ഡോ. ജിതേന്ദ്ര സിങ്
"ഉരുക്ക് ചട്ടക്കൂട്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഭരണസംവിധാനം ബാക്കിവച്ചാണ് 1947ൽ ബ്രിട്ടീഷുകാർ കപ്പൽ കയറിയത്. ഇന്ത്യൻ സിവിൽ സർവീസിനെയാണ് (ഐസിഎസ്) ബ്രിട്ടീഷുകാർ ഇപ്രകാരം പരാമർശിച്ചിരുന്നത്. സാധാരണ ജനങ്ങളെ സേവിക്കുകയെന്നതിൽ ഉപരി ഇന്ത്യയുടെമേലുള്ള ബ്രിട്ടീഷ് നിയന്ത്രണം നിലനിർത്തുന്നതിനായാണ് ഒട്ടും വഴക്കമില്ലാത്ത ഈ സംവിധാനം സൃഷ്ടിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം, ഈ കൊളോണിയൽ ഭരണനിർവഹണ ഘടനയുടെ ഭൂരിഭാഗവും ഇന്ത്യ നിലനിർത്തുകയാണുണ്ടായത്. തസ്തികകൾ പുനർനാമകരണം ചെയ്ത് ഇന്ത്യൻ ഉദ്യോഗസ്ഥരെ നിയമിച്ചു എന്നത് മാത്രമായിരുന്നു പ്രകടമായ വ്യത്യാസം. പുതിയ പേര് നൽകി, ഖാദി ധരിച്ചു, അതു നമ്മുടേതാണെന്ന് സ്വയം പറഞ്ഞു. എന്നാലിത് സംവിധാനത്തിന്‍റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിയില്ല. തത്ഫലമായി, സ്വാതന്ത്ര്യാനന്തരം വർഷങ്ങളോളം, സർക്കാർ ഓഫിസുകൾ പൊതുജനങ്ങൾക്ക് അപ്രാപ്യമായും അവരിൽ നിന്നകന്നും "സാഹേബ്' മാരുടെ (ഉന്നത ഉദ്യോഗസ്ഥരുടെ) ദയാദാക്ഷിണ്യത്തിലും തുടർന്നു. സങ്കീർണമായ ചുവപ്പുനാടകൾ, നീണ്ട ക്യൂകൾ, സാധാരണ പൗരന്മാരുടെ മേൽ ഉദ്യോഗസ്ഥരുടെ അധികാര പ്രയോഗം എന്നിവ മുഖമുദ്രയായി അവശേഷിച്ചു. ഇന്ത്യ രാഷ്ട്രീയമായി സ്വതന്ത്രമായി, പക്ഷേ ഭരണകൂടം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച നിയന്ത്രണ ശീലങ്ങളും ഘടനകളും പിന്തുടർന്നു.
ഞാൻ എന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും ഈ ചട്ടക്കൂടിനുള്ളിൽ ചെലവഴിച്ചു, ഒരു പൗരനെന്ന നിലയിലും ഒരു പ്രൊഫഷണലെന്ന നിലയിലും, പിന്നീട് ഭാരത സർക്കാരിന്‍റെ ഉദ്യോഗസ്ഥ, പൊതുപരാതി, പെൻഷൻ ചുമതല ഏൽപ്പിക്കപ്പെട്ട വ്യക്തിയെന്ന നിലയിലും ഈ സംവിധാനത്തെക്കുറിച്ച് എനിക്കറിവുണ്ട്. ഭരണസംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നു പരിശോധിക്കുകയും എന്താണ് മാറ്റേണ്ടതെന്ന് അല്ലെങ്കിൽ മെച്ചപ്പെടുത്തേണ്ടതെന്നു തിരിച്ചറിയുകയും ചെയ്യുക എന്നതായിരുന്നു പ്രധാനം. ഇന്ത്യയുടെ ഉദ്യോഗസ്ഥ സംവിധാനം പരിഷ്കരിച്ചിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ, വ്യവസ്ഥയെ അന്ധമായി പ്രതിരോധിച്ചുകൊണ്ടോ പൂർണമായും തള്ളിക്കൊണ്ടോ ഉത്തരം നൽകാനാകില്ല. ഉദ്യോഗസ്ഥ സംവിധാനത്തെ നവീകരിക്കുന്നതിനും പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള പന്ത്രണ്ട് വർഷത്തെ ക്രമപ്രവൃദ്ധവും ബോധപൂർവവുമായ ശ്രമങ്ങൾക്ക് ഞാൻ സാക്ഷ്യംവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു ഈ സംവിധാനം. 15-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും പ്രധാന ഭരണ പരിഷ്കാരങ്ങൾക്കായി പ്രേരിപ്പിക്കുകയും ചെയ്യാത്ത പക്ഷം അതു പഴയ പടി തുടരുമായിരുന്നു.
