ശിവഗിരി തീർഥാടനം
FILE PHOTO
സച്ചിദാനന്ദ സ്വാമി
പ്രസിഡന്‍റ്,
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്
ശ്രീനാരായണ ഗുരുദേവന്‍ സമ്പൂര്‍ണം ഒരു അധ്യാത്മ ഗുരുവാണ്. മഹാഗുരുവിനെ ചിലര്‍ സാമൂഹിക വിപ്ലവകാരിയായും സമുദായ ഗുരുവായും ചിത്രീകരിക്കുന്നത് അജ്ഞത കൊണ്ടാണ്. ഗുരുദേവനെ ഭാരതം ലോകത്തിന് സംഭാവന ചെയ്ത അദ്വൈതാചാര്യനായി കാണാന്‍ ഇനിയും കേരളീയര്‍ പഠിക്കേണ്ടിയിരിക്കുന്നു. ശിവഗിരിയിലെത്തിച്ചേരുന്ന ജനലക്ഷങ്ങള്‍ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിനെ കാണാന്‍ വരുന്നതല്ല, ഈശ്വര സത്യത്തെ സാക്ഷാത്കരിച്ച ബ്രഹ്മനിഷ്ഠനായ ലോക ഗുരുവിന്‍റെ അനുഗ്രഹം തേടിയാണ്.
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടനങ്ങളിലൊന്നായി ശിവഗിരി തീർഥാടനം മാറിക്കഴിഞ്ഞിരിക്കുന്നു. ശ്രീനാരായണ ഭക്തജനങ്ങള്‍ തങ്ങളുടെ ആത്മീയ തലസ്ഥാനം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിന്‍റെ പുണ്യദിനങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നു. 93ാമത് തീർഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ചതാണെങ്കിലും അത് പൂര്‍ണാഭയോടെ ശോഭിക്കുന്നത് 30 മുതല്‍ ജനുവരി ഒന്നു വരെയാണ്.
കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ ശിവഗിരി തീർഥാടനത്തിന് അനുവാദം വാങ്ങുമ്പോള്‍ ഭക്തജനങ്ങള്‍ ഒരു കാര്യം കൂടി ഗുരുദേവനോട് അഭ്യർഥിച്ചു. "ഞങ്ങള്‍ ശിവഗിരിയിലെത്തുമ്പോള്‍ ഗുരുദേവന്‍ അവിടെ ഉണ്ടാകണം'. അതിന് ഗുരു "എന്നും' എന്നു പ്രവചിക്കുകയുണ്ടായി. ഭക്തര്‍ വീണ്ടും "എന്നും' എന്ന് അർഥിച്ചപ്പോള്‍ "എന്നുമോ? ശരീര വേര്‍പാട് മഹാസമാധി സംഭവിക്കില്ലേ' എന്ന അർഥത്തില്‍ മൊഴിഞ്ഞപ്പോള്‍ "അതേ ഗുരോ, എന്നും' എന്നായിരുന്നു ഭക്തരുടെ അർഥന. അതിന് ഗുരുദേവന്‍ "കൊള്ളാം ഇങ്ങനെയെല്ലാം ഉത്സാഹിക്കണ'മെന്ന് അരുളിച്ചെയ്തു.
അകവും പുറവും ഇല്ലാതെ പ്രകാശിക്കുന്ന പരംപൊരുളാണെങ്കിലും തൃപ്പാദങ്ങളുടെ മഹാസമാധി സ്ഥാനം അവിടുത്തെ നിത്യവാസ സ്ഥാനം എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. തീർഥാടകര്‍ ശിവഗിരിയില്‍ എത്തുമ്പോള്‍ അവര്‍ മഹാഗുരുവിന്‍റെ പ്രത്യക്ഷ സാന്നിധ്യം അനുഭവിച്ചറിയുന്നു. 31ന് രാവിലെ 5ന് തീർഥാടക ഘോഷയാത്ര ആരംഭിക്കുമ്പോള്‍ ഇതാ ഭഗവാന്‍ എഴുന്നെള്ളുന്നു എന്ന് ആര്‍ക്കും അനുഭവവേദ്യമാകും.
ഗുരുദേവന്‍ സശരീരനായിരുന്നപ്പോള്‍ "ഗുരുവല്ലോ പരദൈവം' എന്ന് കുമാരനാശാനും, "ദൈവം മൂര്‍ത്തിയായിരിക്കുന്നു'വെന്ന് ശിവലിംഗ സ്വാമിയും "ഈശ്വരചൈതന്യം തുളുമ്പുന്ന മുഖം' എന്ന് രവീന്ദ്രനാഥ ടാഗോറും, "പുണ്യാത്മാവായ ശ്രീനാരായണ ഗുരു സ്വാമികള്‍' എന്ന് മഹാത്മാ ഗാന്ധിയും "ഇന്ത്യയിലെ അവതാര പുരുഷന്മാരിലൊരാള്‍" എന്ന് ആചാര്യ വിനോബാജിയും "കലിയുഗത്തിലെ അവതാര പുരുഷ'നെന്നു മന്നത്ത് പദ്മനാഭനും, "ജ്ഞാനത്തില്‍ ശങ്കരനും സ്നേഹത്തില്‍ ക്രിസ്തുവും സാഹോദര്യത്തില്‍ നബിയും അഹിംസയില്‍ ബുദ്ധനും യോഗത്തില്‍ പതഞ്ജലിയും ഭരണ നൈപുണ്യത്തില്‍ മനുവുമായ ശ്രീനാരായണ ഗുരു' (ഈ ഗുരുക്കന്മാരുടെയെല്ലാം മൂര്‍ത്തിമദ്ഭാവം) എന്ന് തിയോസഫിക്കല്‍ സൊസൈറ്റിയും ഗുരുദേവനെ വിലയിരുത്തിയിട്ടുണ്ട്.
ഗുരുദേവനെ ഈശ്വരനായി ആരാധിക്കണമെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. യേശുക്രിസ്തുവിനെ എപ്രകാരം ദൈവപുത്രനായി ദൈവമായി ആരാധിക്കുന്നുവോ അതുപോലെ ഗുരുദേവനും ആരാധ്യനാണ്. ഗുരുദേവനെ കേരളത്തില്‍ ജനിച്ച അല്ലെങ്കില്‍ ഭാരതത്തില്‍ ജനിച്ച സാധാരണ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ കൂടെയാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും അദ്ദേഹം വിശ്വഗുരുവാണ്. അദ്വൈതിയാണ്, വേദാന്തിയാണ്. വേദാന്തദര്‍ശന പ്രകാരമാണ് ഗുരുദേവനെ വായിച്ചറിയേണ്ടത്. ശിവഗിരി തീർഥാടനം അദ്വൈതിയായ ലോകാചാര്യന്‍റെ ലോകസംഗ്രഹ പ്രവര്‍ത്തനങ്ങളുടെ ഉരകല്ലാണ്.
ഒരു മഹാത്മാവിനെ വിലയിരുത്തേണ്ടത് പ്രധാനമായും അദ്ദേഹം അനുവര്‍ത്തിച്ച ജീവിതം കൊണ്ടും തത്വദര്‍ശനം കൊണ്ടുമാണ്. കേവലം "അക്കാഡമിക്ക് എജ്യുക്കേഷ'നിലൂടെ ആധ്യാത്മിക ഗുരുക്കന്മാരെ വിലയിരുത്താനാവില്ല. ഭൗതികവാദമെന്ന മാനിയ രോഗം പിടിപെട്ടവര്‍ക്ക് ശ്രീനാരായണ സ്വരൂപം കണ്ടെത്താന്‍ ഏറെ വിഷമിക്കേണ്ടി വരും. ആദ്യമായി അറിയേണ്ടത് "ശ്രീനാരായണ ഗുരു' എങ്ങനെ ഉണ്ടായി എന്നാണ്. ചെമ്പഴന്തിയില്‍ വന്നു പിറന്നത് നാരായണനാണ്.
തപസാണ് ഗുരുക്കന്മാരെ സൃഷ്ടിക്കുന്നത് എന്നറിയണം. തപസിലൂടെ സിദ്ധാർഥന്‍ ശ്രീബുദ്ധനായി, യേശുദേവൻ ക്രിസ്തുവായി, മുഹമ്മദ് നബിയായി, ശങ്കരന്‍ ആദി ശങ്കരാചാര്യരായി, ഗംഗാധരന്‍ ശ്രീരാമകൃഷ്ണനായി. അതുപോലെ ചെമ്പഴന്തിയിലെ നാരായണന്‍ ശ്രീനാരായണ ഗുരുവായി. ഈശ്വരാനുഭൂതിയില്‍ ലയിച്ച ഗുരുദേവന്‍ ഈശ്വരന്‍ തന്നെയായിരിക്കുന്നു. ഗുരുദേവന്‍റെ പാരമ്പര്യം മേല്‍പ്പറഞ്ഞ ഗുരുക്കന്മാരുടെ പാരമ്പര്യമാണ്.
