സച്ചിൻ ടെൻഡുൽക്കർ,ഉൾചിത്രത്തിൽ ഗുർശരൺ സിങ്.
മുംബൈ: മുൻ ഇന്ത്യൻ താരം ഗുർശരൺ സിങ് ഒരുകൈ ഒടിഞ്ഞിട്ടും തന്‍റെ കൂടെ 11-ാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയതിനെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കർ അനുസ്മരിക്കുന്നു. 1989-90ൽ ഇറാനി കപ്പ് മത്സരത്തിൽ ഡൽഹിക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി 103 റൺസ് നേടാൻ ഗുർശരൺ സിങ്ങാണ് തന്നെ സഹായിച്ചതെന്നു സച്ചിൻ പറയുന്നു.
വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ, റെസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 309 റൺസിന് അവസാനിച്ചിരുന്നു. 554 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ടീമിനായി സച്ചിൻ 103 റൺസുമായി ഒറ്റയ്ക്ക് പോരാടി. മുൻ ഇന്ത്യൻ ഓപ്പണർ ഡബ്ല്യു.വി. രാമന്‍റെ 41 റൺസ് മാത്രമായിരുന്നു മറ്റൊരു ശ്രദ്ധേയമായ പ്രകടനം.
209ന് 9 എന്ന നിലയിൽ പരുങ്ങുകയായിരുന്ന ശേഷിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി, ഒരുകൈ ഒടിഞ്ഞ അവസ്ഥയിൽ 11ാം നമ്പറിൽ ഗുർശരൺ സിങ് ബാറ്റിങ്ങിനിറങ്ങി. ഈ കൂട്ട്കെട്ട് അവസാന വിക്കറ്റിൽ 36 റൺസ് കൂടി കൂട്ടിച്ചേർത്തു. റെസ്റ്റ് ഓഫ് ഇന്ത്യ 245 റൺസിനു പുറത്തായി.
''ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ പോലെയായിരുന്നു അന്നത്തെ ഇറാനി കപ്പ് മത്സരം. ഞാൻ തൊണ്ണൂറുകളിൽ ബാറ്റ് ചെയ്യുമ്പോൾ, റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായിരുന്നു. സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന രാജ് സിങ് ദുഗാർപുർ അദ്ദേഹത്തോട് എന്നെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. ഗുർശരൺ വന്ന് എന്‍റെ സെഞ്ചുറി തികയ്ക്കാൻ സഹായിച്ചു, അതിനു പിന്നാലെ ഞാൻ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് ഗുർശരണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായി'', സച്ചിൻ വിശദീകരിച്ചു.
ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും മാത്രമാണ് ഗുർശരൺ കളിച്ചിട്ടുള്ളത്.
''ഒടിഞ്ഞ കൈയുമായി പുറത്തിറങ്ങിയത് തന്നെ പ്രധാനമായിരുന്നു. ഞാൻ സെഞ്ച്വറി നേടുകയോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമായിരുന്നു. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യവും മനോഭാവവുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, അത് എന്‍റെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു'', സച്ചിൻ കൂട്ടിച്ചേർത്തു.