ഹിമാചൽ പ്രദേശുമായുള്ള മോദിയുടെ ആത്മബന്ധം

 
Special Story

ഹിമാചൽ പ്രദേശുമായുള്ള മോദിയുടെ ആത്മബന്ധം

ഹിമാചലുമായുള്ള മോദിയുടെ ബന്ധം സംഘടനാപരവും രാഷ്‌ട്രീയപരവും മാത്രമായിരുന്നില്ല, അവിടത്തെ പ്രകൃതിയുമായും ജനങ്ങളുമായുമുള്ള ആഴത്തിലുള്ള വ്യക്തിബന്ധത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു

പ്രേം കുമാർ ധൂമൽ

മുൻ മുഖ്യമന്ത്രി

സമർപ്പിതനായ ഒരു സാധാരണ പ്രവർത്തകനിൽ നിന്ന് പ്രധാനമന്ത്രി എന്ന പരമോന്നത നേതൃത്വത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ജീവിതയാത്ര ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ ഗാഢമായ ബന്ധത്തിന്‍റെ പ്രതിഫലനമാണ്. തികച്ചും വ്യക്തിപരവും രാഷ്‌ട്രീയവും ആത്മീയവുമായ ബന്ധമെന്ന നിലയിൽ വേറിട്ടുനിൽക്കുന്നതാണ് ധീരതയ്ക്കു പുകഴ്പെറ്റതും പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതവും ദേവഭൂമിയുമായ ഹിമാചൽ പ്രദേശുമായി അദ്ദേഹത്തിനുള്ളത്. രാജ്യ സാരഥ്യം ഏറ്റെടുക്കുന്നതിന് ഏറെ മുമ്പു തന്നെ മോദി ഹിമാചലിലെ പുണ്യ താഴ്‌വരകളിൽ തന്‍റെ പാദമുദ്ര പതിപ്പിച്ചിരുന്നു.

1994ൽ ഭാരതീയ ജനതാ പാർട്ടി ഹിമാചൽ പ്രദേശിന്‍റെ സംഘടനാ ചുമതലയിൽ നിയോഗിച്ചതോടെയാണ് സംസ്ഥാനവുമായുള്ള അദ്ദേഹത്തിന്‍റെ ഔപചാരിക ബന്ധം ആരംഭിച്ചത്. അതിനു മുമ്പ് ഹിമാചലിലേക്കു നടത്തിയ സന്ദർശനങ്ങൾ ആത്മീയ അന്വേഷണത്തിനും പ്രാദേശിക സംസ്‌കാരവുമായുള്ള അടുത്ത ഇടപഴകലിനുമുള്ള മാധ്യമമായിരുന്നു. ഷിംലയിലെ ജാഖു, സങ്കട് മോചൻ ക്ഷേത്രങ്ങൾ അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു. ആ മാർഗമധ്യേ കുരങ്ങുകൾക്കു നൽകാൻ വറുത്ത പയറും ശർക്കരയും കരുതുന്നതിലൂടെ സമസ്ത ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള അദ്ദേഹത്തിന്‍റെ അനുകമ്പയാണ് വെളിവാക്കപ്പെട്ടത്.

മോദിയുടെ നേതൃപാടവത്തെയും ഹിമാചലിലെ ജനങ്ങളുമായി അദ്ദേഹത്തിന്‍റെ ആഴത്തിലുള്ള ബന്ധത്തെയും എടുത്തുകാണിക്കുന്നതായിരുന്നു 98ലെ നിയമസഭാ തെരഞ്ഞെടുപ്പ്. സാമൂഹ്യ മാധ്യമങ്ങളോ ആധുനിക പ്രചാരണ ഉപാധികളോ ഇല്ലാതിരുന്ന കാലത്ത്, അദ്ദേഹം നൂതനമായ പ്രചാരണ രീതികൾ വികസിപ്പിച്ചെടുക്കുകയും പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്തു. നിരന്തര യാത്രകൾ നടത്തിയ അദ്ദേഹം അനുപമമായ സ്വാഗത കമാനങ്ങളിലൂടെ തദ്ദേശീയ സംസ്‌കാരത്തെ ആദരിച്ചു. ചമ്പയിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ "ഗഡ്ഡി ഷാൾ ഗേറ്റ് ' സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. തദ്ദേശീയ അഭിമാനത്തിന്‍റെ പ്രതീകമായി മാത്രമല്ല, ബിജെപിയുടെ സന്ദേശം ജന ഹൃദയങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള ഫലപ്രദമായ മാധ്യമമായും അത് മാറി.

ഹിമാചലുമായുള്ള മോദിയുടെ ബന്ധം സംഘടനാപരവും രാഷ്‌ട്രീയപരവും മാത്രമായിരുന്നില്ല, അവിടത്തെ പ്രകൃതിയുമായും ജനങ്ങളുമായുമുള്ള ആഴത്തിലുള്ള വ്യക്തിബന്ധത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു. ആരാധനാ മൂർത്തിയായ ബിജ്‌ലി മഹാദേവ ക്ഷേത്രം പലപ്പോഴും സന്ദർശിക്കുകയും മാർഗമധ്യേ ഗ്രാമീണരുമായി സ്വതന്ത്രമായി സംവദിക്കുകയും അവരുടെ അനുഭവങ്ങളിലും ജീവിത സാഹചര്യങ്ങളിലും അതീവ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ പ്രാർഥന നടത്തുക മാത്രമല്ല, ചുറ്റുമുള്ള പ്രകൃതി സൗന്ദര്യവും ആസ്വദിക്കാറുണ്ടായിരുന്നു.

ഭാരതീയ ജനതാ പാർട്ടിയുടെ ഹിമാചലിലെ സംഘടനയെ ശക്തിപ്പെടുത്തുന്നതിലും ഊർജസ്വലമാക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. പ്രവർത്തകരിൽ അച്ചടക്കം, സംഘാടകത്വം, കാര്യ ഗൗരവം എന്നിവ വളർത്തിയെടുത്തതിന്‍റെ ബഹുമതി അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. സംസ്ഥാന ചുമതലയുള്ള വ്യക്തി എന്ന നിലയിൽ അദ്ദേഹം വരുത്തിയ ആദ്യത്തെ മാറ്റം അര ദിവസത്തെ ഔപചാരിക നിർവാഹക സമിതി യോഗത്തെ രണ്ടു ദിവസത്തെ നിവാസി യോഗമാക്കി മാറ്റുക എന്നതായിരുന്നുവെന്നു മുതിർന്ന പ്രവർത്തകർ ഓർക്കുന്നു- ശക്തമായ സംഘടനയ്ക്ക് അടിത്തറ പാകിയ ശ്രദ്ധേയമായ ചുവടുവയ്പ്പായിരുന്നു അത്.

പദ്ധതികൾ പൂർത്തിയാക്കാൻ പ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്ന പാരമ്പര്യത്തിനും അദ്ദേഹം തുടക്കമിട്ടു. അതിനുള്ള മികച്ച ഉദാഹരണമാണ് ഷിംലയിലെ ബിജെപി ഓഫിസ്- "ദീപ കമൽ'. അദ്ദേഹം ചുമതല വഹിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്‍റെ ഗണ്യമായ സംഭാവനയോടെയാണ് ഓഫിസിന്‍റെ നിർമാണവും ഉദ്ഘാടനവും നടന്നത്. വ്യക്തിപരമായ ചെലവുകൾക്ക് അമ്മ നൽകിയ പണം ഓഫിസ് നിർമാണത്തിന് അദ്ദേഹം സംഭാവന ചെയ്തു. ഇത് മറ്റു പ്രവർത്തകർക്കും പ്രേരണയായി. നിർമാണത്തിനു നേതൃത്വം നൽകുക മാത്രമല്ല, ആധുനിക കാലഘട്ടവുമായി പൊരുത്തപ്പെടാനുള്ള പരിശീലനമെന്ന നിലയിൽ കംപ്യൂട്ടർ സൗകര്യത്തോടെ ഓഫിസ് നവീകരിക്കാൻ പ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്തു.

98ന്‍റെ തുടക്കത്തിൽ ഹിമാചൽ നിയമസഭ പിരിച്ചുവിട്ടപ്പോഴാണ് മോദിയുടെ രാഷ്‌ട്രീയ സാമർഥ്യം ഏവരെയും അത്ഭുതപ്പെടുത്തിയത്. ബിജെപിയും ഹിമാചൽ വികാസ് കോൺഗ്രസുമായി (എച്ച്‌വിസി) സഖ്യം രൂപീകരിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും നേടി. കോൺഗ്രസ് നേതാവ് താക്കൂർ ഗുലാബ് സിങ്ങിനെ സ്പീക്കർ സ്ഥാനത്തേക്കു മത്സരിക്കാൻ പ്രേരിപ്പിച്ചു. ഇത് കോൺഗ്രസിന്‍റെ അംഗസംഖ്യ കുറച്ചു. എന്‍റെ നേതൃത്വത്തിൽ ബിജെപി- എച്ച്‌വിസി സഖ്യ സർക്കാർ രൂപീകരണത്തിന് അതു വഴിയൊരുക്കി. അദ്ദേഹത്തിന്‍റെ തന്ത്രപരമായ സമീപനത്തിന്‍റെ ശ്രദ്ധേയമായ പ്രകടനമായിരുന്നു അത്.

ഹിമാചലിൽ നിന്ന് അദ്ദേഹം ഉൾക്കൊണ്ട പാഠങ്ങൾ സംസ്ഥാനത്തു മാത്രമായി ഒതുങ്ങി നിന്നില്ല. സോളൻ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അദ്ദേഹം ഗുജറാത്തിൽ കൂൺ കൃഷി പ്രോത്സാഹിപ്പിച്ചു. ഹിമാചലിന്‍റെ സൈനിക പാരമ്പര്യത്തിന് അക്കാദമിക അടിത്തറ നൽകാൻ സർവകലാശാലകളിൽ പ്രതിരോധവും യുദ്ധതന്ത്രപരവുമായ പഠനങ്ങൾ ആരംഭിക്കാനും നിർദേശിച്ചു. മോദി ഹിമാചലിൽ വച്ച് പാരാഗ്ലൈഡിങ് പഠിക്കുകയുണ്ടായി.

രാഷ്‌ട്രീയ പരിഗണനകൾക്കപ്പുറം, അദ്ദേഹം ഹിമാചലിനെ ദേവഭൂമിയായി കണക്കാക്കുന്നു- ദൈവങ്ങളുടെ സ്വന്തം നാട്. ക്ഷേത്രമുറ്റങ്ങളിലെ മരച്ചുവട്ടിലിരുന്ന് ദീർഘനേരം ധ്യാനിക്കുമായിരുന്നു. പ്രകൃതിയിലും ഈശ്വരത്വത്തിലുമുള്ള അദ്ദേഹത്തിന്‍റെ തീവ്രമായ വിശ്വാസം ജീവിതത്തിലും പ്രവർത്തന ശൈലിയിലും പ്രതിഫലിച്ചു. ഹിമാചലിലെ പാചകരീതിയും വളരെയേറെ ഇഷ്‌ടപ്പെട്ടു. മാണ്ഡിയുടെ സെപു ബാഡി, ചമ്പയുടെ മദ്ര, കാംഗ്രയുടെ ധാം എന്നിവ അദ്ദേഹത്തിന്‍റെ ഇഷ്ട വിഭവങ്ങളിൽ ഉൾപ്പെടുന്നു. പ്രാദേശിക സംസ്‌കാരത്തോടുള്ള ഈ ഊഷ്മളമായ സ്നേഹം അദ്ദേഹത്തെ ഹിമാചൽ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചു.

അദ്ദേഹത്തിന്‍റെ ഓർമശക്തി ഈ ബന്ധത്തിന് പ്രത്യേക മാനം നൽകുന്നു- പതിറ്റാണ്ടുകൾക്കു മുമ്പ് ഒരുമിച്ചുണ്ടായിരുന്ന പ്രവർത്തകരെയും പത്രക്കാരെയും അദ്ദേഹം ഇപ്പോഴും പേരെടുത്തു വിളിക്കുകയും ഓർക്കുകയും ചെയ്യുന്നു. 2017ൽ, ഷിംലയിൽ നടന്ന ഒരു പരിപാടിയിൽ വേദിയിൽ നിന്നുകൊണ്ട് ഒട്ടേറെ പഴയ സഹപ്രവർത്തകരെ പേരെടുത്ത് അഭിസംബോധന ചെയ്തു. ഇന്ത്യൻ കോഫി ഹൗസിലെ കാപ്പി ആസ്വദിച്ച കാര്യം പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. 2019ലെ സോളനിലെ ലോക്‌സഭാ പ്രചാരണത്തിനിടെ, തന്‍റെ മുൻ സന്ദർശനവേളയിൽ ആസ്വദിച്ച "മനോഹർജിയുടെ വറുത്ത പയർ" സ്നേഹപൂർവം അനുസ്മരിച്ചു. ഹിമാചലുമായുള്ള മോദിയുടെ ബന്ധം കേവലം ചുമതലകൾക്ക് അപ്പുറമാണെന്ന് അത്തരം കഥകൾ കാണിച്ചു തരുന്നു- അത് അദ്ദേഹത്തിന്‍റെ ഓർമകളിലും അഭിരുചികളിലും ജീവിതാനുഭവങ്ങളിലും ഇഴചേർന്നിരിക്കുന്നു. ആ ബന്ധത്തിന് നൂതനമായ മാനങ്ങൾ ഇടയ്ക്കിടെ ഉയർന്നുവരുന്നു.

പ്രധാനമന്ത്രി എന്ന നിലയിൽ, റോഹ്താങ് തുരങ്കത്തിന്‍റെ നിർമാണമായാലും വിനോദ സഞ്ചാരത്തിന്‍റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ശക്തിപ്പെടുത്തലായാലും ഹിമാചലിനു പ്രത്യേക മുൻഗണന നൽകുന്നത് അദ്ദേഹം തുടരുന്നു. സ്വന്തമാണെന്ന ബോധം, വിശ്വാസം, ആജീവനാന്ത പാഠങ്ങൾ എന്നിവ ഹിമാചൽ നരേന്ദ്ര മോദിക്ക് നൽകി; പകരമായി, നൂതമായ ഊർജം, വളർച്ച, അഭിമാനബോധം എന്നിവ മോദി ഹിമാചലിനും നൽകി. ഈ ബന്ധം പരസ്പര പൂരകമായി തുടരുകയും ഭാവി സാധ്യതകളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