തൊഴിലുറപ്പ് 125 ദിവസം, ഭാവിയെ പഞ്ചായത്തുകൾ നയിക്കും
പ്രത്യേക ലേഖകൻ
രാജ്യത്തെ ഗ്രാമീണ തൊഴിൽ നയത്തിൽ സുപ്രധാന മാറ്റത്തിനു തുടക്കം കുറിച്ച് വികസിത് ഭാരത് - ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)-2025 (വിബി-ജി റാം ജി) ബില്ലിന് രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയിരിക്കുന്നു. ഈ നിയമം ഗ്രാമീണ കുടുംബങ്ങൾക്കുള്ള നിയമപരമായ വേതനാധിഷ്ഠിത തൊഴിലുറപ്പ് ഒരു സാമ്പത്തിക വർഷം 125 ദിവസമായി വർധിപ്പിക്കുന്നു. ശാക്തീകരണം, വളർച്ച, വികസന പദ്ധതികളുടെ ഏകീകരണം, സേവന വിതരണത്തിന്‍റെ പൂർണത എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിലൂടെ സമൃദ്ധവും കരുത്തുറ്റതുമായ സ്വയംപര്യാപ്തമായ ഗ്രാമീണ ഇന്ത്യ എന്ന ലക്ഷ്യത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ഈ നിയമത്തിന്‍റെ ലക്ഷ്യം.
ഗ്രാമീണ തൊഴിൽ വികസന ചട്ടക്കൂടിൽ നിർണായകമായ പരിഷ്കാരങ്ങൾ വരുത്തുന്ന വിബി-ജി റാം ജി ബിൽ 2025 പാർലമെന്‍റ് പാസാക്കിയിരുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005ന് പകരം, ഉപജീവന സുരക്ഷ വർധിപ്പിക്കുന്നതും, 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതുമായ ആധുനിക, നിയമപരമായ ചട്ടക്കൂട് ഈ നിയമം കൊണ്ടുവരുന്നു.
വെറുമൊരു ക്ഷേമപദ്ധതി എന്നതിലുപരി, ഗ്രാമീണ തൊഴിലിനെ വികസനത്തിനുള്ള സംയോജിത മാർഗമായി മാറ്റാനാണ് ഇതു ലക്ഷ്യമിടുന്നത്. ശാക്തീകരണം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച, വികസന പദ്ധതികളുടെ ഏകോപനം, സമ്പൂർണ സേവന ലഭ്യത എന്നിവ ഇതിന്‍റെ അടിസ്ഥാന ശിലകളാണ്. ഇത് ഗ്രാമീണ കുടുംബങ്ങളുടെ വരുമാന സുരക്ഷ ശക്തിപ്പെടുത്തും. ഭരണസംവിധാനവും ഉത്തരവാദിത്വ സംവിധാനങ്ങളും ആധുനികമാക്കും. ഈടുനിൽക്കുന്നതും ഉത്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികളുടെ സൃഷ്ടിയുമായി ബന്ധിപ്പിക്കും. അതുവഴി സമ്പന്നവും സ്ഥിരതയുള്ളതുമായ ഗ്രാമീണ ഇന്ത്യക്ക് അടിത്തറയിടും.
നിയമത്തിന്‍റെ പ്രധാന സവിശേഷതകൾ
നിയമപരമായ തൊഴിലുറപ്പ് വർധിപ്പിക്കൽ
* അവിദഗ്ധ കായികാധ്വാനത്തിനു തയാറുള്ള മുതിർന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷവും കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഈ നിയമം ഉറപ്പാക്കുന്നു-വകുപ്പ് 5(1).
* മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴിൽ പരിധി വർധിപ്പിച്ചത് കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്ഥിരതയും വർധിപ്പിക്കുന്നു. ഇത് രാജ്യ വികസനത്തിൽ കൂടുതൽ ഫലപ്രദമായും അർഥവത്തായും പങ്കുചേരാൻ ഗ്രാമീണ ജനതയെ പ്രാപ്തരാക്കുന്നു.
കൃഷിക്കും ഗ്രാമീണ തൊഴിലിനും തുല്യ പരിഗണന
* വിത്തു വിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളിൽ ആവശ്യമായ കർഷകത്തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാൻ, ഒരു സാമ്പത്തിക വർഷം ആകെ 60 ദിവസത്തിൽ കവിയാത്ത ഇടവേള പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ഈ നിയമം അധികാരം നൽകുന്നു- വകുപ്പ് 6.
* എങ്കിലും 125 ദിവസത്തെ സമ്പൂർണ തൊഴിലുറപ്പ് തുടർന്നും നിലനിൽക്കും; ബാക്കിയുള്ള കാലയളവിൽ അതു നൽകും. ഇത് കാർഷിക ഉത്പാദനക്ഷമതയെയും തൊഴിലാളികളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നു.
സമയബന്ധിതമായ വേതന വിതരണം
* ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി 15 ദിവസത്തിനുള്ളിലോ വേതനം നൽകണമെന്ന് നിയമം അനുശാസിക്കുന്നു- വകുപ്പ് 5(3). നിശ്ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, ഷെഡ്യൂൾ II-ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി കാലതാമസത്തിന് നഷ്ടപരിഹാരം നൽകണം. ഇതിലൂടെ വേതന സുരക്ഷ ശക്തിപ്പെടുകയും തൊഴിലാളികളെ കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഉത്പാദനക്ഷമമായ തൊഴിൽ
നിയമപ്രകാരമുള്ള തൊഴിലുറപ്പു പദ്ധതിയെ 4 പ്രധാന മേഖലകളിലെ സുസ്ഥിര ആസ്തി നിർമാണവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു- വകുപ്പ് 4(2), ഷെഡ്യൂൾ I:
1. ജലസുരക്ഷയും ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളും.
2. പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ.
3. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ.
4. കാലാവസ്ഥാ വ്യതിയാനങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവൃത്തികൾ.
എല്ലാ പ്രവൃത്തികളും അടിത്തട്ടിൽ നിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വിക്സിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കും. ഇത് വ്യത്യസ്ത പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിർണായകമായ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ പരിപൂർണത ലക്ഷ്യമിട്ടുള്ളതാണ്.
ദേശീയ സംയോജനത്തോടെ വികേന്ദ്രീകൃത ആസൂത്രണം
ഈ നിയമം ആസൂത്രണമോ നടപ്പിലാക്കലോ കേന്ദ്രീകൃതമാക്കുന്നില്ല. പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും മേൽനോട്ടം വഹിക്കാനുമുള്ള അധികാരം 16 മുതൽ 19 വരെയുള്ള വകുപ്പുകൾ പ്രകാരം അതത് തലങ്ങളിലെ പഞ്ചായത്തുകൾക്കും പ്രോഗ്രാം ഓഫിസർമാർക്കും ജില്ലാ അധികാരികൾക്കുമാണ്. പ്രാദേശികമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പഞ്ചായത്തുകളിൽ തന്നെ നിലനിർത്തി, പദ്ധതികളുടെ സുതാര്യതയും ഏകോപനവും ഉറപ്പാക്കാൻ മാത്രമാണ് ദേശീയതലത്തിലുള്ള സംയോജനം ലക്ഷ്യമിടുന്നത്.
തൊഴിലും ആസ്തി സൃഷ്ടിയും
ഈ നിയമം 125 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പാക്കുന്നു. ഒപ്പം, ഈ തൊഴിൽ ഉത്പാദനക്ഷമവും ഈടുനിൽക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ആസ്തികളുടെ നിർമാണത്തിന് സഹായകമാകുന്നു എന്ന് ഉറപ്പുവരുത്തുന്നു. തൊഴിൽ സൃഷ്ടിക്കുന്നതും ആസ്തികൾ നിർമിക്കുന്നതും പരസ്പര പൂരകങ്ങളായ ലക്ഷ്യങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഗ്രാമീണ മേഖലയുടെ ദീർഘകാല വളർച്ചയ്ക്കും അതിജീവന ശേഷിക്കും കരുത്തേകുന്നു- വകുപ്പ് 4 (2), ഷെഡ്യൂൾ I.
സാങ്കേതികവിദ്യയും ഉൾപ്പെടുത്തലും
ഈ നിയമപ്രകാരം സാങ്കേതികവിദ്യ ഒരു തടസമല്ല. പദ്ധതി കൂടുതൽ എളുപ്പമാക്കാനുള്ള സംവിധാനമാണ്. ബയോമെട്രിക് സ്ഥിരീകരണം, ജിയോ- ടാഗിങ്, തത്സമയ ഡാഷ്ബോർഡുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യാ അധിഷ്ഠിത സുതാര്യത ഉറപ്പാക്കാൻ 23, 24,വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നു. ഒപ്പം, വകുപ്പ് 20 ഗ്രാമസഭകളിലൂടെ നടത്തുന്ന സോഷ്യൽ ഓഡിറ്റുകൾ ശക്തിപ്പെടുത്തി, സാമൂഹ്യ മേൽനോട്ടവും സുതാര്യതയും ഉൾക്കൊള്ളലും ഉറപ്പാക്കുന്നു.
തൊഴിലില്ലായ്മാ വേതനം
മുമ്പ് നൽകിയിരുന്ന അവകാശ നിഷേധ വ്യവസ്ഥകൾ ഈ നിയമം നീക്കം ചെയ്യുകയും അർഥവത്തായ നിയമപരമായ സംരക്ഷണമായി തൊഴിലില്ലായ്മാ വേതനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അപേക്ഷ നൽകി നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിൽ നൽകാൻ സാധിച്ചില്ലെങ്കിൽ, 15 ദിവസത്തിനു ശേഷം തൊഴിലില്ലായ്മാ വേതനം നൽകേണ്ടതുണ്ട്.
ഉപസംഹാരം
2025ലെ വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) നിയമം പാസാക്കിയത് ഗ്രാമീണ തൊഴിലുറപ്പിന്‍റെ സുപ്രധാനമായ പുനരുജ്ജീവനത്തെയാണ് സൂചിപ്പിക്കുന്നത്. നിയമപരമായ തൊഴിലുറപ്പ് 125 ദിവസമായി വർധിപ്പിച്ചും, വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടു കൂടിയതുമായ ആസൂത്രണം നടപ്പിലാക്കിയും, ഉത്തരവാദിത്വ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും ഈ നിയമം ഗ്രാമീണ തൊഴിൽ മേഖലയെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നു.
വികസന പദ്ധതികളുടെ ഏകോപനത്തിലൂടെയും എല്ലാവരിലും സേവനങ്ങൾ എത്തിക്കുന്നതിലൂടെയും ഗ്രാമീണ തൊഴിലിനെ വെറുമൊരു പദ്ധതിയെന്നതിലുപരി ശാക്തീകരണത്തിനും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുമുള്ള തന്ത്രപരമായ മാർഗമായി ഈ നിയമം മാറ്റുന്നു.