മതിവരാതെ... മഹാപൂരം...
എം.എ. ഷാജി
തൃശൂര്‍: കാണുതെല്ലാം ഗജസൗന്ദര്യം. കേൾക്കുന്നതെല്ലാം നാദ പ്രപഞ്ചം. കത്തുന്ന മേട വെയിലിലും ഒഴുകിയെത്തിയ ജനലക്ഷങ്ങൾക്ക് കണ്ണിനും കാതിനും ഇമ്പം പകർന്ന് മഹാപൂരം. മതിവരാത്ത വിസ്മയക്കാഴ്ചകളുടെ നിറച്ചാർത്ത് നൽകി വീണ്ടും പൂരം.
ചൊവ്വാഴ്ച രാവിലെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നെള്ളിയതോടെയാണ് 30 മണിക്കൂര്‍ ഇടവേളയില്ലാതെ തുടരുന്ന പൂരങ്ങളുടെ പൂരത്തിന് തുടക്കം. തുടർന്ന് ചെമ്പൂക്കാവ് ഭഗവതിയും പനമുക്കുംപിള്ളി ശാസ്താവും കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും ഊഴമനുസരിച്ച് വടക്കുന്നാഥനെ പ്രണമിക്കാനെത്തിയതോടെ നഗരം പൂരലഹരിയിലായി.
ബ്രഹ്മസ്വം മഠത്തിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് രാവിലെ ഏഴിന് തുടങ്ങി. നടുവിൽ മഠത്തിലെ ഇറക്കിപ്പൂജയ്ക്കു ശേഷം 11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം. തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. നായ്‌ക്കനാലില്‍ പഞ്ചവാദ്യം കലാശിച്ചപ്പോൾ ചേരാനെല്ലൂർ ശങ്കരൻകുട്ടൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം.
ഉച്ചയ്ക്ക് 12ന് ചെമ്പടയും നടപ്പാണ്ടിയും അകമ്പടിയാക്കി പാറമേക്കാവിലമ്മ പുറപ്പെട്ടു. ഗുരുവായൂർ നന്ദൻ തിടമ്പേറ്റി. എഴുന്നെള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിച്ചുവട്ടിലെത്തിയപ്പോൾ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ ഇലഞ്ഞിത്തറ മേളം. 4.30നു മേളം കലാശിച്ചു. പാറമേക്കാവ് ഭഗവതി ആദ്യം തെക്കേ ഗോപുരനടയിലൂടെ പുറത്തേക്കിറങ്ങി. പിന്നാലെ തിരുവമ്പാടി ഭഗവതിയും... പിന്നെ മുഖാമുഖം നിന്ന് കുടമാറ്റം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തും സ്വരാജ് റൗണ്ടിലുമായി തിങ്ങി നിറഞ്ഞിരുന്ന പുരുഷാരം ഹർഷാരവം മുഴക്കി. രാത്രിയിലും പൂരങ്ങളുടെ തനിയാവര്‍ത്തനം. പാറമേക്കാവിന്‍റെ രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥനും തിരുവമ്പാടിയുടെ രാത്രി പൂരത്തിന് കുട്ടൻകുളങ്ങര അർജുനനും തിടമ്പേറ്റി. ഇന്ന് പകല്‍പ്പൂരത്തിന് ശേഷം വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇനി അടുത്ത പൂരത്തിനുള്ള കാത്തിരിപ്പ്.