ഓണത്തിന്‍റെ സനാതന സൗന്ദര്യം

 

Representative image

Special Story

ഓണത്തിന്‍റെ സനാതന സൗന്ദര്യം

ലോകം മുഴുവനുമുള്ള മലയാളികളുടെ മനസിനെ തട്ടിയുണര്‍ത്തുന്ന സുന്ദരമായ ഓര്‍മകളാണ് ഓണം പ്രദാനം ചെയ്യുന്നത്.

MV Desk

ഫാ. ഡോ. ഗ്രിഗറി ആര്‍ബി

ലോകം മുഴുവനുമുള്ള മലയാളികളുടെ മനസിനെ തട്ടിയുണര്‍ത്തുന്ന സുന്ദരമായ ഓര്‍മകളാണ് ഓണം പ്രദാനം ചെയ്യുന്നത്. ഓണം ഒരു പക്ഷേ, കാര്‍ഷികോത്സവത്തിന്‍റെ ബാക്കിപത്രമായി കേരളക്കരയില്‍ കുടിയേറിയതാകാം. അതുമല്ലെങ്കില്‍, പൗരാണിക പാരമ്പര്യത്തിന്‍റെ നടവഴിയിലൂടെ കടന്നുവന്നതാകാം. ജന്മിമാരുടെ വിളിപ്പാടകലെ കഴിഞ്ഞു കൂടിയ കുടിയാന്മാര്‍ക്കു നൊമ്പരങ്ങള്‍ മറന്നു ആഘോഷിച്ചാനന്ദിക്കുവാന്‍ ആവശ്യമായ കൂട്ടുകള്‍ ചാലിച്ചുചേര്‍ത്ത് മേലാളന്മാര്‍ സൃഷ്ടിച്ചെടുത്ത കളിയരങ്ങാകാം. എങ്ങനെയായാലും, മലയാളികളുടെ മനസില്‍ ഒരു പൂക്കാലമായി ഓണം ചിറകടിച്ചു പറക്കുന്നു. സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമഭാവനയുടെയും വിരുന്നൊരുക്കി ഓണാഘോഷം നമുക്ക് ചില സനാതന മൂല്യങ്ങള്‍ അയവിറക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് ഇന്നത്തെ ഓണാഘോഷത്തിന്‍റെ പ്രത്യേകത.

ഓണചിന്തകള്‍ക്കു നിറമേകുന്ന ചില രൂപപ്പെടുത്തലുകളുടെ ചേരുവകള്‍ പരിശോധിക്കുന്നത് അഭികാമ്യമാകും. കാര്‍ഷിക സംസ്‌കാരം മുറ്റി നില്‍ക്കുകയും ബാര്‍ട്ടര്‍ വ്യവസ്ഥകള്‍ കൊടികുത്തി വാഴുകയും ചെയ്ത പ്രാചീന കാലഘട്ടത്തില്‍ പ്രാകൃത സോഷ്യലിസം നിലനിന്നിരുന്നതായി കാണാം. അവിടെ എല്ലാം തന്നെ പൊതു ഉടമസ്ഥതയിലായിരുന്നു. പ്രത്യേക ഭരണസംവിധാനങ്ങളില്ലാതെ പൊലീസും പട്ടാളവുമൊന്നും അതിര്‍ത്തി കാക്കാനില്ലാതിരുന്ന പ്രാചീന യുഗത്തില്‍ സ്വാഭാവികമായി രൂപപ്പെട്ട ഒരു സോഷ്യലിസ്റ്റ് സാമൂഹിക ജീവിത ക്രമമായിരിക്കാം ഓണ സങ്കല്‍പത്തിനാധാരമായിട്ടുള്ളത്. സമത്വാധിഷ്ഠിത വ്യവസ്ഥയെ സ്വപ്നം കാണുകയും അപ്രകാരം ഒരു സാമൂഹിക ക്രമം നിലനിന്നിരുന്നു എന്നു പറഞ്ഞു ഊറ്റം കൊള്ളുകയും ചെയ്തു കൊണ്ട് അത് ആഘോഷമാക്കി മാറ്റുന്ന ഒരു സ്വത്വബോധമാണ് മലയാളികള്‍ ഇതിലൂടെ നേടിയെടുത്തത്.

