

വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അനുകൂലമായ ഉത്തരവുമായി സുപ്രീം കോടതി. ഏഷ്യൻ ഗെയിംസിന്‍റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരേ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. അവൾ രാജ്യത്തിന്‍റെ അഭിമാനമാണെന്നും മറ്റാരുടെയെങ്കിലും കാര്യമായിരുന്നുവെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനേ എന്നും കോടതി പരാമർശിച്ചു. ജസ്റ്റിസ്മാരായ പി.എസ്. നരസിംബ, അലോക് അരാധേ എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്.
നിങ്ങൾ മികച്ച ഗുസ്തിതാരമാണ്, രാജ്യത്തിന് അഭിമാനമായി മാറിയവളാണ്. ഞങ്ങളൊരിക്കലും തടയില്ല, നിങ്ങൾ പോയി ട്രയൽസിൽ പങ്കെടുക്കൂ എന്നും കോടതി വ്യക്തമാക്കി.
ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചു കൊണ്ടുള്ള ഫെഡറേഷൻ തീരുമാനത്തിലാണ് ഡൽഹി ഹൈക്കോടതി ഇടപെട്ടത്. ഫെഡറേഷൻ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതോടെയാണ് ഫോഗട്ടിന് മത്സരിക്കാൻ ആകില്ലെന്ന അവസ്ഥ വന്നത്.
2025-26 വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ടൂർണമെന്‍റുകളിൽ നിന്ന് മെഡൽ നേടിയവർക്കു മാത്രമേ ട്രയൽസിൽ പങ്കെടുക്കാനാകൂ എന്നായിരുന്നു മാനദണ്ഡം. 2024ലെ പാരീസ് ഒളിമ്പിക്സിനു ശേഷം ഒരു പ്രൊഫഷണൽ ടൂർണമെന്‍റിലും ഫോഗട്ട് പങ്കെടുത്തിരുന്നില്ല. മേയ് 30നാണ് ഏഷ്യൽ ഗെയിംസ് ട്രയലുകൾ ആരംഭിക്കുന്നത്. വിനേഷ് ഫോഗട്ടും ഗുസ്തി ഫെഡറേഷനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റായിരുന്നു ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ താരങ്ങൾ നടത്തിയ സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്. അടുത്തിടെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമത്തിന് ഇരയാക്കിയവരിൽ ഒരാൾ താനാണെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയിരുന്നു. പാരീസ് ഒളിമ്പിക്സിൽ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും അവസാന നിമിഷത്തിൽ ഭാരക്കൂടുതൽ മൂലം വിനേഷ് അയോഗ്യയായി. പത്തു മാസം മുൻപ് വിനേഷ് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. മാത്രമല്ല ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്നുമുള്ള എംഎൽഎയുമാണ് വിനേഷ്.