ഐപിഎൽ 2026 രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ബാറ്റ് ചെയ്യാനിറങ്ങുന്ന രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി.
ന്യൂ ചണ്ഡിഗഡ്: അടിച്ചു തകർക്കാൻ മാത്രമല്ല, ഉത്തരവാദിത്വത്തോടെ ബാറ്റ് വീശാനും തനിക്കറിയാമെന്നു തെളിയിച്ച വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിനെ വൻ തകർച്ചയിൽ നിന്നു കരകയറ്റി. ഒരിക്കൽക്കൂടി തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടമായെങ്കിലും, ഗുജറാത്ത് ടൈറ്റൻസിനെതിരേ 47 പന്തിൽ 96 റൺസെടുത്ത ഇന്നിങ്സിന് സെഞ്ചുറിയെക്കാൾ തിളക്കം. എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.
രണ്ടാം ക്വാളിഫയർ മത്സരത്തിന്‍റെ ആദ്യ ഓവറിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (1) രണ്ടാം ഓവറിൽ ധ്രുവ് ജുറലിനെയും (7) നഷ്ടപ്പെട്ട് പതറുകയായിരുന്ന രാജസ്ഥാനെ കരകയറ്റാൻ വൈഭവിന് തുണയായത് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ജഡേജ 35 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാജസ്ഥാൻ നേടിയത്. ഈ മത്സരം ജയിക്കുന്നവർ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
പരാഗും (11) ദാസുൻ ശനകയും (3) ജോഫ്ര ആർച്ചറും (7) നിരാശപ്പെടുത്തിയപ്പോൾ, എട്ടാം നമ്പറിൽ കളിച്ച ഡൊണോവൻ ഫെരേര മാത്രമാണ് വൈഭവിനെയും ജഡേജയെയും കൂടാതെ രണ്ടക്ക സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ രാജസ്ഥാൻ ഇന്നിങ്സിനു ഗതിവേഗം പകർന്ന ഫെരേര വെറും 11 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 38 റൺസെടുത്ത് പുറത്താകാതെ നിന്നു.
നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ഗുജറാത്ത് ബൗളർമാരിൽ തിളങ്ങിയത്. കാഗിസോ റബാഡ 35 റൺസിന് രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഓരോ വിക്കറ്റ്. രാജസ്ഥാനെ വട്ടം കറക്കുമെന്നു പ്രവചിക്കപ്പെട്ട റാഷിദ് ഖാന്‍റെ രണ്ടോവറിൽ 45 റൺസ് പിറന്നു. ഇതിൽ 27 റൺസും അവസാന ഓവറിലായിരുന്നു.
ആദ്യ ക്വാളിഫയറിൽ സമ്പൂർണ പരാജയമായ കുൽവന്ത് ഖെജ്‌രോലിയക്കു പകരം ഇടങ്കയ്യൻ സ്പിന്നർ സായ് കിഷോറിനെയാണ് ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, സായ് കിഷോറിന് ഒരോവർ പോലും എറിയാൻ കിട്ടിയതുമില്ല.