സ്ഥൂല സാമ്പത്തിക പരിവർത്തനവും ഗ്രാമീണ തൊഴിൽ സൃഷ്ടിയും

 

representative image

Special Story

സ്ഥൂല സാമ്പത്തിക പരിവർത്തനവും ഗ്രാമീണ തൊഴിൽ സൃഷ്ടിയും

സ്ഥൂല സാമ്പത്തിക വീക്ഷണത്തിൽ, വേതന- തൊഴിൽ പദ്ധതികൾ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിൽ ദീർഘകാലമായി നിർണായക പങ്ക് വഹിച്ചു പോരുന്നു

MV Desk

പ്രൊഫ. ജ്യോതിസ് സത്യപാലൻ

ദീർഘകാലീനമായ സാമൂഹിക, സാമ്പത്തിക ക്ലേശങ്ങൾ, പരിമിതമായ കാർഷികേതര തൊഴിലവസരങ്ങൾ, ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ മുഖമുദ്രയായിരുന്ന കാലത്താണു മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ, രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം സ്ഥൂല സാമ്പത്തിക സാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം കുറഞ്ഞു. ഗ്രാമീണ കണക്റ്റിവിറ്റിയും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. എന്നിരുന്നാലും, തൊഴിലവസരങ്ങൾക്കായുള്ള പൊതു ആവശ്യകത ഇപ്പോഴും നിലനിൽക്കുന്നു. ഇത് കേവലമായ ദാരിദ്ര്യത്തേക്കാൾ ഉപജീവന മാർഗങ്ങളിലെ അസ്ഥിരത, കാലാവസ്ഥാ അനിശ്ചിതത്വം, അസന്തുലിതമായ പ്രാദേശിക വികസനം എന്നിവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയിൽ നിന്നു പിന്മാറുകയല്ല, മറിച്ച് അതിനെ നവീകരിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടു കൊണ്ടുപോകാനുതകുന്ന പരിഷ്കരണത്തിന്‍റെ ആവശ്യകതയിലേക്കാണ് മാറിയ കാലത്തെ യാഥാർഥ്യം വിരൽ ചൂണ്ടുന്നത്.

സ്ഥൂല സാമ്പത്തിക വീക്ഷണത്തിൽ, വേതന- തൊഴിൽ പദ്ധതികൾ ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിൽ ദീർഘകാലമായി നിർണായക പങ്ക് വഹിച്ചു പോരുന്നു. ഇത്തരം പദ്ധതികൾ മാന്ദ്യകാലങ്ങളിൽ ഉപഭോഗം വർധിപ്പിക്കുകയും, ദുരിതബാധിതരുടെ കുടിയേറ്റം നിയന്ത്രിക്കുകയും, സീസണൽ തൊഴിലുകൾക്ക് പ്രാധാന്യമുള്ള പ്രദേശങ്ങളിൽ ആവശ്യകതയെ പിന്തുണയ്ക്കുകയും ചെയ്യും. മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) കാർഷിക മേഖലയുടെ പങ്കിൽ കുറവു വന്നിട്ടുണ്ടെങ്കിലും, വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ മേഖല ഇപ്പോഴും തൊഴിൽ നൽകിവരുന്നു; എന്നാൽ, ഗ്രാമീണ കാർഷികേതര തൊഴിൽ സൃഷ്ടിയാകട്ടെ ദീർഘകാലീനവും വിശ്വാസയോഗ്യവുമായ ബദലുകൾ പ്രദാനം ചെയ്യും വിധം ദ്രുതഗതിയിൽ വികാസം പ്രാപിക്കുന്നില്ല. ഘടനാപരമായ ഈ അസന്തുലിതാവസ്ഥയാണു സർക്കാരിന്‍റെ തൊഴിൽദാന പദ്ധതികൾ ഇന്നും പ്രസക്തമായി തുടരാനുള്ള അടിസ്ഥാന കാരണം. ഈ പശ്ചാത്തലത്തിലാണ് വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ- 2025 ഗ്രാമീണ തൊഴിലിനെ വിശാലമായ സ്ഥൂല സാമ്പത്തിക ചട്ടക്കൂടിനുള്ളിൽ സമന്വയിപ്പിക്കാൻ ശ്രമിക്കുന്നത്.

ക്ഷേമത്തിനായി ചെലവഴിക്കുക എന്ന പരിമിത സമീപനത്തിൽ നിന്നു മാറി, 2047ൽ "വികസിത ഭാരതം' സാക്ഷാത്ക്കരിക്കുക എന്ന ദീർഘകാല വളർച്ചാ ദർശനം സാക്ഷാത്കരിക്കുന്നതിന് അനുഗുണമായ രീതിയിൽ, ഉപജീവന സുരക്ഷയെ ഉത്പാദനക്ഷമത, ആസ്തി സൃഷ്ടി, അടക്കമുള്ള വിവിധ പദ്ധതികളുമായി സമന്വയിപ്പിച്ച ബിൽ ലക്ഷ്യമിടുന്നു.

ഗ്രാമീണ തൊഴിലുറപ്പിനുള്ള ആവശ്യകത കുറഞ്ഞിട്ടില്ല. രണ്ട് പതിറ്റാണ്ടു കാലത്തെ അനുഭവത്തിലൂടെ ഇതു വെളിവായിട്ടുണ്ട്. അതിദാരിദ്ര്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഗ്രാമീണ കുടുംബങ്ങളിൽ വലിയൊരു വിഭാഗം ഇന്നും കാലാവസ്ഥാ ആഘാതങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നു. മഴയെ ആശ്രയിച്ചു നിലനിൽക്കുന്ന പ്രദേശങ്ങൾ, ഗോത്ര മേഖലകൾ, വരൾച്ചാ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതു തൊഴിലിനുള്ള ആവശ്യകത തുടരുന്നത്, അതിദാരിദ്ര്യത്തേക്കാൾ ഉപരി വരുമാനത്തിലെ അസമത്വത്തെയും ഉപജീവനത്തിലെ അസ്ഥിരതയെയും പ്രതിഫലിപ്പിക്കുന്നു.

ഒരു കുടുംബത്തിന് വർഷം 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന നിയമം നിലവിലുണ്ടെങ്കിലും, മിക്ക വർഷങ്ങളിലും യഥാർഥത്തിൽ ലഭിക്കുന്ന ശരാശരി തൊഴിൽ ദിനങ്ങൾ ഇതിലും താഴെയാണ്. ഇത് ഒരു ഓട്ടോമാറ്റിക് സ്റ്റെബിലൈസർ എന്ന നിലയിലുള്ള പൊതു തൊഴിലിന്‍റെ പങ്കിനെ ദുർബലപ്പെടുത്തുന്നു, മാന്ദ്യകാലത്ത് ഗ്രാമീണ ആവശ്യകതയെ പിന്തുണയ്ക്കാനുള്ള അതിന്‍റെ ശേഷി പരിമിതപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ, ഒരു കുടുംബത്തിന് ഉറപ്പുനൽകുന്ന തൊഴിൽദിനങ്ങൾ 100ൽ നിന്ന് 125ലേക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തെ നിർണായകമായ സ്ഥൂല സാമ്പത്തിക ഇടപെടലായി തന്നെ കാണണം. ഇത് ദുർബല വിഭാഗങ്ങളിലെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വരുമാനത്തിലെ പ്രവചനക്ഷമത വർധിപ്പിക്കും, പൊതു ചെലവിന്‍റെ പ്രതി- ചാക്രിക (Counter- cyclical) വിവിഹിതം ശക്തിപ്പെടുത്തും. കാലാവസ്ഥാ സമ്മർദങ്ങളോ കാർഷിക പ്രശ്നങ്ങളോ ഉണ്ടാകുന്ന ഘട്ടങ്ങളിൽ, ഉപഭോഗം നിലനിർത്താനും പ്രാദേശിക സമ്പദ്‌ വ്യവസ്ഥകളിലെ മാന്ദ്യം പരിമിതപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കും.

ആസ്തി സൃഷ്ടിയ്ക്കായി വിനിയോഗിക്കുമ്പോൾ ഗ്രാമീണ തൊഴിലവസരങ്ങൾ ദീർഘകാലീനവും ബഹുഗുണീകൃതവുമായ ഫലങ്ങൾ ഉളവാക്കുന്നു എന്നതാണ് മുൻകാല അനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന പ്രധാന സാമ്പത്തിക പാഠം. കാലാന്തരത്തിൽ ജലസംരക്ഷണം, ഭൂവികസനം, പ്രകൃതിവിഭവ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിൽ, മെച്ചപ്പെട്ട വിളവ്, സ്ഥിരതതയാർന്ന ഭൂഗർഭ ജലനിരപ്പ്, വരൾച്ചയ്‌ക്കെതിരായ പ്രതിരോധ ശേഷി എന്നിവ ഉൾപ്പെടെ ഗണ്യമായ നേട്ടങ്ങൾ ഇത് പ്രദാനം ചെയ്യുന്നു.

പുതിയ ചട്ടക്കൂട് ജല സുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനബന്ധിത ആസ്തികൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇടപെടലുകൾ എന്നിവയെ തൊഴിൽ ആസൂത്രണത്തിന്‍റെ കേന്ദ്രബിന്ദുവാക്കുന്നു. പ്രധാനമായും വരുമാനച്ചെലവ് എന്ന നിലയിൽ വീക്ഷിക്കപ്പെടുന്ന തൊഴിൽ ചെലവുകളെ വികേന്ദ്രീകൃത പൊതു നിക്ഷേപമായി അംഗീകരിക്കുന്നതിലേക്കുള്ള പരിവർത്തനമാണിത്. ഇത് പൊതു ചെലവിന്‍റെ ഉത്പാദന മൂല്യം വർധിപ്പിക്കുകയും ഇടത്തരം വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദുർബല പ്രദേശങ്ങളിൽ ആവർത്തിച്ചുള്ള ദുരിതാശ്വാസ ചെലവുകൾ കുറയുന്നതിനാൽ ആസ്തി കേന്ദ്രീകൃത തൊഴിൽ ഭാവിയിലെ സാമ്പത്തിക സമ്മർദങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. ഈ അർഥത്തിൽ, ബിൽ ഹ്രസ്വകാല വരുമാന പിന്തുണയെ ദീർഘകാല ഉത്പാദനക്ഷമതയാക്കി മാറ്റുന്നു.

വികേന്ദ്രീകൃത ആസൂത്രണമായിരുന്നു മുൻകാല നടത്തിപ്പിലെ മറ്റൊരു പ്രധാന പരിമിതി. ഒറ്റപ്പെട്ടതും പദ്ധതി-നിർദിഷ്ടവുമായ പ്രവൃത്തികൾ പരിമിതവും ദുർബലവുമായ ആസ്തികൾ മാത്രമാണു സൃഷ്ടിച്ചത്. വികസിത ഗ്രാമ പഞ്ചായത്ത് പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ തൊഴിൽ പ്രവർത്തനങ്ങളെ സംയോജിത, ഗ്രാമതല വികസന പദ്ധതികളിൽ ഉൾപ്പെടുത്തി ഇതു പരിഹരിക്കുന്നു. സ്‌പെഷ്യൽ ടൂളുകൾ ഉപയോഗിച്ച് തയാറാക്കുകയും ദേശീയ ആസൂത്രണ പ്ലാറ്റ്‌ഫോമുകളുമായി സമന്വയിപ്പിക്കുകയും ചെയ്ത ഈ പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ, ജല സംരക്ഷണം, ഭവന നിർമാണം, ഉപജീവന മാർഗങ്ങൾ എന്നീ മേഖലകളിൽ മികച്ച ഏകോപനം സാധ്യമാക്കുന്നു. പ്രവൃത്തികളെ ഏകീകൃത ഗ്രാമീണ അടിസ്ഥാന സൗകര്യ ചട്ടക്കൂടിനുള്ളിൽ സമന്വയിപ്പിക്കുന്നത് ഇരട്ടിപ്പ് ഒഴിവാക്കും. പൊതു നിക്ഷേപത്തിന്‍റെ കാര്യക്ഷമത ഗണ്യമായി ഉയർത്തും. അതിലൂടെ ഗ്രാമീണ തൊഴിലിനെ വിശാലമായ ഗ്രാമീണ വികസന പ്രക്രിയയിൽ സന്നിവേശിപ്പിക്കുന്നു.

ഒപ്പം, വിത്തു വിതയും വിളവെടുപ്പും കൂടുതലായി നടക്കുന്ന സീസണുകളിൽ 60 ദിവസം വരെ പൊതു തൊഴിലുകൾ (തൊഴിലുറപ്പ്) താത്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന വ്യവസ്ഥ തൊഴിൽ- വിപണി ആഘാതങ്ങൾ കൈകാര്യം ചെയ്യാൻ സഹായകമാണ്. ആ ഘട്ടങ്ങളിൽ കാർഷികത്തൊഴിലാളികളുടെ ആവശ്യകത ഉയരുകയും വിപണി വേതനങ്ങളിൽ വർധന ഉണ്ടാകുകയും ചെയ്യുന്നു. പൊതു തൊഴിലുകൾ തുടരുന്നത് തൊഴിലാളികളുടെ ലഭ്യത കുറയ്ക്കും, കർഷകരുടെ ചെലവുകൾ വർധിപ്പിക്കും, കാർഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. സമയബന്ധിതവും പ്രാദേശികവുമായ സാഹചര്യങ്ങൾ പരിഗണിച്ചു നടപ്പാക്കുന്ന ഇത്തരം താത്കാലിക നിർത്തിവയ്ക്കലുകൾ പൊതു തൊഴിൽ പദ്ധതികൾ കാർഷിക പ്രവർത്തനങ്ങൾക്കു തടസമാകുന്നത് ഒഴിവാക്കാൻ സഹായിക്കും. വാർഷിക തൊഴിലുറപ്പു ദിവസങ്ങൾ ഉയർത്തിയതിലൂടെ, സീസണൽ ഇടവേളകളിലെ താത്കാലികമായ കുറവ് നികത്താൻ സഹായിക്കും. ഫലപ്രദമായ ആസൂത്രണം മുൻകൂട്ടി നടത്തുകയാണെങ്കിൽ, മൊത്തത്തിലുള്ള തൊഴിൽ ലഭ്യത കുറയാതെ തന്നെ കുറഞ്ഞ ആവശ്യകതയുള്ള ഘട്ടങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കും. ഇതിലൂടെ കാർഷിക ഉത്പാദനക്ഷമതയും ഗ്രാമീണ വേതന വരുമാനവും ഒരേസമയം പിന്തുണയ്ക്കപ്പെടുന്നു.

സാമ്പത്തിക പ്രവചനാത്മകത ശക്തിപ്പെടുത്താൻ സാധാരണ വിഹിതങ്ങളുടെ ഒരു സംവിധാനമാണ് ബിൽ അവതരിപ്പിക്കുന്നത്. നിയമാധിഷ്ഠിതമായ ഈ വിഹിതങ്ങൾ സംസ്ഥാനങ്ങൾക്ക് ഇടത്തരം സാമ്പത്തിക ചട്ടക്കൂടുകളുടെ പരിധിയിൽ തൊഴിൽ ചെലവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ അവസരമൊരുക്കുകയും, വൈകിയ റീഇംബേഴ്‌സ്‌മെന്‍റുകൾ, പ്രതികരണാത്മക ബജറ്റിങ് (Reactive budgeting) തുടങ്ങിയ ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തുല്യമായ ധനകാര്യ ഉത്തരവാദിത്തം മികച്ച ആസ്തി തെരഞ്ഞെടുപ്പിനെയും ദീർഘകാല പരിപാലനത്തെയും പ്രോത്സാഹിപ്പിക്കും, ചെലവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തും. സുതാര്യവും വസ്തുനിഷ്ഠവുമായ വിഹിത മാനദണ്ഡങ്ങൾ, സമയബന്ധിതമായ ഫണ്ട് വിതരണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കായി സംയുക്ത സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിഹിതം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ അനിവാര്യമാണ്. ഡിജിറ്റൽ നിരീക്ഷണം, പൊതുവായ വിവര വിനിമയം, ശാക്തീകരിച്ച സാമൂഹിക ഓഡിറ്റുകൾ എന്നിവയ്ക്കു ബിൽ നൽകുന്ന ഊന്നൽ ചെലവിലെ അച്ചടക്കം ശക്തിപ്പെടുത്തുന്നതിനൊപ്പം വിതരണ സംവിധാനങ്ങളിലെ വിശ്വാസം പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

തൊഴിലുറപ്പിലൂടെ വിഭാവനം ചെയ്യുന്ന അടിസ്ഥാന അവകാശങ്ങളെ ബിൽ നിലനിർത്തുന്നു. ഇത് നിർണായകമാണ്. പ്രഖ്യാപിത വേതനവും തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഉറപ്പാക്കുന്ന തൊഴിലില്ലായ്മ വേതനവും ഇതിൽ ഉൾപ്പെടുന്നു. വിഭാവനം ചെയ്തിരിക്കുന്ന ചട്ടക്കൂടിനുള്ളിൽ മാത്രമേ ഈ അവകാശങ്ങൾ ലഭ്യമാകൂ. കാലാവസ്ഥാബന്ധിതമായ അപകട സാധ്യതകൾ, അസന്തുലിതമായ പ്രാദേശിക വളർച്ച, തൊഴിൽ വിപണി പരിമിതികൾ എന്നിവയാൽ രൂപപ്പെടുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ, പൊതു തൊഴിൽ ഒരു അനിവാര്യ സ്ഥൂല സാമ്പത്തിക ഉപാധിയായി തുടരുന്നു. അവകാശങ്ങൾ വിപുലമാക്കുന്നതിലൂടെയും, ആസൂത്രണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും, ആസ്തി നിലവാരവും സാമ്പത്തിക അച്ചടക്കവും ശക്തിപ്പെടുത്തുന്നതിലൂടെയും ഗ്രാമീണ തൊഴിൽ മേഖലയെ നവീകരിക്കാൻ പുതിയ ചട്ടക്കൂട് ശ്രമിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സ്ഥൂല സാമ്പത്തിക ഭൂമികയിൽ, ഈ പരിഷ്കാരം മുൻകാല അനുഭവങ്ങളിൽ നിന്നാണു പാഠം ഉൾക്കൊള്ളുന്നത്. ഇത് പിന്മാറ്റമല്ല, മറിച്ച് സമഗ്രവും കാലികവുമായ നവീകരണമാണ്.

(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡവലപ്‌മെന്‍റ് ആൻഡ് പഞ്ചായത്തീരാജ് പ്രൊഫസറാണ് ലേഖകൻ)

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി