പരീക്ഷകൾ, പരീക്ഷണങ്ങൾ

 

representative image

Special Story

പരീക്ഷകൾ, പരീക്ഷണങ്ങൾ

ഒരേ ക്ലാസിൽ ഒരേ സിലബസിൽ പഠിക്കുന്ന വിദ്യാർഥികളെ ഒരേ മാനദണ്ഡത്തിലല്ലേ വിലയിരുത്തേണ്ടത്?

MV Desk

വീണ്ടുവിചാരം| ജോസഫ് എം. പുതുശേരി

ഒരു മകനും മകളുമുള്ള കൊച്ചു കുടുംബം. അച്ഛൻ മെഡിക്കൽ രംഗത്ത്, അമ്മ ബാങ്കിലും. സിബിഎസ്ഇ 12ാം ക്ലാസ് വിദ്യാർഥിയായിരുന്ന മകൻ സ്കൂളിലെ ടോപ്പറായിരുന്നു. റിസൽറ്റ് വന്ന ദിവസം അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. വിദ്യാർഥിയും അവന്‍റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. സൈറ്റിൽ അവൻ റിസൽറ്റിനായി പരതി. 70% മാർക്കേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങളായി സ്കൂളിലെ ടോപ്പർ. ആ നിലയിലുള്ള ഉയർന്ന മാർക്കാണ് ഇവിടെയും പ്രതീക്ഷിച്ചത്. സംഭവിച്ചത് മറിച്ചും. പൊരുത്തപ്പെടാൻ കഴിയാത്ത അവസ്ഥ. കുറേനേരം കഴിഞ്ഞപ്പോൾ അവൻ പിച്ചും പേയും പറയാൻ തുടങ്ങി. ഭയവിഹ്വലയായ സഹോദരി പെട്ടെന്ന് അമ്മയെ വിളിച്ചു. അമ്മ ടാക്സി വിളിച്ച് പെട്ടെന്ന് വീട്ടിലെത്തി. സമാശ്വസിപ്പിച്ചിട്ടും ഫലമില്ലാത്ത അവസ്ഥ. ദിവസങ്ങൾ കൊണ്ടാണ് അവൻ പഴയ മാനസിക നില വീണ്ടെടുത്തത്.

ഇപ്രാവശ്യത്തെ സിബിഎസ്ഇ റിസൽട്ട് ഉണ്ടാക്കിയ ആഘാതമാണ്. കൊല്ലം ചിറക്കര ഇടവട്ടത്ത് ഒരു വിദ്യാർഥി വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു. ഇങ്ങനെ എത്രയോ അനർഥങ്ങൾ. പൊട്ടിക്കരയുന്ന, വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാത്ത എത്രയോ കുരുന്നുകളുടെ ദൃശ്യങ്ങൾ. വേണ്ടത്ര ഗൃഹപാഠമോ തയാറെടുപ്പോ ഇല്ലാതെ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‍റെ ദുരന്തഫലം.

സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചകൾ ഒന്നൊന്നായി പുറത്തുവരികയാണ്. കേന്ദ്ര മാധ്യമിക വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, ഈ വർഷം നടപ്പിലാക്കിയ ഓൺ- സ്ക്രീൻ മാർക്കിങ് സിസ്റ്റത്തെക്കുറിച്ച് (ഒഎസ്എം) വ്യാപക പരാതികൾ ഉയരുകയാണ്. പ്രധാനമന്ത്രിയെ വരെ കണ്ടു പരാതികൾ നൽകാൻ വിദ്യാർഥികളും രക്ഷിതാക്കളും ഒരുങ്ങുന്നു. സിബിഎസ്ഇ ചരിത്രത്തിലെ ഏറ്റവും കുറവ് മാർക്കാണ് ലഭിച്ചിരിക്കുന്നത് എന്ന ആക്ഷേപമാണ് രാജ്യവ്യാപകമായി തന്നെ ഉയരുന്നത്.

സിബിഎസ്ഇയുടെ അഭിപ്രായത്തിൽ ഒഎസ്എം വഴി മാർക്കുകളുടെ കൂട്ടിച്ചേർക്കൽ, രേഖപ്പെടുത്തൽ, അപ്‌ലോഡ് ചെയ്യൽ എന്നിവയിൽ സംഭവിക്കുന്ന പിഴവുകൾ ഒഴിവാക്കാനാകുമെന്ന് പറയുന്നു. എന്നാൽ, വിദ്യാർഥികളും അധ്യാപകരും ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിന്‍റെ കാര്യക്ഷമത ചോദ്യം ചെയ്യുകയും അതുമൂലം പ്രതീക്ഷിച്ചതിനെക്കാൾ വളരെ കുറവു മാർക്കേ ലഭിച്ചുള്ളൂ എന്നു പരാതിപ്പെടുകയും ചെയ്യുന്നു.

17 വർഷമായി സിബിഎസ്ഇ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തി വരുന്ന അധ്യാപകൻ സഞ്ജീവ് ഝാ, കുറഞ്ഞ മാർക്കിനെക്കുറിച്ചുള്ള പരാതികൾ ഇത്ര വ്യാപകമായി ഉയരുന്നത് താൻ ആദ്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. ഝായുടെ അഭിപ്രായത്തിൽ, ഓൺ- സ്ക്രീൻ മാർക്കിങ് സംവിധാനം സംബന്ധിച്ച് അധ്യാപകരെയും മൂല്യനിർണയക്കാരെയും അറിയിച്ചത് മൂല്യനിർണയം ആരംഭിക്കുന്നതിന് വെറും ഒരു മാസം മുമ്പാണ്. ""ഉത്തരപേപ്പർ പരിശോധിക്കൽ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഞങ്ങൾക്ക് ഓൺലൈൻ പരിശീലനം ലഭിച്ചത്. ഇത്ര വലിയ ഒരു സംവിധാനം ഇത്രയും അടിയന്തിരമായി നടപ്പിലാക്കേണ്ടതില്ലായിരുന്നു'' എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

സ്കാനിങ് സമയത്തെ സാങ്കേതിക പ്രശ്നങ്ങളും മൂല്യനിർണയത്തെ ബാധിച്ചിരിക്കാമെന്ന് ഝാ വ്യക്തമാക്കി. ""ചില സാഹചര്യങ്ങളിൽ സ്കാൻ ചെയ്ത പേജുകൾ വ്യക്തമായിരുന്നില്ല, വായിക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ചിലപ്പോൾ കോമ, പൂർണ വിരാമം പോലുള്ള ചിഹ്നങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനാൽ മുഴുവൻ വരികളും സ്ക്രീനിൽ ഒന്നിച്ചു കൂടിയതു പോലെ തോന്നിയിരുന്നു''- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓൺ- സ്ക്രീൻ മാർക്കിങ് (ഒഎസ്എം) എന്നത് അധ്യാപകർ ഫിസിക്കൽ ഉത്തരക്കടലാസുകൾ കൈകൊണ്ട് പരിശോധിക്കുന്നതിന് പകരം സ്കാൻ ചെയ്ത ഉത്തര പേപ്പറുകൾ കംപ്യൂംട്ടറിൽ വിലയിരുത്തുന്ന ഒരു ഡിജിറ്റൽ മൂല്യനിർണയ സംവിധാനമാണ്. സെൻട്രൽ ബോർഡ്‌ ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ മാർക്കിങ് സ്കീമിലും മൂല്യനിർണയ മാനദണ്ഡങ്ങളിലും മാറ്റമൊന്നും വരുത്തിയിട്ടില്ല; മാറ്റം വന്നിരിക്കുന്നത് മൂല്യനിർണയത്തിന്‍റെ രീതിയിലാണ്.

പരിഷ്കരിച്ച ഈ സംവിധാനം സംബന്ധിച്ച് സിബിഎസ്ഇ സ്കൂളുകളെ അറിയിച്ചത് ഫെബ്രുവരി 11നാണ്, പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിക്കുകയും ചെയ്‌തു. അധ്യാപകർക്ക് പരിശീലനം നൽകിയതായി സിബിഎസ്ഇ അവകാശപ്പെട്ടിരുന്നെങ്കിലും, നിരവധി അധ്യാപകർക്ക് ഒഎസ്എം സംവിധാനത്തെക്കുറിച്ച് ആവശ്യമായ പരിശീലനം ലഭിച്ചില്ല. നിരവധി സീനിയർ അധ്യാപകർ മൂല്യനിർണയ ചുമതല സ്വീകരിക്കാത്തതിനാൽ, ജൂനിയർ അധ്യാപകരെയാണ് വിലയിരുത്തലിനായി നിയമിച്ചത്. നിരവധി വിദ്യാർഥികളുടെ മാർക്കുകളെ ഇതു ബാധിച്ചു. ഫലം കണ്ട പല വിദ്യാർഥികളും അതീവ നിരാശരായി, ചിലർ മാനസികമായി തളർന്നു.

