അജിത് അഗാർക്കർ
ന‍്യൂഡൽഹി: ഇന്ത‍്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ‍്യ ചീഫ് സെലക്റ്റർ അജിത് അഗാർക്കറുടെ കരാർ കാലാവധി 2027 ജൂൺ വരെ ബിസിസിഐ നീട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2 ടി20 ലോകകപ്പുകൾ, ചാംപ‍്യൻസ് ട്രോഫി കിരീടം എന്നിവയെല്ലാം നേടിയത് അഗാർക്കർ സെലക്റ്ററായിരിക്കുന്ന കാലത്തായിരുന്നു.
ഈ നേട്ടങ്ങളാണ് കരാർ കാലാവധി നീട്ടാൻ ബിസിസി തീരുമാനിച്ചതെന്നാണ് സൂചന. 2027ൽ ഏകദിന ലോകകപ്പും വരുന്നതിനാൽ അതും കൂടി കണക്കിലെടുത്താണ് ഈ നീക്കം. 2023 ലോകകപ്പിൽ ഇന്ത‍്യ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഏകദിനത്തിലും ട്വിന്‍റി20യിലും മികച്ച നേട്ടങ്ങൾ കൈവരിച്ചെങ്കിലും ടെസ്റ്റിൽ അത്ര മികച്ചതായിരുന്നില്ല അഗാർക്കർ സെലക്റ്ററായിരിക്കെയുള്ള ഇന്ത‍്യൻ ടീം. ന‍്യൂസിലൻഡിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേയും സ്വന്തം മണ്ണിൽ തോൽവി അറിഞ്ഞു.
ഓസ്ട്രേലിയക്കെതിരേ ബോർഡർ ഗവാസ്കർ ട്രോഫിയിൽ 4-1ന് പരാജയം ഏറ്റുവാങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും രോ-കോ യുഗം അവസാനിച്ചു. സെലക്റ്റർമാരുടെ നിർബന്ധം മൂലമാണ് ഇരുവരും വിരമിക്കൽ പ്രഖ‍്യാപിച്ചതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ ഇക്കാര‍്യം ബിസിസിഐ തള്ളി. ശുഭ്മൻ ഗില്ലിനെ ഏകദിന, ടെസ്റ്റ് ക‍്യാപ്റ്റനായും സൂര‍്യകുമാർ യാദവിനെ ടി20 ക‍്യാപ്റ്റനായും അഗാർക്കർ പ്രഖ‍്യാപിച്ചു.
ചില ശക്തമായ തീരുമാനങ്ങളും അജിത് അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. ഒരു വർഷത്തോളം ടി20 ടീമിൽ ഇല്ലാതിരുന്ന ശുഭ്മൻ ഗില്ലിനെ ടീമിലെടുക്കുകയും ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസണെ ബെഞ്ചിലിരുത്തുകയും ചെയ്തത് ഇതേ സെലക്ഷൻ കമ്മിറ്റി തന്നെയായിരുന്നു.
ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ‍്യത്തോടെയായിരുന്നു ഈ നീക്കം. എന്നാൽ പിന്നീട് ഫോം കണ്ടെത്താനാവാതെ വന്ന ഗില്ലിനെ ടീമിൽ നിന്നും പുറത്താക്കി സഞ്ജുവിനെ ഓപ്പണിങ് ബാറ്റർ സ്ഥാനം തിരിച്ചു നൽകുകയും അദ്ദേഹം ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് ടൂർണമെന്‍റിലെ താരമായി മാറുകയും ചെയ്തു.
2023 മുതൽ ടീമിലില്ലാതിരുന്ന ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചു വിളിച്ചതാണ് അജിത് അഗാർക്കർ സെലക്റ്ററായ കമ്മിറ്റിയുടെ മറ്റൊരു നാഴികകല്ല്. ആഭ‍്യന്തര ക്രിക്കറ്റിലെ ഇഷാന്‍റെ മികച്ച പ്രകടനം കണക്കിലെടുത്തായിരുന്നു സെലക്റ്റർമാരുടെ തീരുമാനം. യശ്‌സ്വി ജയ്സ്വാളിനെയും ജിതേഷ് ശർമയെയും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതെയായിരുന്നു ഇഷാനെ പരിഗണിച്ചത്.