എൽ മെൻചോ മക്കൾക്കൊപ്പം
മെക്സിക്കോ സിറ്റി മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്‍റ്സ് എന്ന എൽ മെൻചോ കൊല്ലപ്പെട്ടതിനു പിന്നാലെ ആഭ്യന്തര കലാപത്തിനു സമമായ നീക്കങ്ങളാണ് മെക്സിക്കോയിൽ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് 15 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച എൻ മെൻചോ എന്ന അധ്യായം അവസാനിക്കുമ്പോൾ അയാളുടെ വംശപരമ്പരയും കടുത്ത സംഘർഷത്തിലാണ്. കുറ്റകൃത്യങ്ങളിൽ സജീവമായിരുന്നു എൽമെൻചോയുടെ മകനും മകളും സഹോദരനുമെല്ലാം മൂവരും ഇപ്പോൾ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്.
റോസലിൻഡ ഗോൺസാലസ് വലേൻഷ്യയുമായി 1996ലാണ് മെൻചോ വിവാഹം കഴിച്ചത്. 2018 ൽ ഇരുവരും പിരിഞ്ഞു. റൂബൻ , ജെസീക ജൊഹാന്ന, ലൈഷ എന്നിങ്ങനെ മൂന്നു മക്കളാണ് ഉള്ളത്.
എൽമെൻചോയുടെ മകൻ, എൻ മെൻചിറ്റോ എന്നറിയപ്പെടുന്ന റൂബൻ വിവിധ ലഹരിക്കടത്തു കേസുകളിലായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ജീവപര്യന്തം തടവിനു പിന്നാലെ ലഹരിക്കടത്തിന് വേണ്ടി ഗൂഢാലോചന നടത്തിയെന്ന കേസിൽ 30 വർഷം അധികം തടവും വിധിച്ചിട്ടുണ്ട്. ലഹരി വിൽപ്പനയിലൂടെ നേടിയ 6 ബില്യൺ ഡോളറും തിരിച്ചടയ്ക്കാനും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിസംഘത്തെ കുറേക്കാലം നിയന്ത്രിച്ചിരുന്നത് മെൻചോയുടെ മകനായിരുന്നു. അക്കാലത്ത് വൻ തോതിലാണ് യുഎസിലേക്ക് ലഹരി കടത്തിയത്. ടൺ കണക്കിന് കൊക്കെയിനാണ് അക്കാലത്ത് യുഎസിലെത്തിയത്.
എൽ മെൻചോയുടെ മൂത്ത മകൾ, ജെസീക ജൊഹാന്നയും സമാനമായ കേസിൽ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കടുത്ത വിശ്വാസിയായ ജെസീക ലാ നേഗ്ര എന്നാണ് അറിയപ്പെടുന്നത്. 2021ൽ മെക്സിക്കൻ ലഹരിക്കടത്തുകാരുമായി സാമ്പത്തിക ഇടപാടു നടത്തിയെന്ന കേസിൽ 30 മാസത്തെ തടവാണ് വിധിച്ചിരുന്നത്. ശിക്ഷ പൂർത്തിയാകും മുൻപേ 2022 ഏപ്രിലിൽ ജെസീക്കയെ മോചിപ്പിച്ചു.
അന്‍റോണിയോ എന്ന സഹോദരനും നിയമക്കുരുക്കിലാണ്. സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യുഎസിലേക്ക് കടന്ന ഇയാളെ 2022ൽ പിടികൂടി. കൊക്കൈൻ വിതരണത്തിനായി ഗൂഢാലോചന നടത്തിയെന്നും സലഹരിക്കടത്തു നടത്തിയെന്നുമാണ് ഇവർക്കെതിരേയുള്ള കുറ്റം.
മറ്റൊരാൾ ലോസ് കുനിസ് ആണ്. മെൻചോയുടെ ഭാര്യാ സഹോദരൻ.. ലഹരിക്കടത്തിനായി ഒരു ചെറിയ മുങ്ങിക്കപ്പൽ തന്നെ ഇയാൾ ഉപയോഗിച്ചിരുന്നു. 2017ൽ ലോസ് പിടിയിലായി. 30 വർഷം തടവാണ് കേസിൽ വിധിച്ചിരിക്കുന്നത്.
മകളുടെ ഭർത്താവ് ക്രിസ്റ്റ്യാനോ ഫെർണാണ്ടോയും നിയമക്കുരുക്കിലാണ്. ഇയാളും രക്ഷപെടാനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചു. എന്നിട്ടും 2025ൽ ഫെർണാണ്ടോ പിടിയിലായി. അന്താരാഷ്ട്ര തലത്തിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ 140 മാസം തടവാണ് ലഭിച്ചിരിക്കുന്നത്.