ക‍്യാംപ് നൗ
ബാഴ്സലോണ: ഹോം ഗ്രൗണ്ടായ ക‍്യാംപ് നൗവിൽ കളിക്കാനൊരുങ്ങി എഫ്സി ബാഴ്സലോണ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ടീം കളിക്കാനെത്തുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ശനിയാഴ്ച ബാഴ്സലോണ കളിക്കാനിറങ്ങും.
45,401 ആളുകളെ ഗാലറിയിൽ പ്രവേശിപ്പിച്ചേക്കുമെന്നാണ് വിവരം. നവീകരണത്തിനായി 2023 മെയ് മുതൽ ക‍്യാംപ് നൗ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതു മൂലം കഴിഞ്ഞ രണ്ടു സീസണിലും ബാഴ്സയ്ക്ക് ക‍്യാംപ് നൗവിൽ കളിക്കാൻ സാധിച്ചിരുന്നില്ല. നവീകരണം പൂർത്തിയായാൽ ഒരുലക്ഷത്തി അയ്യായിരും പേരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കും.
ഇതിനിടെ, പുതുക്കിപ്പണിത സ്റ്റേഡിയത്തിന് ഇതിഹാസ താരം ലയണൽ മെസിയുടെ പേരിടുമെന്നും സൂചനയുണ്ട്. ബാഴ്സലോണ അക്കാഡമിയിൽ കളി പഠിച്ച മെസിക്ക് ക്ലബ്ബുമായും ബാഴ്സ ആരാധകരുമായുമുള്ള വൈകാരിക ബന്ധം കണക്കിലെടുത്താണിത്.
അതേസമയം, 2030 ഫുട്ബോൾ ലോകകപ്പിന് ക‍്യാംപ് നൗ വേദിയായേക്കുമെന്നും സൂചനയുണ്ട്. 2021ൽ ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണ വിട്ടിരുന്നു. ഇതിനു ശേഷം താരം ക‍്യാംപ് നൗവിൽ തിരിച്ചെത്തുന്ന മത്സരമാണ് അത്ലറ്റിക് ക്ലബിനെതിരേ നടക്കാനിരിക്കുന്നത്.