2014ൽ, ഭാരത സർക്കാരിന്‍റെ പരാതി പരിഹാര സംവിധാനം വളരെ മന്ദഗതിയിലുള്ളതും സാധാരണ പൗരന്മാർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടേറിയതുമായിരുന്നു. കേന്ദ്ര സർക്കാരിന് നൽകുന്ന ഒരു പരാതി പരിഹരിക്കാൻ ശരാശരി 157 ദിവസമെടുക്കുമായിരുന്നു. ചില പരാതികളെങ്കിലും പരിഹരിക്കപ്പെട്ടതുമില്ല. രാജ്യത്തുടനീളം ഏകദേശം പതിനായിരം പരാതി പരിഹാര ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരിൽ പലരെയും ബന്ധപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. വേഗം പ്രതികരിക്കാൻ അവരെ നിർബന്ധിക്കുന്ന കർശനമായ സമയപരിധികളൊന്നുമില്ലായിരുന്നു. സർക്കാർ ജോലി അന്വേഷിക്കുന്ന യുവതികളുടെയും ഭർത്താവിന്‍റെ പെൻഷനായി ശ്രമിക്കുന്ന വിധവകളുടെയും വിള ഇൻഷ്വറൻസ് തുകയ്ക്കായി കാത്തിരിക്കുന്ന കർഷകരുടെയും ഉദാഹരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടാനാകും. അവരെല്ലാം ഒരേ പ്രശ്‌നത്തെയാണ് നേരിട്ടിരുന്നത്: ഉദ്യോഗസ്ഥർക്ക് മതിയായ ഉത്തരവാദിത്തമില്ലാത്ത, പൗരന്മാരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുംവിധം രൂപകൽപ്പന ചെയ്ത ഒരു സംവിധാനത്തെയായിരുന്നു അവർ അഭിമുഖീകരിച്ചത്. ഇതു കേവലം കാര്യക്ഷമതയില്ലായ്മ മാത്രമായിരുന്നില്ല. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുപകരം ജനങ്ങൾക്ക് മേൽ അധികാരം പ്രയോഗിക്കാൻ രൂപകൽപ്പന ചെയ്ത കൊളോണിയൽ ഭരണസംവിധാനത്തിന്‍റെ അവശിഷ്ടമായിരുന്നു പ്രശ്നഹേതു.
പൊതുജന പരാതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൈവരിച്ച പുരോഗതി, കേവലം അഭിപ്രായ പ്രകടനങ്ങളിലല്ല, മറിച്ച് യഥാർഥ കണക്കുകളിൽ ദൃശ്യമാണ്. ഒരു പരാതി പരിഹരിക്കാൻ എടുക്കുന്ന ശരാശരി സമയം 157 ദിവസത്തിൽ നിന്നു വെറും 15 ദിവസമായി കുറഞ്ഞു. അതേസമയം, കൈകാര്യം ചെയ്യപ്പെടുന്ന പരാതികളുടെ എണ്ണം ഏകദേശം ഒമ്പത് മടങ്ങ് വർധിച്ച് പ്രതിവർഷം മൂന്നു ലക്ഷത്തിൽ നിന്ന് 27 ലക്ഷമായി. അവ പരിഹരിക്കാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം പത്തിരട്ടിയിലധികം വർധിച്ച് ഒരു ലക്ഷത്തിലധികമായി. പൊതുജന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഓൺലൈൻ സംവിധാനമായ സിപിജിആർഎഎംഎസ് സർക്കാർ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ഇപ്പോൾ 22 ഭാഷകളിൽ ലഭ്യമാണ്. കൂടാതെ ഓരോ പരാതിയും ഉചിതമായ വകുപ്പിലേക്ക് അയയ്ക്കാൻ നിർമിത ബുദ്ധി ഉപയോഗിക്കുന്നു. വിദൂര ഗ്രാമങ്ങളിലെ കർഷകർക്ക് പോലും "സമാധാൻ ദീദി' എന്ന ചാറ്റ്ബോട്ട് മുഖേന സ്വന്തം ഭാഷയിൽ സംസാരിച്ചുകൊണ്ട് പരാതികൾ സമർപ്പിക്കാം. ജനങ്ങൾക്ക് ജില്ലാ കേന്ദ്രത്തിലെ സർക്കാർ ഓഫിസിലേക്ക് പോകേണ്ടതില്ല; അവർക്ക് സ്വന്തം ഗ്രാമത്തിലെ ഒരു പൊതു സേവന കേന്ദ്രം (സിഎസ്‌സി) ഇതിനായി ഉപയോഗിക്കാം. ഈ സേവനങ്ങൾ വിദൂരദേശങ്ങളിലെ ജനങ്ങളിലേക്ക് പോലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ മാസവും 20-ാം തീയതി സിഎസ്‌സി-സിപിജിആർഎഎംഎസ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ ഈ വാഗ്ദാനം അവസാന വ്യക്തിയിൽ വരെ എത്തിച്ചേരുന്നു.
ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ യഥാർഥ പരിഷ്കരണം എന്നത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ മാത്രമല്ല, സർക്കാർ ജീവനക്കാരെ പരിശീലിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി മാറ്റുക എന്നത് കൂടിയാണ്. പതിറ്റാണ്ടുകളായി, ഉദ്യോഗസ്ഥ സംവിധാനം ഒരു "നിയമാധിഷ്ഠിത' സംവിധാനമാണ് പിന്തുടർന്നിരുന്നത്, പൗരന്‍റെ യഥാർഥ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ പോലും, ഒരു ഉദ്യോഗസ്ഥൻ സർക്കാർ നടപടിക്രമങ്ങളും നിയമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമായും വിലയിരുത്തലുകൾ നടത്തിയിരുന്നത്. 2020ൽ അവതരിപ്പിച്ച മിഷൻ കർമയോഗി, ഇതിനെ ഒരു "ഉത്തരവാദിത്വ അധിഷ്ഠിത' സംവിധാനമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. യഥാർഥ ഉത്തരവാദിത്തങ്ങളും ശേഷിയും കണക്കാക്കി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകുകയും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുകയും ചെയ്യുന്നു. കർമയോഗി ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന, ക്ലാർക്ക് മുതൽ ഭാരത സർക്കാരിലെ സെക്രട്ടറി വരെയുള്ള 1.65 കോടിയിലധികം ജീവനക്കാർക്ക് വിവിധ ഇന്ത്യൻ ഭാഷകളിലുള്ള ആയിരക്കണക്കിന് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ കഴിയും. പഠനം അവരുടെ വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് അവരുടെ കരിയറിനെയും സ്ഥാനക്കയറ്റത്തെയും ബാധിക്കുന്നു. ലളിതമായി പറഞ്ഞാൽ, നിയമങ്ങൾ പാലിച്ചതിന് ജീവനക്കാർക്ക് പ്രതിഫലം നൽകാതെ, തുടർച്ചയായി പഠിക്കാനും നന്നായി പ്രവർത്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പൗരന്മാർക്ക് ഗുണഫലങ്ങൾ നൽകാനും കഴിയുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനത്തിൽ നിന്ന് പഴയ കൊളോണിയൽ രീതികളും മനോഭാവങ്ങളും നീക്കം ചെയ്യാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2016 മുതൽ, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ് ഗ്രൂപ്പ് ബി തസ്തികകളിലെ താഴ്ന്ന, ഇടത്തരം സർക്കാർ ജോലികൾക്കുള്ള അഭിമുഖങ്ങൾ നിർത്തലാക്കി. അത്തരം അഭിമുഖങ്ങൾ പലപ്പോഴും പക്ഷപാതത്തിനും അഴിമതിക്കും കാരണമായിരുന്നു. ഇരുപത്തിനാല് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഇതു പിന്തുടർന്നു. സാധാരണക്കാരെ സംശയത്തോടെ പരിഗണിക്കുന്ന കൊളോണിയൽ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ പൗരന്മാർ അവരുടെ രേഖകൾ ഒരു ഗസറ്റഡ് ഓഫിസറെക്കൊണ്ട് പരിശോധിക്കുകയോ ഒപ്പിടുകയോ ചെയ്യണമെന്ന നിബന്ധനയും നീക്കം ചെയ്തു. വിജയിച്ച ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മാസങ്ങളോളം കാത്തിരിക്കാതെ തന്നെ പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാകുമ്പോൾ താത്കാലികമായി ജോലിയിൽ പ്രവേശിക്കാം. ഉപയോഗത്തിലില്ലാത്ത 1,600ൽ അധികം കാലഹരണപ്പെട്ട നിയമങ്ങൾ സർക്കാർ റദ്ദാക്കി. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം ആവശ്യമായിവരുന്നത് നിയമങ്ങളോ നടപടിക്രമങ്ങളോ മാറ്റുക എന്നതിലല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം, പ്രത്യേകിച്ച് അധികാരത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും പഴയ കൊളോണിയൽ മനോഭാവം മാറ്റുക എന്നതിലാണ്. നോർത്ത് ബ്ലോക്കിൽ നിന്ന് കർത്തവ്യ ഭവനിലേക്കുള്ള മന്ത്രാലയത്തിന്‍റെ മാറ്റം കേവലം മേൽവിലാസത്തിലെ മാറ്റമെന്നതിലുപരി പ്രതീകാത്മകം കൂടിയാണ്: ജനങ്ങളെ നിയന്ത്രിക്കുക എന്ന കൊളോണിയൽ ആശയത്താലല്ല, മറിച്ച് ജനങ്ങളോടുള്ള കടമയും സേവനവും എന്ന് അർഥം വരുന്ന "കർത്തവ്യ'ത്താൽ സർക്കാർ നയിക്കപ്പെടുന്നതിന്‍റെ പ്രഖ്യാപനമായിരുന്നു അത്.
പൗരന്മാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിഷ്കാരങ്ങൾക്കൊപ്പം, സർക്കാർ ഓഫിസുകൾ വനിതാ ജീവനക്കാർക്ക് കൂടുതൽ പിന്തുണ നൽകുന്ന ഇടങ്ങളാക്കാനുള്ള നിശബ്ദ പരിഷ്കാരങ്ങളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ സർവീസിലുള്ള ഒരു വനിതയ്ക്ക് ജനനസമയത്ത് ഒരു കുട്ടിയെ നഷ്ടപ്പെട്ടാൽ ഔപചാരിക അവധി ഉണ്ടായിരുന്നില്ല. ഇന്ന് അത്തരം വനിതകൾക്ക് അറുപത് ദിവസത്തെ പ്രത്യേക പ്രസവാവധിക്ക് അർഹതയുണ്ട്. 2022 മുതൽ അവർക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി ലഭിച്ചുവരുന്നു. വാടക ഗർഭധാരണത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകുന്ന അമ്മമാർ ഉൾപ്പെടെയുള്ളവർക്കും ആനുകൂല്യം ലഭിക്കും. മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോഴോ വിദേശയാത്ര ചെയ്യുമ്പോഴോ പോലും വനിതകൾക്ക് ചൈൽഡ് കെയർ ലീവ് ഉപയോഗിക്കാൻ അനുവാദം നൽകി. കർശനമായ മൂന്ന് സ്പെല്ലുകൾക്ക് പകരം ഒരു കലണ്ടർ വർഷത്തിൽ ആറ് സ്പെല്ലുകൾ വരെ ഇപ്പോൾ അനുവദിക്കുന്നു. ജോലിസ്ഥലത്ത് ലൈംഗിക പീഡനം നേരിടുന്ന വനിതകൾക്ക് അവരുടെ പരാതിയുടെ അന്വേഷണ കാലയളവിൽ, 90 ദിവസത്തെ പ്രത്യേക അവധി ലഭിക്കും. നവജാത ശിശുക്കളുള്ള ദിവ്യാംഗരായ വനിതാ ഉദ്യോഗസ്ഥർക്ക് അധിക സാമ്പത്തിക പിന്തുണ നൽകിവരുന്നു. ദിവ്യാംഗരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അലവൻസ് വർധിപ്പിച്ചിട്ടുണ്ട്. ലിംഗസമത്വം എന്നാൽ പ്രതീകാത്മക പ്രസ്താവനകളോ വർഷത്തിലൊരിക്കലുള്ള ആചരണങ്ങളോ അല്ല. മറിച്ച് വനിതകൾക്ക് അവരുടെ കരിയറിലുടനീളം സർക്കാർ സേവനത്തിൽ തുടരാനും വളരാനും സുരക്ഷിതത്വം അനുഭവിക്കാനും സഹായിക്കുന്ന പ്രായോഗിക നയങ്ങൾ സൃഷ്ടിക്കുക എന്നാണ്.
