മത്സരത്തിൽ നിന്നും

 
Sports

മൈറ്റി ഓസീസിന്‍റെ കാറ്റൂരി ബംഗാൾ കടുവകൾ

ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനം ടീ ബ്രേക്കിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ

Aswin AM

ഡാർവിൻ: കംഗാരുപ്പടയെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ബംഗാൾ കടുവകൾ. ഡാർവിനിൽ ആരംഭിച്ച ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിൽ തന്നെ ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി.

6 വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദാണ് ഓസീസിനെ തകർത്തത്. ഹസനു പുറമെ എബാദോത് ഹൊസൈനും ടാസ്കിൻ അഹ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. 23 വർഷത്തിനിടെ ആദ‍്യമായി ഓസീസ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ടീ ബ്രേക്കിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന നിലയിലായിരുന്നു. എന്നാൽ ഒറ്റയാൾ പോരാട്ടം നടത്തി ക്രീസിൽ പ്രതിരോധം തീർത്ത സ്റ്റീവ് സ്മിത്തിനെ ബൗൺസറെറിഞ്ഞ് ഹസൻ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ ബാറ്റിങ് നിര തരിപ്പണമായി.

പിന്നാലെയെത്തിയ ജോഷ് ഹേസൽവുഡിന് നേഥൻ ലിയോണൊപ്പം ചേർന്ന് കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതോടെയാണ് 198 റൺസിൽ ടീം കൂടാരം കയറിയത്. 71 റൺസെടുത്ത സ്റ്റീവ് സ്മിത്ത് തന്നെയാണ് ഓസീസിന്‍റെ ടോപ് സ്കോറർ‌. സ്മിത്തിനു പുറമെ ഓപ്പണർമാരായ ട്രാവിസ് ഹെഡ് (22), ജേക്ക് വെതറാൾഡ് (23) എന്നിവർ‌ കുഴപ്പമില്ലാത്ത തുടക്കം നൽകിയെങ്കിലും കൂടുതൽ റൺസ് കണ്ടെത്താനായില്ല. കാമറൂൺ ഗ്രീൻ അടക്കമുള്ള മറ്റു താരങ്ങൾ നിരാശപ്പെടുത്തി.

ആദ‍്യം ബാറ്റ് ചെയ്ത ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും ജേക്ക് വെതറാൾഡും സമ്മാനിച്ചത്. ആദ‍്യ വിക്കറ്റിൽ 45 റൺസിന്‍റെ കൂട്ടുകെട്ട് നേടാൻ ഇരുവർക്കും കഴിഞ്ഞു. പക്ഷേ ഡാർവിനിൽ ജനിച്ചു വളർന്ന ജേക്ക് വെതറാൾഡിന് സ്വന്തം നാട്ടിൽ പോലും തിളങ്ങാനായില്ല.

തൊട്ടുപിന്നാലെ ട്രാവിസ് ഹെഡ് പുറത്തായത് ടീമിന് തിരിച്ചടിയായി. ബംഗ്ലാദേശിനു വേണ്ടി പേസർ ഹസൻ മഹ്മൂദാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയത്തിയ മാർനസ് ലബുഷെയ്നെ 20 പന്തിൽ നിന്നും ഒരു റൺസ് മാത്രം നേടി കളം വിട്ടത് ആരാധകരെ നിരാശപ്പെടുത്തി.

സ്റ്റീവ് സ്മിത്ത് മാത്രമാണ് കംഗാരുപ്പടയ്ക്കു മുന്നിൽ പ്രതിരോധം തീർത്ത് പിടിച്ചുനിന്നത്. എന്നാൽ പിന്തുണയ്ക്കാൻ മറുവശത്ത് ആരുമില്ലാതായതാണ് തകർച്ചയ്ക്ക് കാരണം. ഹസൻ മഹ്മുദ് മികച്ച തുടക്കം നൽകിയതോടെ മറ്റു പേസർമാരായ ടാസ്കിൻ അഹ്മദും എബാദോത് ഹൊസൈനും സമാന പ്രകടനം ആവർത്തിച്ചു.

മധ‍്യനിര താരങ്ങളായ കാമറൂൺ ഗ്രീൻ (13), അലക്സ് കാരി (19) ബ‍്യൂ വെബ്സ്റ്റർ (12) എന്നിവരെയെല്ലാം ഇരുവരും ചേർന്ന് മടക്കി അയച്ചു. സ്പിന്നർമാരായ മെഹ്ദി ഹസൻ മിറാസിനും തായ്‌ജുൾ ഇസ്‌ലാമിനും വിക്കറ്റൊന്നും നേടാനായില്ല. എട്ടാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ഹസൻ മുഹമ്മദ് പുറത്താക്കിയതോടെ 7 വിക്കറ്റുകൾ ടീമിന് നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ മിച്ചൽ സ്റ്റാർക്ക് (1), നേഥൻ ലിയോൺ( 7), ജോഷ് ഹേസൽവുഡ് (4), എന്നിവർക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഓസ്ട്രേലിയ കുഞ്ഞൻ സ്കോറിലേക്ക് കൂപ്പുകുത്തിയത്.

ഷദ്‌മാൻ ഇസ്‌ലാം

ഒന്നാം ദിനം അവസാനിക്കുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 32 റൺസുമായി തൻസിദ് ഹസനും 35 റൺസുമായി മൊമിനുൾ‌ ഹഖുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റർ ഷദ്മാൻ ഇസ്‌ലാമിന്‍റെ (20) വിക്കറ്റാണ് ടീമിന് നഷ്ടമായത്. പേസർ മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ്.

ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻ‌സ് അടക്കമുള്ള താരങ്ങൾക്ക് വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല. ഒന്നാം വിക്കറ്റിൽ 36 റൺസ് പടുത്തുയർത്തിയ ശേഷമാണ് ബംഗ്ലാദേശിന്‍റെ കൂട്ടുകെട്ട് പൊളിഞ്ഞത്. നിലവിലെ മികച്ച പേസ് ആക്രമണത്തിനെതിരേയാണ് ബംഗ്ലാദേശ് ബാറ്റിങ് നിര ശക്തമായി പ്രതിരോധം തീർത്തിരിക്കുന്നത്. ഇനി 102 റൺസ് കൂടി വേണം ബംഗ്ലാദേശിന് ലീഡെടുക്കാൻ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video