ഒരു ക്രൈസ്തവന്‍ യേശു ക്രിസ്തുവിനെ ആരാധിക്കുന്നതു പോലെയാണ് ശ്രീനാരായണീയര്‍ ഗുരുദേവനെ ദൈവമായി ആരാധിക്കുന്നത്. ചെമ്പഴന്തിയിലെ നാരായണന്‍ മരുത്വാമലയിലും മറ്റും ചെയ്ത തപസിലൂടെ നാരായണ ഗുരുവായി, ശ്രീനാരായണ പരമഹംസനായി. അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മനിഷ്ഠനായി, പരബ്രഹ്മ സ്വരൂപിയായി, പരമ ദൈവമായി. ഭാരതീയ സംസ്കാരത്തെ പശ്ചാത്തലമാക്കിയാണ് ശ്രീനാരായണ ഗുരു വിശ്വദര്‍ശനം ചമച്ചത്.
ഗുരു വേദത്തെ- ശ്രുതിയെ അംഗീകരിച്ച വേദാന്തിയായിരുന്നു, അദ്വൈതിയായിരുന്നു. "ഉപനിഷദുക്തി രഹസ്യമോര്‍ത്തിടേണം' എന്ന് ഗുരു ഉപദേശിച്ചു. ഒരു ഉപനിഷദ് സൂക്തം ഉദ്ധരിക്കാം: "ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി'- ബ്രഹ്മത്തെ, ഈശ്വരനെ അറിഞ്ഞയാള്‍ ബ്രഹ്മം തന്നെ - ഈശ്വരന്‍ തന്നെയാകുന്നു. ബ്രഹ്മജ്ഞാനിയും ബ്രഹ്മവും ഇവിടെ അഭേദമാണ്. അദ്വൈതത്തിന്‍റെ പരമാചാര്യനായി ഗണിക്കപ്പെടുന്നത് ശ്രീശങ്കര ഭഗവദ്പാദരെയാണ്. അവിടുന്ന് മനീഷാപഞ്ചകത്തിലൂടെ ഉപദേശിക്കുന്നു;
"യസ്മിന്‍ നിത്യസുഖാംബുധൗ
ഗളിതധീര്‍ബ്രഹ്മൈ ന ബ്രഹ്മവിദ്
യഃ കഞ്ചിത് സ സുരേന്ദ്രവന്ദിതപദോ
നൂനം മനീഷാ മമ'.
പരബ്രഹ്മ സത്തയില്‍ വിലയം പ്രാപിച്ച ബ്രഹ്മനിഷ്ഠനെ ബ്രഹ്മവിദ് (ബ്രഹ്മത്തെ അറിഞ്ഞയാള്‍) എന്നല്ല, ബ്രഹ്മം- ദൈവം- എന്നു തന്നെയാണ് വിളിക്കേണ്ടത്. ആ പരമ വിശുദ്ധന്‍റെ തൃപ്പാദം ദേവേന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ പോലും വന്ദിക്കുന്നു- ഇത് എന്‍റെ ഉറപ്പായ തീരുമാനമാണ്. ഈ അർഥത്തില്‍ വേദത്തിന്‍റെയും വേദാന്താചാര്യനായ ശ്രീ ശങ്കരന്‍റെയും അഭിപ്രായത്തില്‍ ഗുരുദേവന്‍ പരബ്രഹ്മ സ്വരൂപിയായ പരമ ദൈവം തന്നെയാണ്.
അത് ഗുരുദേവ ശിഷ്യരും വിശ്വാസം കൊണ്ട് നല്‍കിയ പദവിയല്ല. ഗുരുദേവന്‍ ആ ഈശ്വര സത്യമായി 30ാം വയസോടെ മരുത്വാമലയില്‍ വച്ച് പ്രകാശിതമായി. സര്‍വസംഗപരിത്യാഗിയായി ഇറങ്ങിത്തിരിച്ച നാരായണന്‍ ദൈവസത്തയില്‍ വിലയം പ്രാപിച്ച് ദൈവസ്വരൂപം മാത്രമായി. അതിന്‍റെ ഉണര്‍ത്തുപാട്ടുകളാണ് ഗുരുവിന്‍റെ ആത്മോപദേശ ശതകം, അദ്വൈത ദീപിക, അറിവ്, സ്വാനുഭവ ഗീതി തുടങ്ങിയ കൃതികള്‍.
ആത്മവിലാസമെന്ന ഗദ്യ കൃതിയിലൂടെ ഉപദേശിക്കുന്നു. "ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. നാമും ദൈവവും ഒന്നായിരിക്കുന്നു. നാം ദൈവത്തോട് ഒന്നായിപ്പോകുന്നു'.
ശ്രീനാരായണ ഗുരുവിന്‍റെ സ്വന്തം വാണികളാണ് ഇതെന്നോര്‍ക്കണം. ഒരു കോടി (അനന്തം) സൂര്യന്മാര്‍ ഒരേ സമയത്ത് ഒരാളുടെ ഹൃദയത്തില്‍ ഉദിച്ചുയര്‍ന്നാല്‍ എങ്ങനെയോ അതുപോലെയാണ് ഗുരുദേവന്‍ ഈശ്വരനില്‍ വിലയം പ്രാപിച്ച് ഈശ്വരന്‍ മാത്രമായതെന്ന് ഗുരുദേവന്‍ തന്നെ ചിജ്ജഡചിന്തനം എന്ന കൃതിയിലൂടെ പ്രഖ്യാപനം ചെയ്യുന്നു.
ചിലര്‍ പറയും പോലെ "ഗുരു ദൈവസമാനനല്ല, സാക്ഷാല്‍ ദൈവം തന്നെയാണ്' എന്ന് ഈ ഗുരുവാണി നമ്മെ പഠിപ്പിക്കുന്നു. മരുത്വാമലയിലെ തപശ്ചര്യാ കാലയളവില്‍ അവിടുത്തേക്ക് അനുഭൂതമായ ദേവീദേവ സാക്ഷാത്കാരാനുഭവങ്ങളുടെ സ്വരൂപം ഗുരുദേവ കൃതിയിലൂടെ അറിയുവാന്‍ സാധിക്കും. ദേവീദേവ സാക്ഷാത്ക്കാരത്തിനപ്പുറത്ത് നാമരൂപരഹിതമായ ശിവ തത്വത്തെ - പരമാത്മ സത്തയെ - പ്രാപിക്കണം.
ഗുരുദേവന്‍ ദേവി, ശിവന്‍ തുടങ്ങിയവരെ ഉപാസിച്ചിരുന്നതായും ആ ദേവതമാരുടെ സാക്ഷാത്കാരം നേടിയതായും അദ്ദേഹത്തിന്‍റെ കൃതികള്‍ വെളിപ്പെടുത്തും. വേദാന്തശാസ്ത്ര പ്രകാരം ദേവീദേവന്മാര്‍ക്ക് അതീതമാണ് ബ്രഹ്മം. ഗുരു തപസിലൂടെ ആ ബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്തു.
"ദൈവമേ നിനയ്ക്ക നീയും
ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നി-
യടിയനില്ല കാംക്ഷിതം'.
ഇവിടെ ദൈവത്തെ കാണാനോ ദൈവാനുഗ്രഹമോ ദൈവകാരുണ്യമോ നേടാനോ അല്ല ഗുരുദേവന്‍ സങ്കല്പിക്കുന്നത്. പ്രത്യുത ദൈവത്തില്‍ വിലയം പ്രാപിച്ച് ദൈവം മാത്രമാകണമെന്നാണ് ഗുരു സങ്കല്പം. മരുത്വാമലയിലും മറ്റും ചെയ്ത ത്യാഗപൂര്‍വവും അതിതീവ്രവുമായ തപസിലൂടെ ആ പരമ വിരാഗി ദൈവ സത്യത്തെ- പരബ്രഹ്മ സത്തയെ പ്രാപിച്ച് അതു മാത്രമായിത്തീര്‍ന്നു.
ആ ബോധോദയത്തില്‍ ഈശ്വര സാക്ഷാത്കാരാനുഭൂതിയിലാണ് നാരായണന്‍ "നാരായണ ഗുരു'വായി മാറിയത്. ആ അവസ്ഥയിലാണ് നാമും ദൈവവും ഒന്നായിരിക്കുന്നു എന്ന് ഗുരുദേവന്‍ സ്വാനുഭവം വെളിപ്പെടുത്തിയത്.ഗുരു ഏതാണ്ട് 30ാം വയസില്‍ ഈ അവസ്ഥയെ പ്രാപിച്ചു. തുടര്‍ന്ന് 73 വയസു വരെ മഹാസമാധിപര്യന്തം വിഹരിച്ചത് ഈ സഹജ സമാധ്യാവസ്ഥയിലാണ്. ഗുരുദേവന്‍ 40 വര്‍ഷക്കാലം നിര്‍വഹിച്ച സാമൂഹ്യ നവോത്ഥാനം- ലോക സംഗ്രഹം- ഈ ദൈവഭാവത്തില്‍ അമര്‍ന്നുകൊണ്ടായിരുന്നു.
അങ്ങനെ അമര്‍ന്ന ഈശ്വര സ്വരൂപനായ ഗുരുവിനെയാണ് മഹാകവി ടാഗോറും ഗാന്ധിജിയും ശിവഗിരിയില്‍ വന്ന് കണ്ടത്. "ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ പുണ്യാത്മാവ് ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ലെന്ന് " ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസിനെക്കൊണ്ട് പറയിച്ചതും ഗുരുദേവന്‍റെ ഈ ഈശ്വരീയ ഭാവമാണ്.
പാരമാർഥിക സത്യസ്വരൂപം ഗദ്യപ്രാർഥനയിലൂടെ ഗുരു ഉപദേശിക്കുന്നു. "നാം ശരീരമല്ല, അറിവാകുന്നു (ഈശ്വരനാകുന്നു). ശരീരമുണ്ടാകുന്നതിനു മുന്‍പും (ചെമ്പഴന്തിയില്‍ ജനിക്കുന്നതിനു മുന്‍പ്) അറിവായി (ഈശ്വരനായി) നാമുണ്ടായിരുന്നു. ഇനിയിതൊക്കെയും ഇല്ലാതെ പോയാലും (ശരീരനാശം സംഭവിച്ചാലും) നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും' എന്ന അനാദ്യന്തമായ അധ്യത്മ സ്വരൂപവും സുവ്യക്തമാക്കിയിട്ടുള്ള ഗുരുദേവന്‍റെ ഈശ്വരീയ ഭാവം ഇവിടെ എത്രയും പ്രസ്പഷ്ടമാണ്.
"ശ്രീനാരായണ ഗുരു മുമ്പുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, എപ്പോഴുമുണ്ടായിരിക്കും' എന്ന് ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞത് ഇവിടെ സ്മര്‍ത്തവ്യമാണ്. ഗുരുദേവന്‍റെ ഈശ്വരീയഭാവം അന്യഥാകരിക്കുവാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. ആരെങ്കിലും അതിനു ശ്രമിച്ചാല്‍ "എനിക്ക് നാവില്ലേ' എന്ന് പറയുന്നതിനു തുല്യമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. അങ്ങിനെ പറയുന്ന ചില സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തകരും ചില ജ്യോത്സ്യന്‍മാരും ഉള്‍പ്പെടെ ഇറങ്ങിത്തിരിച്ചിരിക്കുന്നതും അറിയേണ്ടതുണ്ട്.
'ദിവ് ' എന്ന സംസ്കൃത ധാതുവില്‍ നിന്നുമാണ് "ദൈവം' എന്ന പദത്തിന്‍റെ നിഷ്പത്തി. അതിന് പ്രകാശമെന്നർഥം. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതുമാണ് ദൈവം. ഗുരു എന്നതി ലെ "ഗു' അന്ധകാരം "രു' നിരോധിക്കുന്നത്, നിരോധിച്ചത്. അന്ധകാരത്തെ നിരോധിച്ചു കഴിഞ്ഞാല്‍ പിന്നെയുള്ളത് പ്രകാശമാണല്ലോ.
അപ്പോള്‍ ദൈവവും ഗുരുവും സാമാന്യധര്‍മം കൊണ്ട് ഒന്നുതന്നെ. പ്രകാശകത്വമാണ് രണ്ടിന്‍റെയും സ്വരൂപം. അതുകൊണ്ട് അധ്യാത്മ ശാസ്ത്രം ഘോഷിക്കുന്നു; "ദൈവമേവ ഗുരുസാക്ഷാല്‍ ഗുരു ഏവ ദൈവസ്വയം'. ദൈവം തന്നെ ഗുരു, ഗുരു തന്നെ ദൈവം. രണ്ടിനും തമ്മില്‍ അല്പം പോലും വ്യത്യാസം മുമുക്ഷുക്കള്‍ക്കില്ല. "ഈശ്വരോ ഗുരുരാത്മേതി മൂര്‍ത്തിഭേദ വിഭാഗിനേ'. ദക്ഷിണാമൂര്‍ത്തി സ്തോത്രത്തിലൂടെ ഈശ്വരനും ഗുരുവും ആത്മാവും ഒന്നുതന്നെ എന്ന ശ്രീശങ്കര വചനവും ഇതുതന്നെയാണ് സാധൂകരിക്കുന്നത്.
"ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരുഃ സാക്ഷാൽ പരം ബ്രഹ്മ
തസ്മൈഃ ശ്രീ ഗുരവേ നമഃ'
എന്നാണല്ലോ ഭാരതീയ സങ്കല്പം.
ഗുരു ബ്രഹ്മാവാണ്, വിഷ്ണുവാണ്, മഹാദേവനായ ശിവനാണ്. അതിനപ്പുറം എല്ലാറ്റിനും കാരണഭൂതമായ സാക്ഷാല്‍ പരബ്രഹ്മമാണ്- പരമ ദൈവമാണ് എന്ന പ്രഖ്യാപനത്തിന് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. ഈ സങ്കല്പത്തിലാണ് മഹാ ഗുരുക്കന്മാരെ ദൈവസ്വരൂപമായി ലോകം ആരാധിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്‍ സഃശരീരനായിരുന്ന കാലം മുതല്‍ക്കു തന്നെ പ്രത്യക്ഷമായ ദൈവം തന്നെയാണ്- "ഗുരു പ്രത്യക്ഷ ദൈവതം'. സര്‍വരാലും ആരാധിക്കപ്പെട്ടതും അതുകൊണ്ടു തന്നെ.
"നമിക്കുവിന്‍ സഹജരേ
നിയതമീ ഗുരുപാദം
നമുക്കിതില്‍പ്പരം ദൈവം
നിനയ്ക്കിലുണ്ടോ'
എന്നും
"ആരായുകിലന്ധത്വ-
മൊഴിച്ചാദി മഹസിന്‍
നേരാംവഴികാട്ടും
ഗുരുവല്ലോ പരദൈവം'
എന്നും മഹാകവി കുമാരനാശാന്‍ ഗുരുദേവനെ സ്തുതിച്ചത് ഗുരു സന്നിധിയില്‍ വച്ചു തന്നെയാണ്. ഒരു ഗുരുവും ദൈവവും തമ്മില്‍ "മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വ്യത്യാസമേ ഉള്ളൂ' എന്ന് ശ്രീരാമകൃഷ്ണ ദേവന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ദൈവത്തിന്‍റെ മൂര്‍ത്തരൂപമാണ് ഗുരു. "ഓം ബ്രഹ്മണേ മൂര്‍ത്തിമതേ' എന്ന് ഗുരുവിന്‍റെ പ്രഥമ ശിഷ്യനായ ശിവലിംഗ സ്വാമി പ്രാർഥിക്കുന്നു. നാമവും രൂപവുമില്ലാത്ത ദൈവം നാമവും രൂപവുമാര്‍ന്നതാണ് ഗുരുദേവനെന്നു താല്പര്യം.
"നാരായണ മൂര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ' എന്ന പ്രാർഥനയില്‍ കുമാരനാശാന്‍ ചൂണ്ടിക്കാണിക്കുന്നതും ഈ സത്യം തന്നെ. ശിവഗിരി മഹാസമാധി മന്ദിരത്തിന്‍റെ സമുദ്ഘാടന വേളയില്‍ രാഷ്‌ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ "ദൈവജ്ഞന്‍ എന്ന പദത്തിന്‍റെ യഥാർഥമായ അർഥമാണ് നാരായണ ഗുരു' എന്ന് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
ഗുരുദേവന്‍റെ 75ഓളം വര്‍ഷത്തെ ജീവിതവും 63ഓളം കൃതികളും തൃപ്പാദങ്ങളുടെ ദൈവ സ്വരൂപത്തെ വെളിവാക്കിത്തരുന്നു. ഭാഗവതം, ഭഗവദ്ഗീത എന്നിവയിലൂടെ കൃഷ്ണ സ്വരൂപവും ബൈബിളിലൂടെ ക്രിസ്തു സ്വരൂപവും അനുഭവിച്ചറിയുന്നതു പോലെയാണത്.
ഗുരുദേവന്‍ ഈശ്വരനാണ് എന്നതിന് ഒരു വക്കീലിന്‍റെ സാമര്‍ഥ്യമോ ഒരു അക്കാഡമിക് ബിരുദധാരിയുടെ അറിവോ ഒരു ജ്യോത്സ്യന്‍റേയോ മന്ത്രവാദിയുടേയോ വാക്കോ അല്ല പ്രമാണം. ശാസ്ത്രമാണ് എന്ന ഗീതാവചനം സ്മരിക്കുക. ഗുരുസ്വരൂപം പഠിച്ചറിയുക തന്നെ വേണം.
ശിവഗിരി തീർഥാടനത്തില്‍ വര്‍ഷങ്ങള്‍ കഴിയുംതോറും ജനലക്ഷങ്ങള്‍ കൂടുതലായി എത്തിച്ചേരുന്നത് ഒരു സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ കുടീരം കാണാനല്ല, ഈസ്വരസ്വരൂപനായ ശ്രീനാരായണ ഗുരുദേവനെ ഭജിച്ച് അഭയവും ആനന്ദവും അഭീഷ്ട സിദ്ധിയും കരഗതമാകുന്നതിനാണ്. ജനങ്ങള്‍ക്ക് അത് അനുഭവമാണ്. കൃഷ്ണനേയും ബുദ്ധനേയും ക്രിസ്തുവിനേയും ഭജിച്ചാല്‍ ലഭിക്കുന്ന അനുഭവം പോലെയാണത്.
ശിവഗിരി തീർഥാടനത്തിന്‍റെ സവിശേഷത ഈശ്വരാനുഭൂതിക്കു വേണ്ടി ഭജിക്കുന്നതോടൊപ്പം ഗുരുദേവന്‍ കല്‍പ്പിച്ച 8 വിഷയങ്ങളില്‍ അറിവ് നേടാനും സാധിക്കുന്നു എന്നതാണ്. ഗുരുദേവന്‍ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവാണ് എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. അത് മഹാത്മാ ഗാന്ധി ഒരു വക്കീലാണ് എന്നു പറയുന്നതു പോലെയാണ്. ഗുരുസ്വരൂപത്തെ പൂര്‍ണമായും അവര്‍ക്കു കണ്ടെത്താനായില്ല എന്നു മാത്രം.
മറ്റു ചിലരുടെ അഭിപ്രായം ഗുരുവിനെ ദൈവമാക്കിയാല്‍ ഗുരു പ്രസരിപ്പിച്ച സ്വതന്ത്ര ചിന്തയ്ക്കും സാമൂഹിക പരിഷ്കരണ- ജാതിമത ഭേദചിന്തകള്‍ക്കും അതീതമായ പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കുറവ് സംഭവിക്കും എന്നാണ്. ഗുരുദേവനെ ദൈവമായി ആരാധിക്കുന്നവരാണ് ഗുരു ദര്‍ശനത്തിന്‍റെ കാലിക പ്രസക്തിയിലൂന്നി പ്രവര്‍ത്തിക്കുന്നവര്‍. മറ്റുള്ളവര്‍ക്കാകട്ടെ ഗുരുദര്‍ശനം ഒരു ഉപരിപ്ലവമായ ദര്‍ശനം മാത്രം.
ജ്ഞാനിക്ക് സത്തുലകുചിത്ത് സുഖ സ്വരൂപ-
മാനന്ദമല്ല നൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന
ഭാനുമാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു.
(അദ്വൈത ദീപിക -11)
സത്യത്തെ അറിഞ്ഞവന് എല്ലാം സച്ചിദാനന്ദ സ്വരൂപമായ ഈശ്വര വസ്തു. അജ്ഞനാകട്ടെ ഈ പ്രപഞ്ചം അനൃതമായ ജഡമാണ്. അന്ധന് സൂര്യന്‍റെ യഥാർഥ സ്വരൂപം കണ്ടെത്താനാവില്ലല്ലോ. അതുപോലെ ഗുരുവിന്‍റെ ജീവിതവും ദര്‍ശനവും പഠിച്ചറിഞ്ഞവന് ഗുരു പ്രത്യക്ഷ ബ്രഹ്മമാണ്. അന്ധതയിൽ നിന്നുള്ള മോചനത്തിനാണല്ലോ നാം ശ്രമിക്കേണ്ടത്.