2018-ലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം.
കേരളം ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒരുമിച്ചു നിന്നു എന്നു കരുതപ്പെടുന്ന 2018-ലെ പ്രളയകാലത്ത് മിക്കവരും കണ്ടില്ലെന്നു നടിച്ച ഒരു പരാതിയുണ്ട്. 23 ദളിത് കുടുംബങ്ങളിൽ നിന്നുള്ള 56 പേർ ഒപ്പുവച്ച് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴ ജില്ലാ കലക്റ്ററായിരുന്ന എസ്. സുഹാസിനും നൽകിയ ഒരു പരാതി. ആഞ്ഞിലിമൂട് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ 28 സുറിയാനി ക്രിസ്ത്യൻ സമുദായാംഗങ്ങൾ തങ്ങളോട് ജാതിവിവേചനം കാണിച്ചു എന്നായിരുന്നു അവരുടെ പരാതി.
''ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്നാണ് അവർ പറഞ്ഞത്. രണ്ടു തവണ അവർ ഭക്ഷണം നിരസിച്ചു. പിന്നെ മറ്റൊരു ക്യാംപിലേക്കു പോയി. അവർ ഞങ്ങളെ അവഹേളിച്ചു, ജാതിപ്പേര് വിളിച്ചു''- അന്നത്തെ ക്യാംപിലുണ്ടായിരുന്ന ഒരു അന്തേവാസി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതാണിത്. പള്ളിപ്പാട് പഞ്ചായത്തിൽ ഒരേ മേഖലയിൽ കഴിയുന്ന സമുദായങ്ങളാണ് രണ്ടും. കേരളത്തിലെ ഏറ്റവും വലിയ ദളിത് സംഘടനയായ പുലയർ മഹാസഭയും ഈ വിവേചനത്തെക്കുറിച്ച് പരാതി നൽകി. കലക്റ്ററുടെ നിർദേശമനുസരിച്ച് പൊലീസ് ഇതെക്കുറിച്ച് അന്വേഷിച്ചെങ്കിലും, രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം വഷളായതിനെത്തുടർന്ന് ഒരു വിഭാഗം ക്യാംപ് വിട്ടുപോയെന്നായിരുന്നു നിഗമനം.
അതേ പ്രളയകാലത്ത് കൊല്ലത്ത് ലത്തീൻ കത്തോലിക്കാ സമുദായാംഗമായ മത്സത്തൊഴിലാളിയുടെ വള്ളത്തിൽ കയറി രക്ഷപെടാൻ 17 നമ്പൂതിരി കുടുംബാംഗങ്ങൾ വിസമ്മതിച്ചതായും വാർത്തകൾ വന്നിരുന്നു.
പുകഴ്പെറ്റ കേരള നവോത്ഥാനത്തിന്‍റെ പതിറ്റാണ്ടുകൾ കൊണ്ടും മാറാത്ത ജാതി വിവേചനം ഈ എട്ടു വർഷം കൊണ്ട് മാറാൻ തരമില്ലല്ലോ. ഈ പ്രളയകാലത്തും പുറത്തുവരുന്നുണ്ട് ജീവനെക്കാൾ വിലപിടിപ്പുള്ള ജാതിബോധവും പേറി ജീവിക്കുന്നവരുടെ കഥകൾ. ഇത്തവണ പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പത്തനംതിട്ട ജില്ലയിൽ നിന്ന് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
പാണ്ടനാട് മേഖലയിലെ ചില കുടുംബങ്ങൾ തങ്ങൾ കൊടുക്കുന്ന ഭക്ഷണം സ്വീകരിക്കുകയോ ദുരിതാശ്വാസ ക്യാംപുകളിലേക്കു വരാൻ തയാറാകുകയോ ചെയ്യുന്നില്ലെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കം അഭ്യർഥിച്ചിട്ടും ഉയർന്ന ജാതിയിൽപ്പെട്ടവർ എന്നു സ്വയം വിശ്വസിക്കുന്ന പലരും വീടുകളുടെ മുകളിൽ നിലയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാംപുകളിലെ തിരക്കോ അസൗകര്യങ്ങളോ അല്ല, ജാതിബോധം തന്നെയാണ് ഇവരെ സ്വന്തം ജീവൻ പോലും അപകടത്തിലാക്കാൻ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് പ്രദേശം സന്ദർശിച്ച മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണം കൊടുത്തപ്പോൾ അതുണ്ടാക്കിയത് ആരാണെന്നു ചോദിച്ച കുടുംബങ്ങൾ വരെയുണ്ടെന്ന് 2018-ലെ അനുഭവം പങ്കുവച്ച് ഒരു രക്ഷാപ്രവർത്തകൻ പറയുന്നു. ഇവർക്കു വേണ്ടി പിന്നീട് അവരവരുടെ സമുദായങ്ങൾ തന്നെ പാചകം ചെയ്യുന്ന കമ്യൂണിറ്റി കിച്ചനുകൾ പോലും തയാറാക്കിയിരുന്നുവത്രെ.
ആദ്യഘട്ടത്തിൽ മുകൾ നില വിട്ടിറങ്ങാൻ മടിച്ച ആറന്മുള, മാരാമൺ, ചെങ്ങന്നൂർ, കോഴഞ്ചേരി മേഖലകളിൽ നിന്നുള്ള പലരും രണ്ടാം നിലയിലേക്ക് വെള്ളം കയറിയതോടെ സഹായം അഭ്യർതിച്ചു വിളിച്ചു തുടങ്ങിയെന്നും രക്ഷാപ്രവർത്തകർ ഓർക്കുന്നു.