ജോർഡൻ സിൽക്കിനെ പുറത്താക്കിയ മൈക്കൽ നെസറിന്‍റെ വിവാദ ക്യാച്ച്
ലണ്ടൻ: ക്രിക്കറ്റിൽ ബൗണ്ടറിക്ക് അരികിലെ ക്യാച്ചിങ് നിയമത്തിൽ മാറ്റംവരുത്തി മെർലിബോൺ ക്രിക്കറ്റ് ക്ലബ്ബ് (MCC). ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് 2023 സീസണിൽ സിഡ്നി സിക്സേഴ്സിന്‍റെ ജോർഡൻ സിൽക്കിനെ പുറത്താക്കാൻ ബ്രിസ്ബെയ്ൻ ഹീറ്റിന്‍റെ മൈക്കൽ നെസർ ബൗണ്ടറിക്കു പുറത്ത് വായുവിൽ ഉയർന്നു ചാടിയെടുത്ത ക്യാച്ച് വിവാദമായ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിലെ നിയമനിർമാണ അധികാരമുള്ള എംസിസിയുടെ പരിഷ്കാരം.
ഭേദഗതി പ്രകാരം ബൗണ്ടറിക്കു പുറത്ത് വായുവിൽ ഉയർന്നു നിന്ന് ഒന്നിലധികം തവണ പന്തിൽ സ്പർശിക്കാൻ (ബണ്ണി ഹോപ്സ് എന്ന രീതി) ഫീൽഡറെ അനുവദിക്കില്ല.
ബൗണ്ടറി കടന്ന് വായുവിൽ ഉയർന്നു ചാടി നിന്ന് ഉയർത്തിയെറിഞ്ഞ പന്തിൽ സ്പർശിക്കണമെങ്കിൽ കളിക്കാരൻ ഫീൽഡിനുള്ളിൽ വന്നിരിക്കണം. അതല്ലെങ്കിൽ ബാറ്റർക്ക് റൺസ് അനുവദിക്കും.
അതേസമയം, സിക്സിലേക്കു പറക്കുന്ന പന്തിനെ കളത്തിനുള്ളിൽ നിന്ന് ഉയർന്നു ചാടി തട്ടിയിട്ട് ബൗണ്ടറി കടന്നശേഷം തിരിച്ചുവന്ന് ക്യാച്ച് ചെയ്യുന്നത് അനുവദിക്കുമെന്നും എംസിസി വ്യക്തമാക്കി.
ബൗണ്ടറി നിയമ പരിഷ്കാരം ഐസിസിക്ക് കീഴിലെ എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും അയച്ചുകൊടുത്തിട്ടുണ്ട്. പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സർക്കിൾ ആരംഭിക്കുന്ന ജൂൺ 17 മുതൽ പുതിയ നിയമം പരീക്ഷിച്ചു തുടങ്ങും. ഗോളിൽ നടക്കുന്ന ശ്രീലങ്ക - ബംഗ്ലാദേശ് ടെസ്റ്റിലായിരിക്കും നിയമം ആദ്യമായി നടപ്പാക്കുക. അടുത്ത ഒക്റ്റോബറിൽ നിയമം ഔദ്യോഗികമായി നിലവിൽവരും.
വിവാദ ക്യാച്ച്
ജോർഡൻ സിൽക്കിന്‍റെ ഷോട്ട് ബൗണ്ടറിക്കരികിൽ ക്യാച്ച് ചെയ്ത മൈക്കൽ നെസറിന്‍റെ ബാലൻസ് തെറ്റി. തുടർന്ന് താരം ബൗണ്ടറി ലൈനിനപ്പുറം വായുവിൽ ഉയർന്നു ചാടി പന്ത് മുകളിലേക്ക് എറിഞ്ഞു. ബൗണ്ടറിക്ക് പുറത്തുവച്ച് തന്നെ വീണ്ടും വായുവിൽ ഉയർന്ന് നിന്ന് പന്തുപിടിച്ചു. അതിനുശേഷം ബൗണ്ടറിക്ക് അകത്തേക്ക് പന്ത് ഉയർത്തിയെറിഞ്ഞ് കളത്തിൽ തിരിച്ചുകയറി ക്യാച്ച് ചെയ്തു.
സിൽക്ക് ഔട്ടാണെന്ന് തേഡ് അംപയർ വിധിച്ചു. നെസറിന്‍റെ ക്യാച്ച് നിയമവിരുദ്ധമാണെന്നും അൽപ്പം കടന്നുപോയെന്നും ക്രിക്കറ്റ് പ്രേമികൾ വിമർശിച്ചിരുന്നു.