നാട്ടുകാർ പിരിവിട്ട് സൗദി ജയിലിൽ നിന്ന് രക്ഷിച്ചയാൾ തട്ടുകടയിൽ രാസലഹരി വിറ്റതിന് അറസ്റ്റിൽ

സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ 10 വർഷത്തോളം ജയിലിലായിരുന്നു
Saudi ex-inmate arrested in operation thoofan

നാട്ടുകാർ പിരിവിട്ട് സൗദി ജയിലിൽ നിന്ന് രക്ഷിച്ചയാൾ തട്ടുകടയിൽ രാസലഹരി വിറ്റതിന് അറസ്റ്റിൽ

Updated on

കണ്ണൂർ: നാട്ടുകാർ പിരിവെടുത്ത് സൗദി ജയിലിൽ നിന്ന് രക്ഷിച്ചയാൾ രാസലഹരി മരുന്ന് വിൽപ്പന നടത്തിയതിന് അറസ്റ്റിൽ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ വിൽപന നടത്തിയതിനാണ് ഇയാൾ പിടിയിലായത്. സംസ്ഥാനാന്തര ലഹരിമരുന്നു ശൃംഖലയിലെ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് പൊലീസിനു ലഭിച്ച വിവരം.

2006 ൽ സൗദി അറേബ്യയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ 10 വർഷത്തോളം ജയിലിലായിരുന്നു. സന്നദ്ധ സംഘടനകളും നാട്ടുകാരും പ്രവാസി മലയാളികളും ചേർന്ന് പണം കണ്ടെത്തി മോചന ദ്രവ്യം നൽകിയാണ് ഇയാളെ ജയിലിൽനിന്നു മോചിപ്പിച്ചത്.

ഓപ്പറേഷൻ തൂഫാനിൽ നേരത്തെ അറസ്റ്റിലായ പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഫസലുദ്ദീന്റെ പങ്ക് വ്യക്തമായത്. ഫോൺ വിളി രേഖകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫസലുദ്ദീൻ പലതവണ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയതായി കണ്ടെത്തി.2023ൽ ബെംഗളൂരുവിൽ 50 കിലോ ഗ്രാം കഞ്ചാവ് വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ 3 വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. ഇവിടെവച്ചാണ് വൻകിട ലഹരിമാഫിയയുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ജനുവരിയിൽ ജയിൽ മോചിതനായ ഇയാൾ ഇരിട്ടിയിൽ തട്ടുകട ആരംഭിച്ച് അതിന്റെ മറവിൽ രാസലഹരി എത്തിച്ച് വിൽപന നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫസലുദ്ദീനെ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com