ആനക്കാംപൊയ്ൽ-കള്ളാടി-മേപ്പാടി തുരങ്കമുഖം.

 

File

Special Story

മനുഷ്യജീവൻ പന്തയം വച്ച് മലകളുമായി ചൂതാട്ടം

വയനാട് തുരങ്കമുഖത്ത് മണ്ണിടിച്ചിലുണ്ടായി രണ്ടു മാസമായിട്ടും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ഒടുവിൽ അത് പുറത്തുവന്നാൽ തന്നെ പൊടിപിടിച്ചു കിടക്കുകയേയുള്ളൂ.

MV Desk

വയനാട് തുരങ്കമുഖത്ത് മണ്ണിടിച്ചിലുണ്ടായി രണ്ടു മാസമായിട്ടും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. ഉദ്യോഗസ്ഥരെ വെളുപ്പിക്കലും ശാസ്ത്രീയ ഉദാസീനതയും വിരുദ്ധ താത്പര്യങ്ങളും അതിനു മേൽ അടയിരിക്കുന്നു. എപ്പോഴെങ്കിലും വെളിച്ചം കാണുമെന്നുറപ്പില്ലാത്ത ആ റിപ്പോർട്ട്, ഒടുവിൽ പുറത്തുവന്നാൽ തന്നെ പൊടിപിടിക്കാൻ വിധിക്കപ്പെട്ട മറ്റൊരു ശുപാർശ മാത്രമായി അവസാനിക്കാനാണ് സാധ്യത.

അജയൻ

വയനാട് തുരങ്കമുഖത്ത് ജൂലൈ ഏഴിന് മണ്ണിടിച്ചിലുണ്ടായി നാലു ദിവസം കഴിഞ്ഞപ്പോൾ അന്വേഷണത്തിനു സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയുകയായിരുന്നു ലക്ഷ്യം. ആനക്കാംപൊയ്ൽ-കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്ക പദ്ധതിയുടെ ബ്ലാസ്റ്റിങ് ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്‍റെ കാലാവധി കഴിയും മുൻപേ തിടുക്കപ്പെട്ടു നിർവഹിക്കാൻ നടത്തിയ സ്ഫോടനങ്ങളാണോ ദുരന്ത കാരണമെന്നും പരിശോധിക്കേണ്ടിയിരുന്നു. രണ്ടു മാസം പിന്നിട്ടു, നിശ്ചിത കാലാവധിയും കഴിഞ്ഞു. അന്വേഷണ തുരങ്കത്തിന്‍റെ അറ്റത്തെങ്ങും വെളിച്ചം മാത്രം കാണാനില്ല!

സമിതിയുടെ ഒരു മാസത്തെ കാലാവധി ഇപ്പോൾ രണ്ടു മാസത്തിലധികം നീണ്ടിട്ടും കാര്യമുണ്ടായില്ല. സമിതി ഔദ്യോഗികമായി യോഗം ചേർന്നിട്ടു പോലുല്ലെന്നാണ് സൂചന. ഇനി എപ്പോഴെങ്കിലും എങ്ങനെയെങ്കിലും ഒരു റിപ്പോർട്ട് സമർപ്പിക്കപ്പെട്ടാൽ തന്നെ, അതിന് ഒരു ശുപാർശയുടെ ഔ‍പചാരികതയ്ക്കപ്പുറം ഫലമൊന്നും ഉണ്ടാകുകയുമില്ല. മുൻപ് സമർപ്പിക്കപ്പെട്ട നിരവധി റിപ്പോർട്ടുകൾ എന്ന പോലെ തന്നെ, അടുത്ത ദുരന്തം ഓർമിപ്പിക്കുന്നതുവരെ പൊടിപി‌ടിച്ചു കിടക്കാൻ മാത്രമായിരിക്കാം ഇതിന്‍റെയും നിയോഗം- ഔദ്യോഗികമായി സ്വീകരിക്കുകയും ഫലപ്രദമായി തള്ളുകയും ചെയ്യുന്ന മറ്റനേകം റിപ്പോർട്ടുകൾ പോലെ തന്നെ!

