ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യക്കെതിരേ ഗോളടിച്ച പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ടൊറേന്‍റോ: ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ടുനിന്ന 19 മിനിറ്റ് ഇൻജുറി ടൈം! കളിക്കളത്തിൽ വികാരങ്ങളുടെ വേലിയേറ്റം. ഒടുവിൽ, ക്രോയേഷ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് (2-1) വീഴ്ത്തി പോർച്ചുഗൽ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ കടന്നു. ഒരു വശത്ത് 41-ാം വയസിലും കിരീടസ്വപ്നം കാത്തുസൂക്ഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സന്തോഷക്കണ്ണീർ; മറുവശത്ത് തന്‍റെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് തലതാഴ്ത്തി മടങ്ങുന്ന ഇതിഹാസ താരം ലൂക്കാ മോഡ്രിച്ചിന്‍റെ സങ്കടക്കണ്ണീർ.
ഈ ലോകകപ്പിലെ ആദ്യ ഹെവിവെയ്റ്റ് പോരാട്ടത്തിനു കൂടി ഇതോടെ കളമൊരുങ്ങി. പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് ചിരവൈരികളായ സ്പെയിൻ.
സ്പെയിൻ - ക്രൊയേഷ്യ മത്സരത്തിന്‍റെ ആദ്യ 45 മിനിറ്റിൽ ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചുകൊണ്ട് തികച്ചും ശാന്തമായി കളിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ബി.എം.ഒ ഫീൽഡ് സാക്ഷ്യം വഹിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടകീയതകൾക്കാണ്. 53-ാം മിനിറ്റിൽ വെറ്ററൻ വിങ്ങർ ഇവാൻ പെരിസിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു.
കളി കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു, 68-ാം മിനിറ്റിൽ. കിക്ക് എടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിഴച്ചില്ല. താരത്തിന്‍റെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ആദ്യ ഗോൾ പിറന്നതോടെ സ്കോർ 1-1 ആയി.
ക്രോയേഷ്യയുടെ നിരന്തര ആക്രമണങ്ങളിൽ പോർച്ചുഗൽ തളരുന്നതായി കണ്ട കോച്ച് റോബർട്ടോ മാർട്ടിനെസ് 80 മിനിറ്റും കഴിഞ്ഞ് കടുത്തൊരു തീരുമാനമെടുത്തു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹം പിൻവലിച്ചു. സബ്സ്റ്റിറ്റ്യൂഷൻ ബോർഡിൽ തന്‍റെ നമ്പർ കണ്ട റൊണാൾഡോ കടുത്ത അതൃപ്തിയോടെ കളം വിട്ടു. എന്നാൽ മാർട്ടിനെസിന്‍റെ തന്ത്രം ഫലിച്ചു.
റൊണാൾഡോയ്ക്കു പകരം ആക്രമണ ചുമതല ഏറ്റെടുത്ത യുവതാരം ഗോൺസാലോ റാമോസ് ഇഞ്ചുറി ടൈമിൽ തകർപ്പൻ ഹെഡ്ഡറിലൂടെ പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. സ്റ്റേഡിയം പോർച്ചുഗീസ് ആരാധകരുടെ ആർപ്പുവിളികളാൽ പ്രകമ്പനം കൊണ്ടു.
പക്ഷേ, മുൻപ് ഫൈനലിലും സെമി ഫൈനലിലുമൊക്കെ നിരാശരായി മടങ്ങിയ ക്രോയേഷ്യ അത്ര പെട്ടെന്ന് കീഴടങ്ങാൻ തയാറായിരുന്നില്ല. 19 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ പോർച്ചുഗൽ വലയിലേക്ക് പന്തെത്തിച്ചു. ക്രോയേഷ്യൻ താരങ്ങൾ സമനില കൈവരിച്ച ആഹ്ലാദത്തിൽ മൈതാനത്ത് ഓടി നടന്നു.
എന്നാൽ, അവിടെയാണ് സാങ്കേതികവിദ്യ വില്ലനായത്. ഗോളിലേക്ക് വഴിതുറന്ന മുന്നേറ്റത്തിൽ പന്ത് ക്രോയേഷ്യൻ താരം മറ്റാനോവിച്ചിന്‍റെ മുടിയിഴയിൽ നേരിയതായി സ്പർശിച്ചിരുന്നു. മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഈ സ്പർശനം പന്തിനുള്ളിലെ അത്യാധുനിക സെൻസർ പിടിച്ചെടുത്തപ്പോൾ, വാർ (VAR) പരിശോധനയിൽ പാസാലിച്ച് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.
റഫറി ഗോൾ നിഷേധിച്ചതോടെ ക്രോയേഷ്യൻ താരങ്ങൾ മൈതാനത്ത് തകർന്നു വീണു. അക്ഷരാർഥത്തിൽ ഒരു മുടിയിഴയുടെ വ്യത്യാസത്തിലാണ് ഒരു രാജ്യത്തിന്‍റെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞത്. തൊട്ടടുത്ത നിമിഷം റഫറി ഫൈനൽ വിസിൽ മുഴക്കി (2-1).
മത്സരശേഷം ടൊറന്റോയിലെ മൈതാനം വികാരസാന്ദ്രമായ രംഗങ്ങൾക്ക് സാക്ഷിയായി. അന്തരിച്ച മുൻ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ ഒന്നാം ചരമവാർഷികത്തിന്‍റെ തലേന്നാൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ ജോട്ടയുടെ 21-ാം നമ്പർ ജേഴ്സി ധരിച്ചാണ് ടീമിനെ നയിച്ച് ആരാധകരെ അഭിവാദ്യം ചെയ്തത്. റൊണാൾഡോയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മറുഭാഗത്ത് ക്രോയേഷ്യൻ ഇതിഹാസം ലൂക്കാ മോഡ്രിച്ചും ഇവാൻ പെരിസിച്ചും തങ്ങളുടെ ആരാധകരെ അഭിവാദ്യം ചെയ്ത് ലോകകപ്പ് വേദിയോട് എന്നെന്നേക്കുമായി വിടപറഞ്ഞു.