പ്രത്യേക ലേഖകൻ
അര നൂറ്റാണ്ടു പിന്നിട്ട അസദ് കുടുംബത്തിന്‍റെ ഏകാധിപത്യ ഭരണത്തിനു സിറിയയിൽ അന്ത്യമാകുമ്പോൾ തെക്കുപടിഞ്ഞാറൻ ഏഷ്യയ്ക്കും ലോകത്തിനാകെയും ലോകത്തിനോ ആശ്വസിക്കാനൊന്നുമില്ല. 2010ൽ ടുണീഷ്യയിൽ തുടങ്ങി ഇതരരാജ്യങ്ങളിലേക്കു പടർന്ന മുല്ലപ്പൂ വിപ്ലവം പിന്നീടു മതമൗലികവാദികൾ കൈയടക്കുന്നതു കണ്ട ലോകത്തിനു മുന്നിലാണ് ഒന്നര പതിറ്റാണ്ടിനു ശേഷം സിറിയയിലെ സായുധ സമരവും ഏകാധിപതിയുടെ തിരോധാനവും. രാജ്യത്തിന്‍റെ അടുത്ത ഭരണം ആരുടെ കൈകളിലെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
പതിമൂന്നു വർഷം മുൻപ് ജനാധിപത്യത്തിനുവേണ്ടി രാജ്യത്തുയർന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനായിരുന്നു അസദിന്. അഞ്ചു ലക്ഷത്തോളം ആളുകൾ അന്നു കൊല്ലപ്പെട്ടു. 1.2 കോടിയിലേറെ വീടുപേക്ഷിച്ചു പലായനം ചെയ്തു. എന്നാൽ, ഇത്തവണ ഹയാത്ത് താഹിർ അൽ ഷാം (എച്ച്ടിഎസ്) നടത്തിയ സായുധ നീക്കത്തിൽ അസദിനും അടിപതറി. അലപ്പോയും ദമാസ്കസുമുൾപ്പെടെ നഗരങ്ങൾ ഇന്ന് എച്ച്ടിഎസിന്‍റെ നിയന്ത്രണത്തിലാണ്.
എന്നാൽ, അവസരവാദിയും അപകടകാരിയുമായ കൊടുംഭീകരൻ അബു മുഹമ്മദ് അൽ ജുലാനിയാണ് എച്ച്ടിഎസ് നേതൃത്വത്തിൽ ഭരണം ഏറ്റെടുക്കാൻ തയാറെടുക്കുന്നതെന്നതാണ് സമാധാനകാംക്ഷികളെ ഭീതിപ്പെടുത്തുന്നത്. യുഎസ് 10 കോടി ഡോളർ തലയ്ക്കു വിലയിട്ട ഭീകരനാണു നാൽപ്പത്തിരണ്ടുകാരനായ അൽ ജുലാനിഅടുത്തിടെ മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും അതു പുള്ളിപ്പുലിയുടെ പുള്ളി മറച്ചതുപോലെ മാത്രമെന്നറിയാം ലോകത്തിന്. സിറിയ പിടിക്കാൻ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനും കൂടിയാണ് ജുലാനി.
1982 ല്‍ സൗദി അറേബ്യയിലെ റിയാദിലാണു ജുലാനിയുടെ ജനനം. പിതാവ് അവിടെ പെട്രോളിയം മേഖലയിൽ എൻജിനീയർ. 1989ല്‍ സിറിയയിലേക്ക് മടങ്ങിയ കുടുംബം ദമാസ്‌കസിന് സമീപം സ്ഥിരതാമസമാക്കി. 2003ല്‍ ഇറാഖിലേക്ക് മാറി. യുഎസ് അധിനിവേശത്തിനെതിരേ അല്‍ ക്വയ്ദയിൽ ചേരുന്നതോടെയാണു ജുലാനി പാശ്ചാത്യസേനയുടെ കണ്ണിൽ കരടാകുന്നത്.
2006ല്‍ യുഎസ് സേന അറസ്റ്റ് ചെയ്യുകയും അഞ്ച് വര്‍ഷത്തോളം തടവിലാവുകയും ചെയ്ത ജുലാനിയെ പിന്നീടു കാണുന്നത് സിറിയയിൽ അൽ ക്വയ്ദയുടെ പ്രവർത്തന നേതൃത്വത്തിലാണ്. 2011ൽ അൽ ക്വയ്ദയുടെ സിറിയൻ വിഭാഗം ജബത്ത് അൽ നുഷ്റ രൂപീകരിച്ച് അസദിനെതിരേ യുദ്ധപ്രഖ്യാപനം നടത്തി. എന്നാൽ, അൽ നുഷ്റ ഐഎസിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു.
2014 ലെ തന്‍റെ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്‌ലാമിക നിയമം എന്ന തന്‍റെ ഗ്രൂപ്പിന്‍റെ വ്യാഖ്യാനത്തിന് കീഴിലാണ് സിറിയ ഭരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അമെരിക്കയും ഇസ്രയേലും ഇസ്‌ലാമിന്‍റെ ശത്രുക്കളെന്നും പ്രഖ്യാപിച്ചു. എന്നാൽ, ഇതേ ജുലാനി പിന്നീട് അമെരിക്കൻ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് മിതവാദി പ്രതിച്ഛായ സൃഷ്ടിച്ച് യുഎസ് ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നതും ശ്രദ്ധേയം.
അൽക്വയ്ദ പശ്ചാത്തലം ഭാവിയിൽ പ്രശ്നമാകുമെന്നു കണ്ടതോടെയാണു ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്‌രീർ അൽ ഷാം എന്നു മാറ്റിയത്. നീളൻ കുപ്പായവും താടിയും ഉപേക്ഷിച്ച് പശ്ചാത്യ വേഷങ്ങളിൽ പൊതുവേദികളിൽ എത്തിയും മുഖംമിനുക്കാനുള്ള ശ്രമം പിന്നാലെ നടത്തി. ഇതിനിടെ, തുർക്കി, ചെച്നിയ, ഇറാഖ്, മധ്യേഷ്യ തുടങ്ങി സ്വാഘീനം വർധിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തു. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമല്ലെന്നും ക്രൈസ്തവരെ സംരക്ഷിക്കുമെന്നും പറയുമ്പോഴും ഇക്കാലംവരെയുള്ള പ്രവർത്തനം മറിച്ചാണെന്നതു യാഥാർഥ്യം. വിമർശകരുടെ തലവെട്ടുകയും ഇസ്‌ലാമിക ഭരണകൂടം സ്ഥാപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ജുലാനി, ഒസാമ ബിൻ ലാദനും അബൂബക്കർ അൾ ബാഗ്ദാദിക്കും ശേഷം ഭീകരതയുടെ അടുത്ത കേന്ദ്രമായി മാറുമോ എന്നത് കാത്തിരുന്നു കാണാം.