ജന നേതാക്കൾ അവരുടെ ഹൃദയങ്ങളിലുണ്ടാകും

 
Special Story

ജന നേതാക്കൾ അവരുടെ ഹൃദയങ്ങളിലുണ്ടാകും

രാഷ്‌ട്ര പിതാവ് മഹാത്മാ ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവച്ച് വീഴ്ത്തിയപ്പോൾ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നടത്തിയ 'പ്രകാശം പൊലിഞ്ഞു' എന്ന് തുടങ്ങുന്ന പ്രസംഗം ഇന്നും ജീവസുറ്റതായി നിൽക്കുന്നു

ഗ്രഹനില | ജ്യോത്സ്യൻ

ജന നേതാക്കൾ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്നു പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ജൂലൈ 21 വൈകുന്നേരം 2.30 മുതൽ 23 രാത്രി 8.30 വരെ കേരളം ശ്രവിച്ച ഹൃദയം തട്ടിയ മുദ്രാവാക്യം. വി.എസ്. അച്യുതാനന്ദൻ എന്ന ജനനായകന്‍റെ ഭൗതികശരീരം തിരുവനന്തപുരം മുതൽ ആലപ്പുഴയിലെ വലിയ ചുടുകാടു വരെ "കണ്ണേ കരളേ വി.എസേ'' എന്ന മുദ്രവാക്യങ്ങളോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞാണ് ആയിരക്കണക്കിനു ജനങ്ങൾ സ്വീകരിച്ചത്.

ജറുസലേം ദേവാലയത്തിലേക്കു മരച്ചില്ലകൾ കുലുക്കി ഓശാന പാടി ദൈവപുത്രനായ യേശുവിനെ ഇസ്രയേൽ ജനത സ്വീകരിച്ചതിനു സമാനമായി മനുഷ്യപുത്രനായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന ജനനായകൻ തന്‍റെ കർമഭൂമിയായ ആലപ്പുഴയിലെ മണ്ണിൽ ചാരമായി തീർന്നപ്പോൾ ഉയർന്ന മുദ്രവാക്യവും ജനസാഗരവും ഒരു മനുഷ്യപുത്രനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു.

സമാനമായ ജനപ്രവാഹം കേരളം ഇതിനു മുൻപും പലവട്ടം കണ്ടിട്ടുണ്ട്. സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചും ജനപ്രിയനായ കേരളത്തിന്‍റെ പ്രിയ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭൗതികദേഹം തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്തെ ശ്മശാനത്തേക്കു റോഡ് മാർഗം യാത്രയായപ്പോൾ രാവും പകലും വഴിയരികിൽ കാത്തുനിന്നത് ആയിരക്കണക്കിനാളുകളാണ്. നമ്മൾ കാപ്പി കുടിക്കുന്നതു പോലെയാണ് അമെരിക്കയിലും യൂറോപ്പിലും സ്ത്രീപീഡനം നടക്കുന്നതെന്നു സരസമായി തുറന്നുപറഞ്ഞ നായനാരോട് ആർക്കും പരിഭവമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ നർമം നിറഞ്ഞ വാചകങ്ങൾ ജനങ്ങൾ ആസ്വദിച്ചിരുന്നു.

കേരളത്തിന്‍റെ വികസന നായകനും തൊഴിലാളി വർഗത്തിലൂടെ വളർന്ന് മൂന്നു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായ, "കരിങ്കാലി കരുണാകരൻ'' എന്ന് രാഷ്‌ട്രീയ ശത്രുക്കൾ അധിക്ഷേപിച്ചിരുന്ന "ലീഡർ' കെ. കരുണാകരനും സമാനതകളില്ലാത്ത ജനപ്രിയ യാത്രയയപ്പാണു ലഭിച്ചത്. മറ്റൊരു ജനനായകൻ ഉമ്മൻചാണ്ടിയുടെ ഭൗതികദേഹത്തിനും ലഭിച്ചു പതിനായിരങ്ങളുടെ അകമ്പടി. ഉമ്മൻചാണ്ടിയെ അടക്കം ചെയ്ത പുതുപ്പള്ളിയിലെ സെന്‍റ് ജോർജ് വലിയപള്ളി ഖബറിലേക്ക് ഇന്നും ജനങ്ങൾ ഇടമുറിയാതെ വന്ന് മെഴുകുതിരികൾ കത്തിക്കുകയും പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.

രാഷ്‌ട്ര പിതാവ് മഹാത്മാ ഗാന്ധിയെ ഡൽഹിയിലെ ബിർളാ മന്ദിറിൽ നാഥുറാം ഗോഡ്സെ വെടിവച്ച് വീഴ്ത്തിയപ്പോൾ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നടത്തിയ 'പ്രകാശം പൊലിഞ്ഞു' എന്ന് തുടങ്ങുന്ന പ്രസംഗം ഇന്നും തലമുറകൾ കൈമാറി ജീവസുറ്റതായി നിൽക്കുന്നു. "എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്നാണ് മഹാത്മജി ലോകത്തോട് പറഞ്ഞത്. കാലങ്ങൾ പിന്നിട്ടാലും ജനമനസിൽ തലമുറകളോളം ജീവിക്കുന്നവരായിരിക്കും യഥാർഥ ജനനേതാക്കൾ.

വി.എസ്. അച്യുതാനന്ദനെയും കാണേണ്ടത് ഇത്തരം ജനനായകരോടൊപ്പമാണ്. ആലപ്പുഴ ജില്ലയിൽ ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച് കയർ ഫാക്റ്ററിയിൽ തൊഴിലാളിയായി, പിന്നെ തുന്നൽക്കാരനായി, അവിടെനിന്നു കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യകാല വഴികാട്ടികളിലൊരാളായ പി. കൃഷ്ണപിള്ളയുടെ നിർദേശാനുസരണം കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ രക്ഷകനായി പ്രവർത്തനം തുടങ്ങിയ വി.എസിന്‍റെ പിന്നീടുള്ള ജീവിതകാലം മുഴുവൻ അധ്വാനിക്കുന്നവരോടൊപ്പമായിരുന്നു.

നീലേശ്വരത്തെ വി.എസ് ഓട്ടൊ സ്റ്റാൻഡിലെ 22 ഓട്ടൊ ഡ്രൈവർമാർ മണിക്കൂറുകൾ കാത്തുനിന്നാണ് ആലപ്പുഴ പാർട്ടി ഓഫിസിൽ വി.എസിനെ അവസാനമായി കണ്ടത്. അതുപോലെ ആയിരക്കണക്കിനു തൊഴിലാളികളും സ്ത്രീകളും നേരിട്ടും മാധ്യമങ്ങളിലൂടെയും വി.എസിന്‍റെ വേർപാടിൽ പങ്കുചേർന്നു.

ജനങ്ങളെ മാറോടും മനസോടും ചേർത്തു നിർത്തുന്ന നേതാക്കന്മാരുടെ ജീവിതകാലം കഴിഞ്ഞാലും ആ ജനഹൃദയങ്ങളിൽ അവർ എന്നും ജീവിക്കും എന്നാണു ജോത്സ്യനു മനസിലാകുന്നത്.

പ്രളയ് മിസൈൽ പരീക്ഷണങ്ങൾ വിജയം

6 കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ചായേക്കും

രജിസ്റ്റേർഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു

കാസർഗോഡ് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; പിതാവ് അറസ്റ്റിൽ