ടീമുകൾക്കൊപ്പം ക്യാപ്റ്റൻമാരും പരാജയം, നാലു പേരുടെ തൊപ്പി പോകും.
MV Graphics
ഐപിഎൽ സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ നാല് പ്രമുഖ ടീമുകളുടെ നായകന്മാർ കടുത്ത സമ്മർദത്തിൽ. നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നായകൻ ഋഷഭ് പന്ത്, ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെ എന്നിവർക്ക് അടുത്ത സീസണിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങൾ സൂചന നൽകുന്നു.
നാല് ടീമുകളും പ്ലേ ഓഫ് കാണാതെ പുറത്താകാമെന്ന് ഏറെക്കുറെ ഉറപ്പായതോടെ, വരും ആഴ്ചകളിൽ ടീം മാനേജ്‌മെന്‍റുകൾ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നുറപ്പാണ്. അക്ഷറും പന്തും ഹാർദിക്കും കളിക്കാരെന്ന നിലയിൽ ടീമിൽ തുടർന്നേക്കാമെങ്കിലും രഹാനെയെ ലേലത്തിന് മുൻപ് ഒഴിവാക്കാനാണ് സാധ്യത.
ഋഷഭ് പന്ത്
തുടർച്ചയായ രണ്ട് സീസണുകളിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഋഷഭ് പന്തിന് തിരിച്ചടിയായത്. നിലവിൽ ഔദ്യോഗികമായി പുറത്തായ രണ്ടാമത്തെ ടീമാണ് ലഖ്‌നൗ; മറ്റൊന്ന് മുംബൈ. 11 മത്സരങ്ങളിൽ നിന്ന് 251 റൺസ് മാത്രമാണ് പന്തിന് നേടാനായത്. ഉടമ സഞ്ജീവ് ഗോയങ്കയുടെ കടുത്ത നിലപാടുകൾ പന്തിന്‍റെ നായകസ്ഥാനത്തിന് ഭീഷണിയാകുന്നുണ്ട്.
മോശം ബാറ്റിങ് ഫോമിനൊപ്പം ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളും പന്തിന് വിനയായി. മികച്ച കളിക്കാർക്കു വേണ്ടി വൻ തുക മുടക്കാൻ തയാറുള്ള ഗോയങ്ക അതേ രീതിയിൽ പ്രകടനങ്ങളെയും തുലനം ചെയ്യുന്ന ആളാണ്.
അക്ഷർ പട്ടേൽ
ഡൽഹി ക്യാപിറ്റൽസിൽ അക്ഷർ പട്ടേലിനും കാര്യങ്ങൾ അനുകൂലമല്ല. ഒൻപത് ഇന്നിങ്‌സിൽ 100 റൺസ് മാത്രമാണ് അക്ഷറിന്‍റെ സമ്പാദ്യം. ബൗളിങ്ങിലും നായകനെന്ന നിലയിലുള്ള തീരുമാനങ്ങളിലും അക്ഷർ പരാജയപ്പെട്ടതായാണ് വിലയിരുത്തൽ. അടുത്ത സീസണിൽ ജെഎസ്ഡബ്ല്യു (JSW) ഗ്രൂപ്പ് ഭരണപരമായ ചുമതലകൾ ഏറ്റെടുക്കുന്നതോടെ അക്ഷറിനെ നായകസ്ഥാനത്തു നിന്ന് മാറ്റാനാണ് സാധ്യത.
തീരുമാനങ്ങളെടുക്കാൻ കോച്ചിങ് സ്റ്റാഫിലുള്ള ഹേംമാംഗ് ബദാനിയെയും വേണുഗോപാൽ റാവുവിനെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ, ഇവരെയും പുറത്താക്കാനാണ് സാധ്യത.
അജിങ്ക്യ രഹാനെ
കെകെആർ നായകൻ അജിങ്ക്യ രഹാനെ ടീമിന് ഒരു ബാധ്യതയായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 37 വയസ്സുകാരനായ രഹാനെയ്ക്ക് ആധുനിക ടി20 ക്രിക്കറ്റിന്‍റെ വേഗത്തിനൊപ്പം എത്താൻ കഴിയുന്നില്ല.
11 മത്സരങ്ങളിൽ നിന്ന് 237 റൺസ് മാത്രമാണ് രഹാനെ നേടിയത്. സ്ട്രൈക്ക് റേറ്റ് കുറഞ്ഞതും സിക്സറുകൾ നേടുന്നതിലെ കുറവും കെകെആറിന് മിക്ക മത്സരങ്ങളിലും തിരിച്ചടിയായി. ഇതേ മോൾഡിലുള്ള അംഗ്കൃഷ് രഘുവംശി ടീമിലുള്ളപ്പോൾ രഹാനെയുടെ ആവശ്യം ടീമിൽ പോലുമില്ലെന്നാണ് വിലയിരുത്തൽ.
ഹാർദിക് പാണ്ഡ്യ
ഇന്ത്യക്കു വേണ്ടി പുറത്തെടുക്കുന്ന പ്രകടന മികവ് മുംബൈ ഇന്ത്യൻസിനു പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്നാണ് ഹാർദിക് പാണ്ഡ്യയെക്കുറിച്ച് ആരാധകർക്കുള്ള പരാതി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇത്തവണ ശരാശരി മാത്രമായ ഹാർദിക്കിന് ടീമിനെ പ്രചോദിപ്പിക്കാനും സാധിക്കുന്നില്ല.
ഹാർദിക് പുറത്തിരുന്ന മത്സരങ്ങളിൽ സൂര്യകുമാർ യാദവ് കൂടുതൽ മികവോടെ ടീമിനെ നയിച്ചെന്ന വിലയിരുത്തലും ശക്തമാണ്. എന്നാൽ, സൂര്യകുമാറും നിരന്തരം ബാറ്റിങ്ങിൽ പരാജയപ്പെടുന്നതു കാരണം പുതിയൊരു നായകനെ കണ്ടെത്താനുള്ള വെല്ലുവിളിയാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ.