തീരമേതെന്നറിയാത്ത തീർഥയാത്രയാകരുത്...

 
Special Story

തീരമേതെന്നറിയാത്ത തീർഥയാത്രയാകരുത്...

ഏതാനും മാസങ്ങൾ കഴിയുമ്പോൾ അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കും എന്ന മറ്റൊരു മഹാ മാമാങ്കം നടക്കാൻ പോവുകയാണ്.

MV Desk

ജ്യോത്സ്യൻ

ഗ്രാമ സ്വരാജ് ലക്ഷ്യമാക്കി മഹാത്മാ ഗാന്ധി വിഭവാനം ചെയ്ത പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി കേരളത്തിൽ നടന്നു കഴിഞ്ഞു. ഇനി അഞ്ചുവർഷം കഴിഞ്ഞാണ് അതിന്‍റെ അടുത്ത മാമാങ്കം. എന്നാൽ, ഏതാനും മാസങ്ങൾ കഴിയുമ്പോൾ അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കും എന്ന മറ്റൊരു മഹാ മാമാങ്കം നടക്കാൻ പോവുകയാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ജനഹിത പരിശോധനയിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് ആറിൽ നാലു കോർപ്പറേഷനുകളും 14 ജില്ലാ പഞ്ചായത്തുകളിൽ പകുതിയും, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 79ഉം 941 ഗ്രാമപഞ്ചായത്തുകളിൽ 504ഉം നേടി തങ്ങളുടെ കരുത്ത് കാണിച്ചിരിക്കുകയാണ്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പുമായിരുന്നു ഇത്. കേരളത്തിലൂടെ വീണ്ടും ഇന്ത്യയിൽ ഭരണാധിപത്യം നേടാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം സ്വപ്നം കാണുന്നു. ഈ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ കോൺഗ്രസിന്‍റെ സമൂല നാശമായിരുന്നു. അതിൽ നിന്ന് കോൺഗ്രസ് രക്ഷപ്പെട്ടിരിക്കുന്നു.

പത്തു വർഷം തുടർച്ചയായി കേരളം ഭരിച്ച ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നാക്കം പോയി രണ്ടാം സ്ഥാനത്താണ്. ശബരിമല സ്വർണപ്പാളി വിവാദം അടക്കമുള്ളവയും, പത്തുവർഷത്തെ ഭരണത്തുടർച്ചയുടെ നെഗറ്റീവ് വശങ്ങളും പിണറായി സർക്കാരിനെ ജനവിരുദ്ധരായി മാറ്റിയെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്.

അതേ സന്ദർഭത്തിൽ തന്നെ ബിജെപി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധിപത്യ മുന്നണി കേരള രാഷ്‌ട്രീയത്തിലേക്ക് പതിയെ, ഉറച്ച കാൽവയ്പുകളോടെ കയറിയിരിക്കുകയാണ് എന്നതും ഈ തെരഞ്ഞെടുപ്പു കാണിച്ചുതരുന്നു. തിരുവനന്തപുരം പിടിച്ചെടുത്തു. മറ്റു കോർപ്പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും ബിജെപി താമരക്കൊടി ഉയർത്തിയിരിക്കുന്നു. പലേടത്തും ശക്തമായ സാന്നിധ്യം. ഭരണം കിട്ടാത്ത ഗ്രാമങ്ങളിൽ പലതിലും അവർ മുഖ്യ പ്രതിപക്ഷം. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ എടുത്തതു പോലെ തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയുടെ കേരളത്തിലെ ഈ രാഷ്‌ട്രീയ വിജയവും.

കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി ദേശീയ തലത്തിൽ സിപിഎമ്മുമായി കൈകോർത്ത്, ബിജെപിയെ എതിർക്കുന്നുണ്ടെങ്കിലും കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം ഏറ്റുമുട്ടുകയാണ്. കേരളത്തിലെ ഇടതു പരാജയം ഡൽഹിയിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളെ അപ്രസക്തമാക്കും എന്നത് രാഷ്‌ട്രീയത്തിലെ വിചിത്ര യാഥാർഥ്യമാണ്. ഇന്നലെയും കോൺഗ്രസ് എംപിമാർ പാർലമെന്‍റിനു മുന്നിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ ശബരിമലക്കൊള്ള ആരോപിച്ച് സമരം നടത്തിയിരിക്കുന്നു..!

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിനെ അമിതാഘോഷത്തിലേക്ക് തള്ളിവിട്ടാൽ ഏതാനും മാസങ്ങൾ കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കാം. സിപിഎം നയിക്കുന്ന ഇടതുമുന്നണി കേഡർ പാർട്ടികളുടെ കൂട്ടായ്മ എന്ന നിലയിൽ ഇപ്പോഴും ശക്തമാണ്. താഴേത്തട്ടു വരെയുള്ള ആളുകളുടെ ഇടയിൽ ഇടതുപാർട്ടികൾക്ക് വേരുണ്ട്. ഒത്ത രാഷ്‌ട്രീയ മഴ കിട്ടിയാൽ അവർ വീണ്ടും തഴച്ചു വളരും എന്ന കാര്യം വിസ്മരിക്കരുത്. മാത്രമല്ല, പിണറായി വിജയൻ എന്ന ശക്തനായ ഭരണാധികാരിയും തന്ത്രജ്ഞനായ നേതാവുമാണ് ഇടതു മുന്നണിയുടെ പടനായകൻ.

തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാണെന്ന വിചാരത്തോടെ ഭരണ നൗകയെ നയിക്കാൻ കോൺഗ്രസിൽ നിരവധി കപ്പിത്താന്മാർ തയാറായിരിക്കുന്നുണ്ട്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിൽ ഈ നൗകയെ നയിച്ചാൽ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിനെ ജ്യോത്സ്യന് ഓർമിപ്പിക്കാനുള്ളത്.

നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം; നഗര നയം തയ്യാറാക്കിയ ആദ്യസംസ്ഥാനമായി കേരളം

അയ്യപ്പ സംഗമത്തിന് ചെലവായത് 3 കോടി, കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് പി.എസ്. പ്രശാന്ത്

പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

വീടിനരികിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞയാളെ കൊന്നു; പൊലീസുകാരൻ അടക്കം 6 പേർ പിടിയിൽ

ശബരിമല സ്വർണക്കൊള്ള: ഗോവർധന്‍റെ വീട്ടിൽ വീണ്ടും എസ്ഐടി പരിശോധന, ബാങ്ക് ഇടപാടിന്‍റെ രേഖകൾ കണ്ടെടുത്തു