സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെ സെഞ്ചുറി ആഘോഷം
ഹൈദരാബാദ്: തുടരെ നാലു മത്സരം തോറ്റ സൺറൈസേഴ്സ് ഹൈദരാബാദ്; കഴിഞ്ഞ നാലു മത്സരങ്ങളിൽ 6, 1, 2, 18 എന്നിങ്ങനെ സ്കോർ ചെയ്ത അഭിഷേക് ശർമ. എന്നാൽ, പഞ്ചാബ് കിങ്സ് മുന്നോട്ടു വച്ച 246 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയപ്പോൾ കളി ആകെ മാറി. 55 പന്തിൽ 141 റൺസെടുത്ത അഭിഷേക് ശർമയുടെ ഇന്നിങ്സിന്‍റെ ബലത്തിൽ, ഒമ്പത് പന്തും എട്ട് വിക്കറ്റും ശേഷിക്കെ എസ്ആർഎച്ച് ലക്ഷ്യം നേടി.
ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയർന്ന വിജയകരമായ റൺ ചേസായി ഇതു മാറുകയും ചെയ്തു. അഭിഷേകിനൊപ്പം ട്രാവിസ് ഹെഡ് പടുത്തുയർത്തിയ 171 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് ഈ സീസണിലെ ഏറ്റവും വലിയ ബാറ്റിങ് പാർട്ണർഷിപ്പുമായി. 37 പന്തിൽ ഒമ്പത് ഫോറും മൂന്നു സിക്സും സഹിതം 66 റൺസെടുത്ത ഹെഡ്ഡിന്‍റെ ഇന്നിങ്സിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു 14 ഫോറും 10 സിക്സും അകമ്പടി സേവിച്ച ഇന്ത്യൻ യുവതാരത്തിന്‍റെ ബാറ്റിങ് വെടിക്കെട്ട്. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായും ഇതു മാറി.
നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിങ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 245 റൺസെടുത്തത്. പ്രിയാംശ് ആര്യയും (13 പന്തിൽ 36) പ്രഭ്സിമ്രൻ സിങ്ങും (23 പന്തിൽ 42) ചേർന്ന് നാലോവറിൽ 66 റൺസ് ചേർത്തു. തുടർന്നു വന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ 36 പന്തിൽ 82 റൺസ് കൂടി സ്വന്തമാക്കി. ആറ് ഫോറും ആറ് സിക്സും ഉൾപ്പെട്ടതായിരുന്നു ശ്രേയസിന്‍റെ ഇന്നിങ്സ്.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച മാർക്കസ് സ്റ്റോയ്നിസ് 11 പന്തിൽ 34 റൺസ് കൂടി നേടിയതോടെ, ഹൈദരാബാദ് ബാറ്റ് ചെയ്യും മുൻപ് തന്നെ പഞ്ചാബ് ജയിച്ച പ്രതീതി. ഇതിനിടെ നാല് വിക്കറ്റ് നേടിയ ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ശ്രീലങ്കൻ പേസ് ബൗളർ ഇഷാൻ മലിംഗയും ചേർന്നാണ് സ്കോർ മുന്നൂറിനടുത്തേക്കു പോകുന്നത് തടഞ്ഞത്.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഇതിനെയെല്ലാം വെല്ലുന്ന പ്രകടനമാണ് അഭിഷേക് - ഹെഡ് സഖ്യത്തിൽ നിന്നുണ്ടായത്. എട്ടു ബൗളർമാരെ ശ്രേയസ് അയ്യർ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റ് വീഴാൻ പതിമൂന്നാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു.
ടീം സ്കോർ 171 എത്തിയപ്പോഴാണ് ഹെഡ് പുറത്താകുന്നത്. പക്ഷേ, 40 പന്തിൽ സെഞ്ചുറി തികച്ച അഭിഷേക് നിർഭയനായി ഹിറ്റിങ് തുടർന്നു. വ്യക്തിഗത സ്കോർ അഞ്ചിലും അമ്പത്താറിലും നിൽക്കെ കിട്ടിയ ലൈഫുകൾ പരമാവധി മുതലാക്കുകയും ചെയ്തു.
മൂന്നാം നമ്പറിൽ ഇറങ്ങിയ ഹെൻറിച്ച് ക്ലാസൻ (14 പന്തിൽ 21 നോട്ടൗട്ട്) വലിയ റിസ്കെടുക്കാതെ മറുവശത്ത് ഉറച്ചു നിന്നു. പതിനേഴാം ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ ടീം സ്കോർ 222 റൺസിലെത്തിയിരുന്നു. തുടർന്നെത്തിയ ഇഷാൻ കിഷന് (6 പന്തിൽ 9 നോട്ടൗട്ട്) പിന്നെ അധികം അധ്വാനിക്കേണ്ടി വന്നതുമില്ല.