

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video
ഹാപുർ: ബ്രഡ് പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ലെന്നാരോപിച്ച് ഉത്തർപ്രദേശിൽ കൂട്ടത്തല്ല. ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ അങ്ങാടിയിൽ വച്ചാണ് സംഭവം. കല്ലും ബാറ്റും ബെൽറ്റും ഇരുമ്പു കമ്പികളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡെഹ്റയിലാണ് സംഭവം.
ബ്രഡ് പക്കോഡയ്ക്കൊപ്പം സാധാരണ വിളമ്പാറുള്ള പച്ച ചട്നിക്ക് പകരം കടക്കാരൻ പുളിച്ചട്നി വിളമ്പിയതാണ് പ്രശ്നങ്ങൾക്ക് കാരണം. കടക്കാരനെ ആക്രമിക്കുന്നതു കണ്ട് നിരവധി പേർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
ആക്രമണത്തിൽ പരുക്കേറ്റ നാലു പേരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും അക്രമം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കിൾ ഓഫിസർ മുനീഷ് ചന്ദ്ര പറഞ്ഞു. അഞ്ച് വർഷങ്ങൾക്കു മുൻപ് ബാഗ്പതിൽ ചാട്ടിന്‍റെ പേരിലുണ്ടായ കൈയാങ്കളിക്ക് സമാനമായിരുന്നു ഹാപുറിലെ ആക്രമണമെന്ന് നാട്ടുകാർ പറയുന്നു.