സേവനം, ത്യാഗം, രാഷ്‌ട്രനിർമാണം
രാജ്നാഥ് സിങ്
പ്രതിരോധ മന്ത്രി
1925 സെപ്റ്റംബർ 27ന് നാഗ്പുരിൽ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) സ്ഥാപിച്ചപ്പോൾ, അതിന്‍റെ പ്രയാണം എത്ര കണ്ട് ശോഭനമായിരിക്കുമെന്ന് ചുരുക്കം ചിലർക്കു മാത്രമേ സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യയുടെ സാമൂഹിക ഘടനയെ രൂപപ്പെടുത്തുകയും, പരമാധികാരം സംരക്ഷിക്കുകയും, ദുർബല ജനവിഭാഗങ്ങളെ ശാക്തീകരിക്കുകയും, കാലാതീതമായ സാംസ്കാരിക മൂല്യങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്ത നിസ്വാർഥ സേവനത്തിന്‍റെ ജീവിക്കുന്ന പ്രതീകമായി ഇന്ന് ആർഎസ്‌എസ് നിലകൊള്ളുന്നു. ഇപ്പോൾ ശതാബ്ദി ആഘോഷിക്കുമ്പോൾ, അതിന്‍റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തക എന്നത് മൂല്യവത്തായിരിക്കും.
ഡൽഹിയിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംഘടനയുടെ സർവാശ്ലേഷിയായ ദർശനത്തെക്കുറിച്ച് ഓർമിപ്പിക്കുകയുണ്ടായി. "മതം എന്നത് വ്യക്തിഗതമായ ഒരു തെരഞ്ഞെടുപ്പാണ്; അതിൽ യാതൊരു പ്രലോഭനമോ ബലപ്രയോഗമോ ഉണ്ടാകരുത് ' എന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷത്തിനു പകരം ഐക്യത്തിലും, വിഭജനത്തിനു പകരം കൂട്ടായ ശക്തിയിലും, ഭൗതിക ക്ഷേമത്തിലുപരിയായി വ്യക്തി നിർമാണത്തിലും അടിയുറച്ചു മുന്നേറുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന സംഘത്തിന്‍റെ സ്ഥാപക തത്ത്വചിന്തയെ ഈ വീക്ഷണം പ്രതിധ്വനിപ്പിക്കുന്നു.
നിത്യ ശാഖകളിലൂടെയും സ്വയംസേവകർ നേതൃത്വം നൽകുന്ന സംരംഭങ്ങളിലൂടെയും രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തിൽ അച്ചടക്കം, ചെറുത്തുനിൽപ്പ്, ആത്മാഭിമാനം എന്നിവ വളർത്താനും, സേവനം പരമമായ ഉത്തരവാദിത്തമായി കാണുന്ന വ്യക്തികളെ രൂപപ്പെടുത്താനും ആർഎസ്‌എസ് എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്.
അതുകൊണ്ടു തന്നെ, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രനിർമാണത്തിൽ ആർഎസ്എസിന്‍റെ നൂറ്റാണ്ടുകാലത്തെ പ്രയത്നങ്ങളെ പ്രശംസിച്ചത് ഒട്ടും അതിശയോക്തിയല്ല. "ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടന' എന്ന് അതിനെ വിശേഷിപ്പിച്ച അദ്ദേഹം, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സ്വാധീനമുള്ള സാമൂഹിക- സാംസ്കാരിക പ്രസ്ഥാനങ്ങളിൽ ഒന്നായി ആർഎസ്എസ് എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്ന് ഓർമിപ്പിച്ചു.
വിഭജനത്തിന്‍റെ ദുരന്ത പശ്ചാത്തലത്തിലായിരുന്നു രാഷ്‌ട്രത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം. അത് വലിയ ആൾനാശത്തിന് കാരണമാവുകയും കോടിക്കണക്കിനാളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തു. ആ വൻ ദുരന്തത്തിനും കൂട്ടക്കൊലകൾക്കുമിടയിൽ, ഇരകളെ രക്ഷപ്പെടുത്തുകയും പുനരധിവസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സ്വയംസേവകർ അച്ചടക്കമുള്ള നിസ്വാർഥ ശക്തിയായി വേറിട്ടു നിന്നു. രണ്ടാമത്തെ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും മാർഗദർശനത്തിൽ ജനസമൂഹങ്ങളെ ഒരുമിപ്പിച്ചു, അഭയാർഥി ക്യാംപുകൾ സ്ഥാപിച്ചു, ഭക്ഷണവും വൈദ്യസഹായവും നൽകി, ദുർബല കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു, ആക്രമിക്കപ്പെട്ട വീടുകൾക്കായി പ്രതിരോധം സംഘടിപ്പിച്ചു.
ആർഎസ്എസിന്‍റെ പ്രവർത്തനങ്ങളുടെ ആഴം മനസിലാക്കിയ കോൺഗ്രസ് നേതാക്കൾ പോലും പഞ്ചാബിൽ സ്വന്തം കുടുംബാംഗങ്ങളെയും ജനസമൂഹങ്ങളെയും സംരക്ഷിക്കാൻ സംഘത്തിന്‍റെ സഹായം തേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. "ദി ട്രിബ്യൂൺ' അതിന്‍റെ ഒരു റിപ്പോർട്ടിൽ ആർഎസ്എസിനെ "പഞ്ചാബിന്‍റെ ഖഡ്ഗം ധരിച്ച കൈ' എന്നു വിശേഷിപ്പിച്ചതിൽ തെല്ലും അതിശയിക്കാനില്ല.
വിഭജനാനന്തരവും ഈ ഊർജം നിലനിന്നു. 1984ൽ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ആർഎസ്എസ് വീണ്ടും രക്ഷകരായി അവതരിച്ചു. സിഖ് സമൂഹത്തിന് അഭയവും സംരക്ഷണവും ആശ്വാസവും പകർന്നു. ഇന്ദിര ഗാന്ധിയുടെ വധത്തിനു മുമ്പും ശേഷവും ഹിന്ദു- സിഖ് ഐക്യം നിലനിർത്തുന്നതിൽ ആർഎസ്എസ് വഹിച്ച പങ്ക് നിർണായകമായിരുന്നു എന്ന് പ്രശസ്ത സാഹിത്യകാരൻ ഖുഷ്‌വന്ത് സിങ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
ആർഎസ്‌എസിനെ ഭൂരിപക്ഷ സംഘടനയെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്നത് അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണ്. സ്വാതന്ത്ര്യസമര കാലത്ത് ന്യൂനപക്ഷങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും സംരക്ഷിക്കാൻ ആർഎസ്‌എസ് മുൻകൈയെടുത്തു. 1947 മാർച്ചിൽ, മുസ്‌ലിം ലീഗിന്‍റെ പ്രേരണയാൽ ജനക്കൂട്ടം സുവർണ ക്ഷേത്രത്തിലേക്കു നീങ്ങിയപ്പോൾ, വാളുകളും ലാത്തികളുമായി സ്വയം സേവകർ അക്രമികളെ നേരിടുകയും പിൻവാങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു. മൂന്നുദിവസത്തിനു ശേഷം, സിഖുകാരുടെ പുണ്യ ദേവാലയത്തിനു നേരേ മറ്റൊരു സംഘടിത ആക്രമണമുണ്ടായപ്പോഴും സ്വയംസേവകർ മനുഷ്യ വലയം തീർത്ത് പ്രതിരോധം സൃഷ്ടിക്കുകയും മണിക്കൂറുകളോളം പോരാടുകയും അക്രമികളെ പിന്തിരിപ്പിക്കുകയും ഗുരുദ്വാര സംരക്ഷിക്കുകയും ചെയ്തു.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ ആർഎസ്‌എസ് വഹിച്ച പങ്കിനെക്കുറിച്ച് വളരെക്കുറച്ചു പേരേ കേട്ടിരിക്കാനിടയുള്ളൂ. കശ്മീർ, ഗോവ, ദാദ്ര, നാഗർ ഹവേലി എന്നീ പ്രദേശങ്ങളെയടക്കം സംയോജിപ്പിച്ച് ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ ആർഎസ്‌എസ് നിർണായക പങ്ക് വഹിച്ചു. പാക്കിസ്ഥാൻ പിന്തുണയുള്ള ഗോത്രവർഗ ആക്രമണകാരികൾ ജമ്മു കാശ്മീരിൽ കടന്നു കയറി പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ, ഇന്ത്യയുമായി കാശ്മീരിനെ ലയിപ്പിക്കുന്നതിനുള്ള തീരുമാനമെടുക്കാൻ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിങ്ങിനെ പ്രേരിപ്പിക്കാൻ സർദാർ വല്ലഭായ് പട്ടേൽ ഗുരുജിയുടെ സഹായം തേടി.
ഗുരുജി ശ്രീനഗറിലേക്കു പോവുകയും, ഉടനടി ഇന്ത്യൻ യൂണിയനിൽ ലയിക്കേണ്ടതിന്‍റെ തന്ത്രപരമായ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. 1947-48ലെ യുദ്ധത്തിൽ മിർപുർ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്ത അഭയാർഥികൾക്ക് അവശ്യസാധനങ്ങൾ, യാത്രാസൗകര്യം, ദുരിതാശ്വാസം എന്നിവ ഒരുക്കി സ്വയംസേവകർ സൈന്യത്തെ സഹായിച്ചു.
1954ൽ, ദാദ്ര, നാഗർ ഹവേലിയെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ സ്വയംസേവകർ നേതൃത്വം നൽകി. കെ.ആർ. മൽക്കാനിയുടെ "ദി ആർഎസ്എസ് സ്റ്റോറി' എന്ന പുസ്തകത്തിൽ പറയുന്നത്, ""1954 ഓഗസ്റ്റ് 2ന്, നാന കജ്രേക്കറുടെയും സുധീർ ഫാഡ്കെയുടെയും നേതൃത്വത്തിൽ ഏകദേശം 200 സ്വയംസേവകർ ദാദ്ര, നാഗർ ഹവേലിയെ പോർച്ചുഗീസ് നിയന്ത്രണത്തിൽ മോചിപ്പിപ്പിക്കുകയും റൈഫിളുകൾ, ബ്രെൻ ഗണ്ണുകൾ, സ്റ്റെൻ ഗണ്ണുകൾ എന്നിവയടക്കം സായുധരായ 175 പോർച്ചുഗീസ് സൈനികരെ തുരത്തുകയും ചെയ്തു'' എന്നാണ്. ഗോവയുടെ വിമോചനത്തിനായി ഒളിവിൽ പോരാടിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായും ആർഎസ്എസ് സഹകരിച്ചു പ്രവർത്തിച്ചു.
അങ്ങനെ, ഇന്ത്യയെയും അതിന്‍റെ ആത്മാവിനെയും ശക്തിപ്പെടുത്താൻ ആർഎസ്എസ് സാദാ പോരാടിയിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയെ സംരക്ഷിക്കാൻ കോടിക്കണക്കിന് ജനങ്ങളെ അണിനിരത്തി ചെറുത്തുനിൽപ്പിന്‍റെ നട്ടെല്ലായി സംഘം മാറി. 1976 ജനുവരിയിൽ പ്രസിദ്ധീകരിച്ച "ദി ഇക്കണോമിസ്റ്റ് ' പറയുന്നത്, ""അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പരിശീലനം സിദ്ധിച്ചതും സുസജ്ജരുമായ ഭൂരിഭാഗം അംഗങ്ങളും ജനസംഘത്തിൽ നിന്നും അതിന്‍റെ അനുബന്ധ സംഘടനയായ ആർഎസ്‌എസിൽ നിന്നുമാണ് വരുന്നത്, അവർ ഏകദേശം ഒരു കോടിയോളം വരു, അവരിൽ 6,000 മുഴുവൻ സമയ പ്രവർത്തകർ ഉൾപ്പെടെ 80,000 പേർ ജയിലിലാണ് '' എന്നുമാണ്. ജനങ്ങളും സ്ഥാപനങ്ങളും കുനിയാൻ പറയുമ്പോൾ ഇഴയാൻ തയാറായിരുന്ന ഒരു കാലത്ത്, ആർഎസ്എസ് സ്വേച്ഛാധിപത്യത്തിനെതിരേ പോരാടുകയും ജനാധിപത്യം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്തു.
ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം, ഗോത്ര വിഭാഗക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ഉന്നമനം സാധ്യമാക്കാനും ആർഎസ്‌എസ് സ്വയം സമർപ്പിച്ചിരിക്കുന്നു. 1952ൽ സ്ഥാപിതമായ അഖില ഭാരതീയ വനവാസി കല്യാൺ ആശ്രമം രാജ്യത്തെ ഏറ്റവും വലിയ ഗോത്ര ക്ഷേമ സംഘടനയാണ്. ഇന്ന് രാജ്യത്തെ 323 ജില്ലകളിലായി 52,000 ഗ്രാമങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, സാംസ്കാരിക പുനരുജ്ജീവനം എന്നിവ ലക്ഷ്യമിട്ടുള്ള 20,000ത്തിലധികം പദ്ധതികൾ ഇതിന്‍റെ ആഭ്യമുഖ്യത്തിൽ നടക്കുന്നു. അവരുടെ യഥാർഥ സ്വത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഗോത്ര വിഭാഗക്കാരെ ദേശീയ മുഖ്യധാരയിലേക്ക് ആനയിക്കുക, ഗോത്ര അഭിമാനത്തെ ശക്തിപ്പെടുത്തുകയും വിശാലമായ ഇന്ത്യൻ സ്വത്വവുമായി അവരെ സമന്വയിപ്പിക്കുകയും ചെയ്യുക എന്നതാണ് ആർഎസ്‌എസിന്‍റെ സമീപനം.
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ആർഎസ്‌എസിനെയും പലപ്പോഴും അന്യായമായി വിമർശിക്കാറുണ്ട്. ഗാന്ധിജിയും ആർഎസ്‌എസും തമ്മിൽ ചില വിഷയങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നതു ശരിയാണെങ്കിലും - കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നതു പോലെ - പരസ്പര ബന്ധത്തെ ശത്രുതയുടെയും മാത്സര്യത്തിന്‍റെയും അടിസ്ഥാനത്തിൽ ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. അഭിപ്രായ വ്യത്യാസങ്ങൾ പരസ്പര ബഹുമാനത്തിന് ഒരിക്കലും തടസമായിരുന്നില്ല. 1934ൽ ഗാന്ധിജി വാർധയിലെ ആർഎസ്‌എസ് ക്യാംപ് സന്ദർശിച്ചപ്പോൾ ഇക്കാര്യം വ്യക്തമായതാണ്. സംഘടനയുടെ "അച്ചടക്കം, അസ്പൃശ്യതയില്ലായ്മ, ലാളിത്യം' എന്നിവ അദ്ദേഹത്തെ ആകർഷിച്ചു. 1947 സെപ്റ്റംബർ 16ന്, വിഭജന കലാപത്തിനിടയിൽ, ഗാന്ധിജി ഡൽഹിയിൽ ഒരു ആർഎസ്‌എസ് യോഗത്തെ അഭിസംബോധന ചെയ്ത് അതിന്‍റെ സേവന മനോഭാവത്തെയും ത്യാഗത്തെയും പ്രശംസിച്ചു. 1948 ജനുവരി 30ന് മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ആദരസൂചകമായി എല്ലാ ആർഎസ്‌എസ് ശാഖകളും 13 ദിവസത്തേക്ക് നിർത്തിവച്ചു- സംഘ ചരിത്രത്തിൽ ശാഖകൾ നിർത്തിവച്ച ഒരേയൊരു സന്ദർഭമായിരുന്നു അത്.
സ്വാതന്ത്ര്യാനന്തര കൊളോണിയൽ മനോഭാവവും നയപരമായ പോരായ്മകളും കാരണം അന്യവത്കരണവും കലാപവും കൊണ്ട് കലുഷിതമായ ഒരു പ്രദേശമായിരുന്നു വടക്കുകിഴക്കൻ മേഖല. 1946ൽ ഗുവാഹത്തിയിൽ ആദ്യ ശാഖ സ്ഥാപിച്ചതു മുതൽ, ഈ മേഖലയെ ദേശീയ മുഖ്യധാരയിലേക്ക് ആനയിക്കുന്നതിൽ ആർഎസ്‌എസ് പരിവർത്തനാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്കൂളുകൾ, ആരോഗ്യ സംരക്ഷണ ക്യാംപുകൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സാമൂഹിക ശാക്തീകരണ സംരംഭങ്ങൾ എന്നിവയിലൂടെ വിശ്വാസം വളർത്തിയെടുക്കുകയും വ്യത്യസ്ത സമൂഹങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കുകയും ചെയ്തു.
ആർഎസ്‌എസ് നിസ്വാർഥ സേവനത്തിന്‍റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുമ്പോൾ, രാഷ്‌ട്രനിർമാണത്തിനായുള്ള അതിന്‍റെ സംഭാവന സ്ഥായിയും നിരന്തരം വികസിക്കുന്നതുമാണ്. കൊവിഡ്-19 മഹാമാരിക്കാലത്ത്, 2021 മെയ് മാസത്തിൽ, ഏറെക്കാലമായി പ്രവർത്തനരഹിതമായിരുന്ന കോലാറിലെ ബിജിഎംഎൽ ആശുപത്രി ഏകദേശം 300 സ്വയംസേവകർ ചേർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനസജ്ജമാക്കിയത് ഈ മനോഭാവത്തിന്‍റെ സമീപകാല ഉദാഹരണമാണ്. ഇതിലൂടെ അന്ന് നൂറുകണക്കിനു രോഗികൾക്ക് ആശ്വാസം പകരാനായി. നൂറു വർഷങ്ങൾക്കിപ്പുറവും, ഒരു നൂറ്റാണ്ട് മുമ്പ് വിഭാവനം ചെയ്തതു പോലെ ആർഎസ്‌എസ് അതിന്‍റെ പങ്ക് നിശബ്ദമായി എങ്ങനെ നിർവഹിക്കുന്നുവെന്ന് അത്തരം ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.