തരൂരിന്‍റെ ഭാവി എന്ന ചോദ്യചിഹ്നം..!
പ്രഗത്ഭനായ പാർലമെന്‍റേറിയനും നയതന്ത്രജ്ഞനും എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയുമായ തിരുവനന്തപുരം എംപി ഡോ. ശശി തരൂർ പലപ്പോഴും വിവാദങ്ങളിൽ ചെന്നു ചാടാറുണ്ട്. എന്നിട്ടും 2009 മുതൽ 2024 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അഭിമാനകരമായ വിജയമാണ് തിരുവനന്തപുരത്തുകാർ അദ്ദേഹത്തിന് നൽകിയത്.
അടുത്ത കാലത്ത് ഇന്ത്യയുടെ വിദേശ- പ്രതിരോധ നയം മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സർവകക്ഷി പാർലമെന്‍റ് അംഗങ്ങളുടെ വിവിധ ഡെലിഗേഷനുകളിൽ തരൂർ പ്രവർത്തിക്കുകയുണ്ടായി. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ തരൂർ പാർട്ടിയുടെ അനുവാദമില്ലാതെ മോദി സർക്കാരിനു വേണ്ടി വിദേശ രാജ്യങ്ങളിൽ ഇറങ്ങിയതും മികച്ച പ്രകടനം കാഴ്ചവച്ചതും കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലേക്ക് കോൺഗ്രസിനെ തള്ളിവിട്ടു.
2008 നവംബർ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു' എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായി. പലസ്തീൻ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ലേഖനം എന്ന ആരോപണം ഉയർന്നു. തുടർന്നു നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഈ ആരോപണം അദ്ദേഹത്തിനെതിരേ രാഷ്‌ട്രീയ എതിരാളികൾ വലിയ പ്രചരണായുധമായി മാറ്റി. എന്നാലും അദ്ദേഹം അഭിമാനകരമായ വിജയം നേടി.
അതേവർഷം ഡിസംബറിൽ എറണാകുളത്ത് ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെ.പി. ഹോർമിസ് അനുസ്മരണ പരിപാടിയിൽ ദേശീയഗാനം ആലപിക്കുമ്പോൾ അമെരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തുപിടിച്ചത് ദേശീയഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപണമായി മാറുകയും അതു കേസാവുകയും ചെയ്തു.
2009ൽ അദ്ദേഹം വിദേശകാര്യ സഹമന്ത്രിയായപ്പോൾ മൂന്നുമാസം ഔദ്യോഗിക വസതിക്കു പകരം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. വിവാദമായപ്പോൾ സോണിയ ഗാന്ധി ഇടപെടുകയും ഔദ്യോഗിക വസതിയിലേക്കു മാറുകയും ചെയ്തു.
അതേ മന്ത്രിസഭയിലിരിക്കുമ്പോൾ തന്നെയാണ് ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയ ഗാന്ധി വിമാനയാത്രാ ഇക്കണോമിയിലും രാഹുൽ ഗാന്ധി ട്രെയ്നിലും ആക്കിയത്. ഇതിനെക്കുറിച്ച് ചോദിച്ച റിപ്പോർട്ടറോട് ഇക്കോണമി ക്ലാസിനെ "കന്നുകാലി ക്ലാസ് ' എന്നാണ് തരൂർ വിശേഷിപ്പിച്ചത്. ഇതിൽ സോണിയ അദ്ദേഹത്തെ ശാസിക്കുകയുമുണ്ടായി.
2010ൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനൊപ്പം സൗദി അറേബ്യ സന്ദർശിച്ച അവസരത്തിൽ അവിടത്തെ ഇന്ത്യൻ അംബാസഡർ നൽകിയ വിരുന്നിൽ, ഇന്ത്യ- പാക് ചർച്ചകളിൽ സൗദി അറേബ്യയും പങ്കാളിയാവണമെന്ന് സർക്കാരിന്‍റെ അനുമതിയില്ലാതെ തരൂർ പ്രസ്താവനയിറക്കിയും ഗുലുമാലായി.
കൊച്ചി ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ ഇടപെടലുകൾ ഇന്ത്യൻ രാഷ്‌ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വിവാദമുണ്ടാക്കിയതിനെ തുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. കോമൺവെൽത്ത് ഗെയിംസിന്‍റെ മറവിൽ വൻ തുക കൈപ്പറ്റിയതായും അക്കാലത്ത് ആക്ഷേപമുയർന്നിരുന്നു.
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പല സന്ദർഭങ്ങളിലും പാർലമെന്‍റിനകത്തും പുറത്തും തരൂർ സംസാരിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ബിഹാറിലെ നളന്ദ സർവകലാശാലയുടെ വികസനത്തിൽ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങളെ അനുമോദിക്കുകയുണ്ടായി. രാജ്‌ഗിറിൽ നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഈ അഭിനന്ദനം. മാത്രവുമല്ല, ബിഹാറിലെ സമഗ്രമായ റോഡ്- വൈദ്യുതി- കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും ക്രമസമാധാന നിലയിലുണ്ടായ പുരോഗതിയിലും ബിജെപി- ജെഡിയു സഖ്യ സർക്കാരിന്‍റെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ പ്രശംസിക്കുകയും ചെയ്തു.
കോൺഗ്രസ് അധ്യക്ഷനാകാൻ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും പിന്നീടു സമുന്നത സമിതിയായ വർക്കിങ് കമ്മറ്റിയിൽ അംഗമായ ശശി തരൂർ പാർട്ടിക്ക് ആവശ്യത്തിലധികം തലവേദനയുണ്ടാക്കുന്നു എന്നത് എടുത്തു പറയാൻ ജോത്സ്യൻ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ അദ്ദേഹത്തിന്‍റെ പോക്ക് കാണുമ്പോൾ ഒന്നുകിൽ കോൺഗ്രസിനു പുറത്ത്, അല്ലെങ്കിൽ ബിജെപിക്കകത്ത് എന്നു പറയേണ്ടി വരുന്നു. കോൺഗ്രസ് പുറത്താക്കുമോ, അതോ തരൂർ സ്വയം പുറത്തുപോകുമോ എന്നേ അറിയാനുള്ളൂ. പുറത്തിറങ്ങിയാൽ ബിജെപി സ്വീകരിക്കുമോ, സ്വീകരിച്ചാൽ ഏതു കസേര കൊടുക്കും എന്നതും കൗതുകമുണർത്തുന്ന ചോദ്യം തന്നെ.