വഖഫ് ഭൂമി പ്രശ്നത്തിലെ ഇരട്ടത്താപ്പ്
മുഖ്യമന്ത്രി മറച്ചു വയ്ക്കുന്ന കാര്യങ്ങൾ:
മുനമ്പത്തെ 400ലേറെ ഏക്കർ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചത് യുഡിഎഫ് ഭരണകാലത്ത്, 2019ൽ പാണക്കാട് റഷീദലി തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡാണ്. അന്ന് 15 ദിവസത്തിനകം ഈ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാൻ ഭൂമിയുടെ ഉടമകളായിരുന്ന ഫറൂഖ് കോളെജ് മാനെജ്മെന്‍റിനെ ചുമതലപ്പെടുത്തിയതും അതേ ബോർഡാണ്
രാഷ്‌ട്രീയത്തിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും അനിവാര്യമാണെന്നതിൽ തർക്കമില്ല. ചാണക്യൻ എന്ന കൗടില്യന്‍റെ കാഴ്ചപ്പാടുകളും, തന്ത്രങ്ങളിലൂടെ പഞ്ച പാണ്ഡവരെ പരാജയപ്പെടുത്തി രാജ്യം കൈക്കലാക്കിയ കൗരവരുടെ കഥകളും ഭാരതീയർക്കു പരിചിതമാണല്ലോ. പിതാവായ ഷാജഹാൻ ചക്രവർത്തിയെ തടങ്കലിലാക്കി രാജ്യഭരണം കൈക്കലാക്കിയ ഔറംഗസീബിന്‍റെ ചരിത്രവും ഇതിന് ഉദാഹരണമാണ്. സമാനമായ രാഷ്‌ട്രീയ അട്ടിമറികൾക്കും തന്ത്രങ്ങൾക്കുമാണ് അടുത്ത കാലത്ത് കേരളവും സാക്ഷ്യം വഹിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ പരാജയം അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങളെയാണ് തകർത്തുകളഞ്ഞത്. അന്തരിച്ച ജി. കാർത്തികേയന്‍റെ കൈ പിടിച്ച് രാഷ്‌ട്രീയത്തിലെത്തുകയും, പിന്നീട് രമേശ് ചെന്നിത്തലയിലൂടെ വളരുകയും ചെയ്ത വി.ഡി. സതീശൻ ഒരിക്കൽ കൂടി പ്രതിപക്ഷ നോതാവാകാനുള്ള രമേശ് ചെന്നിത്തലയുടെ ആഗ്രഹം പുറം കാലുകൊണ്ട് തട്ടിതെറിപ്പിച്ചു.
2021ൽ മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് ഫണ്ടുകളും സ്ഥാനാർഥികൾക്കുള്ള സാമ്പത്തിക സഹായവും ചെന്നിത്തല വിതരണം ചെയ്തത് തന്‍റെ അന്നത്തെ വിശ്വസ്തനായ വി.ഡി. സതീശൻ വഴിയായിരുന്നു. എന്നാൽ, ആ വിശ്വാസത്തെ മറികടന്നാണ് സതീശൻ പ്രതിപക്ഷ നേതാവ് എന്ന പദവിയിലെത്തിയത്. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കായിരുന്നിട്ടും, രാഹുൽ ഗാന്ധിയെ ഉപദേശിച്ച് നയിക്കുന്ന കെ.സി. വേണുഗോപാലിന്‍റെ സഹായത്തോടെയാണ് സതീശൻ അന്ന് ഈ സ്ഥാനം നേടിയെടുത്തത്.
പ്രതിപക്ഷ നേതാവായ ശേഷം സതീശൻ അടിവച്ചടിവച്ച് മുന്നേറി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ പാർലമെന്‍റ്, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ വിജയ ക്രെഡിറ്റ് മുഴുവൻ സതീശന് ലഭിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഭാഗ്യം സതീശനെ തുണച്ചു. യുഡിഎഫിന് 102 അംഗങ്ങളെ ലഭിച്ചതോടെ അദ്ദേഹം കൂടുതൽ ശക്തനായി. യുഡിഎഫിലെ ഏറ്റവും കരുത്തരായ മുസ്‌ലിം ലീഗിനെ പൂർണമായും കൂടെ നിർത്താൻ സതീശന് കഴിഞ്ഞു. കോൺഗ്രസിന്‍റെ ജയിച്ച 63 എംഎൽഎമാരിൽ 47 പേർ കെ.സി. വേണുഗോപാൽ പക്ഷത്തായിരുന്നിട്ടും അദ്ദേഹത്തിന്‍റെ തന്ത്രങ്ങൾ പാളിപ്പോയി. കേരള മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം നടപ്പാക്കണമെങ്കിൽ കുറേക്കൂടി ആസൂത്രിത പ്രവർത്തനം വേണുഗോപാൽ കാഴ്ചവയ്ക്കണമായിരുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത് കേരളത്തിൽ നിൽക്കാനോ, അല്ലെങ്കിൽ കെപിസിസി മുൻ പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കാൻ തയാറായപ്പോൾ അവരെോടൊപ്പം ചേർന്ന് നിയമസഭയിലേക്ക് മത്സരിക്കാനോ വേണുഗോപാൽ തയാറായില്ല. ഇത്രയും വലിയൊരു വിജയം കേരളത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു കാണില്ല.
കേരളത്തിലെ തെരുവോരങ്ങളിൽ സതീശന് അനുകൂലമായി ഫ്ലക്സുകളും സോഷ്യൽ മീഡിയയിൽ വലിയ പ്രചരണവും ലഭിച്ചു. എല്ലാ കാര്യങ്ങളിലും സതീശന് സൂക്ഷ്മതയും ലക്ഷ്യബോധവുമുണ്ടായിരുന്നു. ഇതിന് മുമ്പ് നാലു തവണ സഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ "വി.ഡി. സതീശൻ' എന്ന് മാത്രം പറഞ്ഞ് ഭരണഘടനയോട് കൂറു പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ അദ്ദേഹം, ഇത്തവണ തന്‍റെ വീട്ടു പേരും പിതാവിന്‍റെ പേരും മേനോൻ എന്ന വാൽപ്പേരും ചേർത്താണ് സത്യപ്രതിജ്ഞ ചെയ്തത്. അത് ജാതി വച്ചുള്ള ചീട്ടുകളി നടത്തുന്ന വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമുള്ള കൃത്യമായ രാഷ്‌ട്രീയ മറുപടിയായിരുന്നു.
ഇത്തരത്തിൽ തന്ത്രശാലിയായ സതീശനാണ് ഇപ്പോൾ മുനമ്പം വഖഫ് ഭൂമി വിഷയത്തിലും തന്‍റെ അടുത്ത കരുക്കൾ നീക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി "ഉമീദ് ' പോർട്ടലിൽ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണെന്നും, ആ സർക്കാർ കാലാവധി അവസാനിപ്പിച്ചു പോകുന്ന വഴിക്ക് പുതിയ സർക്കാരിന് എട്ടിന്‍റെ പണി കൊടത്തതാണെന്നും മുനമ്പത്തെ ജനങ്ങളെ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സതീശൻ പത്രസമ്മേളനത്തിൽ ഉറപ്പുനൽകുകയുണ്ടായി. അവിടെയാണ് സതീശന്‍റെ ബുദ്ധി. മുനമ്പത്തെ ജനങ്ങളുടെ യഥാർഥ പ്രശ്നം കുടിയൊഴിപ്പിക്കലല്ല, മറിച്ച് തങ്ങളുടെ ഭൂമിക്ക് നിയമപരമായി കരമടയ്ക്കാനും അത് സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാനുമുള്ള അവകാശം സ്ഥാപിച്ചുകിട്ടുക എന്നതാണ്.
എന്നാൽ ചില നിർണായക വസ്തുതകൾ അദ്ദേഹം ബോധപൂർവം ഒളിച്ചുവയ്ക്കുകയാണ്. മുനമ്പത്തെ 400ലേറെ ഏക്കർ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചത് യുഡിഎഫ് ഭരണകാലത്ത്, 2019ൽ പാണക്കാട് റഷീദലി തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡാണ്. അന്ന് 15 ദിവസത്തിനകം ഈ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാൻ ഭൂമിയുടെ ഉടമകളായിരുന്ന ഫറൂഖ് കോളെജ് മാനെജ്മെന്‍റിനെ ചുമതലപ്പെടുത്തിയതും അതേ ബോർഡാണ്. കൂടാതെ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭൂമി ഭേദഗതി നിയമം അനുസരിച്ചാണ് മെയ് 17ന് എല്ലാ വഖഫ് ഭൂമികളും "ഉമീദ് ' പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടി വന്നത്.
തർക്കങ്ങൾ നിലനിൽക്കുന്ന ഭൂമിയാണെങ്കിലും അതും പോർട്ടലിൽ രേഖപ്പെടുത്തണം എന്നതേയുള്ളൂ. അതുകൊണ്ട് മാത്രം അവിടെ താമസിക്കുന്നവരുടെ അവകാശം നഷ്ടപ്പെടില്ല. ഉമീദ് പോർട്ടലിൽ ഭൂമിയുടെ വിവരങ്ങൾ ചേർക്കുന്നത് ഭൂമിയുടെ വഖഫിലേക്കുള്ള രജിസ്ട്രേഷൻ ആകുന്നില്ല.യുഡിഎഫ് അധികാരത്തിൽ വന്നാൽ മുനമ്പം ഭൂമി പ്രശ്നം കേവലം പത്ത് മിനിറ്റു കൊണ്ട് തീർക്കുമെന്നാണ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഭരണം കൈയിൽ കിട്ടിയിട്ടും ആ തീരുമാനം പ്രായോഗികമാക്കാതെ, ഇപ്പോഴും കഴിഞ്ഞ സർക്കാരിന്‍റെ പേരിൽ പരാതിയും വിമർശനവുമൊക്കെയായി മുന്നോട്ടുപോയാൽ ജനങ്ങൾ അതൊന്നും വിശ്വസിക്കില്ല എന്നു തന്നെയാണ് ജ്യോത്സ്യന് പറയാനുള്ളത്.