തെ അപേക്ഷിച്ച് 17.36% വർധന. ഈ മേഖല വികസിക്കുന്നതിനാൽ, ഇന്ത്യ അതിന്‍റെ ഭൂതകാലത്തെ ആഘോഷമാക്കുക മാത്രമല്ല, ഓരോ പ്രദേശത്തിനും ആഗോള ഭൂപടത്തിൽ ഇടം ലഭിക്കുന്ന ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുകയാണ്. ഓരോ സംസ്ഥാനത്തിനും നഗരത്തിനും ഗ്രാമത്തിനും ഇപ്പോൾ സ്വന്തം കഥ പറയാൻ അവസരമുണ്ട്. മോദിയുടെ നേതൃത്വത്തിനു കീഴിൽ, ആ കഥകൾ ലോകത്തിനു മുന്നിലേക്ക് എത്തുകയാണ്.

"ബ്രാൻഡ് ഇന്ത്യ'യുടെ കരുത്തിൽ വിശ്വസിക്കുന്ന ഈ നേതാവിനു കീഴിൽ, ഇന്ത്യയുടെ വിനോദ സഞ്ചാരത്തിന്‍റെ ഭാവി ശക്തവും ചലനാത്മകവും സുസ്ഥിരവുമാണ്.

ബംഗ്ലാദേശിനെതിരേ പൊരുതി കയറി പാക്കിസ്ഥാൻ; 136 റൺസ് വിജയലക്ഷ‍്യം

ടി.ജെ. ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

"റഷ‍്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയാം": സെലൻസ്കി

യുവതിയെ നടുറോഡിൽ കടന്നുപിടിച്ചെന്ന കേസ്; അഭിഭാഷകന് തടവും പിഴയും

ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിനെതിരേ സിബിഐ അന്വേഷണം