പരാതികൾ വ്യാപകമായപ്പോൾ റീവാല്യുവേഷൻ നടപടികൾ പ്രഖ്യാപിച്ചു. ഫീസ് 700 രൂപ. വിമർശനമുയർന്നപ്പോൾ അതു 100 ആയി കുറച്ചു. പക്ഷേ എന്തു ഫലം? 8,000 മുതൽ 69,000 രൂപ വരെ ചോദിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയിൽ ഓരോന്നിനും 69,420 രൂപ വീതം ഫീസ് ചോദിച്ചതിന്‍റെ സ്ക്രീൻ ഷോട്ട് ഒരു രക്ഷിതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 4 വിഷയങ്ങൾക്കും കൂടി 2,77,680 രൂപ! മറ്റൊരു സ്ക്രീൻ ഷോട്ടിൽ ഓരോ വിഷയത്തിനും 8,000 രൂപ വീതമാണ് ചോദിച്ചിരിക്കുന്നത്. വെബ്സൈറ്റിലെ ഈ പിഴവുകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.

പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടലിലെ സാങ്കേതിക തടസങ്ങൾ ഇപ്പോഴും തുടരുന്നു എന്നതാണ് രസകരം. അബദ്ധങ്ങളുടെയും കുഴപ്പങ്ങളുടെയും ഘോഷയാത്ര! ചക്ക കുഴഞ്ഞതുപോലെ കുഴഞ്ഞ അവസ്ഥ! ഇത് കാരണം ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പിന് അപേക്ഷിക്കാനുള്ള സമയവും പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയവും നീട്ടി നൽകിയിട്ടുണ്ട്.

എന്നാൽ പരീക്ഷയുടെ സ്ക്രീൻ മാർകിങ് നടത്തിയ ഉത്തരക്കടലാസുകൾ തിരിച്ചെടുത്തപ്പോൾ സ്കാനിങ്ങിലെ അപാകത മൂലം വ്യക്തമല്ലാത്ത ഉത്തരങ്ങൾക്ക് പൂജ്യം മാർക്ക് നൽകിയതു കാണിച്ച് ആ ഉത്തരക്കടലാസ് ഷീറ്റുകൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്കാനിങ് നടത്തിയെന്ന അവകാശപ്പെടുമ്പോഴും ഉത്തരക്കടലാസുകൾ തെളിച്ചമില്ലാതെ വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പരീക്ഷ എഴുതിയവർക്കു പോലും സ്വന്തം കൈയക്ഷരം വായിക്കാനാകുന്നില്ല എന്നിരിക്കെ അധ്യാപകർ എങ്ങനെ മാർക്കിടുമെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. 98 ലക്ഷം ഉത്തരക്കടലാസുകളിൽ 68,000 എണ്ണത്തിൽ സ്കാനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്ന് അധ്യാപകർ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും 13,000 എണ്ണത്തിൽ മാത്രമാണ് നേരിട്ടുള്ള മൂല്യനിർണയം നടത്തിയത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് പിഡിഎഫ് ആക്കുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസികൾക്കാണ് സിബിഎസ്ഇ നൽകിയത്.

20-30 പേജുകൾ വരുന്ന ഓരോ ഉത്തരക്കടലാസും സ്കാൻ ചെയ്യാൻ ഓട്ടോമാറ്റിക് സ്കാനിങ് സംവിധാനമാണ് ഉപയോഗിച്ചത്. മടങ്ങിയ പേജുകൾ സ്കാൻ ചെയ്യാതെ പോയതും വ്യക്തതയില്ലാത്ത പേജുകൾ സ്കാൻ ചെയ്ത് പിഡിഎഫ് ആക്കിയതിലുമെല്ലാം ഗുരുതര വീഴ്ച സംഭവിച്ചു. സ്കാനിങ്ങിനു പകരം ഫോട്ടൊയെടുത്ത് അപ്‌ലോഡ് ചെയ്യുകയായിരുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. പേപ്പർ പിടിച്ച ക്യൂട്ടെക്സ് പുരട്ടിയ വിരലുകൾ അതുപോലെ കാണാനായത് ഈ സംശയം ബലപ്പെടുത്തുന്നു. സ്കാനിങ് ആണെങ്കിൽ അതുണ്ടാവില്ലല്ലോ.

ഫലം 2026 മേയ് 13ന് ഉച്ചയ്ക്ക് 1.30ന് പ്രസിദ്ധീകരിച്ചു. എന്നാൽ മൂല്യനിർണയം 2026 മേയ് 11ന് വൈകിട്ട് 5 മണി വരെ നടന്നതായി റിപ്പോർട്ടുകളുണ്ട്. അത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മൂല്യനിർണയം, പരിശോധന, ഫലം തയാറാക്കൽ എന്നിവ കൃത്യമായി പൂർത്തിയാക്കാൻ എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിനു വിശ്വാസയോഗ്യമായ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ട്. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഇരുട്ടുകൊണ്ട് ഓട്ട അടക്കാനാണ് ശ്രമിക്കുന്നത്. ഒരു സിസ്റ്റത്തിന്‍റെ ദയനീയമായ പരാജയം. ആര് ഇതിന്‍റെ ഉത്തരവാദിത്വം ഏൽക്കും? ആരിതിനു മറുപടി പറയും?

പുനർ മൂല്യനിർണയ അപേക്ഷകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് ഓൺ സ്ക്രീൻ മാർക്കിങ് രീതി നടപ്പാക്കുന്നതിന് സിബിഎസ്ഇ പറഞ്ഞ ന്യായം. എന്നാൽ സംഭവിച്ചിരിക്കുന്നത് നേരേ മറിച്ചും. ഏതു പരിഷ്കാരത്തിന്‍റെയും ലക്ഷ്യം കൂടുതൽ കൃത്യതയും സൂക്ഷ്മതയും സുതാര്യതയും ഉറപ്പുവരുത്തി ക്ലേശരഹിതവുമാവുക എന്നതായിരിക്കണല്ലോ. വിദ്യാർഥികളുടെ കാര്യത്തിലാവുമ്പോൾ അവരുടെ മാനസിക സമ്മർദം ലഘൂകരിച്ച് സൗഹാർദപരമായിരിക്കുക എന്നതും ലക്ഷ്യമാവേണ്ടേ? ഇവിടെ അതൊന്നുമില്ലാതെ പോകുമ്പോൾ "ആരാണീ ബുദ്ധിരാക്ഷസർ' എന്നല്ലേ ഗവേഷണം നടത്തേണ്ടത്!

പ്രശ്നപരിഹാരമില്ലാതെ വിഷയം ഗുരുതരാവസ്ഥയിൽ നിൽക്കുമ്പോഴും 12ാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയ അപേക്ഷ നടപടികൾ പോർട്ടലിലെ പ്രശ്നങ്ങൾ കാരണം അവസാന നിമിഷം തടസപ്പെട്ടാൽ വീണ്ടും അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും ശ്രമിക്കരുതെന്ന് അഭ്യർഥനയുമായി സിബിഎസ്ഇ രംഗത്തു വന്നിരിക്കുകയാണ്. അത് അപേക്ഷകളിലെ ഇരട്ടിപ്പിനും നടപടികളിലെ കാലതാമസത്തിനും കാരണമാകുമെന്നാണ് വിശദീകരണം. ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും പോർട്ടലിലെ തകരാറ് തുടരുകയാണ്. അകാരണവും അപ്രതീക്ഷിതമായി മാർക്ക് കുറഞ്ഞതിന്‍റെ പരിഹാരം തേടാനുള്ള ശ്രമങ്ങൾ തടസപ്പെടുമ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക സമ്മർദത്തെക്കുറിച്ച് ഇവർക്ക് ചിന്തയേ ഇല്ല.

17,68,968 വിദ്യാർഥികളാണ് 12ാം ക്ലാസ് പരീക്ഷ എഴുതിയത്. പുനർ മൂല്യനിർണയ അപേക്ഷാ നടപടികൾ ആരംഭിച്ച 19ന് തന്നെ 1,27,146 പേർ ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷ നൽകി. മൊത്തം വിദ്യാർഥികളുടെ 7%. തുടർന്നുള്ള ദിവസങ്ങളിലെല്ലാം പോർട്ടലിന്‍റെ തകരാർ തുടരുന്നു. അതില്ലായിരുന്നുവെങ്കിൽ അപേക്ഷകരുടെ എണ്ണം പലമടങ്ങായി വർധിക്കുമായിരുന്നു. പുനർ മൂല്യനിർണയത്തിന് ഇക്കൊല്ലം അപേക്ഷ നൽകാൻ ശ്രമിക്കുന്ന വിദ്യാർഥികളുടെ ഈ വലിയ ബാഹുല്യം തന്നെ ഓൺ സ്ക്രീൻ മാർക്കിങ് രീതിയുടെ അപാകതയും പരാജയവുമാണ് വിളിച്ചോതുന്നത്.

എന്നിട്ടും സിബിഎസ്ഇക്ക് കുലുക്കമില്ല. ഒഎസ്എമ്മുമായി മുന്നോട്ടുപോകുമെന്നാണ് പറയുന്നത്. മാത്രമല്ല, അടുത്ത വർഷം പത്താം ക്ലാസിലും ഇത് നടപ്പിലാക്കുമെന്നും. വിദ്യാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതിലും മനോനില തെറ്റിക്കുന്നതിലും ഒരു കുറ്റബോധവുമില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

മറ്റൊരു കാര്യം കൂടി പറയാതെ വയ്യ. 3 സെറ്റ് ചോദ്യക്കടലാസുകൾ തയാറാക്കി അതാണ് കുട്ടികൾക്ക് കൊടുക്കുന്നത്. ബംപർ ലോട്ടറി അടിക്കുന്നത് പോലെയാണിത്. ചിലർക്ക് എളുപ്പമായ സെറ്റിൽ പെട്ടത് കിട്ടും. ചിലർക്ക് കടുകടുപ്പമായതും. ഭാഗ്യപരീക്ഷണം. ഒരേ ക്ലാസിൽ ഒരേ സിലബസിൽ പഠിക്കുന്ന വിദ്യാർഥികളെ ഒരേ മാനദണ്ഡത്തിലല്ലേ വിലയിരുത്തേണ്ടത്? വ്യത്യസ്ത രീതിയിൽ പരീക്ഷിച്ചിട്ട് ഒരേ മാർക്കിങ്ങും റാങ്കിങ്ങും എന്ന് പറയുന്നതിൽ എന്തർഥം!

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ്- യുജി പരീക്ഷ റദ്ദാക്കിയ ദുരന്ത സാഹചര്യത്തിന്‍റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നാലെയാണ് സിബിഎസ്ഇ ദുരന്തവും വന്നുപെട്ടത്. നീറ്റ് പരീക്ഷയ്ക്കു തയാറെടുത്തിരുന്ന വിദ്യാർഥികൾക്കിടയിൽ വ്യാപകമായി പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 120 ചോദ്യങ്ങൾ മെയ്‌ 3ന് നടന്ന യഥാർഥ പരീക്ഷയിൽ ചോദിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. 22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വർഷങ്ങളോളം നടത്തിയ കഠിനാധ്വാനത്തിനു ശേഷമുള്ള കടമ്പ. പരീക്ഷ റദ്ദാക്കലിനെ തുടർന്ന് ആത്മഹത്യ ചെയ്തവരും മാനസികനില തെറ്റിയവരും നിരാശരുമായ കുട്ടികളുടെ എണ്ണം ഏറെ. കഠിന സമ്മർദങ്ങളിലൂടെ കടന്നുപോയിട്ടാണ് കുട്ടികൾ ഇത്തരം പരീക്ഷകൾക്കു മുമ്പിൽ എത്തുന്നത്. നടത്തിപ്പുകാരുടെ വീഴ്ചയും ആർത്തിയും പണസമ്പാദന വ്യഗ്രതയും കാരണം വിദ്യാർഥികൾ കൂടുതൽ ഭാരം പേറേണ്ടി വരുന്നതിന് ആരു മറുപടി പറയും?

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്വഭാവമുള്ള ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഭാഗത്തു നിന്നു തന്നെ ഈ വീഴ്ച ഉണ്ടാവുന്നു എന്നത് ഗൗരവം വർധിപ്പിക്കുന്നു. ചോർച്ചയെക്കുറിച്ച് അന്വേഷണം നടത്തുന്ന സിബിഐ എൻടിഎയിലെ 3 അധ്യാപകരെ അറസ്റ്റ് ചെയ്തു. രണ്ട് അധ്യാപകർ കൂടി ചോദ്യ പേപ്പർ ചോർത്തിയെന്ന് സിബിഐ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. നടന്നത് കോടികളുടെ ഇടപാടാണെന്നും ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് അറസ്റ്റിലായ അധ്യാപകരടക്കം പ്രത്യേക ഫീസ് ഈടാക്കി ക്ലാസുകൾ നടത്തിയെന്നും സിബിഐ കണ്ടെത്തി.

2024ലിലും നീറ്റ് യുജി ചോദ്യ പേപ്പർ ചോർച്ചാ വിവാദം ഉയർന്നിരുന്നു. അക്കൊല്ലം ഗ്രേസ് മാർക്ക് ലഭിച്ചതും ഒട്ടേറെ മത്സരാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതുമടക്കമുള്ള പ്രശ്നങ്ങളാണ് ഉയർന്നത്. എന്നാൽ പരീക്ഷ റദ്ദാക്കിയില്ല. 2024ലെ നീറ്റ് -യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ വെളിച്ചത്തിൽ മത്സര പരീക്ഷകളുടെ നടത്തിപ്പ് പരിഷ്കരിക്കാനുള്ള ശുപാർശകൾ നൽകാൻ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. അവർ റിപ്പോർട്ട് സമർപ്പിച്ചു. പക്ഷേ, ഭൂരിഭാഗം നിർദേശങ്ങളും ഇപ്പോഴും നടപ്പാക്കിയിട്ടില്ല.

പരീക്ഷാ ക്രമക്കേടും ചോർച്ചയുമൊക്കെ തുടർക്കഥയാവുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്ക് എന്ത് മറുപടിയാണുള്ളത്? വിദ്യാർഥികൾ വലിയ പ്രതീക്ഷയോടും ആകാംക്ഷയോടും അതിലേറെ പിരിമുറുക്കത്തോടും എഴുതുന്ന ഒരു പരീക്ഷ കുറ്റമറ്റതായി നടത്താൻ ഉത്തരവാദിത്തമില്ലേ? പോകുന്ന വഴിക്ക് അടിക്കാനാണോ ഭരണവും ഔദ്യോഗിക സംവിധാനങ്ങളും? ഇതൊക്കെ കാണാനും ഭാവി തലമുറയെക്കുറിച്ച് ചിന്തിക്കാനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? അവരെ വെറും ബലിമൃഗങ്ങളായി കാണുന്ന തരത്തിലുള്ള തുഗ്ലക് പരിഷ്കാരങ്ങൾ പതിവാകുന്നതെന്താണ്?

ജനസംഖ്യയിലെ 40% വരുന്ന 60 കോടിയോളം പേർ 20ൽ താഴെ പ്രായമുള്ളവരാണ്. അവരുടെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങളിൽ പുലർത്തുന്ന നിസംഗതയും തുടരുന്ന വീഴ്ചയുമാണ് യുവ മനസുകളിലെ പ്രതിഷേധ കനലിൽ നിന്ന് തീ പടർത്തുന്നത്. അതിനെ ദേശദ്രോഹം എന്ന ചാപ്പ കുത്തി ഒതുക്കാമെന്നും അതോടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും വിചാരിക്കുന്നതാണ് പ്രശ്നം. സത്യസന്ധമായി അവസരങ്ങൾ ഒരുക്കാനും സുതാര്യമായി അവ നടത്തപ്പെടുന്നു എന്ന് ഉറപ്പാക്കാനുമുള്ള ബാധ്യത ഭരണക്കാർക്കും സംവിധാനങ്ങൾക്കുമുണ്ട്. അത് അവരുടെ ചുമതലയും ബാധ്യതയുമാണ്. അത് നിർവഹിക്കപ്പെടുമോ എന്നതാണ് യഥാർഥ പ്രശ്നം.

'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; 14കാരന് ദാരുണാന്ത്യം

എൽഡിഎഫ് അവസാനിച്ചെന്ന് ചിലർ കരുതുന്നു, ഞങ്ങൾ ശക്തമായി തന്നെ തിരിച്ചുവരും; പിണറായി വിജയൻ

കെ.ബി. ഗണേഷ് കുമാറിന്‍റെ തോൽവിക്ക് കാരണം അദ്ദേഹത്തിന്‍റെ നാക്ക്; സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റിയിൽ വിമർശനം

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്