
ഡാനിഷ് കനേരിയ
കറാച്ചി: മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക‍്യാപ്റ്റൻ ഷാഹിദ് അഫ്രീദി പല തവണ തന്നോട് മതം മാറാൻ ആവശ്യപ്പെട്ടിരുന്നതായി മുൻ പാക് ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. അമെരിക്കയിൽ നടത്തിയ ഒരു സമ്മേളനത്തിനിടെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
''പാക്കിസ്ഥാനിൽ മതിയായ ബഹുമാനം ലഭിക്കാത്തതിനാലാണ് അമെരിക്കയിലേക്ക് വന്നത്. ഒരുപാട് വിവേചനങ്ങൾ താൻ നേരിടേണ്ടി വന്നിട്ടുണ്ട്. കരിയർ നശിപ്പിക്കപ്പെട്ടു. പാക്കിസ്ഥാനിൽ മതിയായ ബഹുമാനം ലഭിച്ചില്ല. അതിനാൽ ഞാൻ ഇന്ന് അമെരിക്കയിലാണ്. ഞങ്ങൾ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് അമെരിക്കയെ അറിയിക്കാൻ വേണ്ടിയാണ് ഞാൻ സംസാരിച്ചത്'', കനേരിയ വിശദീകരിച്ചു.
ഷാഹിദ് അഫ്രീദി തന്നെ മതം മാറാൻ നിരന്തരം പ്രേരിപ്പിച്ചിരുന്നതായി മുമ്പ് ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലും ഡാനിഷ് കനേരിയ വെളിപ്പെടുത്തിയിരുന്നു.
''അന്താരാഷ്ട്ര ക്രിക്കറ്റിലും കൗണ്ടി ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചയാളാണ് ഞാൻ. ഇൻസമാം ഉൾ ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറുമുണ്ടായിരുന്നു.
എന്നാൽ, ഷാഹീദ് അഫ്രീദിയും മറ്റ് പാക്കിസ്ഥാൻ താരങ്ങളും എന്നെ ഏറെ ബുദ്ധിമുട്ടിച്ചു. അവരാരും എന്‍റെയൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. എന്നോട് മതം മാറാൻ പറഞ്ഞ പ്രധാന വ‍്യക്തി ഷാഹിദ് അഫ്രീദിയായിരുന്നു. ഇൻസമാം ഉൾ ഹഖ് മാത്രമാണ് എന്നോട് ഒരിക്കലും അങ്ങനെ സംസാരിക്കാതിരുന്നത്'', കനേരിയ വ‍്യക്തമാക്കി.
പാക്കിസ്ഥാനു വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളും 18 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് താരം. ടെസ്റ്റിൽ 261 വിക്കറ്റും ഏകദിനത്തിൽ 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.