രൂപീകരിക്കപ്പെടുന്ന സമയത്ത് സാങ്കേതികജ്ഞാനമുള്ള രണ്ട് അംഗങ്ങൾ മാത്രമാണ് സമിതിയിൽ ഉണ്ടായിരുന്നത്- ആഗോള പ്രശസ്തനായ ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രനും, പരിസ്ഥിതി ശാസ്ത്രജ്ഞൻ വിഷ്ണുദാസും. ഇവരെ മാറ്റിനിർത്തിയാൽ ഉദ്യോഗസ്ഥരുടെ ഒരു കൂട്ടായ്മ മാത്രമായിരുന്ന സമിതിയിലേക്ക് രണ്ടാഴ്ചയ്ക്ക് ശേഷം, ഹൈഡ്രോളജിസ്റ്റ് ശർമിഷ്ഠ സിങ്ങും ജിയോടെക്നിക്കൽ എൻജിനീയർ ശ്രീവത്സ കൊളത്തയാറും കൂടി വന്നു. ഒരു ഓൺലൈൻ യോഗത്തിനു ശേഷം കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ പി. പുഗഴേന്തി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സൈറ്റ് സന്ദർശനം. പിന്നെ, പ്രതീക്ഷിച്ചതുപോലെ തന്നെ, യാതൊന്നും സംഭവിച്ചില്ല!

ഉദ്യോഗസ്ഥരുടെ ഈ സാറ്റ് കളി തുടർന്നുകൊണ്ടിരിക്കുന്നു. ട്രാൻസ്ഫറിലൂടെ ഒരു ഉദ്യോഗസ്ഥൻ സമിതിക്കു പുറത്തായി; തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സമിതിയുടെ തലപ്പത്തേക്ക് വന്നു, അതിനുശേഷം ദുരന്തനിവാരണ വിഭാഗത്തിലെ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ഉൾപ്പെടുത്തി. അങ്ങനെ സമിതിയിൽ അംഗങ്ങൾ കൂടി, കസേരകൾ മാറിമറിഞ്ഞു; ഇതുവരെയും കാര്യമായി മറ്റൊന്നും സംഭവിച്ചതുമില്ല.

കാലാവധി ഇതിനകം കഴിഞ്ഞിരിക്കുന്നതിനാൽ, ചില അംഗങ്ങൾ കൂട്ടായ ചർച്ചയ്ക്കും സൈറ്റ് സന്ദർശനത്തിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് സമർപ്പണത്തിനും വേണ്ടി സമ്മർദം ചെലുത്തി. അതിന്‍റെ അടിസ്ഥാനത്തിൽ ഒരു യോഗം വിളിച്ചുചേർത്തിരുന്നെങ്കിലും, ഫലം ഇനിയും വ്യക്തമല്ല. അതേസമയം, ഈ റിപ്പോർട്ട് എങ്ങനെയായാലും അതു കാരണം പദ്ധതി നടത്തിപ്പിന് കാര്യമായ തടസമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ തുറന്നടിച്ചതായും അറിയാൻ കഴിഞ്ഞു. ഔദ്യോഗിക നിലപാട് അതിലും കടുത്തതായിരുന്നുവെന്നാണ് സൂചന- പണി തുടരട്ടെ; ശുപാർശകൾ തടസമാവരുത്.

പദ്ധതി നടപ്പാക്കുന്ന കമ്പനിയുടെ ഗുരുതരമായ വീഴ്ചകൾ ചില സമിതി അംഗങ്ങൾ നിരന്തരം ചൂണ്ടിക്കാണിച്ചിരുന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ മുന്നറിയിപ്പ് ഔദ്യോഗിക മൗനത്തിൽ അലിഞ്ഞുപോയെന്നു വേണം കരുതാൻ. മൗനം ഭഞ്ജിച്ച്, അടിയന്തരമായി റിപ്പോർട്ട് പുറത്തുകൊണ്ടുവരുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ, കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ, തിരുത്തൽ നടപടികൾ അതിവിദൂര സാധ്യത മാത്രമാണ്.

2019-ലെ പുത്തുമല ഉരുൾപൊട്ടലിന്‍റെയും 2024-ലെ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്‍റെയും പശ്ചാത്തലത്തിൽ, തുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചിൽ ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പായിരുന്നു. വിവാദമായ ഇരട്ടത്തുരങ്ക പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്ത മൺകൂമ്പാരം കാരണമല്ല ആ മണ്ണിടിച്ചിൽ ഉണ്ടായത്. മല ഇടിഞ്ഞുവീഴുകയും അതോടൊപ്പം ആ മൺകൂമ്പാരം ഒഴുകിപ്പോവുകയുമായിരുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ബ്ലാസ്റ്റിങ് ഉദ്ഘാടനത്തിന് തിടുക്കം കൂട്ടിയത്. പരിസ്ഥിതി ദുർബല പ്രദേശത്തുകൂടിയാണ് നിർദിഷ്ട തുരങ്കപാതയുടെ അലൈൻമെന്‍റ്. മുൻപ് ഭീകരമായ ഉരുൾപൊട്ടലുകൾ ഉണ്ടായ സ്ഥലങ്ങൾക്കു തൊട്ടടുത്തുകൂടിയാണ് ഇത് കടന്നുപോകേണ്ടത്. ഇതൊക്കെ കൊണ്ടുതന്നെ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഈ തുരങ്ക പദ്ധതിയുടെ പാരിസ്ഥിതികാനുമതിയെ ചോദ്യം ചെയ്തിരുന്നു.

അപായമണി മുഴക്കിയ വിദഗ്ധരെയും പരിസ്ഥിതി പ്രവർത്തകരെയും സർക്കാർ പ്രതിനിധികൾ ഭീഷണിപ്പെടുത്തുകയും 'വികസനവിരുദ്ധർ' എന്ന് മുദ്രകുത്തുകയും ചെയ്തു. എങ്കിലും, സ്ഫോടനങ്ങൾക്ക് ഉപരിതലത്തിനു താഴെയുള്ള പാറകൾക്കിടയിൽ ചോർച്ചയുണ്ടാക്കാനും ചരിവുകളുടെ സ്ഥിരത തകർക്കാനും കഴിയുമെന്നു മനസിലാക്കാൻ വലിയ ശാസ്ത്രജ്ഞനാകേണ്ട കാര്യമൊന്നുമില്ല. പക്ഷേ, ശാസ്ത്രത്തിനും പരിസ്ഥിതിക്കും അവിടെ യാതൊരു വിലയും കൽപ്പിക്കപ്പെട്ടില്ല. പദ്ധതി മുന്നോട്ടുപോയി, ദുരന്തം കൺമുന്നിൽ കണ്ടിട്ടും അത് മുന്നോട്ടു തന്നെ പോകുന്നു.

സർക്കാരിന്‍റെ അക്ഷന്തവ്യമായ മൗനവും വിദഗ്ധ സമിതിയെ പുച്ഛത്തോടെ കാണുന്ന സമീപനവും ഗുരുതരമായ അപകടം തന്നെ ക്ഷണിച്ചുവരുത്താം. വിദഗ്ധ സമിതിയുടെ, പ്രത്യേകിച്ച് അതിലെ സാങ്കേതിക ജ്ഞാനമുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കപ്പെടണം. അതുവരെ തുരങ്ക നിർമാണം നിർത്തിവയ്ക്കുക തന്നെ വേണം. പൂർണമായ റിപ്പോർട്ട് വരുന്നതുവരെ ഒരു സ്ഫോടനം പോലും ഉണ്ടാകരുത്. ഇതിൽ കുറഞ്ഞതൊന്നും ജാഗ്രതയല്ല, മറിച്ച് മനുഷ്യജീവൻ പണയം വച്ച് മലനിരകളോടു നടത്തുന്ന ചൂതാട്ടമാണ്. കാര്യങ്ങൾ ഇനിയെങ്കിലും ശാസ്ത്രം തീരുമാനിക്കട്ടെ, ശാസ്ത്രം മാത്രം.

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

ഡൽഹി സർവകലാശാല വിദ്യാർഥി ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡി