ഡാനിഷ് കനേരിയ
ലണ്ടൻ: യുഎഇയിൽ നടത്താനിരിക്കുന്ന ഏഷ‍്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കാനുള്ള ബിസിസിഐ തീരുമാനത്തെ വിമർശിച്ച് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ.
വേൾഡ് ചാംപ‍്യൻഷിപ്പ് ലെജൻഡ്സ് ലീഗിൽ പാക്കിസ്ഥാനെതിരേ കളിക്കാൻ തയാറാവാതിരുന്ന ടീം എന്തിനാണ് ഏഷ‍്യാ കപ്പിൽ പാക്കിസ്ഥാനെതിരേ കളിക്കുന്നതെന്നാണ് കനേരിയയുടെ ചോദ്യം. എക്സ് പോസ്റ്റിലൂടെയായിരുന്നു ഈ വിഷയം ഉന്നയിച്ചിരിക്കുന്നത്.
ദേശീയ കടമയായി കണ്ട് ഇന്ത‍്യൻ താരങ്ങൾ വേൾഡ് ചാംപ‍്യൻഷിപ്പ് ലെജൻഡ്സ് ലീഗ് ബഹിഷ്കരിച്ചു. എന്നാലിപ്പോൾ പാക്കിസ്ഥാനുമായി ഏഷ‍്യാ കപ്പ് കളിക്കുന്നതിൽ കുഴപ്പമില്ല. നിങ്ങൾക്ക് അനുയോജ‍്യമായ സമയത്ത് ദേശസ്നേഹം പറയുന്നത് നിർത്തൂ. സ്പോർട്സിനെ സ്പോർട്സായി കാണണമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
ജൂലൈ 20ന് ആയിരുന്നു ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിൽ ലെജൻഡ്സ് ലീഗ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന് മുൻപ് ശിഖർ ധവാൻ ഉൾപ്പെടെയുള്ള ഇന്ത‍്യൻ താരങ്ങൾ പാക്കിസ്ഥാനെതിരേ കളിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സംഘാടകർ ഇന്ത‍്യ- പാക്കിസ്ഥാൻ മത്സരം പൂർണമായി റദ്ദാക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിൽ നടക്കേണ്ടിയിരുന്ന ആദ‍്യ മത്സരമായിരുന്നു ഇത്.
അതേസമയം ശനിയാഴ്ചയാണ് ഏഷ‍്യാ കപ്പ് ഫിക്സ്ച്ചർ പുറത്തുവന്നത്. യുഎഇ വേദിയാകുന്ന ടൂർണമെന്‍റിൽ 8 ടീമുകൾ പങ്കെടുക്കും. ടി20 ഫോർമാറ്റിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 1ന് ആരംഭിച്ച് 28ന് പൂർത്തിയാവുന്ന ടൂർണമെന്‍റിൽ സെപ്റ്റംബർ 14ന് ആണ് ഇന്ത‍്യ- പാക്കിസ്ഥാൻ മത്സരം.