.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#അജയൻ
ദുരന്തങ്ങൾ പെയ്തിറങ്ങുന്നതു പോലെയായിരുന്നു കേരളത്തിൽ. മൂന്നു ദിവസത്തിനിടെ ഞെട്ടിക്കുന്ന രണ്ടു ദുരന്തങ്ങൽ - മേയ് ഏഴിന് താനൂരിൽ ബോട്ട് അപകടം കവർന്നെടുത്തത് 22 ജീവനുകളെയാണെങ്കിൽ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കായി പൊലീസ് എത്തിച്ച അക്രമി കുത്തിക്കൊന്നത് ഒരു യുവ വനിതാ ഡോക്റ്ററെ. സുരക്ഷ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്.
നിരവധി പേർ മരിച്ച വിവിധ ബോട്ട് അപകടങ്ങളുടെ കണക്കുകൾ പുറത്തുവരുമ്പോൾ, വേണ്ട സുരക്ഷാ നടപടികൾ ഉറപ്പാക്കേണ്ട അധികാരികളുടെ അനാസ്ഥ കൂടിയാണ് വെളിച്ചത്തു വരുന്നത്. 2002 ജൂലൈ 27ന് കുമരകം ജെട്ടിക്കു സമീപം പാസഞ്ചർ ബോട്ട് മുങ്ങി 29 പേർ മരിച്ചതായിരുന്നു ഇതിലൊന്ന്.
മരിച്ചവരുടെ ബന്ധുക്കൾക്ക് 91.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരാണയക്കുറുപ്പ് കമ്മീഷൻ നൽകിയ ശുപാർശ. എന്നാൽ, 2012 വരെ നൽകിയത് ഓരോരുത്തരുടെ കുടുംബത്തിനും ഓരോ ലക്ഷം രൂപ മാത്രം. കേസിൽ നാലു പ്രതികളെ 15 വർഷം വിചാരണ ചെയ്ത് 2019ൽ കോടതി മോചിപ്പിച്ചു.
2007 ഫെബ്രുവരി 20ന് സ്കൂൾ വിദ്യാർഥികൾ കയറിയ ടൂറിസ്റ്റ് ബോട്ട് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ മുങ്ങി 18 പേർ മരിച്ചു. അതിൽ 15 സ്കൂൾ കുട്ടികൾ ഉൾപ്പെട്ടിരുന്നു. അന്നുമൊരു ജുഡീഷ്യൽ അന്വേഷണം നടത്തി, മുൻ ജഡ്ജി പരീത് പിള്ളയുടെ നേതൃത്വത്തിൽ. അദ്ദേഹം നൽകിയ റിപ്പോർട്ടിലും ശുപാർശകൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല.
യാദൃച്ഛികമെന്നോണം, താനൂർ ദുരന്തത്തിന് ഏകദേശം ഒരു മാസം മുൻപ് ഐക്യരാഷ്‌ട്ര സഭയുടെ ദുരന്ത ലഘൂകരണ സമിതി വിദഗ്ധൻ മുരളി തുമ്മാരുകുടി സമാനമായൊരു ദുരന്തം വൈകാതെ കേരളത്തിലുണ്ടാകുമെന്ന പ്രവചനം നടത്തിയിരുന്നു. മത്സ്യബന്ധന ബോട്ട് അശാസ്ത്രീയമായ രീതിയിൽ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നാളുകളായി ഓടിച്ചുവരുകയായിരുന്നു. പിഞ്ചുകുട്ടികളടക്കമുള്ളവർക്കാണ് അതു കാരണം ജീവൻ നഷ്ടമായത്. ഇത്തവണയും മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകുന്ന അന്വേഷണത്തിന് സർക്കാർ ഉത്തരവായിട്ടുണ്ട്.
മേയ് പത്തിന്, ലഹരിമുക്തി കേന്ദ്രത്തിൽ നിന്നു ചാടിയ ഒരു വ്യക്തി നാട്ടുകാർക്ക് ഭീഷണിയാണെന്നു കണ്ടാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിക്കുന്നത്. സംഘർഷത്തിനിടെയുണ്ടായ മുറിവുകൾ അയാളുടെ ശരീരത്തിലുണ്ടായിരുന്നു. അതു പരിചരിക്കുന്നതിനിടെ, കത്രിക പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും ആക്രമിച്ചു, അവരെല്ലാം ഓടി രക്ഷപെട്ടു. അങ്ങനെ രക്ഷപെടാൻ കഴിയാതെ കുടുങ്ങിപ്പോയ ഇരുപത്തിമൂന്നുകാരി ഹൗസ് സർജൻ വന്ദന ദാസിനെ അയാൾ കുത്തിക്കൊന്നു.
സംസ്ഥാനത്തുടനീളം ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് പതിവാണെന്നതാണ് വസ്തുത. മൂന്നു വർഷത്തിനിടെ ഇത്തരത്തിലുള്ള ഇരുനൂറിലധികം ഗുരുതരമായ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമസഭയിൽ പല വട്ടം ഉന്നയിക്കപ്പെട്ടിട്ടും സർക്കാർ ഇതു ഗൗരവമായി കണ്ടില്ലെന്നു വേണം കരുതാൻ. മുൻ പ്രസ്താവന പിൻവലിച്ച ആരോഗ്യ മന്ത്രിക്ക്, ഇത്തരം കേസുകൾ സംസ്ഥാനത്ത് മുൻപും ഉണ്ടായിട്ടുണ്ടെന്നു തിരുത്തേണ്ടി വന്നു. ഇപ്പോഴതിനെ 'ഒറ്റപ്പെട്ട സംഭവങ്ങൾ' എന്നു ലഘൂകരിക്കാനാവില്ല. രോഗിയുടെ ബന്ധുക്കൾ വനിതാ ഡോക്‌ടറെ ക്രൂരമായി കൈയേറ്റം ചെയ്ത സംഭവം അടുത്തകാലത്തുണ്ടായതാണ്. അവർ ആശുപത്രികൾക്ക് സുരക്ഷ ഉറപ്പുള്ള ഏതോ വിദേശരാജ്യത്ത് ജോലി ചെയ്യുകയാണിപ്പോൾ.
മയക്കുമരുന്നിന് അടിമയായ ഒരാളെ രാത്രി വൈകി പൊലീസ് എറണാകുളത്തെ ഒരു ആശുപത്രിയുടെ എമർജൻസി വാർഡിലെത്തിച്ച സംഭവത്തെക്കുറിച്ച് ഒരു ഹൗസ് സർജൻ അനുസ്മരിക്കുന്നു. ഇയാൾ പെട്ടെന്ന് അക്രമാസക്തനായി. പൊലീസ് കണ്ട ഭാവം നടിച്ചില്ല. ഭീതിദമായ അന്തരീക്ഷമായിരുന്നു അവിടെ. ഭാഗ്യത്തിന് സുരക്ഷാ ജീവനക്കാർക്ക് ഇയാളെ കീഴ്പ്പെടുത്താൻ സാധിച്ചു. ഡോക്‌ടർമാർക്ക് പറയാനുള്ള അനവധി സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം എല്ലാ പരിധികളും ലംഘിക്കുമ്പോഴാണ് ഇത്തരക്കാരെ രാത്രി വൈകി എമർജൻസി വാർഡുകളിലെത്തിക്കുന്നത്. ആ സമയത്ത് ഡ്യൂട്ടിയിലുള്ള ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരക്കാർക്കായി പ്രത്യേകം വാർഡുകൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു.
മാർച്ച് 13നു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഡോ. സുൽഫി നൂഹു സൂചിപ്പിച്ചതു പോലെ, അത്തരം സന്ദർഭങ്ങളിൽ ഡോക്‌ടർമാർക്ക് സ്വന്തം ജീവൻ രക്ഷിക്കേണ്ടതും പ്രധാനമായി തോന്നും. ആത്മരക്ഷ ഉറപ്പാക്കാനുള്ള സ്വയംപ്രതിരോധ രീതികളിലേക്ക് അവർ മാറുമ്പോൾ, രോഗിക്ക് മതിയായ പരിചരണം ലഭിക്കണമെന്നില്ല. ഇതും ഗുരുതരമായ സാഹചര്യം തന്നെയാണ്.
ജീവൻ രക്ഷിക്കാൻ നിയുക്തരായ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു മതിയായ സംവിധാനങ്ങളും വ്യക്തമായ പ്രോട്ടോകോളും അനിവാര്യമാണ്.
പൊലീസ് വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്ന് കേരള ഹൈക്കോടതി തന്നെ പരാമർശിച്ചു. വിഐപികൾ കടന്നു പോകുമ്പോൾ സാധാരണക്കാർ റോഡരികിലൂടെ നടന്നു പോകുന്നതുപോലുള്ള സംഭവങ്ങൾ മാത്രം നോക്കിയാൽ പോരാ. വിഐപികൾക്കു മാത്രമല്ല സുരക്ഷ വേണ്ടത്. ജീവൻ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവർക്കും ഉയർന്ന സുരക്ഷ നൽകണം. ആശുപത്രികൾ സെയ്ഫ് സോണുകളായി പ്രഖ്യാപിക്കണം, അങ്ങനെ തുടരുന്നു എന്ന് ഉറപ്പാക്കുകയും വേണം.
അതേസമയം, ദുരന്തത്തെക്കാൾ മോശമായിരുന്നു അധികാരത്തിലിരിക്കുന്നവരുടെ പ്രതികരണം എന്നതും കാണാതിരിക്കാനാവില്ല. താനൂർ ദുരന്തമുണ്ടാകുന്നതിന് ഒരു മാസം മുൻപേ ഇവിടത്തെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നതാണ്. ഇതിനു മറുപടിയായി ഒരു എംഎൽഎ പരാതിക്കാരോടു കയർത്തു. ഒരു മന്ത്രി തന്‍റെ പിഎയ്ക്ക് പരാതി എഴുതിക്കൊടുക്കാൻ പറഞ്ഞു. ഫലം, ഒരു മാസത്തിനു ശേഷം താനൂരിൽ 22 ജീവനുകൾ പൊലിഞ്ഞു!
കൊട്ടാരക്കര സംഭവത്തിന്‍റെ കാര്യത്തിൽ, യുവ ഹൗസ് സർജൻ ഭയന്നു പോയിരുന്നു എന്നും, 'പരിചയം കുറവായിരുന്നു' എന്നും മറ്റു ഡോക്‌ടർമാർ പറഞ്ഞതായാണ് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചത്. 'പരിചയം' എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നതിനു പല വ്യാഖ്യാനങ്ങൾ വന്നു. ഡോക്‌ടർമാർ ആയോധനകല പഠിക്കണമെന്നാണോ ഉദ്ദേശിച്ചതെന്ന് സമരം ചെയ്യുന്ന ഡോക്‌ടർമാർ ചോദിച്ചതിന് അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ!