പിഎം മിത്ര പാർക്കുകൾ വസ്ത്ര വ്യാപാര ഭാവി തിരുത്തിയെഴുതുമ്പോൾ

 
Special Story

പിഎം മിത്ര പാർക്കുകൾ വസ്ത്ര വ്യാപാര ഭാവി തിരുത്തിയെഴുതുമ്പോൾ

കൃഷി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽദാതാവാണ് പിഎം മിത്ര പാർക്കുകൾ

MV Desk

പബിത്ര മാർഗരിറ്റ

തുണിത്തരങ്ങളും വസ്ത്ര വ്യാപാരവും നൂറ്റാണ്ടുകളായി ഇന്ത്യയുടെ സ്വത്വത്തിന്‍റെ സുപ്രധാന ഭാഗമാണ്. ലോകപ്രശസ്തമായ കശ്മീർ പശ്മിനയുടെ ഊഷ്മളതയും അസമിലെ മുഗ പട്ടിന്‍റെ സുവർണശോഭയും തമിഴ്നാട്ടിലെ രാജകീയ കാഞ്ചീപുരം സാരികളും ചന്ദേരിയിലെ നെയ്ത്തും സൂറത്തിലെ ഐതിഹാസിക തുണിത്തരങ്ങളും രാജ്യത്തിന്‍റെ പെരുമയുമായി ഇഴചേർന്നിരിക്കുന്നു. ഇന്ന് ഈ മേഖല നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ കരുത്തുറ്റ സ്തംഭമാണ്.

ജിഡിപിയിലേക്ക് 2.3 ശതമാനവും വ്യാവസായിക ഉത്പാദനത്തിന് 13 ശതമാനവും കയറ്റുമതിക്ക് 12 ശതമാനവും ഈ മേഖല സംഭാവനയേകുന്നു. കൃഷി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽദാതാവെന്ന നിലയിൽ, ഇത് 4.5 കോടി പേർക്കു നേരിട്ട് ഉപജീവനമാർഗമേകുകയും 10 കോടിയിലധികം പേർക്കു പരോക്ഷമായി തൊഴിൽ നൽകുകയും ചെയ്യുന്നു. ഇതു ഗ്രാമീണ സമൂഹങ്ങൾക്കു കരുത്തുപകരുന്നു, ദശലക്ഷക്കണക്കിനു വനിതകൾക്കു സാമ്പത്തിക സ്വയംപര്യാപ്തത നൽകുന്നു.

ആഗോളതലത്തിലെ എതിരാളികളുടെ സംയോജിത ആവാസ വ്യവസ്ഥകളിൽ നിന്നു വ്യത്യസ്തമായി, ഇന്ത്യയുടെ വസ്ത്രവ്യാപാര മൂല്യശൃംഖല ചരിത്രപരമായി, ഭൂമിശാസ്ത്രപരമായി ചിതറിക്കിടക്കുന്ന മാതൃകയായാണു വികസിച്ചത്. നൂൽ നൂൽക്കൽ, നെയ്ത്ത്, സംസ്കരണം, വസ്ത്രനിർമാണം, കയറ്റുമതി പ്രവർത്തനങ്ങൾ എന്നിവ വിവിധ സംസ്ഥാനങ്ങളിലായി സ്വതന്ത്രമായാണു വികസിച്ചു വന്നത്.

അതായത്, ഒരു വസ്ത്രം അതിന്‍റെ നിർമാണവേളയിൽ പലപ്പോഴും ഒന്നിലധികം അതിർത്തികൾ കടന്നുപോകേണ്ടി വന്നിരുന്നു. വിഘടിതമായ ഈ അവസ്ഥ ഘടനാപരമായ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. ഇതു വിപുലീകരണത്തെയും നവീകരണത്തെയും ഓട്ടോമേഷനെയും, ഒടുവിൽ തൊഴിൽ ഉത്പാദനക്ഷമതയെയും തടസപ്പെടുത്തി.

വിവിധ ഗതാഗതസംവിധാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലെ പോരായ്മകളാലുണ്ടാകുന്ന ഉയർന്ന ലോജിസ്റ്റിക്സ് ബാധ്യത ഇതിന് ആക്കം കൂട്ടി. ഓരോ കൈമാറ്റവും അധിക ചെലവുകൾക്കും ചരക്കുകൂലിക്കും കാരണമായി. വേഗത്തിൽ വിപണിയിൽ എത്തിക്കൽ എന്ന ലക്ഷ്യത്തെ തകർത്തു. ആധുനിക ചില്ലറ വിൽപ്പന വിപണിയിലെ അതിവേഗ ഓർഡറിങ് സൈക്കിളുകളിൽ ഇത് ഗുരുതരമായ പോരായ്മയാണ്.

പാരിസ്ഥിതിക അനിവാര്യത കൂടി കണക്കിലെടുക്കാം. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്‍റെ 8 മുതൽ 10 ശതമാനം വരെയും വ്യവസായങ്ങളിൽ നിന്നുള്ള ജല മലിനീകരണത്തിന്‍റെ 20 ശതമാനവും വസ്ത്രവ്യാപാര മേഖലയുടെ സംഭാവനയാണ്.

ഈ തടസങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്‍റ് 4,445 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2021 ഒക്റ്റോബറിൽ പിഎം മെഗാ ഇന്‍റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ (പിഎം മിത്ര) പദ്ധതിക്കു തുടക്കംകുറിച്ചു. കേന്ദ്ര ഗവണ്മെന്‍റ് സംസ്ഥാന ഗവണ്മെന്‍റുകളുമായും വ്യവസായ പ്രമുഖരുമായും സ്വകാര്യ പങ്കാളികളുമായും പൂർണ ഐക്യത്തോടെ വികസനം നയിക്കുന്ന സമഗ്ര മാതൃകയാണ് ഈ ഇടപെടൽ അവതരിപ്പിക്കുന്നത്.

പ്രധാനമന്ത്രി മോദി മുന്നോട്ടു വച്ച, ""കൃഷിയിടത്തിൽനിന്നു നൂലിഴയിലേക്ക്, നൂലിഴയിൽനിന്നു വസ്ത്രത്തിലേക്ക്, വസ്ത്രത്തിൽനിന്നു പുതുമോടിയിലേക്ക്, പുതുമോടിയിൽനിന്നു വിദേശത്തേക്ക് '' (Farm to Fibre to Factory to Fashion to Foreign) എന്ന ദീർഘവീക്ഷണത്തോടെയുള്ള ""5എഫ്'' സൂത്രവാക്യമാണ് ഈ പദ്ധതിയുടെ കാതൽ. ആഗോളതലത്തിൽ ഇന്ത്യയെ വേറിട്ടുനിർത്തുന്ന, സമ്പൂർണവും അവിശ്വസനീയമാം വിധം വൈവിധ്യമാർന്നതുമായ മൂല്യശൃംഖല എന്ന ഘടകത്തെയാണ് ഈ ദർശനം നേരിട്ട് അഭിസംബോധന ചെയ്യുന്നത്.

അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെയോ വസ്ത്രങ്ങൾ തുന്നിയെടുക്കുന്ന അവസാന ഘട്ടത്തെയോ മാത്രം ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി, നമ്മുടെ കർഷകരുടെ പാടങ്ങൾ മുതൽ ഹൈ- ഫാഷൻ റൺവേകൾ വരെ, വസ്ത്ര നിർമാണത്തിന്‍റെ മുഴുവൻ ജീവിതചക്രത്തിലും ഇന്ത്യ പങ്കാളിയാകുന്നു.

നമ്മുടെ വികസന തന്ത്രം ആഗോള മത്സരശേഷിയും തികഞ്ഞ സാമൂഹ്യനീതിയും തമ്മിൽ സവിശേഷമായ രീതിയിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. വ്യവസായം വിപുലീകരിക്കുമ്പോൾ, സാധാരണ കർഷകനും ഗ്രാമീണ നെയ്ത്തുകാരനും മുതൽ വസ്ത്ര കയറ്റുമതിക്കാരൻ വരെയുള്ള എല്ലാ മേഖലകളുടെയും ക്ഷേമം സംരക്ഷിക്കണം. അതിലൂടെ ആരും പിന്നിലാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാം. പിഎം മിത്ര ചട്ടക്കൂട് ഈ സന്തുലിതാവസ്ഥ കൈവരിക്കുന്നു.

അസംസ്കൃത വസ്തുക്കളുടെ ഹബ്ബുകൾക്കു സമീപം ഈ പാർക്കുകൾ സ്ഥാപിക്കുന്നത് ഗതാഗതച്ചെലവു കുറയ്ക്കുകയും ഉത്പാദനത്തിനു തടസമില്ലാത്ത വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു. ഈ സാമീപ്യം ആദ്യാവസാനം വരെ കൃത്യമായ നിരീക്ഷണം സാധ്യമാക്കുന്നു. ആഗോള ബ്രാൻഡുകൾ ഓർഗാനിക്/ സുസ്ഥിര സർട്ടിഫിക്കേഷനുകൾ നിർബന്ധമാക്കുമ്പോൾ, ഈ സംയോജിത പാർക്കുകൾ പരിശോധിച്ചുറപ്പിക്കാൻ കഴിയുന്ന ശൃംഖല പ്രദാനം ചെയ്യുന്നു. ഇതു കർശനമായ ആഗോള ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കും, അതുവഴി വിദേശത്ത് ഉയർന്ന വില നേടുന്നതിനുള്ള വഴിതുറക്കും.

1,000ത്തിലധികം ഏക്കർ ഭൂമിയിൽ നൂൽ നൂൽക്കൽ, നെയ്ത്ത്, സംസ്കരണം, വസ്ത്ര നിർമാണം എന്നിവ ഒന്നിച്ചു നടത്താനുള്ള സംവിധാനം സ്ഥാപിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള ചരക്കുനീക്കം ഇല്ലാതാക്കുന്നു. ഇതു ചരക്കുകൂലിയും ഗതാഗതം കാരണമുണ്ടാകുന്ന കാർബൺ പുറന്തള്ളലും ഗണ്യമായി കുറയ്ക്കും. ഒപ്പം ഉത്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ സഹായിക്കും. സമർപ്പിത ചരക്ക് ഇടനാഴികൾ, അതിവേഗ പാതകൾ തുടങ്ങിയ ദേശീയ ലോജിസ്റ്റിക്സ് ഇടനാഴികളുമായി ഇവയെ ബന്ധിപ്പിക്കുന്നതോടെ, വിദേശ വിപണികളിലേക്കുള്ള യാത്ര അതീവ ലാഭകരമായി മാറും.

പ്രത്യേക പവർ സബ് സ്റ്റേഷനുകൾ, തടസമില്ലാത്ത ജലവിതരണം, എളുപ്പത്തിൽ പ്രവർത്തനം ആരംഭിക്കാവുന്ന ഫാക്റ്ററി ഷെഡ്ഡുകൾ എന്നിവ ഉൾപ്പെടുന്ന പ്ലഗ്- ആൻഡ്- പ്ലേ വ്യവസായ അടിസ്ഥാന സൗകര്യങ്ങളാണ് ഓരോ പാർക്കിന്‍റെയും പ്രത്യേകത. ഒപ്പം സീറോ ലിക്വിഡ് ഡിസ്ചാർജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അത്യാധുനിക കോമൺ എഫ്ലുവന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ പോലുള്ള പൊതു സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്.

പിഎം മിത്ര പാർക്കുകൾ ബ്ലൂപ്രിന്‍റുകളിൽ നിന്നു യാഥാർഥ്യത്തിലേക്ക് അതിവേഗം മാറുകയാണ്. പദ്ധതിയിൽ തന്ത്രപരമായ ഏഴു പാർക്കാണുള്ളത്. വിരുദനഗർ (തമിഴ്‌നാട്), നവ്സാരി (ഗുജറാത്ത്), കലബുറഗി (കർണാടക), ധാർ (മധ്യപ്രദേശ്), ലഖ്‌നൗ (ഉത്തർപ്രദേശ്) എന്നിവിടങ്ങളിലെ 5 ഗ്രീൻഫീൽഡ് വികസനങ്ങളും വാറങ്കൽ (തെലങ്കാന), അമരാവതി (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിലെ 2 ബ്രൗൺഫീൽഡ് വികസനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്നുവരെ, ഈ പദ്ധതിയിലൂടെ ആകെ 69,899 കോടിയിലധികം രൂപയുടെ നിക്ഷേപ താത്പര്യം ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ 27,658 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമായി.

ആദ്യമായി പ്രവർത്തനസജ്ജമായ പിഎം മിത്ര പാർക്ക് 2026 മെയ് 10നു വാറങ്കലിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആ പാർക്കിൽ 3,862 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമായി. ലോകോത്തര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ പ്രവർത്തനക്ഷമമാക്കി. 7 പാർക്ക് മേഖലകളിലും സ്ഥാപിച്ചുവരുന്ന സുസ്ഥിരതാ മാനദണ്ഡങ്ങളുടെ പ്രതീകമാണ് ഈ സവിശേഷതകൾ.

7 സംസ്ഥാനങ്ങളുമായും ധാരണാപത്രങ്ങൾ ഒപ്പുവച്ചും, 100 ശതമാനം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയും, പരിസ്ഥിതി അനുമതികൾ നേടിയും രാജ്യമൊട്ടാകെ ഒരേസമയം നടത്തുന്ന ഈ പ്രവർത്തനം വേഗതയേറിയ സഹകരണ ഫെഡറലിസത്തെ എടുത്തുകാട്ടുന്നു. 5 ഗ്രീൻഫീൽഡ് മേഖലകൾക്കായി ജെവി കരാറുകളും എസ്പിവികളും രൂപീകരിച്ചു. ഇത് വേഗത്തിലുള്ള ഭൗതിക പുരോഗതിക്ക് അടിത്തറയിടുന്നു.

2,158 ഏക്കറുള്ള ഏറ്റവും വലിയ പാർക്കായ ധാർ (മധ്യപ്രദേശ്) 21,436.9 കോടി രൂപയുടെ നിക്ഷേപ താത്പര്യമാണ് ആകർഷിച്ചത്. ഗുജറാത്ത് (13,084 കോടി രൂപ), മഹാരാഷ്‌ട്ര (12,925 കോടി രൂപ), തമിഴ്‌നാട് (6,600 കോടി രൂപ), ഉത്തർപ്രദേശ് (5,345.8 കോടി രൂപ), കർണാടക (1,700 കോടി രൂപ) എന്നിവിടങ്ങളിലെ മുന്നേറ്റവും ഇതിൽ പ്രതിഫലിക്കുന്നു. കേന്ദ്ര ടെക്‌സ്റ്റൈൽസ് മന്ത്രി ഗിരിരാജ് സിങ്ങിന്‍റെ സജീവമായ നേതൃത്വത്തിന്‍റെ തെളിവാണ് ഈ ഫലപ്രദമായ പ്രവർത്തനം.

എന്നാൽ കണക്കുകൾ കഥയുടെ ഒരു ഭാഗം മാത്രമേ പറയുന്നുള്ളൂ. ഇതിന്‍റെ യഥാർഥ അളവുകോൽ മനുഷ്യരിലുണ്ടാക്കുന്ന സ്വാധീനത്തിലാണ്. ഓരോ പാർക്കും ഏകദേശം 3 ലക്ഷം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാണ് ഘടനാപരമായി വിഭാവനം ചെയ്തിരിക്കുന്നത്. 7 മേഖലകളിലുമായി ഇത് 21 ലക്ഷത്തിലധികം ഔദ്യോഗിക ഉപജീവനമാർഗങ്ങളായി മാറുന്നു. ഇതു ഗ്രാമീണ കുടുംബങ്ങൾക്കും വസ്ത്രനിർമാണത്തിന്‍റെ പരമ്പരാഗത ചാലകശക്തിയായ വനിതകൾക്കും സാമൂഹ്യ- സാമ്പത്തിക മുന്നേറ്റമൊരുക്കുന്നു.

ബൃഹത്തായ ഈ അടിസ്ഥാന സൗകര്യ പദ്ധതി തുണിത്തര മേഖലയിലെ ""വിഷൻ 2030'' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ്. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ ഇന്ത്യയുടെ തുണിത്തര വ്യവസായത്തെ 350 ശതകോടി ഡോളർ മൂല്യമുള്ള ആഗോള വ്യവസായമാക്കി വളർത്തുക എന്നതാണ് ഈ ദർശനം ലക്ഷ്യമിടുന്നത്.

ലോകോത്തര നിലവാരത്തിലുള്ള സംയോജിത സംവിധാനങ്ങൾ കൊണ്ടുവരുന്നതിലൂടെ, പിഎം മിത്ര ആഴത്തിലുള്ള ഘടനാപരമായ മാറ്റമാണു നടപ്പാക്കുന്നത്. കരുത്തുറ്റ നേതൃത്വത്തിന്‍റെ മാർഗനിർദേശത്തിൽ, ഇന്ത്യയെ വസ്ത്രവ്യാപാര മേഖലയുടെ തർക്കരഹിതവും സുസ്ഥിരവും അങ്ങേയറ്റം മത്സരശേഷിയുള്ളതുമായ കേന്ദ്രമാക്കി മാറ്റിത്തീർക്കുകയാണു നാം.

(കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രിയാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

മതിൽ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരേ കേസ്