ബാങ്കോക്ക്: 24-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന് ഇന്ന് ബാങ്കോക്കില്‍ തുടക്കം. 16 വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 42 രാജ്യങ്ങളില്‍നിന്ന് 45 ഇനങ്ങളഇലായി അഞ്ഞൂറിലേറെ അത്ലറ്റുകള് പങ്കെടുക്കും. ഇന്ത്യയില്‍നിന്ന് 54 അംഗ സംഘമാണ് ബാങ്കോക്കിലെത്തിയിരിക്കുന്നത്. ദോഹയില്‍ 2019ല്‍ നടന്ന 23-ാമത് മീറ്റില്‍ 38 പേരെ അണിനിരത്തിയ ഇന്ത്യക്ക് ലഭിച്ചത് രണ്ടു സ്വര്‍ണവും ഏഴു വീതം വെള്ളിയും വെങ്കലവുമായിരുന്നു.
ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബഹ്റൈന്‍ ഒന്നാമതും ജപ്പാന് മൂന്നാമതുമായിരുന്നു. ഉസ്ബെക്കിസ്ഥാന് നാലാമതെത്തിയപ്പോള്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇത്തവണ മെഡല്‍ വേട്ടയില്‍ മുന്നിലെത്താന്‍ സാധ്യത ചൈനയ്ക്കു തന്നെയാണ്. ബഹ്റൈനും ഖത്തറും ഇത്തവണ മികച്ച സ്ക്വാഡിനെ ഇറക്കും.
ആതിഥേയ ടീമിന്റെ എക്കാലത്തെയും മികച്ച സ്പ്രിന്റര്‍ എന്നു പേരെടുത്ത പുരുപോള് ബൂണ്‍സണ്‍ ഈ മേളയുടെ ശ്രദ്ധാകേന്ദ്രമാണ്. നിലവില്‍ അണ്ടര്‍ 20 വിഭാഗത്തില്‍ ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനാണ് പുരുപുള്. പുരുപുള്ളിനു കനത്ത വെല്ലുവിളിയുയര്‍ത്താന്‍ ഇന്തോനേഷ്യന്‍ അത്ലറ്റ് ലാലു മുഹമ്മദ് സോഹ്റിയുമുണ്ട്. മധ്യദൂര ഓട്ടക്കാരന് ജപ്പാന്റെ ടണക നസോമി, ഇന്ത്യയുടെ ലോങ് ജംപ് താരം എം. ശ്രീശങ്കര്‍ തുടങ്ങിയവരാണ് ഇത്തവണ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതുന്ന അത്ലറ്റുകള്.
അതിനിടെ, ഇന്ത്യക്ക് തിരിച്ചടിയായി ജാവലിന്‍ ത്രോ താരം രോഹിത് യാദവിന്റെയും ട്രിപ്പിള്‍ ജിപിലെ മെജല് പ്രതീക്ഷയായ പ്രവീണ്‍ ചിത്രവേലിന്റെയും പരുക്ക്. ഇരുവരും ഇപ്പോള്‍ ചാംപ്യന്‍ഷിപ്പില്‍നിന്നു പിന്മാറിയിരിക്കുകയാണ്. നേരത്തെ ഇരുവരും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. പ്രവീണ്‍ ചിത്രവേല്‍ ഈ സീസണില്‍ 17 മീറ്ററിലേറെ കണ്ടെത്തിയിരുന്നു. രോഹിത് യാദവാകട്ടെ, 81 മീറ്ററില്‍ കൂടുതല്‍ മൂന്നു തവണ കണ്ടെത്തിയതാരവുമാണ്. ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സില് 83,28 മീറ്റര്‍ താണ്ടാന്‍ രോഹിതിനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും മെഡല്‍ പ്രതീക്ഷയായിരുന്നു. നീരജ് ചോപ്ര, അവിനാഷ് സാബ്ലെ എന്നിവര്‍ വിദേശത്ത് പരിശീലനത്തിനായതിനാല് മീറ്റില്‍ പങ്കെടുക്കില്ലെന്ന് എഎഫ്ഐ അറിയിച്ചിരുന്നു.
ഏഷ്യന്‍ ഗെയിംസിന്റെ ഒരുക്കം
ഈ വര്‍ഷം തന്നെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെയും ലോകചാംപ്യന്ഷിപ്പിന്റെയും ഒരുക്കങ്ങളുടെ പുരോഗതി നിശ്ചയിക്കുന്ന മീറ്റാകും ഇത്. ഏറെ നാളായി അത്ലറ്റിക്സില് ഇന്ത്യ വളരെയേറെ മുന്നേറുന്നുവെന്നതിനാല്ത്തന്നെ ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുതകുന്ന തരത്തില്‍ റാങ്കിങ് പോയിന്റ് സ്വന്തമാക്കാനുള്ള ശ്രമവും ഇന്ത്യന്‍ അത്ലറ്റുകളുടെ ഭാഗത്തുനിന്നുണ്ടാകും. ഉദാഹരണത്തിന് ഇന്ത്യയുടെ ലോങ് ജംപ് പ്രതീക്ഷയായ ഷൈലി സിങ് ലോകചാംപ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ 31-ാമതാണ്. 36 പേര്‍ക്കാണ് യോഗ്യത നേടാനാകുന്നത്. നിലവില്‍ യോഗ്യതയുണ്ടെങ്കിലും ഇവിടെ പ്രകടനം മെച്ചപ്പെടുത്തിയാല്‍ റാങ്കിങ്ങിലും മുന്നേറാനാകും. ലോകചാംപ്യന്‍ഷിപ്പ് ഓഗസ്റ്റ് 19 മുതല്‍ 27 വരെയും ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയുമാണ്.
ഇന്ന് ആറ് ഫൈനലുകള്‍
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനമായ ഇന്ന് ആറ് ഫൈനലുകള്‍ നടക്കും. ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ പ്രതീക്ഷയുമായുണ്ട്. വനിതകളുടെ ജാവലിന്‍ ത്രോ ഫൈനലാണ് ആദ്യത്തേത് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യക്കായി അന്നു റാണി മത്സരിക്കും.
4.10ന് വനിതകളുടെ 1500 മീറ്ററില്‍ ലിലി ദാസാണ് ഇറങ്ങുന്നത്. 4.15ന് വനിതകളുടെ ട്രിപ്പിള്‍ ജംപ് ഫൈനലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആരും മത്സരിക്കുന്നില്ല. പുരുഷ വനിതാ വിഭാഗങ്ങളിലെ 4-100 മീറ്റര്‍ റിലേ ഫൈനല്‍ ഇന്നു നടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇരുവിഭാഗത്തിലുമിറങ്ങും.
പുരുഷന്മാരുടെ 10000 മീറ്ററില്‍ അഭിഷേക് പാലും ഗുല്‍വീര്‍ സിങ്ങും മത്സരിക്കും.
ഹനുമാൻ ഭാഗ്യചിഹ്നം
ബാങ്കോക്ക്: 2023 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്. തായ് ഹനുമാന്റെ ചിത്രമാണ് ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരിക്കുന്നത്. ' ഭഗവാന് ശ്രീരാമനെ സേവിക്കുന്നതിനായി ഹനുമാന് തന്റെ ശക്തിയും ധൈര്യവും അറിവുമെല്ലാം ഉപയോഗിച്ചു. ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയത്'- ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് വെബ്സൈറ്റില്‍ കുറിച്ചു.
ഹനുമാനെപ്പോലെ ആത്മസമര്‍പ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന് കൂട്ടിച്ചേര്‍ത്തു.