ക്ഷേത്രങ്ങളിൽ ഇനിയും കുപ്പായമൂരിക്കണോ? Representative image
Special Story

ക്ഷേത്രങ്ങളിൽ ഇനിയും കുപ്പായമൂരിക്കണോ?

എഴുത്താണിക്കവകാശം ലഭിക്കാത്ത ഏഴബാലൻ എഴുത്തച്ഛനായിത്തീർന്ന നാടാണിതെന്ന് മറക്കരുത്

അതീതം | എം.ബി. സന്തോഷ്

മധ്യതിരുവിതാംകൂറിൽ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാൻ അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ സ്ത്രീകൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. പുരുഷന്മാർക്ക് ഇവിടെ മേൽവസ്ത്രം ധരിച്ച് കയറാമെന്ന് ക്ഷേത്രമുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

'വസ്ത്രധാരണം സ്വകാര്യതയാണ്. അതിൽ മാന്യത നിലനിർത്തണമെന്നേയുള്ളൂ. ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിതമായ മാറ്റം എല്ലാ മേഖലയിലും ആവശ്യമാണ്. ക്ഷേത്രദർശനത്തിന് പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല'- രാധാകൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കി.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. തിരുവല്ല നഗരത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയാണിത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ വനദുർഗാ ഭഗവതിയാണ് മുഖ്യപ്രതിഷ്ഠ.ചക്കുളത്തമ്മ എന്ന് അറിയപ്പെടുന്ന ഇവിടുത്തെ ഭഗവതിയെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി, ഭദ്രകാളി തുടങ്ങി ആദിപരാശക്തിയുടെ എല്ലാ പ്രധാന ഭാവങ്ങളിലും ആരാധിച്ചുവരുന്നു. സ്ത്രീസഹസ്രങ്ങൾ വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ഇവിടെ പൊങ്കാലയിടാനെത്തുന്നു. പട്ടമന നമ്പൂതിരി കുടുംബമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ലോകത്തെ വിറപ്പിച്ച, ഇപ്പോഴും പേടിയോടെ നോക്കിക്കാണുന്ന മഹാമാരികൾക്കുൾപ്പെടെ കാരണം ശരീര സ്രവങ്ങളാണ് എന്നു തെളിഞ്ഞു കഴിഞ്ഞിട്ടും 'ആചാര'ത്തിന്‍റെ പേരിൽ ആരാധനാലയങ്ങളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് ചരിത്രത്തെ വലിച്ചുകൊണ്ടുപോകാനുള്ള ശ്രമം സഹതാപത്തോടെയേ നോക്കിക്കാണാനാവൂ.കൊവിഡ് കാലത്ത് ഈ പറഞ്ഞിരുന്ന ആചാരങ്ങളൊന്നും നടക്കാതെ വന്നത് നമുക്ക് മുന്നിലുണ്ട്.കേരളത്തിലുൾപ്പെടെ അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ ഒരിക്കലും സംഘടിത മതങ്ങളോ പൗരോഹിത്യമോ ഇടപെട്ടിരുന്നില്ല.മാത്രമല്ല, അവിടങ്ങളിലൊക്കെ അനാചാരങ്ങൾ സംരക്ഷിക്കാൻ അവസാനകാലം വരെ ശ്രമിച്ചിരുന്നതും ഇത്തരം കൂട്ടരായിരുന്നു.പൊതുപ്രവർത്തകരോ രാഷ്‌ട്രീയ പാർട്ടിക്കാരോതന്നെയാണ് അനാചാരങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് എപ്പോഴും മുന്നിട്ടിറങ്ങിയത്.

പട്ടിക്കും പൂച്ചയ്ക്കും സഞ്ചരിക്കാവുന്ന നിരത്തിൽ മനുഷ്യരിൽ ഒരു വിഭാഗത്തിന് സഞ്ചാരസ്വാതന്ത്യമില്ലാത്ത കാലം കേരള ചരിത്രത്തിന്‍റെ പിന്നാമ്പുറത്തൊന്നുമല്ല.കാളവണ്ടിയിൽ യാത്രചെയ്യുകയായിരുന്ന അയ്യങ്കാളിക്ക് വണ്ടിയിൽ നിന്നിറങ്ങി ചുറ്റിവളഞ്ഞ വഴിയേ നടന്നു പോകേണ്ടി വന്നപ്പോൾ , അദ്ദേഹം വന്ന കാളവണ്ടിക്ക് വിലക്കെപ്പെട്ട വഴിയേ പോകാൻ അനുവാദം കിട്ടി! ശ്രീ നാരായണ ഗുരു യാത്ര ചെയ്തിരുന്ന റിക്ഷ വൈക്കം ക്ഷേത്രത്തിന് സമീപം വച്ച് തടയുകയും തിരിച്ചുവിടുകയും ചെയ്തിരുന്നു.ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും കേരളത്തിന്‍റെ സാമൂഹിക നവോത്ഥാന നായകരായപ്പോൾ അവരെ നേർവഴിയിലൂടെ പോവുന്നത് തടഞ്ഞവർ ചരിത്രത്തിന്‍റെ പാതാളക്കുഴികളിൽ പോലുമില്ല! പുരോഹിതരുടെ കണ്ണിൽപെട്ടാൽ കൊടിയമർദനങ്ങൾക്ക് മനുഷ്യർ വിധേയരായിരുന്നത് ഇന്ന് 'പ്രബുദ്ധ'മാണെന്ന് വീമ്പിളിക്കുന്ന ഇതേ കേരളത്തിൽ തന്നെയായിരുന്നു. അത്തരം അനാചാരങ്ങൾക്ക് നൂറ്റാണ്ടിന്‍റെ പ്രായംപോലുമില്ലെന്നും മറക്കരുത്.

1924 മാർച്ച് 30 തുടങ്ങിയ വൈക്കം സത്യഗ്രഹം 603 ദിവസമാണ് നീണ്ടു നിന്നത് . 1931-32 ൽ തൊട്ടുകൂടായ്മ, തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണ് ഗുരുവായൂർ സത്യഗ്രഹം.ഈ 2 സമരങ്ങൾക്കും നേതൃത്വം നൽകിയത് കോൺഗ്രസാണ്.കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവർക്കായിരുന്നു നേതൃത്വം.പി.കൃഷ്ണപിള്ളയാണ് പിന്നീട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയത്.എൻ എസ് എസിന്‍റെ സ്ഥാപകനാണ് മന്നത്ത് പത്മനാഭൻ.

സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് 1956ലെ വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. അത്തവണത്തെ വേലൂർ മണിമലർക്കാവിലെ കുംഭഭരണിക്ക് സ്ത്രീകൾ മാറുമറച്ചാണ്‌ അരിത്താലമെടുക്കുകയെന്ന്‌ കമ്യൂണിസ്റ്റുപാർട്ടി പ്രഖ്യാപിച്ചു.ക്ഷേത്രാങ്കണം സംഘര്‍ഷഭരിതമായി. ബ്ലൗസ് ധരിച്ച് എത്തിയ സ്ത്രീകളെ തടയാന്‍ നാട്ടുപ്രമാണിമാര്‍ നിലയുറപ്പിച്ചതോടെ എന്തും സംഭവിക്കാവുന്ന സാഹചര്യം.അരിപ്പറയ്ക്കിടയില്‍ ബ്ലൗസ് ധരിച്ച് താലം പിടിച്ച സ്ത്രീകളെ കണ്ട് കുപിതനായ വെളിച്ചപ്പാട് തുള്ളിവന്ന് ഭീഷണിയോടെ കല്പന തുടങ്ങി. അരിയും നെല്ലും കൈയിലെടുത്ത് 'നാട്ടിലാകെ വസൂരിവിത്ത് വിതയ്ക്കും. സ്ത്രീകള്‍ ഇങ്ങനെ പുറപ്പെട്ടാല്‍ നാട് കുട്ടിച്ചോറാകും. അരിപ്പറയ്ക്ക് മാറുമറച്ച് താലമെടുക്കുന്നത് വലിയ അപകടമുണ്ടാക്കും' എന്നൊക്കെയായിരുന്നു വെളിച്ചപ്പാടിന്‍റെ കല്പന. ഇതുകേട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എ.എസ്.എന്‍. നമ്പീശന്‍ മുന്നോട്ടുവന്ന് വെളിച്ചപ്പാടിനോട് 'ഒന്നും വിതയ്‌ക്കേണ്ട, അത് മുഴുവന്‍ ഇങ്ങോട്ട് തന്നോളൂ' എന്ന് പറഞ്ഞ് കൈനീട്ടി. ഇതോടെ രംഗം ശാന്തമായി. അന്നത്തെ പോരാട്ടം ലക്ഷ്യം കണ്ടു. അന്നുമുതല്‍ ഇന്നുവരെ ബ്ലൗസ് ധരിച്ച് എല്ലാ ജാതിയിലുംപെട്ടവര്‍ താലമെടുക്കുന്നു. അന്നത്തെ സമര സേനാനി ചീരു അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ശ്രീനാരായണ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാൻ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ശിവഗിരി തീർഥാടന സമ്മേളനത്തിൽ ആവശ്യപ്പെട്ടതാണ് വിവാദമായത്. ശ്രീനാരായണ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശനം പാടില്ലെന്ന നിബന്ധന ഗുരുദർശനങ്ങളോട് ചേർന്നുപോകുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ശ്രീനാരായണക്ഷേത്രങ്ങൾ മാത്രമല്ല,മറ്റ് ആരാധനാലയങ്ങളും ഭാവിയിൽ ഈ നിർദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് തീർഥാടന സമ്മേളന ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പിന്നാലെ,ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ദർശനം നടത്താമെന്ന് ഭരണ സമിതിയും പൊതുയോഗവും ഐക്യകണ്ഠ്യേന തീരുമാനമെടുത്തു. അതേ തുടർന്ന്, ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാനുള്ള അനുമതി വിളംബരം പുറപ്പെടുവിച്ചതായി ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ അറിയിച്ചു. അതിനുശേഷമാണ് ചക്കുളത്തുകാവ് ക്ഷേത്രത്തിലെ തീരുമാനം പുറത്തുവരുന്നത്.

കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും സമാനമായ തീരുമാനമെടുക്കുന്നതിന് ഈ തീരുമാനങ്ങൾ പ്രേരകമാവുമെന്നുതന്നെ കരുതാം.മാറുമറച്ച് താലമെടുത്ത സ്ത്രീകളെ 'നാട്ടിലാകെ വസൂരിവിത്ത് വിതയ്ക്കു'മെന്ന് ഭീഷണിപ്പെടുത്തിയ പൗരോഹിത്യം ഇന്നും അതേ ക്രൗര്യവുമായി പല്ലിറുമ്മി പതിയിരിപ്പുണ്ട്. അന്ന് അതുകേട്ട് ഭയന്ന് ചീരുവമ്മ ഉൾപ്പെടെയുള്ളവർ പിന്തിരിഞ്ഞെങ്കിൽ ഇന്നും ഒരുപക്ഷെ, കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ എന്താവുമായിരുന്നു എന്ന് ഓർമിക്കുന്നത് നന്നായിരിക്കും. ക്ഷേത്രദർശനത്തിന് പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ലെന്ന് ചക്കുളത്തുകാവിലെ പട്ടമന രാധാകൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കുമ്പോൾ അത് അറിവില്ലായ്മ അല്ലെന്നും പാണ്ഡിത്യത്തിന്‍റെ വിളംബരമാണെന്നും തിരിച്ചറിയണം. എഴുത്താണിക്കവകാശം ലഭിക്കാത്ത ഏഴബാലൻ എഴുത്തച്ഛനായിത്തീർന്ന നാടാണിതെന്ന് മറക്കരുത്.

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