എരെൻ എൽമാലി

 
Sports

ഫുട്ബോൾ വാതുവയ്പ്പ്: തുർക്കിയിൽ 1024 കളിക്കാർക്ക് സസ്പെൻഷൻ

ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ സ്ഥിരമായി കളിക്കുന്ന ഗലാറ്റ്സറെയുടെ ദേശീയ ടീം പ്രതിരോധ താരം എരെൻ എൽമാലിയും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു

Sports Desk

ഇസ്താംബുൾ: തുർക്കിയിൽ വാതുവയ്പ്പ് വ്യാപകമായതിനെത്തുടർന്ന് 1024 ഫുട്ബോൾ കളിക്കാരെ തുർക്കി ഫുട്ബോൾ ഫെഡറേഷൻ (ടിഎഫ്എഫ്) സസ്പെൻഡ് ചെയ്തു. ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ സ്ഥിരമായി കളിക്കുന്ന ഗലാറ്റ്സറെയുടെ ദേശീയ ടീം പ്രതിരോധ താരം എരെൻ എൽമാലിയും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

സ്പെയിനിനും ബൾഗേറിയയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തുർക്കി ടീമിൽ നിന്ന് എൽമാലിയെ ഒഴിവാക്കിയതിനെത്തുടർന്ന്, കേസിൽ തന്‍റെ പങ്കാളിത്തം വിശദീകരിച്ച് 25 വയസുകാരൻ എൽമാലി തിങ്കളാഴ്ച വൈകി ഇൻസ്റ്റാഗ്രാമിൽ പ്രസ്താവന പോസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് വർഷം മുൻപ് തന്‍റെ ടീം ഉൾപ്പെടാത്ത ഒരു മത്സരത്തിൽ വാതുവച്ചതായി എൽമാലി ഇതിൽ സമ്മതിക്കുന്നു. അദ്ദേഹം ഈ വർഷമാണ് ഗലാറ്റ്സറെയിൽ ചേർന്നത്.

എൽമാലിയും അദ്ദേഹത്തിന്‍റെ ഗലാറ്റ്സറെ സഹതാരം മെറ്റെഹാൻ ബൽടാസിയും അച്ചടക്ക കമ്മീഷന് റഫർ ചെയ്ത 1,024 കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഡിവിഷനുകളിലെ മത്സരങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായും ഫെഡറേഷൻ അറിയിച്ചു. എന്നാൽ, നിലവിലുള്ള ചാംപ്യന്മാരായ ഗലാറ്റ്സറെ മുന്നിട്ടു നിൽക്കുന്ന സൂപ്പർ ലീഗ് മത്സരങ്ങൾ തുടരും.

റഫറിമാർ മത്സരങ്ങളിൽ വ്യാപകമായി വാതുവയ്പ് നടത്തി എന്ന ആരോപണങ്ങൾക്കു പിന്നാലെ ഇപ്പോൾ കളിക്കാർക്കെതിരേയും അന്വേഷണം വന്നത് തുർക്കി ഫുട്ബോളിനെ പിടിച്ചുകുലുക്കി. 150ലധികം റഫറിമാർ വാതുവയ്പ് നടത്തിയതായി ആരോപിക്കപ്പെടുന്നു. ഇതിൽ ഉന്നതതല മത്സരങ്ങൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ള ഏഴ് റഫറിമാരും 15 ഉന്നതതല അസിസ്റ്റന്‍റുമാരും ഉൾപ്പെടുന്നു.

ടോപ്-ടയർ ക്ലബ് ഐപ്‌സ്‌പോർട്ടിന്‍റെ പ്രസിഡന്‍റും കാസിംപാസയുടെ മുൻ ഉടമയും കേസിൽ ഉൾപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

"തുർക്കി ഫുട്ബോളിനെ എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കാനുമുള്ള കടമ ഞങ്ങൾക്കുണ്ട്," ഫെഡറേഷൻ പ്രസിഡന്‍റ് ഇബ്രാഹിം ഹാസിയോസ്മനോഗ്ലു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2032 യൂറോപ്യൻ ചാംപ്യൻഷിപ്പിന് ഇറ്റലിയുമായി ചേർന്ന് ആതിഥ്യം വഹിക്കാനുള്ള അവകാശം നേടിയതും, ദേശീയ ടീം യൂറോ 2024 ക്വാർട്ടർ ഫൈനലിൽ എത്തിയതും, യൂറോപ്യൻ ക്ലബ് മത്സരങ്ങളുടെ വിവിധ ഫൈനലുകളുടെ വേദിയായി ഇസ്താംബുളിനെ യുവേഫ തെരഞ്ഞെടുത്തതും തുർക്കി ഫുട്ബോളിന്‍റെ സമീപകാലത്തെ കുതിപ്പിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഇതിനു മേലെല്ലാം കരിനിഴൽ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ വാതുവയ്പ്പ് വിവാദം.

ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ല; പരിഭ്രാന്തിയിലുണ്ടായതെന്ന് ഉന്നത വൃത്തങ്ങൾ

ശബരിമല സ്വർണക്കൊള്ള; എൻ. വാസു റിമാൻഡിൽ, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

എൻ. വാസു അറസ്റ്റിലായതോടെ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ‍്യക്തമായെന്ന് വി.ഡി. സതീശൻ

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