അഭിഷേക് ശർമ
ചണ്ഡീഗഡ്: 25 സിക്സ്, 15 ഫോർ. ഒരു പരമ്പരയിൽ അടിച്ചുകൂട്ടിയ ബൗണ്ടറിയുടെ കണക്കല്ല ഇത്. ഒറ്റ മത്സരത്തിലെ അഭിഷേക് ശർമയുടെ പ്രകടനമാണ്. 91 റൺസിൽ നിന്ന് 233 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ? സത്യമാണ്. പഞ്ചാബ് ഇന്‍റർ ഡിസ്ട്രിക്ട് സീനിയർ ഏകദിന ടൂർണമെന്‍റിലാണ് അഭിഷേക് അമ്പരപ്പിക്കുന്ന പ്രകടനം കാഴചവെച്ചത്. രാജ്യാന്തര മത്സരങ്ങളിൽ ഫോംഔട്ടിന്റെ പേരിൽ പഴി കേൾക്കുന്നതിനിടെയാണ് താരത്തിന്റെ ഡബിൾ സെഞ്ച്വറി പ്രകടനം.
ടാൺ തരൺ സീനിയർ ടീമിനെതിരായ മത്സരത്തിൽ അമൃത്സറിനായാണ് അഭിഷേക് കളത്തിലിറങ്ങിയത്. ഓപ്പണറായി ക്രീസിലെത്തിയ താരം സംഹാരതാണ്ഡവമാടുകയായിരുന്നു. ബൗണ്ടറികളിൽ നിന്ന് മാത്രം 210 റൺസാണ് അടിച്ചുകൂട്ടിയത്. അതായത് സിംഗിൾ അടിച്ച് എടുത്തത് വെറും 23 റൺസ് മാത്രം. അഭയ് ചൗധരിക്കൊപ്പമാണ് അഭിഷേക് കളത്തിലിറങ്ങിയത്. വന്ന് നിന്നതു മുതൽ എതിരാളികളെ അടിച്ചൊതുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 305 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അഭിഷേക് ഒരറ്റത്ത് തകർത്തടിച്ചപ്പോൾ അഭയ് ചൗധരി 85 പന്തിൽ നിന്ന് 93 റൺസ് നേടി.
അഭിഷേകിന്‍റെ ബാറ്റിങ് കരുത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസെന്ന കൂറ്റൻ സ്കോറാണ് അമൃത്സർ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാൺ തരണിന് 50 ഓവറിൽ 8 വിക്കറ്റിന് 313 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഡബിൾ സെഞ്ച്വറി പ്രകടനത്തിന് പുറമെ അഭിഷേക് രണ്ട് വിക്കറ്റും വീഴ്ത്തി. 220 റൺസിനായിരുന്നു അമൃത്സറിന്‍റെ വിജയം. സിംബാബ്‌വെ പര്യടനത്തിൽ മോശം ഫോമിലായിരുന്ന അഭിഷേകിന്‍റെ ഓപ്പണര്‍ സ്ഥാനത്തിനെതിരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനിടെയാണ് വിമർശകരുടെ വായടച്ചുകൊണ്ട് അഭിഷേക് മിന്നും പ്രകടനം കാഴ്ചവച്ചത്.