സാധാരണ പൗരന്മാരുടെ ജീവിതത്തിൽ യഥാർഥ മാറ്റം കൊണ്ടുവരുമ്പോൾ മാത്രമേ ഉദ്യോഗസ്ഥ പരിഷ്കാരങ്ങൾ അർഥവത്താകൂ. പന്ത്രണ്ട് ലക്ഷത്തിലധികം പേർക്ക് റോസ്ഗർ മേളകൾ മുഖേന സർക്കാർ ജോലികളിലേക്കുള്ള നിയമന കത്തുകൾ ലഭിച്ചു. സർക്കാർ നിയമനങ്ങളിൽ വ്യക്തി ബന്ധങ്ങളുടെയും സ്വാധീനത്തിന്‍റെയും പ്രാധാന്യം ഇല്ലാതായി. ഐഎഎസ്, ഐപിഎസ് പോലുള്ള വ്യത്യസ്ത സേവനങ്ങളിലെ ഉദ്യോഗസ്ഥർ മുസൂറിയിലിപ്പോൾ ഒരുമിച്ച് പരിശീലനം നേടുന്നതിനാൽ, പ്രത്യേക വകുപ്പുകളിൽ ജോലി നോക്കുമ്പോഴും ഏകമനോഭാവത്തോടെ സർക്കാരിനുവേണ്ടി പ്രവർത്തിക്കാൻ അവർക്ക് കഴിയും. പെൻഷൻകാർക്ക് നീണ്ട ബാങ്ക് ക്യൂകളിൽ നിൽക്കാതെ, വീടുകളിലിരുന്നുകൊണ്ട് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ നേടാനാകുന്നു. യുപിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കുന്ന യുവാക്കൾക്ക് ഒരേ വിവരങ്ങൾ ആവർത്തിച്ച് പൂരിപ്പിക്കുന്നതിന് ബദലായി ഒറ്റത്തവണ രജിസ്റ്റർ ചെയ്യാൻ കഴിയുന്നു. 2014നുശേഷം സർക്കാർ സർവീസിലെ ഒബിസി പ്രാതിനിധ്യം 19% ൽ നിന്ന് 27% ആയി വർധിച്ചു. സ്ഥാപനങ്ങൾക്ക് വിലപ്പെട്ട അനുഭവവും നൈരന്തര്യവും പ്രദാനം ചെയ്യുന്നതിനാൽ ബ്രിട്ടീഷുകാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പഴയ ഭരണസംവിധാനത്തെ ഒറ്റരാത്രി കൊണ്ട് പൊളിച്ചുമാറ്റുന്നത് കരണീയമല്ല. കഴിഞ്ഞ പന്ത്രണ്ട് വർഷമായി, ഞങ്ങൾ നിശബ്ദമായി സർക്കാർ സംവിധാനത്തെ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഒരു സാമ്രാജ്യത്തെ പിന്തുണച്ചിരുന്ന പഴയ സംവിധാനത്തെ നമ്മുടെ ഭരണഘടനയുടെ വാഗ്ദാനങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒന്നാക്കി മാറ്റാൻ നാം ആഗ്രഹിക്കുന്നു. ലളിതമായി പറഞ്ഞാൽ, സർക്കാർ ജനങ്ങളെ സേവിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരെ ഭരിക്കുക എന്നതിലുപരി അവരോട് ഉത്തരവാദിത്തമുള്ളവരായിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
(ലേഖകൻ കേന്ദ്ര ശാസ്ത്ര സാങ്കേതികം, ബഹിരാകാശം, ഉദ്യോഗസ്ഥകാര്യം എന്നിവയടക്കം വിവിധ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്).