പ്രതിച്ഛായ തിരിച്ചറിയാനാകാതെ സിപിഎം; കേന്ദ്ര വിലയിരുത്തലുകൾ കുഴിച്ചു മൂടപ്പെടുമോ?

 
Special Story

പ്രതിച്ഛായ തിരിച്ചറിയാനാകാതെ സിപിഎം; കേന്ദ്ര വിലയിരുത്തലുകൾ കുഴിച്ചു മൂടപ്പെടുമോ?

ഈ സമ്മേളനത്തിൽ ആരെങ്കിലും സത്യം ഉറക്കെ പറയാൻ ധൈര്യപ്പെടുമോ അതോ ഭയപ്പെട്ട് തലകുനിച്ചുനിൽക്കുമോ

MV Desk

സിപിഎമ്മിന് സ്വയം തിരുത്താനും സ്വ‍യം രക്ഷിക്കാനും കിട്ടുന്ന അവസാനത്തെ അവസരമായിരിക്കും സെപ്റ്റംബർ 13 മുതൽ 15 വരെയുള്ള സംസ്ഥാന കമ്മിറ്റി യോഗം . നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടിയതിന്‍റെ കാരണം തന്നെ ജനങ്ങൾ പാർട്ടിയുടെ അപചയങ്ങൾ തിരിച്ചറിഞ്ഞുവെന്നതിന് തെളിവാണ്. പക്ഷേ ഈ സമ്മേളനത്തിൽ ആരെങ്കിലും സത്യം ഉറക്കെ പറയാൻ ധൈര്യപ്പെടുമോ അതോ ഭയപ്പെട്ട് തലകുനിച്ചുനിൽക്കുമോ എന്നതാണ് യഥാർഥ ചോദ്യം. കേന്ദ്ര നേതൃത്വം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള സ്വന്തം വിലയിരുത്തലിനൊപ്പം ഉറച്ചുനിൽക്കുമോ അതോ ആ വിലയിരുത്തലുകൾ നിശബ്ദമായി കുഴിച്ചുമൂടപ്പെട്ടു പോകുന്നത് നോക്കി നിൽക്കുമോ? കാലമല്ല, ധൈര്യമാണ് ഇക്കാര്യത്തിൽ മറുപടി നൽകേണ്ടത്.

അജയൻ

കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സിപിഎം ഇത്രയും അപമാനകരമായ ഒരു തിരിച്ചടി ഏറ്റു വാങ്ങുന്നത്. വരുന്ന ആഴ്ചയിൽ നടക്കാനിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലേക്കാണിപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാൽ പാർട്ടിക്ക് ഏറ്റവും ആവശ്യമായ ഒന്നിനെയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്:സ്വന്തം പ്രതിച്ഛായ കാണാൻ പാകത്തിലുള്ള ഒരു കണ്ണാടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ക്രൂരമായിരുന്നു; രാഷ്ട്രീയപരവും സംഘാടനപരവുമായ പാളിച്ചകളും സംസ്ഥാന നേതൃത്വത്തിന്‍റെ പരാജയവുമാണ് ആ വലിയ തിരിച്ചടിക്കു കാരണമായതെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. എന്നിട്ടും സ്വന്തം കുറ്റങ്ങൾ മറ്റുള്ളവർക്കു മേൽ ചാർത്തിക്കൊടുക്കുന്ന ആ പഴയ രാഷ്ട്രീയ അടവ് ‌ആവർത്തിച്ച് പയറ്റുന്ന തിരക്കിലാണ് ഇപ്പോഴും സംസ്ഥാനത്തെ നേതാക്കൾ.

ഒരുകാലത്ത് ജനങ്ങളുടെ ഓരോ സ്പന്ദനവും അറിയാമെന്ന് അവകാശപ്പെട്ടിരുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞതെന്താണെന്ന് കേൾക്കാനാകുന്നില്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. സംസ്ഥാന കമ്മിറ്റി യോഗവും പരസ്പരം കുറ്റപ്പെടുത്തുന്ന ഒരു ചടങ്ങായി മാറുകയാണെങ്കിൽ, ഈ തെരഞ്ഞെടുപ്പ് ദുരന്തത്തെ അതു നിഷേധിച്ചു കൊണ്ട് വിജയമാക്കി മാറ്റുക എന്ന മറ്റാർക്കും സാധ്യമല്ലാത്ത കാര്യമായിരിക്കും സിപിഎം സാധ്യമാക്കിയെടുക്കുക.

പാർട്ടിക്കുള്ളിലുള്ള ചിലർ പറയുന്നത് വിശ്വസിക്കാമെങ്കിൽ നിശബ്ദമായിരിക്കാനുള്ള ബട്ടൺ അമർത്തിക്കഴിഞ്ഞിരിക്കുന്നു. ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വലിയ പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമാണെങ്കിൽ പോലും, അതിനെതിരെ ശക്തമായ വിയോജിപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ല. പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും സാന്നിധ്യത്തിൽ അംഗീകരിച്ച കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ, ഭരണവിരുദ്ധ വികാരവും നേതൃത്വത്തിന്‍റെ മോഹങ്ങളുമാണ് പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ പിണറായി വിജയന്‍റെ പ്രസംഗങ്ങളും എം.വി. ഗോവിന്ദന്‍റെ പരിഹാസ്യമായ വാചകക്കസർത്തും കാണുമ്പോൾ ആ വിലയിരുത്തലുകളെല്ലാം അടച്ചു പൂട്ടി പെട്ടിയിലടച്ചുവെന്നാണ് തോന്നുന്നത്.

'വർഗ വഞ്ചകരായ' ടി. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനുമാണ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം എന്ന് പിണറായി കുറ്റപ്പെടുത്തുമ്പോൾ, ഒരു കാലത്ത് അതിശക്തമായിരുന്ന സിപിഎം എങ്ങനെയാണ് വെറും 24 എംഎൽഎമാരിലേക്ക് ഒതുക്കപ്പെട്ടതെന്ന് കൂടി അദ്ദേഹം വ്യക്തമാക്കണം. അതിൽ തന്നെ ഒമ്പത് പേർ വെറും 10,000-ൽ താഴെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത്. കഴിഞ്ഞ തവണ 20,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ച 38 സീറ്റുകളിൽ 15 എണ്ണമാണ് പാർട്ടിക്ക് നഷ്ടമായത്.

പിണറായി വിജയൻ, മരുമകൻ മുഹമ്മദ് റിയാസ്, അബദ്ധങ്ങൾ ഉരുവിടുന്ന യന്ത്രമായ സജി ചെറിയാൻ എന്നിവരെ ഒഴിവാക്കിയാൽ വോട്ടർമാർ പൂർണമായും സിപിഎം മന്ത്രിമാരെ തഴയുകയായിരുന്നു. എന്നിട്ടും യാതൊരു വിധ ഭരണവിരുദ്ധ വികാരവും ഉണ്ടായിരുന്നില്ല എന്ന വിചിത്രമായ കെട്ടുകഥയെയാണ് സംസ്ഥാന നേതൃത്വം മുറുകെ പിടിച്ചിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്, വി.എസ്. അച്യുതാനന്ദന്‍റെ സ്ഥാനാർഥിത്വം പോലും അനിശ്ചിതത്വത്തിലാക്കാൻ മാത്രം ശക്തനായിരുന്നു പിണറായി വിജയൻ. കേന്ദ്ര നേതൃത്വം ഇടപെട്ട് തീരുമാനം തിരുത്തുന്നതുവരെ ആ അനിശ്ചിതത്വം തുടർന്നു. വി.എസ്. സർക്കാരിന്‍റെ കാര്യത്തിൽ പൂർണ നിയന്ത്രണം സംസ്ഥാന പാർട്ടി നേതൃത്വത്തിന്‍റെ കൈകളിലായിരുന്നു. 2011ൽ വെറും രണ്ട് സീറ്റിന്‍റെ വ്യത്യാസത്തിൽ വി.എസ്. അച്യുതാനന്ദന് രണ്ടാം അവസരം നിഷേധിക്കുന്ന തരത്തിൽ തോൽവി ഉറപ്പാക്കാൻ സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ 2016ൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിക്കസേരയിലെത്തിയതോടെ സമവാക്യം മാറി: പാർട്ടി സർക്കാരിനെ നിയന്ത്രിച്ചില്ല; പകരം, അത് സർക്കാരിന്‍റെ നിഴലായി മാറി.

ഒരിക്കൽ കൂട്ടായ നേതൃത്വത്തിൽ നിലകൊണ്ടിരുന്ന സിപിഎം, ക്രമേണ ഒരൊറ്റ രാഷ്ട്രീയ "സൂര്യനെ'ചുറ്റിപ്പറ്റിയുള്ള പാർട്ടിയായി മാറി. അസ്തമിക്കാനാകാത്തത്ര ശക്തിയാർജിച്ച ഏതൊരു സൂര്യനെയും പോലെ, അതിനോട് അധികം അടുത്തെത്തിയതെല്ലാം പൊള്ളിപ്പോകുന്ന സാഹചര്യമുണ്ടായി. കൊവിഡ് കാലത്തെ ജനവികാരത്തിന്‍റെ പശ്ചാത്തലത്തിൽ നേടിയ രണ്ടാം തുടർഭരണം പിണറായി വിജയനെ കൂടുതൽ അധികാരദാഹിയാക്കി എന്നുതന്നെ തോന്നിച്ചു. അദ്ദേഹത്തിന് ചുറ്റുമെത്തിയ പുതിയ മുഖങ്ങൾ പലപ്പോഴും ഒരു മന്ത്രിസഭയേക്കാൾ കേന്ദ്രബിന്ദുവായ ആ ഒരാളുടെ ‌ പ്രതിബിംബങ്ങൾ പോലെയാണ് തോന്നിയത്. പാർട്ടിക്ക് സ്വന്തം ശബ്ദം മാത്രമല്ല, സ്വന്തം നിഴലും നഷ്ടപ്പെട്ടു.

വി.എസ്. അച്യുതാനന്ദൻ പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ സിപിഎം വർഷങ്ങളായി സ്വന്തം അതിരുകൾ മായ്ച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നതു മുതൽ, മകൾക്കെതിരേയുള്ള അന്വേഷണത്തിൽ തുടങ്ങി വഴി പിണറായി വിജയനോളം എത്തി നിൽക്കുന്ന ആരോപണങ്ങൾ വരെയുള്ള സംഭവങ്ങൾ, നിരാശാജനകമായ ഒരു ഘോഷയാത്രപോലെ തുടരുന്നു.

മാവോയിസ്റ്റ് കൊലപാതകങ്ങൾ, യുഎപിഎ അറസ്റ്റുകൾ, വരാപ്പുഴ കസ്റ്റഡി മരണം, പിണറായി വിജയന്‍റെ ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങൾ, അദ്ദേഹത്തിന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ... അങ്ങനെ ഒരുപാട് കാര്യങ്ങൾ. അതിനെല്ലാം പുറമേ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണം നേരിട്ട, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധ‌പ്പെട്ട വിവാദത്തിൽ ഉൾപ്പെട്ട എഡിജിപി എം.ആർ. അജിത് കുമാറിന് അസാധാരണമായ ഇളവുകളും നൽകി.

നവകേരള യാത്ര പൊലീസ് ക്രൂരതയുടെ മറ്റൊരു അധ്യായമാണ് തുറന്നത്. പ്രതിഷേധക്കാർക്കെതിരായ ആക്രമണങ്ങളെ പിണറായി വിജയൻ 'രക്ഷാദൗത്യം' എന്ന് വിശേഷിപ്പിച്ചപ്പോഴും, അതേ ഉദ്യോഗസ്ഥന് പിന്നീട് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവും നേരിടേണ്ടിവന്നു. ആശാ പ്രവർത്തകരുടെ സമരത്തിനെതിരേ സർക്കാർ മുഖം തിരിച്ചതാണ് മറ്റൊന്ന്. പട്ടിക നീണ്ടുകൊണ്ടേയിരിക്കുന്നു.

കടക്കാൻ പാടില്ലാത്ത അതിരുകളെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു. പിഎം ശ്രീ അതിൽ അവസാനത്തെ ആണിയും അടിച്ചു ചേർത്തു. ഇനി വരുന്നത് യഥാർഥ പരീക്ഷണമാണ്. സംസ്ഥാന നേതൃത്വത്തിനെതിരെ ആരെങ്കിലും മുന്നോട്ടു വരുമോ? കേന്ദ്ര നേതൃത്വം സ്വന്തം റിപ്പോർട്ടിന് ശക്തമായി നടപ്പാക്കുമോ?

ബംഗാളിലും ത്രിപുരയിലും പാർട്ടി ഇതിനു മുൻപ് കീറിമുറിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ പലപ്പോഴും രാഷ്ട്രീയ എംബാമിങ്ങിനപ്പുറം പോയില്ല. ഈ അവലോകന യോഗം യഥാർഥ തീർപ്പായിരിക്കണമോ, അതോ തെളിവുകളെ വീണ്ടും കുഴിച്ചുമൂടാനുള്ള മറ്റൊരു അഭ്യാസമായി മാറണോ എന്നതാണ് കേരളം ഇനി തീരുമാനിക്കേണ്ടത്.

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

''യഥാർഥ പ്രതി പിണറായി വിജയൻ''; മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ

ഗുരുതരമായ അഴിമതി ആരോപണം, പിണറായി വിജയന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞു; ഇഡി നടപടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി