ജനാധിപത്യ സംവിധാനത്തിൽ എല്ലാറ്റിനും മുകളിൽ നിൽക്കുന്ന ജുഡീഷ്യറിക്കു തെറ്റുപറ്റിയാൽ അന്വേഷിക്കേണ്ട കാര്യമില്ല എന്ന നിലപാട് അടുത്ത കാലത്തായി പല കോടതികളിൽ നിന്നും ഉയരുന്നുണ്ട്. സുപ്രീം കോടതി ജഡ്ജി ഉൾപ്പെടെ പലരും ആരോപണ വിധേയരായിട്ടുണ്ട്. ജസ്റ്റിസുമാരായിരുന്ന കുര്യൻ ജോസഫ്, ചെലമേശ്വർ, മദൻ ബി. ലോകൂർ, രഞ്ജൻ ഗൊഗോയ് എന്നിവർ ജുഡീഷ്യറിക്കെതിരേ പരസ്യമായി പത്രസമ്മേളനം നടത്തി ആ വലിയ സ്ഥാപനത്തിലെ ജീർണതയാണ് പുറത്തു കൊണ്ടുവന്നത്.
ഒരു ജഡ്ജിക്കെതിരായുണ്ടായ ആരോപണം ലോക്പാൽ അഥോറിറ്റിക്കു മുമ്പിൽ വന്നപ്പോൾ അതു പരിശോധിക്കാനും നീതിയുക്തമായ തീരുമാനമെടുക്കാനും ലോക്പാലിന് അധികാരമില്ലെന്നും, ജുഡീഷ്യറിയുടെ വിശ്വസ്തത തകർക്കാൻ പാടില്ലെന്നും സുപ്രീം കോടതി എടുത്ത നിലപാട് വലിയ പ്രതിഷേധത്തിനിടയാക്കി. ജുഡീഷ്യൽ അംഗങ്ങൾ കളങ്കിതരായാൽ പിന്നെ ആരാണ് പരിശോധിക്കേണ്ടത് എന്ന ചോദ്യം ഇപ്പോൾ ഉയർന്നിരിക്കുന്നു.
ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെ കുടഞ്ഞുകൊണ്ട് ജുഡീഷ്യറിക്കു മുകളിൽ പറക്കാൻ നോക്കേണ്ട എന്ന് കോടതി ശാസിക്കുകയുണ്ടായി. കോടതിയുടെ ഈ നിലപാട് പൊതു സമൂഹം അംഗീകരിച്ചു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ പിന്നീട് സൂചിപ്പിച്ചത്.
പാതി വില തട്ടിപ്പിൽ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ഉൾപ്പെട്ട ആരോപണം സംസ്ഥാന പൊലീസ് അന്വേഷിക്കും എന്ന നിലപാട് ഹൈക്കോടതിക്ക് ഇഷ്ടപ്പെട്ടില്ല. ജുഡീഷ്യറിയിൽപ്പെട്ടവർക്കെതിരേ ആരോപണം വന്നാൽ കണ്ണടയ്ക്കണം എന്നാണോ കോടതികൾ ഉദ്ദേശിക്കുന്നത് ? സർക്കാരിനു വേണ്ടി ഹാജരാകുന്ന വക്കീലന്മാർ രാഷ്‌ട്രീയ സമ്മർദത്തിനോ സാമ്പത്തിക ബലഹീനതയ്ക്കോ വിധേയപ്പെടുന്നതിനാൽ, സത്യസന്ധമായി കേസുകൾ നടത്തി നീതിയുക്തമായ വിധികൾ നേടിയെടുക്കാൻ കഴിയാതെ വരുന്നു എന്നത് കോടതി വരാന്തകളിൽ പാട്ടാണ്.
മാർപാപ്പയ്ക്ക് തെറ്റാവരം ഉണ്ട് എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നതു പോലെ ജുഡീഷ്യറിയ്ക്കു തെറ്റുപറ്റില്ലെന്നു വിശ്വസിക്കാൻ കഴിയുമോ? ആര് തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതല്ലേ? ജുഡീഷ്യൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന സമയത്തു തന്നെ റിട്ടയർമെന്‍റിനു ശേഷമുള്ള ജീവിതം മുൻകൂട്ടിക്കണ്ട് നിലപാടെടുക്കുന്ന ജഡ്ജിമാരും, റിട്ടയർമെന്‍റിനു ശേഷം മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങൾ കിട്ടുന്ന ആർബിട്രേഷൻ സ്വീകരിക്കുന്ന ജഡ്ജിമാരും, കോടതി വിധികളെ അപഹസിക്കുന്ന ന്യായാധിപന്മാരും ഉണ്ട്. ചില വധശിക്ഷകളെ അപക്വമെന്ന് കുറ്റപ്പെടുത്തുന്നവരും മറ്റു ചില നിരപരാധിത്വ വിധികളെ തെറ്റായി കാണുന്ന മുൻ ജഡ്ജിമാരും നമുക്കു ചുറ്റുമുണ്ട്. പത്രമാധ്യമങ്ങളിൽ ഇടം കണ്ടെത്താൻ കഴിയുന്ന വിധത്തിലുള്ള വിധികളും കമന്‍റുകളും കോടതി മുറികളിൽ നിന്ന് നാം കേൾക്കുന്നു.
ജനാധിപത്യ സംവിധാനത്തിൽ ജുഡീഷ്യറിയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ജുഡീഷ്യറി ബലഹീനമാകുമ്പോൾ ഭരണഘടനയാണ് തിരുത്തൽ ശക്തിയായി മാറേണ്ടത്. സമൂഹ നിലപാടാണ് അതിനു സഹായകരമാകുന്നത്. സ്വതന്ത്ര്യത്തിന്റെ 77-ാം വാർഷികം ആഘോഷിക്കുമ്പോഴും നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ ജുഡീഷ്യൽ സംവിധാനത്തിലാണ് നാം ഇന്നും. അടുത്ത കാലത്താണ് ഭാരത നീതി സംഹിത തന്നെ നിലവിൽ വന്നത്.
പക്ഷേ, ബ്രിട്ടീഷ് ഭരണകാലത്തെ ആടയാഭരണങ്ങളും ആചാരങ്ങളും ഇന്നും പിന്തുടരുന്നു. നല്ല ചൂടുകാലത്തും കറുത്ത ഗൗണുകൾ ഇട്ട്, യുവർ ഓണർ എന്ന് നീട്ടിവിളിക്കുന്ന ന്യായപീഠങ്ങൾ നാം കാണുന്നു. പണ്ട് രാജാക്കാന്മാരുടെയും വൈസ്രോയിമാരുടെയും മുമ്പിൽ അധികാരത്തിന്‍റെ ദണ്ഡു പിടിച്ച് നടന്നിരുന്ന ശിപായിമാരുടെ ജീവസുറ്റ ചിത്രം ഇന്നും നമ്മുടെ കോടതികളിൽ നിന്ന് മാറിയിട്ടില്ല.
ചെലവേറിയ നീതിയുടെ വഴികൾ സാധാരണക്കാർക്ക് സമയബന്ധിതമായി നീതി ലഭിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. കരുത്തരായ ഭരണകർത്താക്കളുടെ മുമ്പിൽ നീതി ദേവത അന്ധയായി തന്നെ തുടരുന്നു. ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വവും സ്വജനപക്ഷപാതവും അഴിമതിയും തുറന്നു കാട്ടി ഉചിതമായ ശിക്ഷ നടപടികൾ എടുക്കാൻ ഇന്നത്തെ നീതി വ്യവസ്ഥയ്ക്ക് കഴിയുന്നില്ല എന്ന ആക്ഷേപം പരക്കെയുണ്ട്.
ജുഡീഷ്യറിയും, പാർലമെന്‍റും എക്സിക്യൂട്ടീവും മാധ്യമങ്ങളും പരസ്പരപൂരകങ്ങളും സംരക്ഷകരുമാണ്. ജനാധിപത്യത്തിന്‍റെ അടിത്തറ നിലനിൽക്കുന്നത് ഈ നാല് സംവിധാനങ്ങളുടെ കെട്ടുറപ്പിലായതിനാൽ ഇവയിലേതെങ്കിലും ബലഹീനമായാൽ തന്നെ ജനാധിപത്യം തകർക്കപ്പെടും. നീതിയ്ക്കു വേണ്ടി മുഖം നോക്കാതെ ശബ്ദമുയർത്തുന്ന മാധ്യമങ്ങൾ നിലനിൽപ്പിന്‍റെ മത്സരയോട്ടത്തിൽ മാധ്യമധർമം കൈവിടുന്നതായി കാണുന്നു. ഓരോ സെക്കൻഡിലും മത്സരിച്ച് വാർത്തയിറക്കുന്ന ഈ കാലഘട്ടത്തിൽ സത്യസന്ധമായ വാർത്തകൾക്ക് പകരം ജനപ്രിയ വാർത്തകൾ നൽകി തങ്ങളുടെ റീഡർഷിപ്പും വ്യൂവർഷിപ്പും വർധിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്.
പ്രിന്‍റ് മീഡിയ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിൽ വാർത്തകളുടെ സത്യസന്ധത പരിശോധിക്കാൻ സമയവും സംവിധാനവും ഉണ്ടായിരുന്നു. അതുകൊണ്ട് ലേഖകർ തങ്ങൾ എഴുതുന്ന വാർത്തകൾ സത്യസന്ധമാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. എന്നാൽ അതിവേഗ സംപ്രേക്ഷണങ്ങളുടെ കാലഘട്ടത്തിൽ, ആരാണ് മുന്നിൽ എന്ന വാശിയാണ്, അപ്പോൾ സത്യസന്ധതയ്ക്ക് പ്രാധാന്യമുണ്ടാവില്ല. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഫെഡറലിസത്തിനാണ് പ്രാധാന്യം. ശക്തമായ കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യത്തിന്‍റെ നിലനിൽപ്പിന് ആവശ്യമാണ്.
സ്വാതന്ത്ര്യം നേടിയ ആദ്യ 50 വർഷക്കാലം കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നതിനാൽ കേന്ദ്ര- സംസ്ഥാനങ്ങൾ തമ്മിൽ നല്ല ഊഷ്മളതയുണ്ടായിരുന്നു. കാലം മാറിയപ്പോൾ വ്യത്യസ്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കാൻ തുടങ്ങി. അധികാരത്തിനു വേണ്ടിയുള്ള മത്സരയോട്ടത്തിൽ ഫെഡറലിസം തകർന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നു.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഭൂട്ടാസിങ് ആലപ്പുഴയിലെ പ്രളയബാധിത പ്രദേശം സന്ദർശിച്ചപ്പോൾ ഉദാരമായ സഹായമാണ് കേരളത്തിന് അനുവദിച്ചത്. പക്ഷേ പ്രകൃതിദുരന്തത്തിൽപ്പെട്ട വയനാടിനുള്ള നഷ്ടപരിഹാരം പ്രധാനമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സന്ദർശനത്തിനും കേന്ദ്ര മന്ത്രിമാരുടെയും, ഉന്നതതല മേലുദ്യോഗസ്ഥരുടെയും അവലോകനത്തിനു ശേഷവും ഇതുവരെ കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഏതെങ്കിലും പാർട്ടിയുടെ സർക്കാരല്ല, ജനങ്ങളുടെ സർക്കാരാണ്. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുന്ന നയം ഒട്ടും ശരിയല്ല.
ഒരു ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും ഒരുപോലെ വളർന്നില്ലെങ്കിൽ വൈകല്യമുണ്ടാകും. ഇന്ത്യയെ ഒന്നായി കാണാൻ കേന്ദ്ര സർക്കാരിന് കഴിയണം. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, പാർലമെന്‍റ്, മാധ്യമങ്ങൾ എന്നിവയുടെ ആരോഗ്യകരമായ വളർച്ചയും പ്രവർത്തനവുമാണ് രാജ്യത്തിന്‍റെ പൊതുവായ വളർച്ചയ്ക്ക് ആവശ്യമെന്നും ജോത്സ്യൻ അഭിപ്രായപ്പെടുന്നു.