എന്‍.വി. കൃഷ്ണവാര്യരുടെ കണ്ടെത്തലനുസരിച്ച് അസീറിയയില്‍ നിന്നാകാം ഓണ സങ്കൽപ്പം ഇവിടെയും പറിച്ചു നടപ്പെട്ടത്. അസീറിയ രാജ്യം ഭരിച്ചിരുന്ന ബലശബ്ദത്തോടു കൂടിയ രാജവംശമാകാം അതിന്‍റെ പിന്നെലെന്നാണ് അദ്ദേഹം വാദിക്കുന്നത്. അത് ഒരു പക്ഷേ, മഹാബലിയുടെ പ്രാഗ്‌ രൂപമാകാന്‍ സാധ്യതയുള്ള അസര്‍ബെനിപാല്‍ എന്ന രാജാവാകാം. അസീറിയയിലെ നിനവെ എന്ന സ്ഥലത്തെ ഉദ്ഖനനങ്ങളില്‍ നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇതു കണ്ടെത്തിയത്.

സംഘകാലത്ത് തിരുപല്ലാണ്ടിന്‍ തമിഴകത്ത് ഇപ്രകാരം ഓണാഘോഷം ഉണ്ടായിരുന്നതായി പരാമര്‍ശമുണ്ട്. എന്നാല്‍ മധുരകാഞ്ചി കൃതികളില്‍ ഓണത്തെ ഒരു വിളവെടുപ്പ് ഉത്സവമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ഷിക വിളവെടുപ്പിലൂടെ രൂപപ്പെട്ടതുകൊണ്ടാകാം അത് ഒരു ജനകീയ ആഘോഷമായി മാറിയത്. നാടോടി പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓണക്കളികള്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കടന്നുകൂടിയത് അങ്ങനെയാകാം. എല്ലാ ജീവജാലങ്ങളും അതില്‍ പങ്കാളികളാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. വള്ളം കളിയും, പുലിക്കളിയും പൂപറിക്കലും അത്തപ്പൂക്കളവും വടംവലിയുമൊക്കെ കാര്‍ഷിക സംസ്‌കാരത്തിന്‍റെ വിളഭൂമിയില്‍ വിളയിക്കപ്പെട്ടതാണ്. അങ്ങനെ പൊന്നോണം കൊയ്ത്തുത്സവത്തിന്‍റെ ആഹ്ലാദത്തിമിര്‍പ്പില്‍ പൂത്തുലഞ്ഞതാകാം.

ഓണത്തെക്കുറിച്ച് ഏറെ പ്രചാരത്തിലുള്ള കഥ നമുക്കു സുപരിചിതമാണ്. അസുര ചക്രവര്‍ത്തിയും പ്രഹ്‌ളാദന്‍റെ പൗത്രനുമായ മഹാബലി ധര്‍മിഷ്ഠനായി ഭരണം നടത്തി പോന്നു. മഹാബലിയുടെ സദ്ഭരണത്തില്‍ അസൂയ പൂണ്ട വിഷ്ണു വാമനാവതാരമെടുത്തു കൊണ്ട് മഹാബലിയെ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തി. പാതാളത്തില്‍നിന്നു ആണ്ടോടാണ്ട് പ്രജാവത്സലനായ മഹാബലി തന്‍റെ പ്രജകളെ കാണാനെത്തുന്നു. അഹങ്കാരംകൊണ്ടു നിറഞ്ഞ മഹാബലിയുടെ അഹന്ത ശമിപ്പിക്കാനായി അസൂയപൂണ്ട ദേവന്മാരുടെ അപേക്ഷ പ്രകാരമാണ് വിഷ്ണു വാമനനായി അവതരിച്ചത് എന്നാണ് കരുതപ്പെടുന്നത്. പാതാളത്തിലേക്ക് വാമനനാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി തന്‍റെ പ്രജകളെ ആണ്ടോടാണ്ട് കാണാനെത്തുന്ന ദിവസമാണ് ഓണം. ഏറെ പ്രചാരമുള്ള ഈ കഥ എല്ലാവരുടെയും മനസില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ്.

എന്നാല്‍, വൈദിക പാരമ്പര്യങ്ങളില്‍ വാമന ജയന്തിയായാണ് ഓണത്തെ വ്യാഖ്യാനിക്കുന്നത്. മഹാബലി വൈഷ്ണവ പുരാണങ്ങളില്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരങ്ങള്‍ വര്‍ണിക്കുന്നിടത്ത് വിഷ്ണുവിന്‍റെ വാമനനായുള്ള വരവും മഹാബലിയുമായുള്ള സമ്പര്‍ക്കവും വര്‍ണിക്കുന്നുണ്ട്. അസുര രാജാവായ മഹാബലി തന്‍റെ ശക്തിയും കഴിവും ഉപയോഗിച്ച് ഭൂമിയെ മുഴുവന്‍ അടക്കിവാണു. മൂന്നു ലോകങ്ങളിലും തന്‍റെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചു. ഭൂമിയുടെ വ്യവസ്ഥയ്ക്ക് കോട്ടം തട്ടും വിധം ക്രമപൂര്‍ണമായ പ്രപഞ്ച വ്യവസ്ഥകള്‍ താറുമാറാകുന്ന അവസ്ഥ വന്നു ചേര്‍ന്നു. പ്രപഞ്ച വ്യവസ്ഥകളുടെ ദൈവികവും ആസൂത്രിതവും ആയ വ്യവസ്ഥിതിയെ തകിടം മറിക്കുന്ന ഒന്നായി മാറുമെന്ന അവസ്ഥ വന്നുപ്പോള്‍ വാമനാവതാരം ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒന്നായിത്തീര്‍ന്നു. മഹാബലിയുടെ ആധിപത്യത്തിലൂടെ ഈശ്വരാരാധനയും ക്രമാധിഷ്ഠിതമായി പ്രപഞ്ചവ്യവസ്ഥകളും ചേര്‍ന്ന പ്രാപഞ്ചികാവസ്ഥാവിശേഷത്തിന് ഭംഗം വരാതിരിക്കാന്‍ വിഷ്ണു വാമനനായി അവതരിച്ചു എന്നതാണ് വൈദിക മതം.

മഹാബലിയുടെ യജ്ഞ സ്ഥാനത്ത് വാമനന്‍ വന്ന് മൂന്നടി യാചിച്ചപ്പോള്‍ ദാനശീലനായ മഹാബലി അതിനു സമ്മതിച്ചു എന്നുമാത്രമല്ല മൂന്നടി മാത്രമല്ല സമസ്ത രാജ്യങ്ങളും വിട്ടു കൊടുക്കുവാന്‍ അദേഹം തയാറാവുകയും ചെയ്തു. ദാനശീലനായ മഹാബലിയുടെ ദാനം സ്വീകരിച്ച വാമനന്‍ മൂന്നടി അളന്നെടുക്കാന്‍ തുടങ്ങി. രണ്ടടി കൊണ്ട് സമസ്ത പ്രപഞ്ചവും അളന്നു കഴിഞ്ഞശേഷം വാമനനു മൂന്നാമത്തെ അടിയളക്കാന്‍ മഹാബലി നേടിയെടുത്ത സ്ഥലത്ത് ഇടമില്ലാതെ വന്നപ്പോള്‍ ഞാന്‍ ദാതാവാണ് എന്ന അഭിമാനം വെടിഞ്ഞു ഭഗവാന്‍റെ മുന്നില്‍ എളിമപ്പെട്ടു ശിരസു നമിക്കുകയാണ് മഹാബലി. ബലിയില്‍ സംപ്രീതനായ ഭഗവാന്‍ മഹാബലിയെ സുതലത്തിലേക്ക് അയച്ചു. അതോടൊപ്പം ദേവേന്ദ്രന്‍ ആകാന്‍ അനുഗ്രഹിച്ചുകൊണ്ട് സുതലത്ത് വസിക്കാന്‍ വരം കൊടുക്കുകയും താന്‍ ദൃശ്യനായി ഇരിക്കുമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. കേരളത്തെക്കുറിച്ച് അവിടെ പരാമര്‍ശമില്ല എന്നതാണ് ഇവിടത്തെ പ്രത്യേകത. നര്‍മദയുടെ വടക്ക് ഭാഗത്താണ് മഹാബലിയുടെ യജ്ഞം നടന്നിരുന്നതായി പറയുന്ന സ്ഥലത്തിന്‍റെ യജ്ഞസ്ഥാനമായി കരുതപ്പെടുന്നത്. അതുകൊണ്ട് ഓണാഘോഷവും മഹാബലിയും തമ്മിലുള്ള ബന്ധം പൊതുവേ നിഷേധിക്കുകയാണ് വൈദിക പാരമ്പര്യത്തില്‍. ഓണവും മഹാബലിയും തമ്മിലുള്ള ബാന്ധവം കാലക്രമേണ രൂപപ്പെട്ടതാകാനാണ് സാധ്യത. ഓണാഘോഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമായ ഒരു കഥാതന്തുവിന്‍മേല്‍ ചാരിക്കൊണ്ട് അതാണ് ഓണാഘോഷത്തിന്‍റെ തുടക്കത്തിന് കാരണമായത് എന്നു പറയാനാവില്ല. വ്യത്യസ്ത സാംസ്‌കാരിക പൈതൃകങ്ങള്‍ കൂടിക്കലര്‍ന്നു രൂപപ്പെട്ടതും മലയാളികളുടെ സ്വത്വത്തിന്‍റെ അടിസ്ഥാനത്തില്‍ പരിണമിച്ചുണ്ടായതുമായ ഒന്നാണ് കേരളീയരുടെ ഓണാഘോഷം എന്നു പറയാം.

എന്താണ് ഓണാഘോഷത്തിന്‍റെ ഇന്നിന്‍റെ പ്രസക്തി എന്ന് ചിന്തിക്കുന്നത് ഏറെ അര്‍ഥവത്തായിരിക്കും. മൂന്നു സുന്ദരമായ സനാതന സങ്കൽപ്പങ്ങള്‍ ഓണപ്പാട്ടുകളില്‍ നിറഞ്ഞു നില്ക്കുന്നതായി കാണാം. ഒന്നാമതായി മനുഷ്യരെല്ലാവരും സമത്വമാര്‍ന്ന ജീവിതക്രമത്തില്‍ വ്യാപരിച്ചിരുന്നു. വിഭാഗീയതകളില്ലാതെ ജാതി-മത, വര്‍ണ-വര്‍ഗ, ലിംഗ, പണ്ഡിത-പാമര, സമ്പന്ന-ദരിദ്ര വ്യത്യാസമില്ലാതെ ഒന്നായി ഏകമനസോടെ എല്ലാവരും ഒരുമിച്ച് ജീവിച്ചിരുന്നു എന്നതാണ്.

രണ്ടാമതായി, ആമോദത്തോടെ എല്ലാവരും വസിച്ചിരുന്നു എന്നതാണ്. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സ്വന്തമാക്കുവാന്‍ കഴിഞ്ഞു. ഈ ആനന്ദത്തിന്‍റെയടിസ്ഥാനം സമ്പത്തോ ആസ്ഥിയോ സ്ഥാനമാനങ്ങളോ ആയിരുന്നില്ല. മറിച്ച്, അത്യാവശ്യം അതിജീവനത്തിനുവേണ്ടവയെല്ലാം സുലഭമായി ലഭ്യമായിരുന്നു. പങ്കുവയ്പ്പിലൂടെയും അധ്വാനത്തിലൂടെയും വേണ്ടതെല്ലാം ഉണ്ടാക്കിയെടുക്കുവാനും ആവശ്യാനുസരണം വിതരണം ചെയ്യപ്പെടാന്‍ സാധിച്ചിരുന്നു. അത് നല്‍കിയ സമഭാവനസന്തോഷം നല്‍കുന്ന ചൈതന്യമായി എന്നും നിലനിന്നു പോന്നിരുന്നു.

മൂന്നാമതായി, ആര്‍ക്കുംതന്നെ ആപത്തുണ്ടാകുന്ന സാഹചര്യമില്ലായിരുന്നു എന്നതാണ്. എല്ലാവരും എല്ലാവര്‍ക്കും പരസ്പരം കാവലായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുമായിരുന്നില്ല. മറിച്ച് പരസ്പരം സഹായിക്കാന്‍ സന്നദ്ധരായിരുന്നുതാനും. സുന്ദരമായ സമത്വ സങ്കല്‍പമാണിതിനു പിന്നില്‍. ഇന്നലെ അങ്ങനെ ഒന്ന് ഉണ്ടായിരുന്നിരിക്കാം. ഓര്‍മയില്‍ നിന്ന് അവ പിന്നീട് പിന്നോട്ട് ചാഞ്ഞതാകാം. നാളെ അപ്രകാരം ഒരു കാലമുണ്ടാകാന്‍ ഇനിയും സാധ്യതയുണ്ട്. അത് ഒരു സ്വപ്നമായി മുന്നാട്ട് കുതിക്കുന്നു. കാലത്തിന്‍റെ ഭൂത-വര്‍ത്തമാന-ഭാവി ഘട്ടങ്ങളിലായി മനുഷ്യനെ പിടിച്ചു നിര്‍ത്തുന്ന സുന്ദര സങ്കല്‍പമായത് നിലകൊള്ളുന്നു. മലയായെ പിടിച്ചു നിര്‍ത്തുന്ന ഈ ഓണസങ്കൽപ്പം ഏകത്വത്തിന്‍റെ തത്ത്വശാസ്ത്രമാണ് പ്രദാനം ചെയ്യുന്നത്. ഏകത്വത്തെ ഉത്സവമാക്കി മാറ്റുന്നതാണ് ഓണം. ഈ ഐക്യം ആത്യന്തികമായി എല്ലാ മതങ്ങളിലും വ്യത്യസ്തമായി കാണുന്നു എന്നതാണ് പ്രത്യേകത.

ഓണ സങ്കൽപ്പം എന്നത് ഒരർഥത്തില്‍ നമ്മുടെ ഹൃദയത്തിലാണ് അത് സ്ഥിതിചെയ്യുന്നത് എന്ന് പറയാം. ഇത് സാങ്കല്‍പ്പികമായ കഥയും കഥാപാത്രങ്ങളുമാകാം. മധുരമായ ഭൂതകാലത്തിന്‍റെ ഓര്‍മ. എത്ര സുന്ദരമായിരുന്നു നമ്മുടെ കുട്ടിക്കാലം. എത്ര മനോഹരമായിരുന്നു അന്നത്തെ ആകാശവും പ്രകൃതിയുമൊക്കെ എന്നു പറയുന്നതു പോലെയാണത്. ഇപ്രകാരമുള്ള മണ്‍മറഞ്ഞ ഓര്‍മകളിലാണ് മനുഷ്യന്‍ ഇന്നും ജീവിക്കുന്നത്. എല്ലാവരും ഒരുപോലെയുള്ള ഒരു കാലം ഇല്ലായിരുന്നു എന്ന് അറിഞ്ഞുകൊണ്ടു തന്നെ അപ്രകാരമുള്ള ഒരു കാലത്തെ സങ്കല്‍പ്പിക്കുകയും അതില്‍ അഭിമാനം കൊണ്ടുകൊണ്ട് നമുക്കു ജീവിക്കാനാകുകയും ചെയ്യുന്നു. നമ്മുടെ ഓര്‍മകളില്‍ അങ്ങനെ ഒന്നുണ്ടായിരുന്നു എന്നതാണ് ഓണക്കഥയിലെ മഹാബലി സങ്കല്‍പ്പം. അതുകൊണ്ടു തന്നെ ഇനിയും ഇപ്രകാരമൊന്നുണ്ടാകാം എന്ന പ്രതീക്ഷ മനുഷ്യനെ പ്രത്യാശയില്‍ മുന്നോട്ടു നയിക്കുന്നു എന്നതാണ് ഓണാഘോഷത്തിന്‍റെ പ്രസക്തി.

ഓണം വരാനുള്ള സുന്ദര സ്വപ്നത്തെ നമ്മുടെ മുന്നില്‍ യാഥാര്‍ഥ്യവത്കരിക്കുന്നു. ഈ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കുവാന്‍ കാലത്തിന്‍റെ കറുത്ത ദിനങ്ങളില്‍നിന്നും പ്രപഞ്ചത്തെ വിമുക്തമാക്കണം. ഒത്തിരി പേമാരികളില്‍നിന്നും നാം മോചനം നേടുകയും മഴക്കാറുകള്‍ നിറഞ്ഞ കര്‍ക്കടകത്തെ അതിജീവിക്കുകയും വേണം. വൈരുധ്യങ്ങളില്‍ മധുരമായ ഒരു പ്രതീക്ഷ ഭാവിയില്‍ എന്തൊക്കെ വേണമെന്നു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. കര്‍ക്കടകം പോലെ അത് ഇരുള്‍ നിറഞ്ഞതാകരുത് എന്ന് നാം ആശിക്കുന്നു. വാസ്തവത്തില്‍ എല്ലാം തികഞ്ഞ നാളെ എന്ന ഒന്ന് ഇവിടെയില്ല. സമ്പല്‍സമൃദ്ധി നിറഞ്ഞ നല്ലൊരു നാളെ മനസുകളെ ഉത്തേജിതമാക്കുന്നു. ഇത് നമ്മില്‍ മനോഹരമായ പ്രകൃതിയെക്കുറിച്ചുള്ള ഒരു ചിന്ത സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രകൃതിയെ ഒരു പൂക്കളമായി ചിത്രീകരിക്കുന്നതിനു പിന്നിലെ ചേതാവികാരം നമ്മില്‍ ഉണര്‍ത്തുന്നു. ഈ സങ്കല്‍പ്പം പുനഃസൃഷ്ടിയിലേക്കു നമ്മെ പ്രേരിപ്പിക്കുന്നു. ഈ പുനഃസൃഷ്ടിയുടെ അടയാളമാണ് പൂക്കളം നമ്മില്‍ ഉണര്‍ത്തുന്നത്. വ്യത്യസ്തമായ പൂക്കള്‍ ഒന്നു ചേരുമ്പോഴാണ് നമ്മുടെ മുറ്റത്തെ പൂക്കളം സുന്ദരമാകുന്നത്. വീണ്ടും വീണ്ടും നമുക്ക് അത് കണ്ടാസ്വദിക്കാനാകുന്നു. അതുകൊണ്ട്, ഭാവിയെക്കുറിച്ചുള്ള സ്വപ്നത്തിന്‍റെ ഒരു മൂര്‍ത്ത രൂപമാണ് പൂക്കളം. നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് നിദാനമായത് മാറുന്നു. അതുമാത്രമല്ല ഒരു സമൂഹത്തിന്‍റെ തന്നെ സന്തോഷമായി പരിണമിക്കുന്നു. ഭാവിതലമുറയെ സന്തോഷത്തിലേക്ക് നിരന്തരം നയിക്കുന്നു. ആ സന്തോഷം അനുഭവിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് നാളെ വരാനിരിക്കുന്ന ഓണം എന്ന സങ്കൽപ്പം. ഒരു ജാതിയുടെയോ മതത്തിന്‍റെയോ ചുറ്റുവട്ടത്തില്‍ കെട്ടിയിടാനുള്ളതല്ല അത്. മറിച്ച്, എല്ലാവര്‍ക്കും ഒരുപോലെ സമത്വത്തിലും സമഭാവനയിലും സത്യത്തിന്‍റെ നിറവില്‍ ഒന്നിച്ച് ആസ്വദിക്കാനുള്ള വിരുന്നാണ്.

ഇത് ഒരു വിളവെടുപ്പിന്‍റെ സ്വപ്നമാണ്. അതാകട്ടെ സമൃദ്ധിയും സ്വാദും പകരാന്‍ പോന്ന വിളവെടുപ്പ്. അതുകൊണ്ട് ഓണം പ്രതീകാത്മകമായ അര്‍ഥത്തില്‍ കര്‍ക്കടകത്തെ അതിജീവിച്ചുകൊണ്ട് വസന്തത്തിന്‍റെ ആരാമമൊരുക്കുന്ന സുന്ദരമായ ഒരു വിളവെടുപ്പ് ഉത്സവസ്വപ്നമാണ്. ഇത് ഓരോ മനുഷ്യന്‍റെയും വിളവെടുപ്പായി മാറണമെങ്കില്‍ അവന്‍റെ ഉള്ളിലെ അന്ധകാരത്തെ ചവിട്ടി താഴ്ത്തണം, ഈ അന്ധകാരത്തെ ചവിട്ടി താഴ്ത്തുന്ന സത്യമാണ് വാമനജയന്തി നമ്മില്‍ ഉണര്‍ത്തുന്നത്. ഇന്നലെ വിതച്ചത് ഇന്ന് പരിപാലിച്ച് നാളെ കൊയ്‌തെടുക്കുവാന്‍ പാകത്തില്‍ അന്ധകാരത്തിന്‍റെ കളകളെ പറിച്ചു കളയണം. ഓരോ വിളവെടുപ്പും പുതിയ മുകുളങ്ങള്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു. ആണ്ടോടാണ്ട് ആഘോഷിക്കുവാന്‍ പോകുന്ന രീതിയില്‍ വിളവെടുപ്പ് ഉണ്ടാകുമ്പോള്‍ പുതു മുകുളങ്ങളായി ഓണം ഓരോ തലമുറയിലും വീണ്ടും വീണ്ടും ജനിക്കുന്നു.

(ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിയോളജിയില്‍ ഡീന്‍ ആണ് ലേഖകന്‍)

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി