കേരളവും തമിഴ്നാടും തമ്മിൽ നൂറ്റാണ്ടുകളുടെ സ്നേഹബന്ധമാണുള്ളത്. മൂന്നാർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ തമിഴാണ് പ്രധാന ഭാഷ. അവിടെയെല്ലാം തമിഴ് വംശജകർക്ക് നല്ല സ്വാധീനമുണ്ട്. ധാരാളം മലയാളികൾ തമിഴ്നാട്ടിൽ കൃഷിയുൾപ്പെടെയുള്ള ഉപജീവനമാർഗത്തിലൂടെ ജീവിക്കുന്നുമുണ്ട്. അതിനാൽ തമിഴ്നാടുമായുള്ള ബന്ധം ഉലയാതെ നോക്കേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്.
മുല്ലപ്പെരിയാറിന്‍റെ പേരിൽ മുൻപ് നടന്ന ഒരു തർക്കം ചെന്നൈ നഗരത്തിൽ എങ്ങിനെ മലയാളികൾക്കെതിരേ പ്രതിഫലിച്ചുവെന്ന് നാം കണ്ടതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പഴക്കം ചെന്ന മുല്ലപ്പെരിയാർ അണക്കെട്ട് വലിയ ഭീഷണിയായി നിലനിൽക്കുമ്പോഴും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത് അതുകൊണ്ടാണ് . തമിഴ്നാടിന് വെള്ളം കൊടുക്കുന്നതതിലല്ല പ്രശ്നം, മറിച്ച് കേരളത്തിന്‍റെ സുരക്ഷയിലാണ്.
രണ്ടാമതൊരു അണക്കെട്ട് കൂടി മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ ഉണ്ടാകേണ്ടത് കേരളത്തിന്‍റെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഏതാണ്ട് ഇതുപോലെ തന്നെയാണ് പമ്പ- അച്ചൻകോവിൽ- വൈപ്പാർ നദീബന്ധന പദ്ധതി. ഏറെനാൾ പൊടിയെടുത്തു കിടന്നിരുന്ന പദ്ധതി ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ നദികളിൽ മഴക്കാലത്തു ലഭിക്കുന്ന അധികജലം അണകെട്ടി നിയന്ത്രിച്ചു തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി.
ചർച്ചകൾ തുടങ്ങിയ സന്ദർഭത്തിൽ തന്നെ ഇതിനെക്കുറിച്ചുള്ള ആശങ്കകളും പുറത്തു വന്നിരുന്നു. പുന്നമട ഡാം, അച്ചൻകോവിൽ, കല്ലാർ ഡാം എന്നിവിടങ്ങളിൽ നിന്നും 9 മീറ്റർ ദൈർഘ്യവും 5 മീറ്റർ വ്യാസവുമുള്ള ടണലിലൂടെ വെള്ളം തമിഴ്നാട്ടിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. കേരളത്തിലെ നദികളിലെ അധിക ജലം തമിഴ്നാടിന് നൽകി അവിടുത്തെ കാർഷിക മേഖലയ്ക്ക് ഉണർവ് ഉണ്ടാക്കാൻ പദ്ധതിക്ക് കഴിയും എന്ന് തമിഴ്നാട് സർക്കാർ അവകാശപ്പെടുന്നു.
കടലിലെ ജലനിരപ്പ് ഉയരുമ്പോൾ നദികളുടെ അടിത്തട്ട് താഴുന്നത് മൂലവും വേമ്പനാട് പോലുള്ള ജലാശയങ്ങൾ ചുരുങ്ങുന്നതു മൂലവും ഉപ്പുവെള്ളം കയറാനുള്ള സാധ്യത കൂടുതലാണ് എന്നുള്ളതുമാണ് ഈ പദ്ധതിയെക്കുറിച്ച് കേരളം ഭയപ്പെടുന്നത് . ഇതിനെ പ്രതിരോധിക്കാൻ കേരളത്തിലെ നദികളിൽ നിന്നും വെള്ളം താഴേക്ക് ഒഴുകണം. ഇപ്പോൾ തന്നെ പമ്പാ നദിയിൽ ധാരാളം അണക്കെട്ടുകളുണ്ട്.
ഇനിയും അണകെട്ടിയാൽ നീരൊഴുക്ക് ഇല്ലാതാകും. ഇപ്പോൾ നിർദേശിക്കുന്ന നദീബന്ധന പദ്ധതിക്കായി മൂന്ന് അണക്കെട്ടുകൾ കൂടി അനുവദിച്ചാൽ ജൈവ സമ്പത്ത് നിറഞ്ഞ വനമേഖല തന്നെ അപ്രത്യക്ഷമാകുകയും, വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. ഈ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന യഥാർഥ പരിസ്ഥിതി ആഘാതം ഇപ്പോഴും പഠന വിഷയമായിട്ടില്ല.
വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാൻലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കേരളത്തിന്‍റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്‍റെ പ്രശ്നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്‍റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നുമാണ്.
അത് നല്ലൊരു തീരുമാനമാണ്. കേരളവും തമിഴ്നാടും പരസ്പരം സഹകരിച്ച് ഒന്നിച്ച് വളരണം. അതുകൊണ്ടു തന്നെ കേരളത്തിലെ പരിസ്ഥിതിയെയും ജനജീവിതത്തെയും ബാധിക്കുന്ന നദീബന്ധന പദ്ധതി വളരെ സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.