അഡ്‌ലെയ്ഡിൽ ഇംഗ്ലണ്ടിന് അടിതെറ്റി

 
Sports

അഡ്‌ലെയ്ഡിൽ ഇംഗ്ലണ്ടിന് അടിതെറ്റി

ഒന്നാം ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 371 റൺസിന് മറുപടി നൽകാൻ ബാറ്റേന്തിയ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടമായി

Aswin AM

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഓസീസ് ഉയർത്തിയ 371 റൺസിന് മറുപടി നൽകാൻ ബാറ്റേന്തിയ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടമായി.

45 റൺസുമായി ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സും 30 റൺസുമായി ജോഫ്രാ ആർച്ചറുമാണ് ക്രീസിൽ. രണ്ടാം ദിനം പൂർത്തിയായപ്പോൾ‌ 213 റൺസ് അടിച്ചിട്ടുണ്ട് ഇംഗ്ലണ്ട്. ഓസീസിനു വേണ്ടി ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നും സ്കോട്ട് ബോലൻഡ് നേഥൻ ലിയോൺ രണ്ടും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ 8 വിക്കറ്റ് നഷ്ടത്തിൽ ബാറ്റിങ് ആരംഭിച്ച ഓസീസ് 371 റൺസിന് കൂടാരം കയറി. അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്കും 14 റൺസെടുത്ത് പുറത്താവാതെ നിന്ന സ്കോട്ട് ബോലൻഡുമാണ് വാലറ്റത്ത് ഓസീസിനു വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്രാ ആർച്ചർ അഞ്ചും ബ്രൈഡൻ കാർസെ, വിൽ ജാക്സ് എന്നിവർ രണ്ടും ജോഷ് ടങ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 37 റൺസ് ചേർ‌ക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ സാക് ക്രോളിയാണ് പുറത്തായത്. പിന്നാലെയെത്തിയ ഒല്ലി പോപ്പ് 3 റൺസെടുത്ത് മടങ്ങി. നേഥൻ ലിയോണിന്‍റെ പന്തിൽ ബൗൾഡാവുകയായിരുന്നു. ബെൻ ഡക്കറ്റ് 30 പന്തിൽ 5 ബൗണ്ടറി ഉൾപ്പടെ 29 റൺസെടുത്ത് പുറത്തായപ്പോൾ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി അടിച്ച ജോ റൂട്ട് 19 റൺസിന് ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇതോടെ പ്രതിരോധത്തിലായ ടീമിനെ ഹാരി ബ്രൂക്ക്- ബെൻ സ്റ്റോക്സ് സഖ‍്യമാണ് വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതോടെ ടീം സ്കോർ 150 കടന്നു.

എന്നാൽ ഹാരി ബ്രൂക്കിന്‍റെ വിക്കറ്റ് വീഴ്ത്തി കാമറൂൺ ഗ്രീൻ മറുപടി നൽകി. പിന്നീട് ക്രീസിലെത്തിയ ജേമി സ്മിത്ത് 22 റൺസും വിൽ ജാക്സ് 6 റൺസുമെടുത്ത് മടങ്ങിയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ബെൻ സ്റ്റോക്സ് നിലയുറപ്പിച്ച കാഴ്ചയാണ് അഡ്‌ലെയ്ഡ് സാക്ഷ‍്യം വഹിച്ചത്. 151 പന്തുകൾ നേരിട്ടാണ് സ്റ്റോക്സ് 45 റൺസ് അടിച്ചെടുത്തത്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി