ഇത് അൽപത്തരമല്ലേ? അൽപം മാന്യത വേണ്ടേ?!

 
Special Story

ഇത് അൽപ്പത്തരമല്ലേ? അൽപ്പം മാന്യത വേണ്ടേ?!

കേന്ദ്ര സർക്കാരിന്‍റെ കൃത്യമായ ഇടപടൽ കൊണ്ട് സംസ്ഥാനത്തിന്‍റെ പിടിപ്പുകേടിനെ മറികടന്ന് പദ്ധതികൾ പൂർത്തിയായി.

രാജീവ് ചന്ദ്രശേഖർ

(ബിജെപി സംസ്ഥാന അധ്യക്ഷൻ)

നരേന്ദ്ര മോദി സർക്കാരിന്‍റെ "സ്മാർട്ട് സിറ്റി പദ്ധതി''യുടെ ഭാഗമായി നവീകരിച്ച് പുനരുദ്ധരിച്ച തിരുവനന്തപുരത്തെ 12 സ്മാർട്ട് റോഡുകൾ സ്വന്തം എന്ന് അവകാശപ്പെടുകയാണ് പിണറായി വിജയൻ സർക്കാരും കമ്യൂണിസ്റ്റ് രാജവംശത്തിന്‍റെ മരുമകനായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും. രാജ്യത്തെ 100 സ്മാർട്ട് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ കേന്ദ്ര നഗരവികസന മന്ത്രാലയം തെരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടു കൊണ്ട് സ്മാർട്ട് നഗരത്തിന്‍റെ ഒന്നാംഘട്ട പദ്ധതി പോലും കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും തിരുവനന്തപുരം നഗരസഭയ്ക്കും കഴിഞ്ഞില്ല.

എന്നാൽ കേന്ദ്ര സർക്കാരിന്‍റെ കൃത്യമായ ഇടപടൽ കൊണ്ട് സംസ്ഥാനത്തിന്‍റെ പിടിപ്പുകേടിനെ മറികടന്ന് പദ്ധതികൾ പൂർത്തിയായി. ഇപ്പോൾ അതിന്‍റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ മുഖ്യമന്ത്രിയും മരുമകനും എത്തിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇവിടെ പുതിയ ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. ആകെ ചെയ്യുന്നത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് പേരുമാറ്റി സ്വന്തം സ്റ്റിക്കർ ഒട്ടിച്ച് അടിച്ചു മാറ്റുക മാത്രമാണ്. സ്വന്തം കഴിവുകേട് മറച്ചുപിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

മുഖ്യമന്ത്രിയും മരുമകനും സംസ്ഥാന സർക്കാരിന്‍റെ ഒമ്പതാം വർഷം ആഘോഷിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഈ ആഘോഷം? നാടിനെ വികസനത്തിലേക്ക് നയിക്കാൻ വലിയ അവസരങ്ങൾ ഉണ്ടായിട്ട്, അത് ഇല്ലാതാക്കിയ ഒൻപതു വർഷത്തിന്‍റെ ആഘോഷമാണോ? രാജ്യം മുഴുവൻ പുരോഗതിയിലേക്ക് നീങ്ങിയപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് അത് നിഷേധിച്ചതിന്‍റെ ഒൻപത് വർഷമാണ് ഇപ്പോൾ ആഘോഷിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന ഒരു സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റത്തിന്‍റെ കണക്കുകൾ പരിശോധിച്ചാൽ കേരളം ഒന്നാമതാണ്- 5.94 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തിന്‍റെ നിരക്ക്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് രണ്ടാമത്. രാജ്യത്തിന്‍റെ മൊത്തം വിലക്കയറ്റ നിരക്ക് പരിശോധിച്ചാൽ 3.16 മാത്രമാക്കി പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സമാനമായ സ്ഥിതിയാണ് തൊഴിലില്ലായ്മയിലും. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.

അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 29 ശതമാനമാണ്. കടം വാങ്ങാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ല സംസ്ഥാന സർക്കാരിന്. ആശാ വർക്കർമാർക്ക് 100 രൂപ കൂടി കൊടുക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 30 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർഥികൾ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നു. അങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ഒൻപതു വർഷമാണ് ഇപ്പോൾ മുഖ്യമന്ത്രിയും മരുമകനും ചേർന്ന് ആഘോഷിക്കുന്നത്.

കേരളത്തിൽ എന്തെങ്കിലും വികസനമോ പുതിയ പദ്ധതികളോ വന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും കൊണ്ടുവന്നതാണ്. ഇത് ബിജെപി മാത്രം പറയുന്നതല്ല- പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞതാണ്.

സംസ്ഥാന സർക്കാർ ക്രെഡിറ്റ് എടുക്കുന്ന റേഷൻ വിതരണം, ഹൈവേ നിർമാണം, വിഴിഞ്ഞം പദ്ധതി... ഇവയെല്ലാം കേന്ദ്ര സർക്കാരിന്‍റെ നിശ്ചയദാർഢ്യത്തിൽ കേരളത്തിൽ യാഥാർഥ്യമായ പദ്ധതികളാണ്. വികസനം കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. അത് നടപ്പിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ്. വികസിത കേരളം യാഥാർഥ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു