വിരാട് കോലി
ന‍്യൂഡൽഹി: 2026ലെ ഐപിഎൽ സീസൺ അവസാനിക്കാൻ രണ്ടു മത്സരം മാത്രം ശേഷിക്കെ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മത്സര ദിവസം സ്മാർട്ട് ഗ്ലാസുകളും മറ്റ് അത‍്യാധുനിക കണ്ണാടികളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ബിസിസിഐ. ബിസിസിഐയുടെ അഴിമതി സുരക്ഷാ വിഭാഗത്തിന്‍റെയാണ് നടപടി.
സാങ്കേതിക വിദ‍്യ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ടൂർണമെന്‍റിന്‍റെ സുതാര‍്യത ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കമെന്ന് ബിസിസിഐ അറിയിച്ചു.
ഡ്രസ്സിങ് റൂമുകൾ, ഡഗ്ഔട്ടുകൾ, താരങ്ങൾ ഇരിക്കുന്ന മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിലൊന്നും ഇനി സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കാൻ സാധിക്കില്ല. സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ തന്നെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും സ്മാർട്ട് ഗ്ലാസുകൾ സെക‍്യൂരിറ്റി ലെയ്സൺ ഓഫിസർക്ക് കൈമാറണമെന്നാണ് പുതിയ നിർദേശം.
ചില സ്മാർട്ട് ഗ്ലാസുകളിൽ വൈഫൈ, വിഡിയോ കോളിങ്, സംവിധാനം ഉള്ളതിനാൽ ഈ ഉപകരണങ്ങളെ കമ്മ‍്യൂണിക്കേഷൻ - ഓഡിയോ വിഡിയോ റെക്കോഡിങ് ഉപകരണങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.